എം.ടി., ഹരിഹരൻ എന്നീ അതികായരുടെ ചിത്രത്തിൻ്റെ ഭാ​ഗമാവുകയെന്നത് ഏതൊരു അഭിനേതാവിന്റെയും വലിയൊരു ആ​ഗ്രഹമായിരിക്കും. എം.ടി.-ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളിൽ ഒന്നിൽക്കൂടുതൽ തവണ അവസരം ലഭിച്ചത് ചുരുക്കം ചിലർക്ക് മാത്രം. അത്തരമൊരു അപൂർവ്വത കരിയറിൻ്റെ തുടക്കകാലത്ത് തന്നെ നേടിയെടുത്ത അഭിനേതാക്കളിൽ ഒരാളായിരുന്നു സലീമ, മലയാളികൾ നെഞ്ചിലേറ്റിയ താരം.

To advertise here,

ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും കേരളം സലീമയ്ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്. നഖക്ഷതങ്ങൾ, ആരണ്യകം തുടങ്ങി ചുരുക്കം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ സ്നേഹം ആവോളം നേടി. തെലുങ്ക് സിനിമാതാരം ​ഗിരിജയുടെ മകളായ സലീമ സിനിമയ്ക്ക് പുറമെ സീരിയലിലും സാന്നിധ്യം അറിയിച്ചു. 

കരിയറിൽ തിളങ്ങി നിൽക്കവെ സിനിമയിൽ നിന്നും അപ്രത്യക്ഷമായൊരു ചരിത്രം കൂടിയുണ്ട് സലീമയ്ക്ക്. 20 വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരികെയെത്തിയെങ്കിലും മലയാളത്തിൽ തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കാൻ നടിക്ക് സാധിച്ചില്ല. തിരിച്ചുവരവിൽ തമിഴിൽ മികച്ച വേഷങ്ങൾ ലഭിച്ചപ്പോഴും അവർക്ക് തന്റെ പ്രിയപ്പെട്ട മലയാളത്തിൽ അവസരങ്ങൾ അകന്നുനിന്നു. ഇപ്പോഴിതാ, കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ് തുടങ്ങിയ ഹിറ്റുകളൊരുക്കിയ ടി.എസ്. സുരേഷ് ബാബുവിൻ്റെ പുതിയ ചിത്രം 'ഡി.എൻ.എ'യിലൂടെ മലയാളത്തിൽ വരവറിയിക്കാൻ ഒരുങ്ങുകയാണ് സലീമ. തൻ്റെ സിനിമാ വിശേഷങ്ങൾ നടി മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുന്നു.

അഭിനയം തമിഴിൽ, കാതൽ മലയാളത്തോട്

ഞാൻ ഇപ്പോൾ തമിഴിലാണ് സജീവം. തമിഴ് ചിത്രങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് മലയാളത്തിൽ നിന്നും വിളി വരുന്നത്. ‘ഡി.എൻ.എ’ യുടെ ടീം എന്നെ ഫോണിൽ ബന്ധപ്പെടുകയും ഉറപ്പായും ഈ വേഷം ചെയ്യണമെന്ന് പറയുകയും ചെയ്തു. ചെന്നെെയിൽ വെച്ചാണ് ഷൂട്ടെന്നും കഥാപാത്രത്തെക്കുറിച്ചും അവർ വിശദമാക്കി. 

ഏതൊക്കെ ഭാഷയിൽ അഭിനയിച്ചാലും മലയാളത്തോട് എനിക്കൊരു പ്രത്യേക താത്പര്യമുണ്ട്. എന്നെ അറിയുന്നവർക്കെല്ലാം ഇക്കാര്യം അറിയാം. എത്രയൊക്കെ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചാലും എനിക്ക് മലയാളത്തിനോടാണ് ഇഷ്ടമെന്ന് തമിഴിലെ സഹതാരങ്ങൾ പറയാറുണ്ട്. കേരളത്തെ എനിക്ക് വളരെ ഇഷ്ടമാണെന്ന് അവർക്കെല്ലാം അറിയാം. ഞാൻ മലയാളത്തിൽ പടം ചെയ്യുന്നതിൽ അവരും ഒരുപാട് സന്തോഷിക്കുന്നു. സുരേഷ് ബാബു സാറിന്റെ ഈ സിനിമ വന്നപ്പോൾ ഉറപ്പായും ചെയ്യണമെന്ന് അവർ പറഞ്ഞു. 

placeholder
'അരണ്യക'ത്തിൽ സലീമ (ഇടത്ത്), ഡി.എൻ.എ പോസ്റ്റർ (വലത്ത്) | photo: mathrubhumi archives, special arrangements

എല്ലാവരോടും അനുകമ്പയുള്ള വ്യക്തിയാണ് ടി.എൻ സുരേഷ് ബാബു സാർ. എനിക്ക് അദ്ദേഹത്തോട് വളരെയധികം ബ​ഹുമാനമുണ്ട്. സാറിന്റെ സിനിമയുടെ ലൊക്കേഷൻ എപ്പോഴും പ്രസന്നമായിരിക്കും. ഈ ചിത്രത്തിൽ അഭിനയിച്ചത് വളരെ മികച്ച അനുഭവമാണ് സമ്മാനിച്ചത്. ‘ഡി.എൻ.എ’ എന്ന ചിത്രമെന്താണെന്ന് പ്രേക്ഷകർ കണ്ടുതന്നെ അറിയണം. ഒരു പാട്ടിയുടെ വേഷത്തിലാണ് ഞാൻ ചിത്രത്തിലെത്തുന്നത്. വളരെ മൃദു സ്വഭാവമുള്ള കഥാപാത്രമാണ് എൻ്റേത്. 

ചിത്രത്തിൽ നായകനായി എത്തുന്ന അഷ്കർ സൗദാനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹവുമായി എനിക്ക് കോമ്പിനേഷൻ സീനുകളും ഉണ്ടായിരുന്നില്ല. ​ഗൗരി നന്ദയും സീതയുമായിട്ടായിരുന്നു എൻ്റെ ഭാ​ഗങ്ങൾ. ഞങ്ങൾ മൂന്നുപേരും തമ്മിലായിരുന്നു കോമ്പിനേഷൻ  ഉണ്ടായിരുന്നത്. 

വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ മൂളിനടക്കുന്ന പാട്ട്

ഒരു നീണ്ടകാലം ഞാൻ അഭിനയത്തിൽനിന്നും വിട്ടുനിന്നു. ബിസിനസ് കാര്യങ്ങളൊക്കെയായിരുന്നു ഇത്രയും കാലം നോക്കിയിരുന്നത്. അഭിനയത്തിലേയ്ക്ക് എത്തിയപ്പോൾ എനിക്ക് കൂടുതൽ അവസരം ലഭിച്ചത് തമിഴിൽ നിന്നായിരുന്നു. വെബ് സീരിസിലും സിനിമയിലും നിന്നൊക്കെയായി ഒരുപാട് നല്ല വേഷങ്ങൾ ലഭിച്ചു. കിട്ടിയ വേഷങ്ങൾ നന്നായി ചെയ്യാൻ ശ്രമിച്ചു. 

എനിക്ക് ഇനിയും ഒരുപാട് മലയാള ചിത്രങ്ങൾ ചെയ്യണം. മലയാള സിനിമയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. നഖക്ഷതങ്ങളും ആരണ്യകവും റിലീസായിട്ട് എത്രയോ വർഷങ്ങളാകുന്നു. ആ സിനിമകളിൽ അഭിനയിച്ചതിന്റെ സ്നേഹം പക്ഷേ ഇന്നും ആളുകൾക്കുണ്ട്. എവിടെയെങ്കിലും ഷൂട്ടിന് പോകുന്ന സമയത്ത് എന്നെ കണ്ടാൽ ചിലർ 'ആരെയും ഭാവ​ഗായകനാക്കും' എന്ന ന​ഖക്ഷതങ്ങളിലെ പാട്ടുപാടും. ''ചേച്ചിയെ ഞങ്ങൾ മറക്കുകയേ ഇല്ല'' എന്നവർ പറഞ്ഞു. മലയാളികൾ എന്നെ മറക്കില്ലെന്നും ഇനിയും നല്ല വേഷങ്ങൾ ചെയ്യണമെന്നും അവർ പറഞ്ഞു. വളരെ സ്നേഹമാണ് ആളുകൾക്ക്. ലൊക്കേഷനിലൊക്കെ വെച്ച് എന്നെ കാണുമ്പോൾ സ്നേ​ഹത്തോടെ ഇവർ ഓർമിക്കുന്നതിൽ ഒരുപാട് സന്തോഷം. 

മലയാളത്തിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണം എന്നതാണ് എൻ്റെ ആഗ്രഹം. ഇപ്പോഴുള്ള സംവിധായകർക്കൊപ്പം വർക്ക് ചെയ്യണം. മലയാളത്തിൽ തിരക്കുളള നടിയാകണം. സിനിമയ്ക്ക് വേണ്ടി കൊച്ചിയിലേയ്ക്ക് താമസം മാറ്റാൻ സാധിച്ചാൽ ഞാൻ ഈശ്വരനോട് നന്ദി പറയും. അതിന് എനിക്ക് പ്രേക്ഷകരുടെ പിന്തുണ കൂടി വേണം.

സിനിമ പഠിപ്പിച്ച അമ്മ, തെലുങ്കിൽ തിളങ്ങിയ അമ്മൂമ്മ

എന്റെ അമ്മയും അമ്മൂമ്മയും അഭിനേതാക്കളായിരുന്നു. അമ്മയായിരുന്നു എന്റെ പ്രചോദനം. ക്ലാസ് എടുക്കുംപോലെ എനിക്ക് ഓരോ കാര്യങ്ങൾ അവർ പഠിപ്പിച്ച് തരുമായിരുന്നു. ഒരു ആർട്ടിസ്റ്റിന് വർക്ക് ലഭിക്കുന്നത് ചുമതലയായി കാണണമെന്ന് അമ്മ പറയുമായിരുന്നു. അവസരങ്ങൾ ലഭിക്കുക എളുപ്പമല്ലെന്നും ലഭിക്കുന്നത് ​ഗൗരവത്തിൽ എടുക്കണമെന്നും അമ്മ ഉപദേശിക്കാറുണ്ടായിരുന്നു. സഹകരണവും സമയനിഷ്ഠയും പ്രധാനമാണെന്നും അച്ചടക്കം പാലിക്കണമെന്നും എന്നെ ഓർമിപ്പിച്ചിരുന്നു. 

അമ്മയ്ക്ക് സിനിമ വളരെയധികം ​ഗൗരവമുള്ള സം​ഗതിയായിരുന്നു. നിർമാതാക്കളോടും സംവിധായകരോടുമെല്ലാം ബഹുമാനമായിരുന്നു. അഭിനയജീവിതത്തെ സ്നേഹിക്കണമെന്ന് അമ്മ ഉപദേശിച്ചു. എനിക്ക് അഭിനയം എത്രത്തോളം ഇഷ്ടമാണെന്ന് സ്വഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയും പ്രകടനത്തിലൂടെയും കാണിക്കണമെന്നും അമ്മ പറഞ്ഞു. 

placeholder
സലീമ | photo: special arrangements, mathrubhumi archives

അമ്മൂമ്മ തെലുങ്ക് താരമായിരുന്നു. അമ്മ തെലുങ്കിലും തമിഴിലും ഒക്കെയായി മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 'ആശാ ദീപം' എന്ന മലയാളചിത്രത്തിലും വേഷമിട്ടു. സത്യൻ സാറിൻ്റെ നായികയായിട്ടായിരുന്നു അഭിനയം. 

ഹരിഹരൻ എന്ന യൂണിവേഴ്സിറ്റി, എം.ടിയുടെ വാക്കുകൾ

ഹരിഹരൻ സാർ ഒരു യൂണിവേഴ്സിറ്റി പോലെയാണ്. എങ്ങനെ ചെയ്യണമെന്ന് അദ്ദേഹം അഭിനയിച്ച് കാണിച്ചുതരും. സാർ കാണിച്ചുതരുന്നത് നമ്മൾ അതുപോലെ ചെയ്താൽ മാത്രം മതി. 

എം.ടി അങ്കിളിനെ എനിക്ക് ഒരുപാടിഷ്ടമാണ്. അധികമൊന്നും സംസാരിക്കാതെ അദ്ദേഹം എല്ലാം നിരീക്ഷിക്കും. 'നഖക്ഷതങ്ങൾ' ചെയ്യുന്ന സമയത്ത് എന്നോട് അഭിനയത്തെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ ഷൂട്ട് പകുതിയായപ്പോൾ ഞാൻ നന്നായി ചെയ്തുവെന്ന് അദ്ദേഹം അമ്മയോട് പറഞ്ഞു. ഈ സംഭവം അമ്മയെ ഒരുപാട് സന്തോഷിപ്പിച്ചു. 

സിനിമ ഉപേക്ഷിക്കേണ്ടി വന്നു, അന്നത്തെ സാഹചര്യം അതായിരുന്നു

മഹായാനവും വന്ദനവും ചെയ്തതിന് ശേഷമാണ് കരിയറിൽ നീണ്ടയൊരു ഇടവേള സംഭവിക്കുന്നത്. ആ സമയത്ത് സിനിമയുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. ബിസിനസിലായിരുന്നു ശ്രദ്ധ മുഴുവൻ. രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ല. അതൊരിക്കലും ശരിയാകില്ലെന്ന് തോന്നി. ബിസിനസ്സിൽ എൻ്റെ സാന്നിധ്യം വേണമായിരുന്നു. പക്ഷേ എനിക്ക് സിനിമയാണ് ഇഷ്ടം, അത് എന്റെ പാഷനായിരുന്നു. എന്നാൽ അന്നത്തെ സാഹചര്യം അതായിരുന്നു. 

placeholder
അരണ്യകത്തിൽ ​ദേവനും സലീമയും | photo: mathrubhumi archives

എന്നെ വേറെ എവിടെക്കൊണ്ട് പോയി എന്ത് ചെയ്യിപ്പിച്ചാലും അഭിനയം എന്നുപറഞ്ഞ് തിരിച്ചുവരുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്നേ പറഞ്ഞിരുന്നു. സിനിമയേയും അഭിനയത്തേയും ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. എനിക്ക് മറ്റെന്ത് ചെയ്താലും ഇത്രത്തോളം സന്തോഷം ലഭിക്കില്ല. സിനിമ... സിനിമ... സിനിമ…  അഭിനയം... അഭിനയം...അഭിനയം… ഇതാണെന്റെ സന്തോഷം. 

ഞാൻ മലയാള സിനിമകൾ കാണാറുണ്ടായിരുന്നു. 30 വർഷങ്ങൾക്ക് മുൻപ് ​ഗ്രാഫിക്സ് ഒന്നും ഇത്രയില്ലല്ലോ. ഒരു 30 വർഷം കൂടി കഴിയുമ്പോൾ ഇനിയും മാറ്റങ്ങളുണ്ടാകും. ഇത് നല്ലൊരു മാറ്റമാണ്. ആദ്യം നിശബ്ദ ചിത്രം വന്നു. പിന്നെ ശബ്ദം വന്നു, ഡബ്ബിങ് വന്നു. പിന്നീട് ഒരുപാട് മാറ്റങ്ങളായി, ഇനിയും മാറും.  പ്രേക്ഷകരുടെ ആസ്വാദനരീതിയനുസരിച്ച് നമ്മളും സ്വയം നവീകരിക്കണം.

'എന്റെ പേര് സലീമ', വീനീതിനോട് ഫോണിലൂടെ ഞാൻ സ്വയം പരിചയപ്പെടുത്തി 

നടൻ വിനീതുമായി ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. പിറന്നാളിന് ആശംസകളൊക്കെ അറിയിക്കും. സിനിമയിലേയ്ക്ക് തിരിച്ചുവരണം എന്ന് വിചാരിച്ചപ്പോൾ ആദ്യം വിളിച്ചത് വിനീതിനെയാണ്. വർഷങ്ങൾക്ക് ശേഷം വിളിച്ചപ്പോൾ ആദ്യം 'ആരാണ്' എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ എന്നെ പരിചയപ്പെടുത്തി. 'എന്റെ പേര് സലീമ. ഞാൻ നിങ്ങൾക്കൊപ്പം നഖക്ഷതങ്ങളിൽ അഭിനയിച്ചിട്ടുണ്ട്' എന്ന് പറഞ്ഞു. ഇതുകേട്ടപ്പോൾ വിനീത് ചിരിക്കാൻ തുടങ്ങി. ഇത്രയും നാൾ വിളിച്ചില്ലല്ലോയെന്നും എവിടെയായിരുന്നു എന്നെല്ലാം അദ്ദേഹം തിരക്കി. എന്നെക്കുറിച്ച് ആളുകൾ തിരക്കാറുണ്ടെന്ന് വിനീത് പറഞ്ഞു. അഞ്ച് വർഷം മുൻപ് കോഴിക്കോട് നടന്ന ഒരു പരിപാടിയിൽ വെച്ചാണ് അദ്ദേഹത്തെ നാളുകൾക്ക് ശേഷം കാണുന്നത്. വിനീത് നല്ലൊരു സുഹൃത്താണ്. 

placeholder
നഖക്ഷതങ്ങളിൽ വിനീതും സലീമയും, സലീമ | photo: mathrubhumi archives

കുറച്ച് നാളുകൾക്ക് മുൻപ് ദേവൻ സാറിനൊപ്പം 'മുന്തിരി മൊഞ്ചൻ' എന്ന ചിത്രത്തിൽ അഭിനയിക്കാനും കഴിഞ്ഞു. ആരണ്യകത്തിന് ശേഷം ഈ ചിത്രത്തിലൂടെയാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്നത്. ഇനിയും അദ്ദേഹത്തിനൊപ്പം അഭിനയിക്കണം. 

കഴിഞ്ഞ കാലത്തിനിടയിൽ എന്നെ ഏറ്റവുമധികം വേദനിപ്പിച്ച സംഭവങ്ങളിലൊന്നാണ് മോനിഷയുടെ മരണം. വാർത്ത കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്റെ നല്ലൊരു സുഹൃത്തായിരുന്നു അവർ. ഞാൻ വല്ലാതെ അസ്വസ്തയായി. 

placeholder
മോനിഷയ്ക്കൊപ്പം സലീമ | photo: mathrubhumi archives

മലയാളത്തിലും തമിഴിലും തിരക്കേറുന്നു

സംവിധായകൻ വസന്തബാല സാറിന്റെ അസോസിയേറ്റായിരുന്ന രമേശ് പഴനിവേൽ സംവിധാനം ചെയ്ത ‘ഡീമൻ’ എന്ന ചിത്രത്തിൽ നല്ലൊരു വേഷം ചെയ്തിരുന്നു. അതൊരു റിയൽ ലെെഫ് സ്റ്റോറിയായിരുന്നു. വളരെ പവർഫുൾ ആയൊരു കഥാപാത്രമാണ് ചെയ്തത്. കാർത്തിക് സുബ്ബരാജിൻ്റെ പ്രൊഡക്ഷൻ ഹൗസായ സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ 'കെെയും കളവും' എന്ന വെബ്സീരിസിന്റെ ഭാ​ഗമാകാൻ സാധിച്ചു. 

പ്രീസ്റ്റിൻ്റെ സംവിധായകനായ ജോഫിൻ ടി ചാക്കോ ഒരുക്കുന്ന ചിത്രത്തിലാണ് ഞാനിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാവ്യ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ മനോജ് കെ ജയൻ്റെ ജോഡിയായാണ് ഞാൻ എത്തുന്നത്. 

ജയ്ലർ, ബീസ്റ്റ് ഒക്കെ ഒരുക്കിയ നെൽസൺ ദിലീപ്കുമാ‍ർ നിർമിക്കുന്ന 'ബ്ലഡി ബെ​ഗ്​ഗർ' എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കവിൻ നായകനായെത്തുന്ന ചിത്രം ശിവബാലയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നല്ലൊരു വേഷമാണ് ചെയ്യുന്നത്. ചിത്രീകരണം ഒക്കെ പൂർത്തിയായ ഈ ചിത്രം ഓ​ഗസ്റ്റിൽ റിലീസിനെത്തുമെന്നാണ് പ്രതീക്ഷ.