
ഇന്ത്യൻ സിനിമയുടെ യശസുയർത്തിയാണ് പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' കാൻ ചലച്ചിത്രമേളയിൽ ഗ്രാൻ പ്രീ പുരസ്കാരം സ്വന്തമാക്കിയത്. കേരളത്തിന് ഇരട്ടിമധുരമെന്നോണം രണ്ട് മലയാളി താരങ്ങളും ചിത്രത്തിന്റെ ഭാഗമായി. കനി കുസൃതിയും ദിവ്യപ്രഭയും. പുരസ്കാരനേട്ടം ഒരുകൂട്ടം പെണ്ണുങ്ങളുടേതാണെന്ന് പറയുകയാണ് കനി.
30 വർഷങ്ങൾക്കിപ്പുറമാണ് ഒരു ഇന്ത്യൻ സിനിമ കാനിൽ ഗ്രാൻ പ്രീ പുരസ്കാരം നേടുന്നത്
വളരെ സന്തോഷം തോന്നുന്ന നിമിഷമാണ്. പായൽ ഇത് അർഹിക്കുന്ന പുരസ്കാരമാണ്. പായലിന് ഇത് ലഭിച്ചതിൽ ഏറെ സന്തോഷം. കുറേ സ്ത്രീകൾ ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതുപോലെ കുറേ സ്ത്രീകൾക്ക് കിട്ടിയ പുരസ്കാരമായാണ് അവരുടെ സന്തോഷമായാണ് ഈ പുരസ്കാരനേട്ടത്തെ എനിക്ക് അനുഭവിക്കാനാവുന്നത്.

മലയാള സിനിമയിൽ സ്ത്രീകളെവിടെയെന്ന സംവിധായിക അഞ്ജലി മേനോന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു
അഞ്ജലി മാം പറഞ്ഞതിലും വാസ്തവമുണ്ട്. ഏതെങ്കിലും സിനിമകളെ മാത്രം ചൂണ്ടിക്കാണിച്ച് ഞാനത് പറയുന്നില്ല. കഥയ്ക്ക് സ്ത്രീ കഥാപാത്രം ആവശ്യമില്ലെങ്കിൽ നമുക്ക് വെറുതേ എഴുതി ചേർക്കാനാവില്ല. അങ്ങനെ സ്ത്രീ കഥാപാത്രം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആ സിനിമയുടെ എഴുത്തുകാരനും സംവിധായകനുമെല്ലാം ഉണ്ട്. പക്ഷേ നൂറും ഇരുനൂറും സിനിമ വർഷം തോറും മലയാളത്തിൽ ഇറങ്ങുന്നുണ്ട്. അതിൽ സ്ത്രീ കഥാപാത്രങ്ങൾ എങ്ങനെയാണ് എഴുതപ്പെടുന്നത്, ശരിക്കും സ്ത്രീകളുടെ ലോകം അവർ ചിന്തിക്കുന്നത് പോലയാണോ? നല്ല എഴുത്തുകാരുണ്ട് ഇവിടെ. അവർ എഴുതുന്ന സത്രീകൾ എങ്ങനെയുള്ളതാണ് ? വരുന്ന എല്ലാ സിനിമകളിലും സ്ത്രീ കഥാപാത്രങ്ങളില്ല, അത് ശരിയാണോ എന്നെല്ലാം ഞാനും ചിന്തിക്കാറുണ്ട്. ചില സിനിമകൾ ആഘോഷിക്കപ്പെടുമ്പോൾ അതിൽ രസമുള്ള സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കും. 'ആവേശം' ഉദാഹരണമായി എടുത്താൽ അതിൽ ഫഹദ് മികച്ച പ്രകടനം കാഴ്ച്ച വച്ചിട്ടുണ്ട് . ഒപ്പം നല്ലൊരു സ്ത്രീ കഥാപാത്രം കൂടി മുഴുനീളം ചിത്രത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കും. അത് സത്യമാണ്. സ്ത്രീകൾ എന്ന് മാത്രമല്ല, എല്ലാ ലിംഗത്തിലും പെട്ട ആളുകളെയാണ് ഞാൻ പറയുന്നത്. നമ്മളെല്ലാം ഒന്നിച്ചാണല്ലോ ഇവിടെ ജീവിക്കുന്നത്. എങ്കിലും എഴുതപ്പെടുന്ന സ്ത്രീകഥാപാത്രങ്ങൾ മുഴുനീളമില്ലെങ്കിലും കൂടി, ശരിക്കുമുള്ള സ്ത്രീകളുടെ ലോകത്തെ പ്രതിനിധീകരിച്ചിരുന്നെങ്കിൽ എന്ന് ഞാൻ അഗ്രഹിക്കാറുണ്ട്.
എങ്ങനെയാണ് പായൽ കനിയിലേക്ക് എത്തിച്ചേരുന്നത് ?
ഓഡിഷനിലൂടെയാണ് പായൽ എന്നെ തിരഞ്ഞെടുക്കുന്നത്.. ആറേഴ് വർഷം മുമ്പാണ് പായൽ ചിത്രത്തിന്റെ കഥ എഴുതുന്നത്. അന്ന് ഞാൻ ചെയ്ത ഒരു ഹ്രസ്വചിത്രം കണ്ടിഷ്ടപ്പട്ടാണ് എന്നോട് ഈ കഥ പറയുന്നത്. ഇപ്പോൾ ദിവ്യപ്രഭ ചെയ്ത കഥാപാത്രമായിരുന്നു അന്ന് എനിക്ക് പറഞ്ഞിരുന്നത്. പക്ഷേ അത് പല കാരണങ്ങൾ കൊണ്ടും അന്ന് നടന്നില്ല. പിന്നീട് പ്രഭ എന്ന കഥാപാത്രത്തിനായി വർഷങ്ങൾക്കിപ്പുറം ഓഡിഷൻ ചെയ്താണ് എന്നെ തിരഞ്ഞെടുക്കുന്നത്. രണ്ട് തവണ ഓഡിഷൻ ചെയ്തു, രണ്ടാമത്തെ തവണ തിരഞ്ഞെടുക്കപ്പെട്ടു.

എന്താണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' പറയുന്നത് ?
പല വലിയ നഗരങ്ങളിലും പല സ്ഥലത്ത് നിന്നുമുള്ളവർ ജോലിക്കും മറ്റുമായി പോയി ജീവിക്കുന്നുണ്ട്. മുംബൈ ആണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം .അതിലെ കഥാപാത്രങ്ങൾ പല സ്ഥലത്ത് നിന്നും മുംബൈ നഗരത്തിൽ വന്ന് താമസിക്കുന്നവരാണ്. സൗഹൃദത്തിന്റെ, ബന്ധുത്വത്തിന്റെ, സാഹോദര്യത്തിന്റെ, കുടിയേറിപ്പാർത്ത ഒരു കൂട്ടം ആളുകളുടെ, സ്ത്രീകളുടെ ഒക്കെ കഥയാണ് ഇത്.
ശക്തമായ രാഷ്ട്രീയം, നിലപാട് കനി കാനിൽ എത്തിച്ചു
നിലപാടുകൾ എപ്പോഴും നമ്മൾ പുറത്ത് പറഞ്ഞുകൊള്ളണമെന്നില്ല. ചിലപ്പോൾ അടുത്ത സുഹൃത്തുക്കളോടാവും പറയുക, ചിലപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ നിലപാട് വ്യക്തമാക്കും, ചിലപ്പോൾ പൊതുവേദിയിൽ പറയും. നിലപാടില്ലാത്തവരാണ് മനുഷ്യരെന്ന് ഞാൻ വിധിക്കുന്നില്ല. പക്ഷേ, പറയാനോ പ്രകടിപ്പിക്കാനോ പലരും പലപ്പോഴും തീരുമാനിക്കാറില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനും അങ്ങനെ തന്നെയാണ്. എല്ലാ കാര്യത്തിലും അറിവ് തന്നെ ഉണ്ടായിരിക്കണമെന്നില്ലല്ലോ. കാനിൽ പോകാൻ തീരുമാനിച്ചപ്പോൾ തന്നെ പലസ്തീൻ ഐക്യദാർഡ്യം പ്രകടിപ്പിക്കണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നതാണ്. ആദ്യം അതിനെപ്പറ്റിയാണ് ചിന്തിച്ചത് പോലും. ഞാൻ മാത്രമല്ല ഒരുപാട് മനുഷ്യർ അവിടെ പല വിഷയങ്ങളിലും തങ്ങളുടെ നിലപാട് വ്യക്തമാക്കിയും ഐക്യദാർഢ്യം പ്രഖ്യാപിച്ചും രംഗത്തെത്തിയിരുന്നു. ഞാൻ മാത്രമല്ല അത് ചെയ്തത്. വിവാദങ്ങൾ ഒഴിവാക്കാൻ കാൻ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ആരോടും ഇങ്ങനെയൊരു കാര്യത്തെപ്പറ്റി പറഞ്ഞിരുന്നില്ല.

പുതിയ ചിത്രം
മനു അശോകൻ സംവിധാനം ചെയ്യുന്ന വെബ്സീരിസിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൊച്ചിയിലാണ് ചിത്രീകരണം നടക്കുന്നത്. ഇതിന്റെ ഷൂട്ടിനിടയിലാണ് ഷെഡ്യൂളെല്ലാം മാറ്റിവച്ച് അവരെന്നെ കാനിലേക്ക് പറഞ്ഞയക്കുന്നത്.
Content Highlights: actress kani kusruti about her cannes 2024 experience
Published: 28 May 2024, 04:43 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented