മലയാളസിനിമയിലേക്ക് കാലെടുത്തുവെയ്ക്കുമ്പോള്‍ നടന്‍ രതീഷിന്റെ മകന്‍ എന്ന മേല്‍വിലാസമായിരുന്നു പദ്മരാജിനുണ്ടായിരുന്നത്. ചെയ്തതില്‍ നല്ലൊരു പങ്കും വില്ലന്‍ വേഷങ്ങളോ നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളോ. വില്ലന്‍കഥാപാത്രങ്ങളില്‍ നിന്നുമാറി കൂടുതല്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ തേടുകയാണ് പദ്മരാജ് ഇപ്പോള്‍. അതിലേക്കുള്ള ചവിട്ടുപടിയെന്നോണമാണ് അദ്ദേഹത്തെ തേടി ടി.എസ്. സുരേഷ് ബാബു സംവിധാനംചെയ്യുന്ന ഡി.എന്‍.എയിലെ മുഴുനീളവേഷം എത്തിയിരിക്കുന്നത്. ഒരു പതിറ്റാണ്ട് പിന്നിടുന്ന ചലച്ചിത്രയാത്രയേക്കുറിച്ച് സംസാരിക്കുകയാണ് പദ്മരാജ്.

To advertise here,

'ഡി.എന്‍.എ'യിലേക്ക്

ഡി.എന്‍.എ എന്ന ചിത്രത്തിലേക്ക് സംവിധായകന്‍ സുരേഷ് ബാബു സാറാണ് വിളിക്കുന്നത്. ഒരുപാട് നാളെടുത്ത് ചെയ്ത സിനിമയാണ്. ഷൂട്ട് തുടങ്ങുന്നതിനും ഒരുവര്‍ഷം മുന്‍പേതന്നെ സാര്‍ വിളിച്ച് ഇങ്ങനെയൊരു കഥാപാത്രത്തേക്കുറിച്ച് പറഞ്ഞിരുന്നു. പിന്നെ അച്ഛനുമായും അദ്ദേഹത്തിന് ബന്ധമുണ്ട്. ചിത്രത്തില്‍ ഡി.വൈ.എസ്.പിയുടെ വേഷമാണ് ചെയ്യുന്നത്. ക്രൈംത്രില്ലര്‍ മൂഡില്‍ പോകുന്ന ചിത്രമായതുകൊണ്ട് കൂടുതല്‍ ഒന്നും പറയാനാവില്ല. മുന്‍പും പോലീസ് കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ടെങ്കിലും ഡി.എന്‍.എയിലേത് കുറച്ച് ദൈര്‍ഘ്യമുള്ള റോള്‍ ആണ്. ലക്ഷ്മി റായ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഒപ്പമുള്ള വേഷമാണ്. അവര്‍ക്കൊപ്പമാണ് കൂടുതല്‍ രംഗങ്ങളുള്ളതും.

placeholder
പദ്മരാജ് രതീഷ്, ഡി.എൻ.എ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.instagram.com/padmaraj_ratheesh/

സുരേഷ് ബാബു എന്ന 'കൂള്‍' സീനിയര്‍ സംവിധായകന്‍

ജോഷി സാറും സുരേഷ് ബാബു സാറുമാണ് ഞാന്‍ ജോലി ചെയ്തതില്‍ ഏറ്റവും സീനിയര്‍ സംവിധായകര്‍. സുരേഷ് ബാബു സാറിനൊപ്പം ജോലി ചെയ്ത അനുഭവം എന്തായിരുന്നെന്ന് ചോദിച്ചാല്‍ എന്റെ അച്ഛനേക്കുറിച്ചുള്ള ഒരുപാട് കഥകള്‍ സാറില്‍നിന്ന് കേള്‍ക്കാന്‍പറ്റി എന്നതിലാണ്. അച്ഛനും സുരേഷ് ബാബു സാറും മുന്‍പ് സിനിമകള്‍ ചെയ്തിട്ടുണ്ട്. കൂടാതെ അച്ഛനുമായി വ്യക്തിപരമായി നല്ല അടുപ്പവുമുണ്ട് അദ്ദേഹത്തിന്. എന്ത് പ്രശ്‌നംവന്നാലും വളരെ ശാന്തനായി അത് പരിഹരിക്കും. നമ്മളെ വളരെയധികം കംഫര്‍ട്ടബിളാക്കും. ഇത്രയും സീനിയറായ ഒരു സംവിധായകന്‍ നമ്മളെക്കൊണ്ട് ആയാസമില്ലാതെ അഭിനയിപ്പിക്കുന്നത് ഒരു അദ്ഭുതമായാണ് തോന്നിയത്. എന്റെയടുത്ത് മാത്രമല്ല, സെറ്റിലുണ്ടായിരുന്ന എല്ലാവരേയും ഒരേപോലെയാണ് അദ്ദേഹം കരുതിയിരുന്നത്. 90 ദിവസമായിരുന്നു ആകെ ചിത്രീകരണം. അതില്‍ എനിക്ക് 70 ദിവസത്തോളം ഷൂട്ട് ഉണ്ടായിരുന്നു. കൊച്ചിയിലായിരുന്നു എന്റെ ഭാഗം.

അഷ്‌കര്‍ സൗദാനുമായി കുടുംബപരമായും അടുപ്പമുണ്ട്

അഷ്‌കര്‍ ഇക്കയുമായി സിനിമയ്ക്കപ്പുറത്ത് വ്യക്തിബന്ധമുണ്ട്. കുടുംബപരമായി അറിയാം. സിനിമയിലെത്തും മുന്‍പേയുള്ള അടുപ്പമാണ്. അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ച്, വളരെ എളുപ്പമായിരുന്നു അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍. സഹോദരതുല്യം എന്നൊക്കെ പറയുന്നതുപോലെയായിരുന്നു തോന്നിയത്.

നെഗറ്റീവ് റോളുകള്‍ ചെയ്യാന്‍ ഇഷ്ടമാണ്

കരിയറിന്റെ തുടക്കത്തില്‍ ചില അഭിമുഖങ്ങളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ അച്ഛന്റെ വില്ലന്‍ വേഷങ്ങള്‍ കണ്ട് പ്രചോദനമുള്‍ക്കൊണ്ടാണ് അക്കാര്യം പറഞ്ഞത്. പിന്നെ ഒരുപാട് വില്ലന്‍ കഥാപാത്രങ്ങള്‍ തേടിവരാന്‍ തുടങ്ങി. പക്ഷേ ഈയിടയ്ക്ക് ചെയ്ത സിനിമകളിലെല്ലാം അതില്‍നിന്ന് മാറിയുള്ള റോളുകള്‍ ചെയ്യാനാരംഭിച്ചു. കാരക്റ്റര്‍ റോളുകളും ഒരുപാട് ഡാര്‍ക്ക് ഷെയ്ഡില്ലാത്ത വേഷങ്ങളുമെല്ലാം ചെയ്യാന്‍ തുടങ്ങി. പത്തു വര്‍ഷത്തിനിടെ 20 ചിത്രങ്ങള്‍ ചെയ്തു. ആ അനുഭവത്തിലൂടെ കിട്ടിയ അറിവാണ് ഈ മാറ്റം. സിനിമയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മളിതേ ചെയ്യൂ എന്ന് പറയാനാവില്ല. പുതിയ കഥകളും കഥാപാത്രങ്ങളും നമ്മള്‍ അറിഞ്ഞവതരിപ്പിച്ചുനോക്കണം. എല്ലാത്തരം റോളുകളും ചെയ്യണമെന്നത് എന്റെ വ്യക്തിപരമായ തീരുമാനമാണ്.

ചെറുപ്പത്തില്‍ സ്‌പോര്‍ട്‌സായിരുന്നു താത്പര്യം

സിനിമയില്‍ വരണമെന്നാഗ്രഹിച്ച് വന്നു എന്നത് ഭാഗികമായി ശരിയാണ്. ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്റെ മരണം. നാലാം ക്ലാസിലായിരിക്കുമ്പോഴാണ് അച്ഛന്റെ സിനിമ ആദ്യമായി കാണുന്നത്. കമ്മീഷണറാണ് ആ സിനിമ. അതിലെ മോഹന്‍ തോമസിനെ കണ്ടപ്പോഴാണ് അച്ഛന്‍ അവതരിപ്പിച്ചതുപോലുള്ള വില്ലന്‍ വേഷങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായത്. അച്ഛന്‍ നടനാണെന്ന് തിരിച്ചറിയുന്നത് ആ രണ്ട് വര്‍ഷമാണ്. അച്ഛന്റെ മരണശേഷം അമ്മയാണ് ഞങ്ങളെ വളര്‍ത്തിയത്. അന്ന് സ്‌പോര്‍ട്‌സിനോടായിരുന്നു കമ്പം. ദേശീയതലത്തില്‍ ബാസ്‌കറ്റ് ബോള്‍ കളിച്ചിട്ടുണ്ട്. എന്റെ മനസ് അപ്പോൾ അതിലായിരുന്നു. പന്ത്രണ്ടാം ക്ലാസിലായപ്പോഴാണ് സിനിമയേക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞതും നടനാവണമെന്ന ആഗ്രഹമുണ്ടാവുന്നതും. കോളേജില്‍ പഠിക്കുമ്പോള്‍ ഒന്നുരണ്ട് അവസരങ്ങള്‍ വന്നിരുന്നെങ്കിലും അമ്മയാണ് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറഞ്ഞത്. ഡിഗ്രിയെടുത്ത് ജോലി കിട്ടിയശേഷം അഭിനയിക്കാന്‍ പോയാല്‍ മതിയെന്നാണ് അമ്മ പറഞ്ഞത്. അന്നുണ്ടായിരുന്ന കാര്യഗൗരവംതന്നെയാണ് എനിക്കിപ്പോഴും സിനിമയോടുള്ളത്.

placeholder
ആന്റണി എന്ന ചിത്രത്തിൽ പദ്മരാജ്  | ഫോട്ടോ: www.instagram.com/padmaraj_ratheesh/

ഫയർമാനും അമ്മ തന്ന ഉപദേശവും

ദീപു കരുണാകരന്‍ സംവിധാനംചെയ്ത ഫയര്‍മാന്‍ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ തന്നെ കരിങ്കുന്നം സിക്‌സസിലും വേഷമിട്ടു. ഫയര്‍മാനില്‍ അഭിനയിക്കാന്‍ സെറ്റിലേക്ക് പോകുമ്പോള്‍ അമ്മ, സുരേഷ് ഗോപിയങ്കിള്‍, സുരേഷ് കുമാര്‍ അങ്കിള്‍ (നിര്‍മാതാവ്) എന്നിവരോടാണ് അനുഗ്രഹം തേടിയത്. നീ ഒന്നുകൊണ്ടും പേടിക്കേണ്ട, മമ്മൂക്കയുടെ സെറ്റിലേക്കാണ് നീ പോകുന്നത്, ഇക്ക എല്ലാം നോക്കിക്കോളും എന്നാണ് അമ്മ പറഞ്ഞത്. അമ്മ പറഞ്ഞതുപെലതന്നെ മമ്മൂക്ക എന്നെ അതുപോലെ നോക്കി. സിനിമയില്‍ മാത്രം ഒതുക്കാന്‍പറ്റുന്ന ബന്ധമല്ല അച്ഛനും മമ്മൂക്കയും തമ്മിലുള്ളത്. ഇപ്പോഴും അത് തുടര്‍ന്നുവരുന്നുണ്ട്.

കമ്മീഷണറി'ലെ നായകൻ, കാവലിലെ വില്ലൻ

കാവലില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ ചെറിയ പേടിയുണ്ടായിരുന്നു. സുരേഷ് ഗോപിയങ്കിളിനെ സ്ഥിരം വീട്ടില്‍പ്പോയി കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നതാണ്. പക്ഷേ പ്രൊഫഷന്‍ എന്ന നിലയ്ക്ക് വരുമ്പോള്‍ അത് മാറ്റിവെച്ചല്ലേ പറ്റൂ. കാരണം നമുക്ക് അടുപ്പമുള്ളയാളാണ് നായകന്‍ എന്ന ചിന്ത സെറ്റില്‍ വരില്ല. അദ്ദേഹം സെറ്റിലെത്തി ആ കഥാപാത്രമായി മാറുന്നത് കാണുമ്പോള്‍ നടനെന്ന നിലയില്‍ നമുക്കും ഒരു പ്രചോദനവും പിന്നെ കാര്യങ്ങള്‍ ഗൗരവമായെടുക്കാനുള്ള തോന്നലുമുണ്ടാവും. ക്യാമറയുടെ മുന്നില്‍ നമ്മള്‍ കഥാപാത്രങ്ങള്‍ മാത്രമാണ്. എത്ര അറിയുന്ന ആളാണ് മുന്നില്‍ ഉള്ളതെങ്കിലും ടെന്‍ഷനുണ്ടാവും. പ്രത്യേകിച്ച് സീനിയര്‍ താരങ്ങളാണെങ്കില്‍. മമ്മൂക്കയുടെ കൂടെ ചെയ്യുമ്പോഴും ആ ടെന്‍ഷന്‍ ഉണ്ടായിരുന്നു. അത് ശരിക്ക് ബഹുമാനം കലര്‍ന്ന ടെന്‍ഷനാണ്.

placeholder
പദ്മരാജ് രതീഷ്, സഹോദരങ്ങൾക്കൊപ്പം പദ്മരാജ് (ഫയൽ ചിത്രം)  | ഫോട്ടോ: www.instagram.com/padmaraj_ratheesh/, മാതൃഭൂമി ആർക്കൈവ്സ്

സുരേഷ് ഗോപി എം.പിയായപ്പോള്‍ മെസേജ് അയച്ചിരുന്നു

സുരേഷ് ഗോപി അങ്കിള്‍ എം.പിയായപ്പോള്‍ ഞാന്‍ മെസേജ് അയച്ചിരുന്നു. ആ സമയത്ത് ഞാന്‍ നാട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിനെ ഞാന്‍ നേരിട്ട് വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്തിരുന്നില്ല. എല്ലാം രാധികാന്റി വഴിയോ ഗോകുല്‍ വഴിയോ ആണ് ചെയ്യാറുള്ളത്. കാരണം അങ്കിള്‍ അത്രയും തിരക്കുള്ളയാളാണ്. ഡി.എന്‍.എ റിലീസായ ശേഷം തിരുവനന്തപുരത്ത് പോകുമ്പോള്‍ അദ്ദേഹത്തെ വീട്ടില്‍പ്പോയി കാണണം. 

ജോഷി എന്ന 'അപ്‌ഡേറ്റഡ്' സംവിധായകന്‍

ആന്റണിയാണ് ജോഷി സാറിനൊപ്പം ചെയ്ത സിനിമ. പലദിവസങ്ങളിലും അര്‍ധരാത്രിവരെ നീളും ഷൂട്ടിങ്. നമുക്ക് ചിലപ്പോൾ ഊര്‍ജം കുറഞ്ഞുപോയാകും. അപ്പോൾ സാര്‍ അവിടെയിരിക്കുന്നതുകണ്ടാല്‍ നമ്മളും അറിയാതെ റീച്ചാര്‍ജ് ആകും. ഇത്രയും വര്‍ഷമായി അദ്ദേഹം സിനിമയില്‍ വന്നിട്ട്. ഒരുപാട് പടങ്ങള്‍ ചെയ്തു. എന്നിട്ടും ആ ഊര്‍ജം കുറയുന്നില്ല എന്നത് നേരിട്ടു കാണാന്‍പറ്റി. സിനിമയുടെ കാര്യത്തിൽ  അദ്ദേഹം അപ്‌ഡേറ്റഡാണ്. ഇതുപോലൊരു സംവിധായകനെ മുന്‍പ് കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്യാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്. ഇനിയും ചെയ്യണമെന്നാണ് ആഗ്രഹം. സാര്‍ വിളിച്ചാല്‍ എവിടെയാണെങ്കിലും ഞാന്‍ പോകും. പാപ്പന്‍ എന്ന സിനിമയുടെ സെറ്റില്‍പ്പോയി ഞാനദ്ദേഹത്തെ കണ്ടിരുന്നു. അടുത്ത പടത്തില്‍ വിളിക്കാമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. അതുപോലെതന്നെ സാര്‍ ആന്റണിയിലേക്ക് വിളിച്ചു.

placeholder
പദ്മരാജ് രതീഷ് | ഫോട്ടോ: www.instagram.com/padmaraj_ratheesh/

വീട്ടിലെ ചർച്ചകൾ

പുതിയ തിരക്കഥകള്‍ വരുമ്പോള്‍ അനിയന്‍ പ്രണവുമായാണ് ചര്‍ച്ച ചെയ്യാറാണ്. അവന്‍ തീരം എന്നൊരു ചിത്രത്തില്‍ നായകനായിരുന്നു. വിഷ്വല്‍ കമ്യൂണിക്കേഷനാണ് അവന്‍ പഠിച്ചത്. എഴുത്തും സംവിധാനവുമൊക്കെ താത്പര്യമുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. സിനിമയേക്കുറിച്ച് സാങ്കേതികപരമായി നല്ല അറിവുണ്ട് അവന്. പിന്നെ ചേച്ചിയുമായി ചര്‍ച്ച ചെയ്യാറുണ്ട്. ചേച്ചി ഇപ്പോള്‍ അഭിനയത്തോട് വിടപറഞ്ഞ് ദുബായില്‍ കുടുംബവുമായി കഴിയുകയാണ്. പക്ഷേ സിനിമകള്‍ കാണാറുണ്ട്.

ഏത് കഥാപാത്രമായാലും ചെയ്യും

വരുന്നത് ഏതുതരം കഥാപാത്രമാണെങ്കിലും ചെയ്യണമെന്നാണ് ഇപ്പോഴുള്ള ചിന്ത. എങ്കിലും വില്ലന്‍ വേഷങ്ങളോട് ഇഷ്ടക്കൂടുതലുണ്ട്. പക്ഷേ എന്റെ മനസിലുള്ളതുപോലെ ഒരു വില്ലന്‍ കഥാപാത്രം ഇതുവരെ തേടിവന്നിട്ടില്ല. അതിനായുള്ള കാത്തിരിപ്പിലാണ്. സിജു വില്‍സണുമൊത്തുള്ള പുഷ്പക വിമാനമാണ് ഒടുവില്‍ പൂര്‍ത്തിയാക്കിയത്.