
മലയാളികളുടെ പ്രിയപ്പെട്ട ഗായിക എസ്. ജാനകിയുടെ വിയോഗം സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. സിനിമകളിലൂടെയും ഗാനങ്ങളിലൂടെയും ജാനകിയമ്മയുമായി പ്രവർത്തിച്ചിട്ടുള്ള പ്രശസ്ത സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ ആ ഓർമ്മകൾ മാതൃഭൂമിഡോട്ട്കോമിനോട് പങ്കുവെക്കുന്നു. ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ പാടിയ 'കൊക്കാമന്തീ കോനാനിറച്ചീ' എന്ന പാട്ടിന്റെ ഓർമ്മകളും, തന്റെ കരിയറിൽ ജാനകിയമ്മയുടെ പാട്ടുകളുടെ പ്രാധാന്യവും അദ്ദേഹം അനുസ്മരിക്കുന്നു.
കൊക്കാമന്തിയും ജാനകിയമ്മയും: ഒരു പരീക്ഷണപ്പാട്ടിന്റെ കഥ
എന്റെയും രവീന്ദ്രൻ മാഷിന്റെയും കരിയറിലെ വളരെ പ്രിയപ്പെട്ട ഒരു പാട്ടാണ് 'കൊക്കാമന്തീ കോനാനിറച്ചീ'. ആ പാട്ട് ചിന്തിച്ചപ്പോൾ, എന്തുകൊണ്ട് അത് ജാനകിയമ്മയുടെ ശബ്ദത്തിൽ ഒരു കൊച്ചുകുട്ടിയുടെ ഭാവത്തിൽ പാടിച്ചുകൂടാ എന്നൊരു ചിന്ത ഞങ്ങൾക്ക് രണ്ടുപേർക്കും പെട്ടെന്ന് തോന്നി.
ജാനകിയമ്മ വന്നപ്പോൾ ഞങ്ങൾ ഈ കാര്യം അവരോട് സംസാരിച്ചു. ആദ്യം അവർക്ക് ഭയങ്കര മടിയായിരുന്നു, "അയ്യോ ഇത് ശരിയാവുമോ, ശരിയാവുമോ" എന്ന് ചോദിച്ച് ഒരല്പം ഭയന്നു. എന്നാൽ രവീന്ദ്രൻ മാഷും ഞാനും ഒരേപോലെ അവരെ പ്രേരിപ്പിച്ചു. അങ്ങനെ ഒരു ടെസ്റ്റ് ഡോസ് ഒക്കെ എടുത്താണ് ആ പാട്ട് പാടാൻ തുടങ്ങിയത്.
ആ പാട്ട് അവർ പാടിക്കൊണ്ടിരുന്നപ്പോൾ ഉള്ള മുഖം എനിക്ക് ഇന്നും ഓർമ്മയുണ്ട്. ഒരു കൊച്ചുകുട്ടിയുടെ ആഹ്ലാദം ഉണ്ടായിരുന്നു ആ മുഖത്ത്. കാരണം അതൊരു പരീക്ഷണപ്പാട്ടായിരുന്നല്ലോ. ഒരു നഴ്സറിയിൽ കുട്ടികളെ പഠിപ്പിക്കുന്നത് പോലെയാണ് ഞങ്ങൾ അവരെക്കൊണ്ട് ആ പാട്ട് പാടിച്ചെടുത്തത്. എന്റെ ഓർമ്മകളിൽ ഇന്നും ഏറ്റവും രസകരമായി നിൽക്കുന്ന കാര്യങ്ങളിൽ ഒന്നാണത്.
സംഗീത യാത്രയും ജാനകിയമ്മയും
സാധാരണയായി സംവിധായകരെക്കാൾ മ്യൂസിക് ഡയറക്ടർമാർക്കായിരിക്കും ഗായകരെക്കുറിച്ച് കൂടുതൽ അനുഭവങ്ങൾ പറയാനുണ്ടാവുക. കാരണം നമ്മൾ ചിത്രത്തിന്റെ ഡയറക്ടർമാരല്ലേ. അഭിനേതാക്കളുമായിട്ടായിരിക്കും കൂടുതൽ ഇടപഴകുന്നത്. എന്നാൽ ഞാൻ ആദ്യമായി സംഗീതസംവിധാനം നിർവ്വഹിച്ച 'കുറുപ്പിന്റെ കണക്കുപുസ്തകം' എന്ന ചിത്രത്തിലും ജാനകിയമ്മ ഒരു പാട്ട് പാടിയിട്ടുണ്ട്. എനിക്ക് അങ്ങനെ ഒരു വലിയ ഭാഗ്യം ലഭിച്ചു. ആ ചിത്രത്തിൽ ജാനകിയമ്മയ്ക്ക് പുറമെ സുശീലാമ്മയും, യേശുദാസും, പി. ജയചന്ദ്രനും ഒക്കെ പാടിയിട്ടുണ്ട്. അവരെപ്പോലെയുള്ള പ്രതിഭകളെക്കൊണ്ട് എന്റെ കന്നി സംഗീതസംവിധാനത്തിൽ പാടിക്കാൻ സാധിച്ചത് വലിയൊരു സന്തോഷമാണ്.
എന്റെ സിനിമകളിൽ ജാനകിയമ്മ പാടിയ മിക്ക പാട്ടുകളും വലിയ ഹിറ്റുകളായിരുന്നു. അണിയാത്ത വളകൾ എന്ന ചിത്രത്തിൽ 'മടിയിൽ മയങ്ങുന്ന കുളിരോ' എന്ന മനോഹര ഗാനം, 'പ്രേമഗീതങ്ങൾ' എന്ന ഹിറ്റ് സിനിമയിലെ 'സ്വപ്നം വെറുമൊരു സ്വപ്നം', താരാട്ടിലെ 'രാഗങ്ങളെ മോഹങ്ങളെ', 'ഏപ്രിൽ 19' എന്ന ചിത്രത്തിലെ 'ശരപ്പൊളി മാല ചാർത്തി', കിലുകിലുക്കം എന്ന ചിത്രത്തിലെ ‘അഞ്ജലി പുഷ്പാഞ്ജലി’, കാര്യം നിസ്സാരം എന്ന ചിത്രത്തിലെ ‘കൊഞ്ചി വന്ന പഞ്ചമിയേ’, പ്രശ്നം ഗുരുതരം എന്ന ചിത്രത്തിലെ ‘ലീലാ തിലകം ചാർത്തി’ എന്നിങ്ങനെ എന്നും ഓർമ്മയിൽ നിൽക്കുന്ന ഗാനങ്ങൾ. അങ്ങനെയുള്ള ആ ഒരു കൊളാബറേഷൻ എന്നും മലയാളികളുടെ ഓർമ്മകളിൽ ഉണ്ടാകും. എല്ലാം അത്രയും നല്ല പാട്ടുകളായിരുന്നു.
ഇന്നും ഓർമ്മയിൽ
എന്റെ തുടക്കകാല സിനിമകൾ മുതൽക്കേ എനിക്ക് ജാനകിയമ്മയെ അറിയാം. അന്നത്തെ കാലത്ത് അവർ പാടാൻ വരുമ്പോൾ എപ്പോഴും ഭർത്താവും കൂടെയുണ്ടാകും. വന്നു പാടിയിട്ട് പോകുന്ന ആ ഒരു ശൈലി ഇന്നും എനിക്ക് നല്ല ഓർമ്മയുണ്ട്.
ഭയങ്കരമായ ഒരു സഹകരണ മനോഭാവമായിരുന്നു അവരുടേത്. എല്ലാവരോടും വളരെ പ്ലീസിങ് ആയിട്ട് പെരുമാറുന്ന ഒരാൾ. പിന്നീട് കുറെ കാലം കഴിഞ്ഞപ്പോൾ അവർ അധികമായി പാടാതെയൊക്കെ വന്നു. അങ്ങനെയാണ് നമ്മൾ അവരെ കാണാതായത്. എങ്കിലും ഒട്ടനവധി നല്ല ഓർമ്മകൾ അവർ സമ്മാനിച്ചിട്ടുണ്ട്.
മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ആ ഗാനം
ജാനകിയമ്മയുടെ ശബ്ദം എന്റെ കർണ്ണപടങ്ങളിൽ ആദ്യമായി പതിഞ്ഞതും, ഞാൻ ഇന്നും ഓർക്കുന്നതുമായ പാട്ട് എന്റെ കുട്ടിക്കാലത്തുള്ള ഒന്നാണ്. അത് എനിക്ക് എവിടെയും പറയാൻ സാധിക്കുന്ന കാര്യമാണ്. "ഉണരൂ ഉണരൂ ഉണ്ണിപ്പൂവേ..." എന്നൊരു പാട്ടുണ്ട്. "ഉണരൂ ഉണരൂ..." എന്ന് എക്കോ ഇഫക്റ്റ് ഒക്കെ വെച്ച് പാടിയ ആ പാട്ട് കേൾക്കാൻ എന്ത് രസമാണെന്നോ!
'അമ്മയെ കാണാൻ' എന്ന ചിത്രത്തിലെ പാട്ടാണെന്നാണ് എന്റെ ഓർമ്മ. ഞാൻ പ്രൈമറി സ്കൂളിലൊക്കെ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ പാട്ട് കേൾക്കുന്നത്. ഇപ്പോഴും ആ പാട്ട് കേൾക്കുമ്പോൾ ഞാൻ എന്റെ ബാല്യകാലത്തിലേക്ക് പോകാറുണ്ട്, അതിനപ്പുറം ഇനി എന്ത് വേണം!
Published: 11 Jul 2026, 10:56 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented