ആനന്ദം എന്ന ചിത്രം പുറത്തിറങ്ങിയിട്ട് പത്തുവർഷമായി. ആ ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രമായി മലയാളസിനിമയിൽ അരങ്ങേറിയ വിശാഖ് നായർ ഇന്ന് കരിയറിലെ മറ്റൊരു വഴിത്തിരിവിൽ നിൽക്കുകയാണ്. ചത്താ പച്ച എന്ന ചിത്രത്തിലെ ചെറിയാൻ എന്ന വില്ലൻ വേഷമാണത്. വില്ലൻ വേഷങ്ങൾ  ഇഷ്ടമുള്ള വിശാഖ് ഇപ്പോൾ മലയാളത്തിനുപുറമേ ഹിന്ദിയിലും തെലുങ്കിലും കന്നഡയിലും സജീവമായിരിക്കുകയാണ്. വിശാഖ് നായർ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

To advertise here,

ആനന്ദത്തിലെ ‘കുപ്പി’യിൽനിന്ന് ചത്താ പച്ചയിലെ ചെറിയാനിലേക്ക് വരുമ്പോൾ?

ഈ 10 വർഷത്തിൽ എനിക്കുണ്ടായ ഏറ്റവും വലിയ മാറ്റം ആത്മവിശ്വാസം കൂടിയിട്ടുണ്ട് എന്നതാണ്. ചെയ്യാൻ ആഗ്രഹമുള്ള കഥാപാത്രങ്ങൾ എന്നിലേക്ക് വരാൻ കുറച്ച് സമയം എടുത്തു. 2021 തൊട്ടാണ് അങ്ങനത്തെ കഥാപാത്രങ്ങൾ വന്നത്. എമർജൻസി, ഫൂട്ടേജ് തുടങ്ങിയ ചിത്രങ്ങൾ തൊട്ടാണ് ആ ഒരു മാറ്റം ശരിക്കും എന്റെ കരിയറിൽ സംഭവിച്ചതെന്നാണ് എനിക്ക് തോന്നുന്നത്. അതിന് തൊട്ടുമുമ്പുള്ള കാലത്ത് കുറച്ചുകൂടി സെലക്ടീവ് ആവാം എന്നുള്ള തീരുമാനമെടുത്ത് കുറച്ചൊന്ന് മാറി നിന്നു. ആ സമയത്തുതന്നെയാണ് കോവിഡും സംഭവിച്ചിട്ടുള്ളത്. ഇപ്പോൾ, രണ്ടു മൂന്നു വർഷമായി വന്നിരിക്കുന്ന കഥാപാത്രങ്ങളൊക്കെ എടുത്തുനോക്കുമ്പോൾ ഞാൻ വ്യക്തിപരമായി തൃപ്തനാണ്.

ഇടയ്ക്ക് കാസ്റ്റിംഗ് ഡയറക്ടർ ആയി പ്രവർത്തിച്ചല്ലോ

‘ഹൃദയം’ ആണ് അങ്ങനെ ചെയ്ത സിനിമ. വീനീതേട്ടന്റെ കൂടെ വർക്ക് ചെയ്യണമെന്ന് ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു. ഒരു അവസരം കിട്ടിയപ്പോൾ ചെയ്തു. ഞാനും ‘ആനന്ദം’ സംവിധാനം ചെയ്ത ഗണേഷേട്ടനും ചേർന്ന് ഒരു കമ്പനി നടത്തുകയായിരുന്നു. ഒരു പ്രൊഡക്ഷൻ ഹൗസായിരുന്നു അത്. ആഡ് ഫിലിം, മ്യൂസിക് വീഡിയോ, കോപ്പറേറ്റീവ് ഫിലിം സംവിധാനം ഒക്കെയായിരുന്നു രണ്ടുമൂന്നുവർഷം.

എങ്ങനെയാണ് ‘ചത്താ പച്ച’യിലേക്കുള്ള വരവ്?

സംവിധായകൻ അദ്വൈതുമായി 2019 മുതലുള്ള പരിചയാണ്. ഞങ്ങളൊരുമിച്ച് ഒരു ഷോർട്ട് ഫിലിം ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നില്ല. കോമൺ ഫ്രണ്ട്‌സ് ഉണ്ട്. ഇടയ്ക്കിടെ കാണുന്നയാളാണ് അദ്വൈത്. വളരെ യാദൃഛികമായാണ് വിവേക് എന്നുപേരുള്ള അദ്വൈതിന്റെ സഹ-എഴുത്തുകാരൻ കഥപറയാനായി എന്റെയടുത്ത് വന്നത്. ചെറിയാൻ എന്ന കഥാപാത്രം അന്ന് ഉണ്ടായിരുന്നില്ല. പിന്നെയാണ് ആ കഥാപാത്രം ജനിച്ചത്. പിന്നെയും കുറേ കഴിഞ്ഞാണ് ഇന്നുകാണുന്ന രൂപം ചെറിയാൻ എന്ന കഥാപാത്രത്തിന് വന്നത്. എനിക്ക് ആ ക്യാരക്ടർ ഭയങ്കര രസകരമായി തോന്നി. WWE മട്ടാഞ്ചേരിയിലേക്ക് കുറേ പിള്ളേർ കൊണ്ടുവരുന്നു. അതായിരുന്നു സത്യം പറഞ്ഞാൽ എന്നെ അതിലേക്ക് ഏറ്റവും അടുപ്പിച്ച ഒരു കാര്യം. പിന്നെ ഇന്ത്യൻ സിനിമയിൽ അങ്ങനെ ഒരു സംഭവം ആരും ചെയ്തിട്ടുമില്ല.

വിശാഖിന്റെ റെസ്ലിങ് ആസ്വാദനം എങ്ങനെയായിരുന്നു ചെറുപ്പത്തിൽ?

ഒരുപാട് ഓർമകളുണ്ട്. സിനിമയിൽ കാണിക്കുന്ന അതേ ഐറ്റം ഞാനും അനിയനും വീട്ടിൽ കാണിച്ച് കട്ടിൽ ഒടിച്ചിട്ടുണ്ട്. പിന്നെ റെസ്ലിങ് താരങ്ങളുടെ ചിത്രമുള്ള കാർഡ് അന്ന് വലിയ ട്രെൻഡ് ആയിരുന്നു. വീഡിയോ ഗെയിംസ് ഉണ്ടായിരുന്നു. സ്മാക് ഡൗൺ വേഴ്‌സസ് റോ എന്ന് പറഞ്ഞ ഒരു പ്ലേസ്റ്റേഷൻ ഒക്കെയുണ്ടായിരുന്നു. പക്ഷേ ഒരു പോയിന്റ് കഴിഞ്ഞപ്പോൾ, നമുക്കും പ്രായമായപ്പോൾ അതിനോടുള്ള താത്പര്യം പതുക്കെ മാറിപ്പോയി. പക്ഷേ എന്റെ ഒരു 14-15 വയസ്സുവരെ റെസ്ലിങ് ഏറെ ആസ്വദിച്ചിരുന്നു. സ്‌കൂളിലൊക്കെ എല്ലാവർക്കും ഇഷ്ടമുള്ള ഒരു റെസ്ലിങ് താരമുണ്ടായിരുന്നു. അണ്ടർ ടേക്കർ തിരിച്ചുവരുമോ എന്നൊക്കെയായിരുന്നു ചർച്ച. അണ്ടർ ടേക്കറും ഷോൺ മൈക്കൽസുമായിരുന്നു എന്റെ പ്രിയതാരങ്ങൾ. ഷോൺ മൈക്കൽസിന്റെ ചില സവിശേഷതകൾ ‘ചത്താ പച്ച’യിൽ ഇഷാൻ ഷൗക്കത്ത് അവതരിപ്പിച്ച ലിറ്റിൽ എന്ന കഥാപാത്രത്തിന് നൽകിയിട്ടുണ്ട്.

അർജുൻ, റോഷൻ, വിശാഖ്, ഇഷാൻ.. നിങ്ങളുടെ തയ്യാറെടുപ്പുകൾ എന്തെല്ലാമായിരുന്നു?

നല്ല മുന്നൊരുക്കങ്ങൾ വേണ്ടിവന്നു. കാരണം അങ്ങനെ ചെയ്തില്ലെങ്കിൽ വലിയ റിസ്‌കാണ്. കഴിഞ്ഞ ജൂലൈയിലാണ് ഷൂട്ട് തുടങ്ങിയത്. അതുവരെ ഞങ്ങളെല്ലാവരും ട്രെയിനിങ്ങിൽ മുഴുവൻ സമയം ശ്രദ്ധ കേന്ദ്രീകരിച്ചു. അക്രോബാറ്റിക്‌സ്, ഭക്ഷണം, ബോഡി മൊബിലിറ്റി തുടങ്ങിയവയിലെല്ലാം ഫോക്കസ് ചെയ്തു. പ്രൊഡക്ഷൻ ടീമിൽനിന്ന് ശ്രാവൺ, ഡേവിസ് എന്നിവരായിരുന്നു പരിശീലകർ. പിന്നെ ഞങ്ങൾ നാലുപേർക്കും പേഴ്‌സണൽ ട്രെയിനർമാർ ഉണ്ടായിരുന്നു. ഷാമിൻ ആയിരുന്നു എന്റെ ട്രെയിനർ. ഒരിക്കൽ വർക്കൗട്ട് ചെയ്യുമ്പോൾ എനിക്ക് പരിക്കുപറ്റി. നട്ടെല്ലിന്റെ ഇടയിൽ ഒരു ഞരമ്പിന് ആയിരുന്നു പ്രശ്‌നം. അത് ഭേദമാകാൻതന്നെ ഒരാഴ്ചയെടുത്തു. ഫിസിയോതെറാപ്പി ചെയ്തു. ഡീപ് ടിഷ്യൂ മസാജ് ചെയ്തു, കരണ്ട് അടിപ്പിച്ചു. ഡീപ് ടിഷ്യൂ മസാജ് എന്നൊക്കെ പറഞ്ഞാൽ പ്രാണൻ പോകുന്ന വേദനയാണ്. ഷാമിൻ ഫിസിയോ തെറാപ്പിസ്റ്റ് ആയതുകൊണ്ട് എങ്ങനെ ഭേദമാകും എന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം.

ആക്ഷൻ മൂവ്‌മെന്റുകൾ പഠിക്കാൻ ശ്രാവൺ സത്യ എത്രമാത്രം സഹായിച്ചു?

ശ്രാവൺ സത്യ ഒരു ഫൈറ്റ് മാസ്റ്ററുംകൂടിയാണ്. ഞാൻ ഒടുവിൽ ചെയ്ത ‘മെറി ബോയ്’ പുള്ളിയാണ് ചെയ്തത്. കൃഷാന്ദിന്റെ ‘മസ്തിഷ്‌കമരണ’ത്തിലും അദ്ദേഹം സംഘട്ടന സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും സേഫ് ആയിട്ട് എങ്ങനെ വീഴണം, എങ്ങനെ അടി കിട്ടണം, അക്രോബാറ്റിക് പരിപാടികൾ എന്നിവയിലായിരുന്നു ഏറ്റവും കൂടുതൽ ഫോക്കസ്. എന്റെ ചെറിയാൻ എന്ന ക്യാരക്ടറിനും ഒരു ഫൈറ്റിംഗ് സ്‌റ്റൈൽ ഉണ്ട്. ഒരു ബ്രസീലിയൻ ഫൈറ്റിംഗ് സ്‌റ്റൈൽ ആണ് അതിനുള്ള പ്രചോദനം. ശ്രാവൺ ആണ് അതിനുള്ള മാർഗനിർദേശങ്ങൾ തന്നത്. റോഷനും അർജുനും ഇഷാനുമെല്ലാം അവരുടെതായ ഒരു സിഗ്‌നേച്ചർ ഫൈറ്റിംഗ് സ്‌റ്റൈൽ, ഫിനിഷിംഗ് മൂവ്, എല്ലാം കൊണ്ടുവരാൻ നോക്കിയിട്ടുണ്ട്. അവിടെയായിരുന്നു പ്രധാനമായും ശ്രദ്ധ കൊടുത്തത്. കലൈ കിങ്‌സൺ മാസ്റ്റർ വന്നതിനു ശേഷം ഷൂട്ടിന് മുന്നേ മൂന്ന് ദിവസത്തെ ഒരു ക്രാഷ് കോഴ്‌സ് ഉണ്ടായിരുന്നു. പുള്ളി റോപ്പ് വർക്കും പിന്നെ ബാക്കി പുള്ളിക്ക് ട്രൈ ചെയ്യാൻ ആഗ്രഹമുള്ള മൂവ്‌സ് ഒക്കെ നമ്മളെ കൊണ്ടൊന്ന് ചെയ്യിപ്പിച്ചു നോക്കും. പിന്നെ അതിന് പെർഫെക്ഷൻ വരുത്തും. ഹെവി ആക്ഷൻ ആണല്ലോ പടത്തിന്റെ ഹൈലൈറ്റ്. അത് പരമാവധി മികച്ചതാക്കാനുള്ള എല്ലാ പിന്തുണയും പ്രൊഡക്ഷൻ തന്നിരുന്നു.

നിങ്ങൾക്ക് ഈ ഫൈറ്റ് സീൻ ചെയ്യുമ്പോൾ പരിക്കുകൾ പറ്റിയിരുന്നോ?

ഭാഗ്യവശാൽ എനിക്ക് അങ്ങനെ പറ്റിയില്ല. അർജുന് നല്ല രീതിയിൽ പരിക്കുപറ്റി. കാരണം അർജുൻ ആണ് നമ്മുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഫൈറ്റ് ഉള്ളത്. അവന്റെ കയ്യിൽ നല്ല പരിക്കുപറ്റിയിരുന്നു. ചിത്രത്തിൽ കടൽ കൊമ്പൻ എന്നുള്ള ക്യാരക്ടർ ചെയ്ത അഷ്‌കറിന്റെ കാല് ഒടിയുകയും ചെയ്തു. പക്ഷേ അത് സംഭവിച്ചത് ഫൈറ്റിനിടയിൽ ആയിരുന്നില്ല. അവൻ ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന സമയത്ത് പുറകിൽനിന്ന് ആരോ അവനെ വന്ന് തള്ളുകയായിരുന്നു. പിന്നെ ഒരു പോയിന്റിൽ സെറ്റിലുള്ള എല്ലാവർക്കും പനി വന്നു. കാരണം ഒരു ഗോഡൗണിന്റെ അകത്തായിരുന്നു ഷൂട്ട്. ഒരാൾക്ക് പനി വന്നാൽ സ്വാഭാവികമായും എല്ലാവർക്കും പനി വരും. തൊട്ടടുത്ത ഉള്ള ഹോസ്പിറ്റലിൽ നമ്മൾ ഒരു ബെഡ് വാടകയ്ക്ക് എടുത്തപോലെയായി. എല്ലാ ദിവസവും ആരെങ്കിലും ഒക്കെ പോകും. അർജുന്റെ കാരവൻ ഓപി വാർഡ് പോലെ ആയിരുന്നു. രസമെന്താണെന്നുവെച്ചാൽ എല്ലാവരും ഇത് ഒരുമിച്ചാണല്ലോ അനുഭവിക്കുന്നത്. എല്ലാവരും അങ്ങേട്ടുമിങ്ങോട്ടും ധൈര്യം കൊടുക്കും. അർജുനൊക്കെ ഒരുപാട് സഹായിച്ചു. ഞാൻ ക്ഷീണിക്കുമ്പോൾ പുള്ളി എലക്ട്രോ ലൈറ്റും എനർജിയും കാഫിൻ ഒക്കെ കൂടെയുള്ള ഒരു സ്‌പെഷ്യൽ മിക്‌സ് ഒക്കെ തയ്യാറാക്കി തരും. അങ്ങനെയൊരു സൗഹൃദം ഉള്ളതുകൊണ്ടാണ് ഇതൊക്കെ ചെയ്യാൻപറ്റിയത്.

അദ്വൈത് എന്ന സംവിധായകനെ എങ്ങനെ് വിലയിരുത്തുന്നു?

ആദ്യത്തെ സിനിമയിൽ ഇങ്ങനെയൊക്കെ ചെയ്യുക എന്നത് ഒട്ടും എളുപ്പമല്ല. കാരണം ഒരു സ്‌മോൾ സ്‌കെയിൽ ചിത്രമല്ലല്ലോ ‘ചത്താ പച്ച’. മട്ടാഞ്ചേരിയിലെ കുറച്ച് യുവാക്കൾ റെസ്ലിങ് നടത്താനായി മുന്നോട്ടുവരുന്നു എന്നുള്ളത് ആളുകളെ വിശ്വസിപ്പിക്കാമെന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ്. സീനുകൾ ഇംപ്രവൈസ് ചെയ്യാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു. വ്യക്തമായ ഐഡിയ ഉണ്ടായിരുന്നു. നല്ല ഭാവിയുള്ള സംവിധായകനാണ് അദ്വൈത്.

വില്ലൻ വേഷങ്ങളിലെ വൈവിധ്യം ആകർഷിക്കുന്നുണ്ടോ?

വില്ലൻ വേഷങ്ങൾ ചെയ്യാനിഷ്ടമാണ്. അദ്ദേഹത്തിനും ഒരു പോയിന്റ് ഓഫ് വ്യൂ ഉണ്ടാകുമല്ലോ. ‘ഓഫീസർ ഓൺ ഡ്യൂട്ടി’യാണെങ്കിലും ‘ചത്താ പച്ച’യായാലും ഹിന്ദിയിൽ ‘എമർജൻസി’യായാലും ഈ വസ്തുത കാണാം. സിനിമ കഴിയുമ്പോൾ ആ കഥാപാത്രത്തോട് ആളുകൾക്ക് ഒരിഷ്ടം തോന്നുന്നിടത്താണ് എനിക്ക് സന്തോഷമാകുന്നത്. നമ്മുടെ ചെറുപ്പത്തിലൊക്കെ സ്വന്തമായി ബാറ്റും ബോളുമുള്ള ഒരു സുഹൃത്തുണ്ടാകും. അതുള്ളതുകൊണ്ട് മാത്രമായിരിക്കും ചിലപ്പോൾ അവനെ ടീമിൽ കയറ്റുന്നത്. ആത്മാർത്ഥമായ സൗഹൃദമോ സ്‌നോഹമോ കിട്ടാതെ വളർന്ന ഒരു പയ്യനാണ് ചെറിയാൻ. അവന്റെ അച്ഛനെ ഇടിച്ചിട്ട ആളുടെ മക്കളാണ് എതിരെ നിൽക്കുന്ന മൂന്നുപേർ. അങ്ങനെ നോക്കുകയാണെങ്കിൽ ചെറിയാന്റെ പ്രതികാരത്തിന് ന്യായമുണ്ട്. അതിലാണ് എനിക്ക് കിക്ക് കിട്ടുന്നത്. നമുക്ക് ഒരു വലിയ കഥാപാത്രം ചെയ്യുമ്പോൾ നായകന് തുല്യമായിട്ടുള്ള ഒരു സ്‌ക്രീൻ സ്‌പേസ് അല്ലെങ്കിൽ നമുക്ക് പെർഫോം ചെയ്യാനുള്ള സ്‌പേസ് നന്നായി കിട്ടും. അക്കാര്യത്തിൽ എനിക്ക് വളരെ ആകർഷണം തോന്നിയിട്ടുണ്ട്. വാൾട്ടറായി മമ്മൂക്ക വരുന്നുണ്ടെന്ന് ഒരു പോയിന്റെത്തിയപ്പോൾ നമ്മൾ അറിഞ്ഞു. പിന്നെ അണിയറപ്രവർത്തകർതന്നെ അക്കാര്യം പുറത്തുവിടുകയായിരുന്നു.

കങ്കണ റണൗട്ട് എങ്ങനെയാണ് വിശാഖിനെ കണ്ടെത്തിയത്?

കങ്കണയ്‌ക്കൊപ്പം തേജസ് എന്നൊരു പടം ചെയ്തിരുന്നു. പാകിസ്താനിൽ കുടുങ്ങിപ്പോകുന്ന ഒരു മലയാളി റോ ഏജന്റിന്റെ വേഷമായിരുന്നു. ആ ചിത്രത്തിനിടയ്ക്കാണ് അവരെ പരിചയപ്പെട്ടത്. കങ്കണ എമർജൻസി എന്ന ചിത്രം സംവിധാനംചെയ്യുമ്പോൾ എന്നെ ഒരു വേഷത്തിലേക്ക് വിളിച്ചു. ഏതെങ്കിലും മലയാളി കഥാപാത്രം എന്നേ കരുതിയിരുന്നുള്ളൂ. പിന്നെയാണ് സഞ്ജയ് ഗാന്ധി ആയിട്ടാണ് അഭിനയിക്കേണ്ടതെന്ന് പറഞ്ഞത്. ഭയങ്കര ഷോക്കും സർപ്രൈസും ആയിരുന്നു അത്.

പുതിയ ചിത്രങ്ങൾ?

മലയാളത്തിൽ രണ്ടുചിത്രങ്ങൾ സംസാരിച്ചുവെച്ചിട്ടുണ്ട്. ഞാൻ ഏറെ ആകാംക്ഷയോടെ ചെയ്യാനൊരുങ്ങുന്ന ചിത്രങ്ങളാണ് അവ. തെലുങ്കിൽ വിശ്വാക് സെൻ സംവിധാനം ചെയ്ത് അഭിനയിക്കുന്ന കൾട്ട് എന്ന ചിത്രത്തിന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്നു. കന്നഡ ചിത്രമുണ്ട്. ഹിന്ദിയിൽ ഒരെണ്ണം ചർച്ചയിലുണ്ട്.