'ബ്ലാസ്റ്റ്' എന്നെ സംബന്ധിച്ച് ഒരു വലിയ ഞെട്ടലായിരുന്നു. ബജറ്റിന്റെ അഞ്ചിരട്ടി ലാഭം നേടി ചിത്രം വലിയ വിജയമായപ്പോൾ വലിയ സന്തോഷം തോന്നി

പതിനൊന്നാം വയസിൽ സിനിമയ്ക്കൊപ്പം യാത്ര തുടങ്ങിയതാണ് ദിവ്യ എന്ന പ്രേക്ഷകരുടെ സ്വന്തം അഭിരാമി. ഇന്നും ഓർത്തുവയ്ക്കുന്ന നിരവധി കഥാപാത്രങ്ങൾ ചെയ്ത് തമിഴിലും മലയാളത്തിലും തിളങ്ങിനിന്ന സമയത്താണ് നീണ്ട ഇടവേളയെടുത്ത് അഭിരാമി സിനിമയിൽനിന്ന് മാറിനിന്നത്. പത്ത് വർഷത്തെ ആ ഇടവേളയ്ക്ക് ശേഷമുള്ള രണ്ടാം ഇന്നിങ്ങ്സിലും കൈ നിറയെ ചിത്രങ്ങളും മികച്ച കഥാപാത്രങ്ങളുമായി സിനിമ അഭിരാമിയെ കാത്തുനിന്നു. സിനിമയും ജീവിതവും സംസാരിച്ച് അഭിരാമി മാതൃഭൂമി ഡോട് കോമിനൊപ്പം.
ദിവ്യയിൽനിന്ന് അഭിരാമിയിലേക്കുള്ള യാത്രയെ എങ്ങനെയാണ് വിശേഷിപ്പിക്കുന്നത്?
ഞാൻ ഒന്നിനെ പൂർണമായി ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് പോയ ആളല്ല. എന്റെ ജീവിതം ഒരു പെൻഡ്യുലം പോലെ അങ്ങോട്ടും ഇങ്ങോട്ടും ചലിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ഒരു ഭാഗം എപ്പോഴും ദിവ്യയും മറ്റൊരു ഭാഗം അഭിരാമിയുമായിരിക്കും. ഒരു അവതാരകയായി ചുവടുവെച്ച് ഇൻഡസ്ട്രിയിലേക്ക് വരുമ്പോൾ എടുത്ത ഒരു തീരുമാനമാണ് അഭിരാമി എന്ന പേര് സ്വീകരിക്കുക എന്നുള്ളത്. 14- 15 വയസ്സുള്ളപ്പോൾ കണ്ട 'ഗുണ' എന്ന സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ 'അഭിരാമി' എന്ന പേര് സ്വീകരിച്ചത്. എന്നാൽ, ഇത്രയും നീണ്ട ഒരു യാത്ര എനിക്ക് മുന്നിലുണ്ടാകുമെന്നോ, എന്റെ നാൽപ്പതുകളിലും ഞാൻ സിനിമയിൽ സജീവമായി തുടരുമെന്നോ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഒരു വലിയ ഇടവേള എടുത്തിട്ട് തിരിച്ചു വന്നിട്ടും എന്നെ സ്വീകരിക്കാൻ പ്രേക്ഷകർ കാണിച്ച ആ വലിയ മനസ്സിന് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. ഏതോ ജന്മത്തിൽ ചെയ്ത നല്ല കാര്യങ്ങളുടെ ഫലമാണ് ഈ സ്നേഹമെന്ന് ഞാൻ വിശ്വസിക്കുന്നു.
11 വയസുള്ളപ്പോഴാണ് അടൂർ ഗോപാലകൃഷ്ണന്റെ 'കഥാപുരുഷൻ' എന്ന ചിത്രത്തിലൂടെ സിനിമയിൽ തുടക്കം കുറിക്കുന്നത്. ആ പ്രായത്തിൽ കിട്ടിയ പ്രശസ്തിയെ എങ്ങനെയാണ് കൈകാര്യം ചെയ്തത്?
അതിന് ഞാൻ എന്റെ അച്ഛനും അമ്മയ്ക്കുമാണ് നന്ദി പറയേണ്ടത്. സിനിമയിലെ പ്രശസ്തിയിൽ ഞാൻ ഒഴുകിപ്പോകാതെ അവർ എന്നെ ബ്ലൈൻഡേഴ്സ് ഇട്ടൊരു കുതിരയെപ്പോലെ കാത്തുസൂക്ഷിച്ചു. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയാൽ ഞാൻ വെറുമൊരു സാധാരണ കുട്ടി മാത്രമായിരുന്നു. സ്വന്തം തുണി മടക്കിവെക്കുക, പാത്രം കഴുകുക, വീട് വൃത്തിയാക്കാൻ സഹായിക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും ഞാൻ തന്നെ ചെയ്യണമായിരുന്നു. സിനിമ വെറുമൊരു ജോലി മാത്രമാണെന്നും അതിനപ്പുറം വലിയ ആളാണെന്നോ സമ്പാദിക്കുന്നുണ്ടെന്നോ ഉള്ള ചിന്ത എന്റെ തലയിലേക്ക് കയറ്റാൻ അവർ സമ്മതിച്ചില്ല. 15 മുതൽ 21 വയസ്സുവരെയുള്ള പ്രായത്തിൽ ഒരുപാട് ആളുകളെ കാണാനും അവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കാനും സാധിച്ചത് വലിയൊരു ഭാഗ്യമാണ്.
'കഥാപുരുഷൻ' ഷൂട്ടിങ് സമയത്തൊന്നും എനിക്ക് സിനിമയെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നു. അവിടെ എന്റെ സമപ്രായക്കാരായ കുട്ടികളോടൊപ്പം കൊന്നിക്കളിയും, മാർബിൾസ് കളിയും, കടങ്കഥകളും ഡംഷാരാഡ്സും കളിച്ചു നടക്കുകയായിരുന്നു. ഇടയ്ക്ക് ഷൂട്ടിനായി വിളിക്കുമ്പോൾ അവർ പറഞ്ഞുതരുന്നത് ചെയ്യും, വീണ്ടും പോയി കളിക്കും. സ്കൂളിൽ പോകേണ്ടല്ലോ എന്നൊരു ആശ്വാസം മാത്രമാണ് അന്നുണ്ടായിരുന്നത്.
അഭിനയമാണ് കരിയർ എന്ന് എപ്പോഴാണ് തിരിച്ചറിഞ്ഞത്?
പന്ത്രണ്ടാം ക്ലാസിലെ പരീക്ഷാ സമയത്താണ് ഒരു വലിയ ചോയ്സ് എന്റെ മുന്നിൽ വരുന്നത്. സിനിമ ചെയ്തിരുന്നത് കാരണം എനിക്ക് സ്കൂളിൽ അറ്റൻഡൻസ് വളരെ കുറവായിരുന്ന ഒന്നുകിൽ സിനിമയിൽനിന്ന് മാറിനിന്ന് അറ്റൻഡൻസ് തിരിച്ചുപിടിച്ച് ഹൈസ്കൂൾ പഠനം പൂർത്തിയാക്കുക, അല്ലെങ്കിൽ സ്കൂളിൽനിന്ന് ഡ്രോപ്പ് ഔട്ടായി പൂർണമായി സിനിമയിലേക്ക് ഇറങ്ങുക. ഇതായിരുന്നു മുന്നിലുണ്ടായിരുന്ന ഓപ്ഷനുകൾ. അതിനിടയ്ക്ക് വീണ്ടും ഒരു സ്റ്റേജിൽ ബ്രേക്ക് എടുക്കേണ്ടി വന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം, യു.എസിലെ നല്ലൊരു ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് മടങ്ങാൻ തീരുമാനിച്ചതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ്.
ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിലെ നീതു, അക്കാലത്ത് ഏറെ പഴികേട്ട കഥാപാത്രമാണ്, പക്ഷേ അന്നത്തെ അഹങ്കാരിയായിരുന്നു ശരിയെന്ന് ഇന്ന് ജനം പറയുന്നുണ്ട്…
എനിക്കന്ന് പതിനാറ് വയസ്സേ ഉള്ളൂ. ചില കോളേജ് പരിപാടികൾക്കോ മറ്റ് ചടങ്ങുകൾക്കോ പോകുമ്പോൾ ഞാൻ മൈക്ക് എടുക്കുമ്പോഴേക്കും ആളുകൾ സംസാരിക്കാൻ വിടാതെ നോൺ-സ്റ്റോപ്പായി കൂവിയിട്ടുണ്ട്. ഞാനൊരു കുഞ്ഞാണ് ശരിക്കും. തളർന്ന് പോയിട്ടുണ്ട്. ഞാനൊരു കഥാപാത്രം ചെയ്യുക മാത്രമാണ് ചെയ്തത് എന്നിരിക്കെ, എന്തിനാണ് എന്നെ ഇങ്ങനെ വെറുക്കുന്നതെന്ന് മനസ്സിലാക്കാൻ ആ പ്രായത്തിൽ എനിക്ക് കഴിഞ്ഞിരുന്നില്ല. അതൊരു കുട്ടിയുടെ ആത്മവിശ്വാസത്തെ പൂർണമായി തകർക്കുന്ന ഒന്നായിരുന്നു. എന്നാൽ, എന്റെ അച്ഛനമ്മമാരും സുഹൃത്തുക്കളും എന്നെ കൃത്യമായി ഗൈഡ് ചെയ്തു.
"അവർ വെറുക്കുന്നത് നിന്നെ വ്യക്തിപരമായല്ല, ആ കഥാപാത്രത്തെയാണ്. കീരിക്കാടൻ ജോസിനെ കാണുമ്പോൾ നമുക്ക് ദേഷ്യം വരുന്നത് ആ നടനോടുള്ള വെറുപ്പുകൊണ്ടല്ലല്ലോ, ആ കഥാപാത്രത്തിന്റെ വിജയം കൊണ്ടല്ലേ. അതുപോലെ നിന്റെ അഭിനയത്തിന്റെ വലിയൊരു വിജയമാണിത്", എന്ന് അവർ പറഞ്ഞുതന്നു. അന്ന് 'അഹങ്കാരി' എന്ന് വിളിച്ച് ആളുകൾ വെറുത്ത ആ കഥാപാത്രമാണ് ശരിയെന്ന് ഇന്ന് പ്രോഗ്രസീവ് ആയി ചിന്തിക്കുന്ന പുതിയ സമൂഹം പറയുമ്പോൾ എനിക്ക് വലിയ സന്തോഷം തോന്നുന്നു.
സിനിമയിൽ സജീവമായി നിൽക്കുമ്പോൾ 10 വർഷത്തെ ഒരു വലിയ ഇടവേള എടുക്കാനുള്ള തീരുമാനം ബുദ്ധിമുട്ടായിരുന്നോ?
സത്യത്തിൽ എനിക്കത് ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നില്ല. ഒരു സാഹസകൃത്യത്തിൽനിന്ന് മറ്റൊന്നിലേക്ക് പോകുന്നത് പോലെയാണ് ഞാൻ അതിനെ കണ്ടത്. അച്ഛനമ്മമാരുടെ തണലിൽനിന്ന് മാറിനിൽക്കാത്ത ഞാൻ പെട്ടെന്ന് മറ്റൊരു രാജ്യത്ത് പോയി, ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയും പുതിയൊരു സംസ്കാരം അനുഭവിക്കുകയും ചെയ്തു. എന്നെ ആർക്കും അറിയാത്ത ആ നാട്ടിൽ ഞാനാരാണെന്ന് എനിക്ക് തന്നെ മനസ്സിലാക്കാനുള്ള ഒരു മികച്ച അവസരമായിരുന്നു അത്. അവിടെ ഞാൻ പഠിച്ചു, ജോലി ചെയ്തു, പിന്നീട് വിവാഹിതയായി.
സിനിമയിലെ സ്റ്റാർഡം ഞാൻ മിസ്സ് ചെയ്തില്ലെങ്കിലും ക്രിയേറ്റീവായി ചില കാര്യങ്ങൾ മിസ്സ് ചെയ്തിരുന്നു. എന്റെ തലമുറയ്ക്കുശേഷം വന്ന നവ്യ, കാവ്യ, മംമ്ത തുടങ്ങിയവരുടെ നല്ല കഥാപാത്രങ്ങൾ കാണുമ്പോൾ ഇതൊക്കെ എനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്. അതോടൊപ്പം തന്നെ മലയാളം സിനിമാ സെറ്റുകളിൽ രാവിലെ കിട്ടുന്ന പുട്ടും പഴവും വൈകുന്നേരത്തെ ചൂടുള്ള പഴംപൊരിയുമൊക്കെ ഞാൻ ഒരുപാട് മിസ്സ് ചെയ്തു.
തിരിച്ചുവരവിൽ സമ്മർദമുണ്ടായിരുന്നോ?
സത്യത്തിൽ തിരിച്ചുവരവിൽ എനിക്ക് ടെൻഷൻ കുറവായിരുന്നു; കാരണം എനിക്ക് നല്ലൊരു ഡിഗ്രി ഉണ്ടായിരുന്നതിനാൽ സിനിമ പരാജയപ്പെട്ടാലും തിരിച്ചുപോയി ജോലി ചെയ്യാമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു.
കൽക്കിയെക്കുറിച്ച്?
കൽക്കി, എന്റെ മകൾ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന ആദ്യത്തെ ഒരു വർഷം മറ്റ് മാതാപിതാക്കളെപ്പോലെ ഞാനും ഉറങ്ങിയിട്ടേയില്ല. കുഞ്ഞ് എന്തിനാണ് കരയുന്നതെന്നോ എങ്ങനെ സമാധാനിപ്പിക്കണമെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ, കുട്ടികൾക്ക് സ്വന്തമായി ഒരു പേഴ്സണാലിറ്റി കോഡിങ് ഉണ്ട്, നമുക്ക് അവരെ ഒരു പരിധിയിൽ കൂടുതൽ മാറ്റാൻ കഴിയില്ല. അവരെ അവരുടെ വഴിക്ക് വിടുകയേ ഉള്ളൂ. കൽക്കി ഇപ്പോൾ വലിയ ഇമാജിനേറ്റീവ് ആണ്, അവൾ പാവക്കുട്ടികളോട് സംസാരിക്കുകയും ഞാനുള്ളപ്പോൾ എന്റെ ടീച്ചറും ഹോട്ടൽ മാനേജരുമൊക്കെയായി അഭിനയിക്കുകയും ചെയ്യും. ഞങ്ങളുടെ വേവ് ലെങ്ത് ഇപ്പോൾ ഒരുപോലെയാണ്. ടീനേജ് ആകുമ്പോൾ ഇതിന് മാറ്റം വരുമായിരിക്കാം. ഇപ്പോൾ ഞാനാണ് അവളുടെ ഹീറോ.
എന്റെ വലിയ പിന്തുണയാണ് എന്റെ ഭർത്താവും മകളും. സിനിമയിലെ ആദ്യ ഇന്നിങ്സിൽ അച്ഛനും അമ്മയും തിനെല്ലാം എന്റെ ഭർത്താവിന്റെയും മകളുടെയും വലിയ സപ്പോർട്ടുണ്ട്. ഞാൻ ഷൂട്ടിനായി പോകുമ്പോൾ നാല് വയസ്സുള്ള മകൾ ചിരിച്ചുകൊണ്ട് 'ടാറ്റ' പറയുന്നതും ഭർത്താവ് "വീട്ടു കാര്യങ്ങൾ ഞാൻ നോക്കിക്കോളാം, നീ ധൈര്യമായി പൊയ്ക്കോളൂ" എന്ന് പറയുന്നതുമാണ് എന്റെ വലിയ ആത്മവിശ്വാസം.
ഒറ്റമകളായി വളർന്നതിന്റെ വിഷമങ്ങൾ അഭിരാമി തുറന്ന് പറഞ്ഞിട്ടുണ്ട്…
ഒറ്റക്കുട്ടിയായി വളർന്നതിൽ ഒരുപാട് സങ്കടങ്ങൾ എനിക്കുണ്ടായിട്ടുണ്ട്, ഇന്നും ഉണ്ട്. ഒരു സഹോദരൻ അല്ലെങ്കിൽ സഹോദരി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ എപ്പോഴും ആഗ്രഹിക്കാറുണ്ട്. ചെറുപ്പത്തിൽ കളിക്കാൻ കൂട്ടുകാരില്ലാത്ത ഒറ്റപ്പെടൽ ആയിരിക്കാം, നമ്മുടെ രഹസ്യങ്ങളൊന്നും പങ്കുവയ്ക്കാൻ ഒരാളില്ലാത്തതായിരിക്കാം വിഷമിപ്പിച്ചിരുന്നതെങ്കിൽ മുതിർന്നപ്പോൾ അത് മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങൾ ഒറ്റയ്ക്ക് ചുമലിലേറ്റേണ്ടി വരുമ്പോഴുണ്ടാകുന്ന ടെൻഷനാണ്. അത് പങ്കുവയ്ക്കാൻ ആളില്ലാത്ത വിഷമമാണ്. ജീവിതത്തിന്റെ അവസാന ഘട്ടങ്ങളിൽ നമ്മുടെ സമാന പശ്ചാത്തലത്തിൽ നിന്ന് കാര്യങ്ങൾ തുറന്നുപറയാൻ, നമുക്ക് വേണ്ടി ചിന്തിക്കാൻ ഒരാളില്ലാതെ ഞാൻ ഒറ്റപ്പെട്ടുപോകുമോ എന്ന ഭയം ഉണ്ടാകാറുണ്ട്.
രണ്ടാം ഇന്നിങ്സിനെക്കുറിച്ച് സംസാരിച്ചല്ലോ 'ബ്ലാസ്റ്റിന്റെ വൻ വിജയം പ്രതീക്ഷിച്ചിരുന്നോ?
'ബ്ലാസ്റ്റ്' എന്നെ സംബന്ധിച്ച് ഒരു വലിയ ഞെട്ടലായിരുന്നു. എങ്ങനെയാണ് അതിലെ സ്റ്റണ്ട് സീനികൾ ചെയ്തതെന്ന് ഇപ്പോഴും അത്ഭുതമാണ്. ഞാൻ പണ്ട് മാർഷ്യൽ ആർട്സ് പഠിച്ചിട്ടുണ്ടെങ്കിലും ഈ പ്രായത്തിൽ അത് ചെയ്യുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. 20 ദിവസത്തെ ഷൂട്ടിങ്ങിൽ 15 ദിവസവും എനിക്ക് ഫൈറ്റ് മാത്രമായിരുന്നു. ഷൂട്ടിന്റെ ആവേശത്തിൽ റിഹേഴ്സലുകളും റീടേക്കുകളും ചെയ്യുമെങ്കിലും വൈകുന്നേരം ഹോട്ടലിൽ എത്തുമ്പോഴാണ് നടുവേദനയും ശരീരമാകെ നീലിച്ചുകിടക്കുന്നതും ഒക്കെ അറിയുന്നത്. പിന്നെ ആക്ഷൻ കിങ് അർജുൻ സാറിനൊപ്പം പിടിച്ചു നിൽക്കണ്ടേ. സ്റ്റണ്ട് മാസ്റ്ററും ഫൈറ്റേഴ്സും ഞങ്ങളെക്കൊണ്ട് നല്ലപോലെ പണിയെടുപ്പിച്ചു. ബജറ്റിന്റെ അഞ്ചിരട്ടി ലാഭം നേടി ചിത്രം വലിയ വിജയമായപ്പോൾ വലിയ സന്തോഷം തോന്നി. കേരളത്തിലാണ് ആദ്യം പ്രേക്ഷകർ ഏറ്റെടുത്തത്. ഇപ്പോൾ പത്ത് വയസ്സുള്ള കുട്ടികൾ വരെ എന്നെ 'ബ്ലാസ്റ്റ് മാഡം' എന്ന് വിളിക്കുന്നത് കേൽക്കുമ്പോൾ സന്തോഷമുണ്ട്.
രഞ്ജിത് സംവിധാനം ചെയ്യുന്ന 'ലോ ആൻഡ് ഓർഡർ' ആണ് പുതിയ ചിത്രം?
രഞ്ജിത് സാർ തന്നെയാണ് എന്നെ ഈ പടത്തിലേക്ക് വിളിക്കുന്നത്. ഇതൊരു ക്രൈം സസ്പെൻസ് ഫാമിലി ത്രില്ലറാണ്. ഒരു ലോയറുടെ വേഷമാണ് എനിക്ക്. ലേറ്റ് ഫോർട്ടീസിലുള്ള, ഒരു കോളേജ് വിദ്യാർഥിയുടെ അമ്മയുടെ വേഷം. പ്രകാശ് വർമ സാറാണ് സഹ അഭിനേതാവ്.
അദ്ദേഹം വളരെ സ്വീറ്റും ക്രിയേറ്റീവുമായ മനുഷ്യനാണ്. ഈ സിനിമയിൽ ഒരു നൊസ്റ്റാൾജിയ ഫാക്ടർ ഉണ്ട്. മുൻപ് സുരേഷേട്ടനൊക്കെ (സുരേഷ് ഗോപി) ചെയ്ത് നമ്മൾ കണ്ടിട്ടുള്ള, 2000-കളുടെ തുടക്കത്തിലെ ഫാസ്റ്റ് പേസ് പോലീസ് സ്റ്റോറികളുടെ ആ ഒരു മീറ്റർ 'ലോ ആൻഡ് ഓർഡർ' എന്ന ചിത്രത്തിനുണ്ട്. ഒരു കൂട്ടം പുതുമുഖങ്ങളും സിനിമയുടെ ഭാഗമാണ്. കൂടാതെ ചിത്രത്തിൽ ആരും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് കഥാപാത്രം കൂടി സ്ക്രീനിൽ എത്തുന്നുണ്ട്. പ്രേക്ഷകരെപ്പോലെ വലിയൊരു ആകാംക്ഷയോടെ തന്നെയാണ് ഞാനും തിയേറ്റർ റിലീസിനായി കാത്തിരിക്കുന്നത്.
Content Highlights: actress abhirami talks about her journey in movies,her family,husband and daughter,and new movies
Published: 28 Aug 2026, 09:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented