മാനന്തവാടി: എട്ടുവർഷം മുന്നേയാണ്. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിനുസമീപം പ്രവർത്തിച്ചിരുന്ന പാരമ്പര്യവൈദ്യൻ വെള്ളൻ വൈദ്യരുടെ അടുത്തേക്ക് പാട്ടുകാരി ജാനകിയമ്മയുടെ അടുത്തുനിന്നാണെന്നുപറഞ്ഞ് ഒരാൾ വന്നു. വന്നതാരെന്നോ പേരോ വൈദ്യർക്ക് ഓർമ്മയില്ല. രോഗിയെ കാണാതെ മരുന്നുകൊടുക്കുന്ന ശീലമില്ല. സഞ്ചരിക്കാൻ പറ്റാത്തരീതിയിൽ മൂക്കിലൂടെ റ്റ്യൂബിട്ട്  വെള്ളവും ഭക്ഷണവും കൊടുക്കുന്ന രീതിയാണെന്നറിഞ്ഞപ്പോൾ മടിച്ചുമടിച്ചെങ്കിലും വൈദ്യർ രണ്ടാഴ്ചത്തേക്കുള്ള മരുന്നുകൊടുത്തു. അക്കാര്യം വൈദ്യർ പിന്നീട് ഓർത്തില്ല. പിന്നീട് വൈദ്യരെത്തേടി ഒരു ഫോണെത്തി. ഞാൻ എസ്. ജാനകിയെന്നു സ്വയംപരിചയപ്പെടുത്തിയപ്പോൾ വൈദ്യർക്ക് അമ്പരപ്പായി. റേഡിയോയിലൂടെ താൻ എന്നും കേൾക്കുന്ന ശബ്ദത്തിനുടമയാണ് ഫോണിൽ മറുതലയ്ക്കൽ. ഇനി പാടാനാവില്ലെന്നുകരുതിയ എന്റെ ശബ്ദമാണ് വൈദ്യരേ നിങ്ങൾ തിരിച്ചുതന്നതെന്നുപറഞ്ഞ് കുറേ പാട്ടുകൾ പാടിക്കൊടുത്തു. ഗായിക എസ്. ജാനകിയുമായുള്ള വെള്ളൻ വൈദ്യരുടെ ബന്ധം തുടങ്ങുന്നത് അങ്ങനെയാണ്.

To advertise here,

ജീവനുള്ളിടത്തോളംകാലം എസ്. ജാനകി മനസ്സിൽനിന്ന് മാഞ്ഞുപോവില്ലെന്നു വെള്ളൻ വൈദ്യർ പറഞ്ഞു. ''അവർ പാടിയ പാട്ടുകളിൽ ഇഷ്ടപ്പെട്ട ഒരുപാട്ട് എടുത്തുപറയാനാവില്ല. പാടിയ പാട്ടുകളൊക്കെയും അത്രയേറെ മനോഹരമാണ്. രോഗം മാറിയശേഷം തന്നെ കാണാൻമാത്രമായി വന്നിരുന്നു. നെറ്റിയിൽ നിറയെ കുറിയണിഞ്ഞിരുന്നു. മാറിൽ വിവിധ നിറത്തിലുള്ള പനിനീർപ്പൂക്കൾ കുത്തിവെച്ചിട്ടുണ്ടായിരുന്നു. പരിശോധിക്കാനാവശ്യപ്പെട്ടതിനെത്തുടർന്ന് നാഡിമിടിപ്പ് പരിശോധിച്ചു. അതൊക്കെ മഹാഭാഗ്യമായാണ് കരുതുന്നത്'' -എസ്. ജാനകിയെ ആദ്യമായിക്കണ്ടത് വെള്ളൻ വൈദ്യർ ഓർത്തെടുത്തു.

ഏകമകൻ മുരളീകൃഷ്ണനുമായി അവസാനമായി മാസങ്ങൾക്ക് മുൻപേയാണ് വെള്ളൻ വൈദ്യരുടെ കാട്ടിക്കുളത്തെ ചികിത്സാകേന്ദ്രത്തിലെത്തിയത്. തിരുനെല്ലി ക്ഷേത്രത്തിനുസമീപത്തെ കേന്ദ്രത്തിലെ അസൗകര്യത്തെത്തുടർന്ന് വെള്ളൻ വൈദ്യർ പിന്നീട് ചികിത്സ കാട്ടിക്കുളത്തേക്ക് മാറ്റിയിരുന്നു.

താൻ ജീവനുതുല്യം സ്‌നേഹിക്കുന്ന മകനുബാധിച്ച അർബുദരോഗം അവരെ വല്ലാതെ തളർത്തിയിരുന്നു. മകനെ ചികിത്സിച്ചുഭേദമാക്കണമെന്ന ആവശ്യവുമായാണ് വന്നത്. ''എന്റടുത്ത് എത്തുമ്പോൾ മരുന്ന് ഫലിക്കാത്ത ഘട്ടത്തിലെത്തിയിരുന്നു. പിന്നെ ഒന്നും ചെയ്യാനായില്ല. മകൻ മരിച്ചുപോയതായി പിന്നീടറിഞ്ഞു. അത് മനസ്സിനെ വല്ലാതെ വേദനപ്പെടുത്തി'' -വെള്ളൻ വൈദ്യർ പറഞ്ഞു. തിരുനെല്ലി നിട്ടറയിൽ താമസിക്കുന്ന വെള്ളൻ വൈദ്യർക്ക് മറക്കാനാവാത്ത ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ചാണ് ജാനകിയമ്മ യാത്രയായത്.