
ഒന്നേമുക്കാൽ വയസുമുതൽ ശബ്ദം കൊണ്ട് സിനിമയുടെ ഭാഗം, നാലാം വയസ്സിൽ ഡബ്ബിങ് ആർട്ടിസ്റ്റ്. ദീപിക പദുകോൺ, നയൻതാര, എമി ജാക്സൺ, അമല പോൾ തുടങ്ങി നൂറോളം നടിമാരുടെ ശബ്ദമായി തിളങ്ങിയ ശേഷം ക്യാമറയുടെ മുന്നിലേയ്ക്ക്. ഡബ്ബിങ് ആർട്ടിസ്റ്റായി തുടങ്ങി നടിയായി കെെയടി നേടുകയാണ് രവീണ രവി.
പ്രകടനം കൊണ്ട് മാമന്നനിൽ കെെയടി നേടിയ ഫഹദിനെ ഒരു ഡയലോഗ് പോലുമില്ലാതെ തളച്ചിട്ട ജ്യോതിയെ വെള്ളിത്തിരയിൽ അവതരിപ്പിച്ച രവീണ രവിയ്ക്ക് തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ സ്വീകാര്യത ലഭിച്ചിരുന്നു. കാവ്യാ മാധവന്റേയും ശാലിനിയുടേയും ഒക്കെ ശബ്ദമായി പ്രേക്ഷകനെ വിസ്മയിപ്പിച്ച ശ്രീജ രവിയുടെ മകളാണ് രവീണയെന്ന് അറിയാത്തവർ ചുരുക്കം. ഡബ്ബിങ്ങും അഭിനയവും ഒരുപോലെ കൊണ്ടുപോകുന്ന രവീണ തന്റെ സിനിമാവിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുന്നു.
ഒന്നേമുക്കാൽ വയസിൽ തുടക്കം, വാനപ്രസ്ഥം മുതൽ മാമന്നൻ വരെ
ഒരു റേഡിയോ പരസ്യത്തിന് വേണ്ടി ഒന്നേമുക്കാൽ വയസിലാണ് ആദ്യമായി ഞാൻ മെെക്കിന് മുന്നിലെത്തുന്നത്. അതിനെ ഡബ്ബിങ്ങെന്ന് പറയാൻ പറ്റില്ല, അവരെന്തോ പറഞ്ഞു, ഞാനത് ഏറ്റുപറഞ്ഞുവെന്ന് മാത്രം. നാല് വയസ് മുതൽ ഒരുപാട് പരസ്യങ്ങൾ ചെയ്തുതുടങ്ങി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിൽ വർക്കുകൾ ചെയ്യാൻ സാധിച്ചു. അതായിരുന്നു ഡബ്ബിങ് കരിയറിന്റെ തുടക്കം. വാനപ്രസ്ഥം, എഫ്. ഐ. ആർ, ഊട്ടി തുടങ്ങിയ ചിത്രങ്ങളിൽ ഡബ്ബ് ചെയ്തു. പിന്നീട് പഠിത്തത്തിനായിരുന്നു ശ്രദ്ധ കൊടുത്തത്.
കോളേജിൽ പഠിക്കുമ്പോഴാണ് ആദ്യമായി നായികയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നത്. 'സാട്ടെെ' എന്ന ചിത്രത്തിൽ മഹിമ നമ്പ്യാർക്ക് വേണ്ടിയായിരുന്നു അത്. ഈ ചിത്രം ഡബ്ബ് ചെയ്ത സംഗീത സ്റ്റുഡിയാസിൽ അമ്മ ഡബ്ബിങ് ഡയറക്ഷൻ ചെയ്യാറുണ്ട്. അവിടുത്തെ സൗണ്ട് എൻജിനീയറാണ് എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിച്ച് നോക്കാമെന്ന് അമ്മയോട് പറയുന്നത്. കേരളത്തിലെ പോലെയല്ല, തമിഴ്നാട്ടിൽ വോയ്സ് ടെസ്റ്റൊക്കെ ഉണ്ട്. ആ ഒരു പ്രായത്തിലുള്ള ആളുകളെ ഒക്കെ അവർ വിളിച്ച് വോയ്സ് ടെസ്റ്റ് എടുക്കും.
മലയാളത്തെ അപേക്ഷിച്ച് ഇവിടെ ഭയങ്കര കോമ്പറ്റീഷനാണ്. മലയാളത്തിൽ ഞാനും അമ്മയും ഇതുവരെ വോയ്സ് ടെസ്റ്റ് ചെയ്തിട്ടില്ല. സംവിധായകർക്ക് അറിയാം എന്താണ് വേണ്ടതെന്ന്. തമിഴിൽ ഒരുപാട് ആളുകൾ ഉള്ളതുകൊണ്ട് കൺഫ്യൂഷൻ ഒഴിവാക്കാൻ ടെസ്റ്റ് ചെയ്യും. 'ഐ' എന്ന ചിത്രത്തിനായി വോയ്സ് ടെസ്റ്റ് ചെയ്യാൻ 120-ഓളം ആളുകളെ വിളിച്ചിരുന്നു. അവസാനത്തെ ആളായാണ് എത്തിയ എന്നെ സെലക്ട് ചെയ്തു. എമി ജാക്സന് വേണ്ടി ഞാനാണ് ഡബ്ബ് ചെയ്തത്. ഒരുപാട് ആളുകളുടെ ശ്രദ്ധ ആ ചിത്രത്തിലെ ഡബ്ബിങ് നേടിയെടുത്തു. കോളേജിൽ ക്ലാസ് കട്ട് ചെയ്ത് ഡബ്ബിങ്ങിനൊക്കെ പോയിട്ടുണ്ട്. പഠിത്തം കഴിഞ്ഞതോടെ മുഴുവൻ സമയവും ഡബ്ബിങ്ങിലേയ്ക്ക് തിരിഞ്ഞു.
ഡബ്ബിങ്ങിൽ നിന്ന് അഭിനയത്തിലേയ്ക്ക്, ജവാനിലെ ദീപികയുടെ ശബ്ദം
ഡബ്ബിങ് പോലെ യാദൃച്ഛികമായിട്ടാണ് അഭിനയത്തിലേയ്ക്കും എത്തുന്നത്. ഒരു ഇന്റർവ്യൂ കണ്ടിട്ടാണ് 'സാട്ടെെ'യുടെ സംവിധായകൻ ഓഡിഷനിൽ പങ്കെടുക്കാമോ എന്ന് ചോദിച്ച് വിളിക്കുന്നത്. അപ്പോൾ രണ്ട് സ്റ്റുഡിയോകളിലായി രാവിലേയും വെെകുന്നേരവും ഡബ്ബ് ചെയ്യുന്ന സമയമായിരുന്നു. ആ സിനിമയുടെ ആളുകൾ വന്ന് ഫോട്ടോയെടുത്തുകൊണ്ട് പോയി. പിന്നീട് അവരുടെ ഓഫീസിൽ പോയി കഥ കേട്ടു, ഒരു സീൻ അഭിനയിച്ചുകാണിച്ചു. അങ്ങനെ ആദ്യത്തെ സിനിമ സംഭവിച്ചു.

ഡബ്ബിങ്ങിന്റെ സമയത്ത് അഭിനയിച്ചുകൂടെ എന്ന് ചോദിച്ച് ഒരുപാട് ഫോൺ വിളികൾ വരുമായിരുന്നു. മുംബെെയിൽ അനുപം ഖേറിന്റെ സ്കൂളിൽ ആക്ടിങ്ങിൽ ഒരു ഡിപ്ലോമ ചെയ്തിരുന്നു. ദീപിക പദുകോൺ ഉൾപ്പടെ ഒരുപാട് പേർ അവിടെ പഠിച്ചവരാണ്. ജവാനിൽ ദീപിക പദുകോണിനായി ഞാനാണ് ഡബ്ബ് ചെയ്തത്, തെലുങ്കിലും തമിഴിലും.
ഡബ്ബിങ് ഉള്ള ദിവസം ഭക്ഷണം കഴിക്കാത്തവരുണ്ട്, എനിക്ക് ഭക്ഷണകാര്യത്തിൽ നോ കോംപ്രമെെസ്
ഡബ്ബിങ് ചെയ്യുമെങ്കിലും ഭക്ഷണകാര്യത്തിൽ ഞാൻ പ്രത്യേക രീതിയൊന്നും പിന്തുടരാറില്ല. ഞാനും അമ്മയും ഐസ്ക്രീം ഉൾപ്പടെയുള്ള തണുത്ത ഭക്ഷണം ഒക്കെ കഴിക്കാറുണ്ട്. ചില ആൾക്കാർ ഡബ്ബിങ് സമയത്ത് ഭക്ഷണത്തിൽ നിയന്ത്രണം വരുത്താറുണ്ട്. തമിഴിൽ പ്രഭാസിനും ഷാരൂഖ് ഖാനും ഒക്കെ ശബ്ദം നൽകുന്ന ശേഖർ എന്നൊരു വലിയ ഡബ്ബിങ് ആർട്ടിസ്റ്റുണ്ട്. അദ്ദേഹം ഡബ്ബ് ഉള്ള ദിവസം ഡബ്ബിങ് ചെയ്ത് കഴിയുന്നതുവരെ ഭക്ഷണം കഴിക്കാറില്ല. വയർ നിറഞ്ഞാൽ ശബ്ദത്തിന് പ്രശ്നം വരുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഐസ്ക്രീം തൊടുക പോലും ചെയ്യാത്ത ഡബ്ബിങ് ആർട്ടിസ്റ്റുകളുണ്ട്.

ജനിച്ചു വളർന്നത് ഇവിടെയായതിനാൽ തമിഴാണ് ഡബ്ബ് ചെയ്യാൻ ഏറ്റവും സൗകര്യം. മലയാളമാണ് എനിക്ക് ചെയ്യാൻ ഏറ്റവും പ്രയാസം. വീട്ടിൽ മാത്രമേ മലയാളം സംസാരിക്കാറുള്ളൂ. അമ്മയും അച്ഛനും തലശ്ശേരിക്കാരാണ്. ഞാൻ സംസാരിക്കുമ്പോൾ മലബാർ ശെെലി വരും. അത് ചിലപ്പോൾ ചെറിയ പ്രശ്നമാകാറുണ്ട്.
ദേഷ്യപ്പെടുന്ന സീനിലും കൗണ്ടറടിച്ച് ചിരിപ്പിക്കുന്ന യോഗി ബാബു
ലവ് ടുഡേ സംവിധാനം ചെയ്ത പ്രദീപ് രംഗനാഥന്റെ ആദ്യ ചിത്രമായ കോമാളിയിലേയ്ക്ക് എന്നെ വിളിച്ചിരുന്നു. അന്നും യോഗി ബാബുവിന്റെ ജോഡിയായിട്ടായിരുന്നു വിളിച്ചത്. അന്ന് പക്ഷേ ഞാൻ അഭിനയത്തിൽ അത്രയ്ക്ക് ശ്രദ്ധ കൊടുത്തിരുന്നില്ല. നായികാ കഥാപാത്രം ഒന്നുരണ്ടെണ്ണം ചെയ്ത സമയം കൂടിയായതിനാൽ സഹോദരിയുടെ വേഷം ചെയ്യേണ്ടെന്ന് കരുതി. വർഷങ്ങൾക്ക് ശേഷം ലവ് ടുഡേയ്ക്കായി പ്രദീപ് വീണ്ടും വിളിച്ചു. ഈ കഥാപാത്രത്തിന് ഞാൻ പെർഫെക്ട് ആണെന്ന് പറഞ്ഞു. ചിത്രത്തിന്റെ സബ്ജെക്ടും എനിക്ക് ഇഷ്ടമായി.
യോഗി ബാബു എപ്പോഴും ഭയങ്കര തമാശയാണ്. ഞാൻ ദേഷ്യപ്പെടുന്ന സീനിലൊക്കെ പുള്ളി എന്തെങ്കിലും തമാശ പറഞ്ഞ് ചിരിപ്പിക്കും. പിന്നെ വീണ്ടും റീടേക്ക് പോകും. നല്ല ഫൺ ആണ് അദ്ദേഹമുള്ള ലൊക്കേഷൻ. ആ പെയർ എല്ലാവർക്കും ഇഷ്ടമായി. കണ്ണുതുറപ്പിക്കുന്ന ഒരു സംഭവമായിരുന്നു അത്. ഒരുപാട് ആളുകളുടെ ഇൻസെക്യൂരിറ്റി തകർത്ത് ഒന്നായിരുന്നു ചിത്രത്തിലെ ഈ ജോഡി. ഈ കഥാപാത്രം ചെയ്തതിന് നന്ദിയറിയിച്ച് ഒരുപാട് പേർ മെസേജ് അയച്ചിരുന്നു.
എന്റെ ആദ്യ ചിത്രങ്ങൾ മാരി സെൽവരാജ് കണ്ടുവെന്നും അങ്ങനെ ശ്രദ്ധിച്ചിരുന്നുവെന്നും പറഞ്ഞിട്ടുണ്ട്. ശാന്തമായുള്ള മുഖമുള്ള ഒരാളെയാണ് ഫഹദിന്റെ പെയർ ആയിട്ട് നോക്കിയതെന്ന് അദ്ദേഹം ഓഡിയോ ലോഞ്ചിൽ പറഞ്ഞിരുന്നു. ഡയലോഗ് ഇല്ലെന്ന് അറിയാമായിരുന്നു. കഥയൊക്കെ പറഞ്ഞ് അവസാനമാണ് ഫഹദ് സാറിനൊപ്പമാണെന്ന് അറിയുന്നത്. അപ്പോൾ വല്ലാത്ത എക്സെെറ്റ്മെന്റ് തോന്നി. ഡയലോഗ് ഇല്ലാതെ അഭിനയിക്കുന്നത് കഷ്ടമാണ്. ഫഹദ് സാർ പോലെയൊരു നടനോട് ഡയലോഗ് ഇല്ലാതെ ആശയ കെെമാറ്റം ബുദ്ധിമുട്ടാണ്.
അമ്മയുടെ പാത, പ്രചോദനവും അമ്മ
അമ്മയെ കണ്ടിട്ടാണ് ഞാൻ ഡബ്ബിങ്ങിലേയ്ക്ക് ഇറങ്ങിത്തിരിക്കുന്നത്. അമ്മ ഒട്ടുമിക്ക ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. അമ്മയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. ഞാൻ ചെന്നെെിലാണ് ജനിച്ചതും വളർന്നതും. പഠിത്തവും ഇവിടെ തന്നെയായിരുന്നു. ഷൂട്ടിങ് സമയത്താണ് കൂടുതലും കേരളത്തിലേയ്ക്ക് വരുന്നത്. എനിക്ക് എല്ലാ ഇൻഡസ്ട്രിയിലും വർക്ക് ചെയ്യാൻ ഇഷ്ടമാണ്. എവിടെയാണെങ്കിലും പ്രശ്നമില്ല. പ്രോജ്കടിന് അനുസരിച്ചാണ് എന്റെ കംഫർട്ട്. ഷൂട്ടിങ് ഇല്ലാത്തപ്പോൾ അമ്മ എന്റെ കൂടെ ചെന്നെെയിൽ തന്നെയാകും ഉണ്ടാവുക.

രണ്ടുവർഷം മുൻപ് കോവിഡ് സമയത്താണ് അച്ഛൻ (രവീന്ദ്രനാഥൻ കൃഷ്ണൻ) ഞങ്ങളെ വിട്ടുപിരിഞ്ഞത്. അച്ഛൻ ഉണ്ടായിരുന്നത് വരെ ഞങ്ങൾ ഇവിടെ ചെന്നെെയിൽ ഓണം ആഘോഷിക്കുമായിരുന്നു. ഇപ്പോൾ ഓണത്തിന് ആഘോഷങ്ങളൊന്നുമില്ല, വിഷുവിനും അങ്ങനെ തന്നെ. ആഘോഷിക്കാനുള്ള താത്പര്യമൊക്കെ പോയി.
കഷ്ടപ്പെട്ട് ഉയർന്നുവന്ന ലോകേഷും രംഗനാഥനും
ഒ.ടി.ടി വന്നതിന് ശേഷം ആളുകൾ ഒരുപാട് ഭാഷയിലുള്ള ചിത്രങ്ങൾ കാണാൻ തുടങ്ങി. എല്ലാ താരങ്ങളേയും തിരിച്ചറിയാൻ തുടങ്ങി. മാമന്നൻ കണ്ടിട്ട് നോർത്തിൽ നിന്നൊക്കെ ആളുകൾ അഭിപ്രായം അറിയിച്ചിരുന്നു. ഒരു ഇൻഡസ്ട്രിയിലെ താരങ്ങൾക്ക് മറ്റുഭാഷയിൽ അഭിനയിക്കാൻ സാധിക്കുന്നത് നല്ല കാര്യമാണ്. പാൻ ഇന്ത്യൻ ചിത്രങ്ങൾ രാജ്യത്തെ ഏകീകരിക്കുകയാണ്. ഈയൊരു കാലഘട്ടത്തിൽ അഭിനയിക്കാനായതിൽ സന്തോഷം.

പുതിയ സംവിധായകർ ഒരുപാട് കഷ്ടപ്പെട്ടാണ് ഉയർന്നുവരുന്നത്. ലോകേഷ് കനകരാജിനൊപ്പം മാസ്റ്ററിൽ വർക്ക് ചെയ്തിട്ടുണ്ട്. പ്രദീപ് രംഗനാഥനൊപ്പം ലവ് ടുഡേയിൽ വർക്ക് ചെയ്തു. ഇവർ രണ്ട് പേരും ഒരുപാട് പരിഹാസങ്ങളും കഷ്ടപ്പാടുകളും ഒക്കെ അനുഭവിച്ചാണ് വളർന്നുവന്നത്. ആദ്യ ചിത്രത്തിൽ തന്നെ കഴിവ് തെളിയിച്ചവരാണ് ഇവർ. ഡേറ്റ് ക്ലാഷ് കാരണം ചില വലിയ ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചിട്ടില്ല.
നന്നായെന്ന് പറഞ്ഞ് സിദ്ദിഖ് സാർ അയച്ച മെസേജ്
ഭാസ്കർ ദി റാസ്കൽ ചെയ്യുന്ന സമയത്ത് ഞാൻ കോളേജിൽ പഠിക്കുകയായിരുന്നു. വീക്കെന്റിൽ അമ്മയുടെ കൂടെ ഞാൻ വെറുതെ പോയതാണ്. ഭാസ്കർ ദി റാസ്കൽ ഭാരമൊക്കെ കുറച്ചതിന് ശേഷമുള്ള നയൻതാര തിരിച്ചുവന്ന ചിത്രം കൂടിയാണ്. പ്രായം നല്ല കുറഞ്ഞതുപോലെയായിരുന്നു ആ ചിത്രത്തിൽ അവർ. അമ്മയാണ് ചിത്രത്തിലേയ്ക്ക് എന്നെ നിർദ്ദേശിച്ചത്.
'അവൾ കൊച്ചല്ലേ, നയൻതാര ഒരു കുഞ്ഞിന്റെ അമ്മയായിട്ട് അല്ലേ' എന്ന് സിദ്ദിഖ് സാർ ചോദിച്ചു. ഒന്ന് ശ്രമിച്ചുനോക്കാമെന്ന് അമ്മ പറഞ്ഞപ്പോൾ ഒരു സീൻ എടുത്ത് വെക്കാൻ പറഞ്ഞിട്ട് സിദ്ദിഖ് സാർ പോയി. തിരിച്ചുവന്നപ്പോൾ രണ്ട് സീൻ ഞാൻ ചെയ്തുവെച്ചു. ഇത് കേട്ടപ്പോൾ സാറിന് ഇഷ്ടമായി. കൊള്ളാമല്ലേ എന്ന് അസിസ്റ്റൻസിനോടൊക്കെ ചോദിച്ചു. എല്ലാവർക്കും ഞാൻ ചെയ്തത് ഇഷ്ടമായി.

ലീവ് സമയമായിരുന്നതുകൊണ്ട് ഞാൻ അവിടെ വെറുതേ പോയതാണ്. നയൻതാരയെപ്പോലൊരു താരത്തിന് വേണ്ടി ചെയ്യണമല്ലോയെന്നോർത്ത് എനിക്ക് ആകെ ടെൻഷനായി.ശബ്ദത്തിന് കടുപ്പം വേണമല്ലോ. കൂടാതെ അമ്മ ഡബ്ബ് ചെയ്ത ആൾക്ക് വേണ്ടി ചെയ്യുമ്പോൾ ആളുകൾ താരതമ്യം ചെയ്യുമെന്നത് ഉറപ്പായിരുന്നു. അമ്മ കൂടെയിരുന്ന് എന്നെക്കൊണ്ട് ചെയ്യിപ്പിച്ചു. രണ്ട് ദിവസം കൊണ്ട് ഡബ്ബിങ് പൂർത്തിയായി. നന്നായിരുന്നുവെന്ന് പറഞ്ഞ് നയൻതാര മെസേജ് അയച്ചിരുന്നു. വരും ചിത്രങ്ങളിൽ എന്നെ റെഫർ ചെയ്യാമെന്ന് പറഞ്ഞു. നയൻതാര പറഞ്ഞത് പോലെ ചെയ്തു. പരസ്യത്തിലും സിനിമകളിലും എന്നെ റെഫർ ചെയ്തു.
ഭാസ്കർ ദി റാസ്കലിന്റെ തമിഴിൽ അമല പോളിന് വേണ്ടിയും ഞാൻ തന്നെയാണ് ചെയ്തത്. അമ്മയും സിദ്ദിഖ് സാറും കൂടെയില്ലായിരുന്നു. പക്ഷേ തിരുത്തലൊന്നും വരുത്താതെ ഞാൻ ചെയ്തു. ഓരോ സീനും എനിക്ക് നന്നായി അറിയാമായിരുന്നു. നന്നായിട്ടുണ്ട് മോളേയെന്ന് പറഞ്ഞ് സിദ്ദിഖ് സാർ മെസേജ് അയച്ചിരുന്നു. ചെറിയൊരു തിരുത്ത് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്റെ പ്രശ്നമല്ല, എഡിറ്റിലെയാണെന്ന് പറഞ്ഞു. ഒരു സംവിധായകനും ഇങ്ങനെ പറയേണ്ട ആവശ്യമില്ല. അദ്ദേഹം കൃത്യമായി കാര്യങ്ങൾ വിവരിച്ചുതന്നു. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്.
സ്വന്തം കഥാപാത്രത്തിന് ഡബ്ബ് ചെയ്യുമ്പോൾ വേറെ നടിമാരുടെ ശബ്ദമെന്ന പരാതി
ഞാൻ ആദ്യമായി അഭിനയിച്ച സിനിമയിൽ എനിക്കുവേണ്ടി ഡബ്ബ് ചെയ്യുന്ന നിമിഷം ഞാൻ ഭയങ്കര എക്സെെറ്റഡ് ആയിരുന്നു. പക്ഷേ വേറെ നടിമാരുടെ ടോൺ വരുന്നു എന്ന് സ്റ്റുഡിയോയിലുള്ള സൗണ്ട് എൻജിനീയർ പറഞ്ഞുകൊണ്ടേ ഇരുന്നു. എനിക്കെന്ത് ചെയ്യാനാകും, എല്ലാം എന്റെ സൗണ്ട് തന്നെയല്ലേ. ചില ഇന്റർവ്യൂസിന്റെ കമെന്റിൽ പോലും എനിക്ക് വേറെ ആരോ ഡബ്ബ് ചെയ്തത് പോലെയുണ്ടെന്ന് ആളുകൾ പറയാറുണ്ട്.
ഡബ്ബിങ് ആയാലും അഭിനയം ആയാലും അത് പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിക്കണം, തിരിച്ചറിയപ്പെടണം. അല്ലാതെ ചെയ്തിട്ട് കാര്യമില്ല. നൂറ്റി എഴുപതോളം സിനിമയിൽ ഡബ്ബ് ചെയ്തിട്ടുണ്ട്, അതിൽ നൂറിലധികം ചിത്രങ്ങൾ ഹിറ്റായിട്ടുണ്ട്. ഭാഗ്യവശാൽ ഞാൻ തിരിച്ചറിയപ്പെട്ടു. ഡബ്ബിങ് ആർട്ടിസ്റ്റിനെ സംബന്ധിച്ച് ഇത് പ്രധാനമാണ്. അമ്മയുടെ പിന്തുണ വലുതാണ്. തമിഴിൽ പിടിച്ചുനിൽക്കുക കുറച്ച് പ്രയാസമാണ്. ശങ്കർ, അറ്റ്ലീ, മുരുകദാസ് എന്നീവരോടൊപ്പമെല്ലാം പ്രവർത്തിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അഭിനയിച്ചുകൂടേയെന്ന് അമ്മയും അച്ഛനും ഒക്കെ കുറെ പ്രാവശ്യം പണ്ട് ചോദിക്കുമായിരുന്നു. ചെയ്യാതെ നഷ്ടപ്പെടുത്തിയ കഥാപാത്രങ്ങളെയോർത്ത് നിരാശയില്ല. പക്ഷേ, കുറച്ചുകൂടി നേരത്തെ അഭിനയ രംഗത്തേയ്ക്ക് എത്തണമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

അഭിനയത്തിലേയ്ക്ക് എത്തിയതോടെ കൂടുതൽ പേർ തിരിച്ചറിയാൻ തുടങ്ങി. മാമന്നനിലെ കഥാപാത്രം ഇത്രയ്ക്ക് ശ്രദ്ധ നേടുമെന്ന് കരുതിയിരുന്നില്ല. ഡബ്ബിങ് ആർട്ടിസ്റ്റ് ആയിട്ടും ഡയലോഗ് ഇല്ലാതെ പോയല്ലോ എന്നാണ് തിയേറ്ററിൽ സിനിമ ഇറങ്ങിയപ്പോൾ ആളുകൾ പറഞ്ഞത്. പക്ഷേ, ഒ.ടി.ടിയിൽ എത്തിയപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റ് ആയിട്ടും ഡയലോഗ് ഇല്ലാതെ നന്നായി ചെയ്തുവെന്ന കമെന്റുകൾ വന്നു. വളരെപ്പെട്ടെന്ന് ഒരുപാട് പേർ തിരിച്ചറിഞ്ഞു.
എ.ആർ റഹ്മാനൊത്തുള്ള മറക്കാനാകാത്ത കുറച്ച് മൊമെന്റ്സ്
എ.ആർ റഹ്മാനൊപ്പം ഒ.കെ കൺമണിയിൽ വർക്ക് ചെയതിട്ടുണ്ട്. അമ്മയും അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. മാമന്നന്റെ ലോഞ്ചിനിടെ അദ്ദേഹത്തിനോട് സംസാരിച്ചിരുന്നു. നന്നായി ചെയ്തുവെന്നൊക്കെ പറഞ്ഞപ്പോഴാണ് ശ്രീജയുടെ മകളാണ് ഞാനെന്ന് അദ്ദേഹത്തിനോട് പറയുന്നത്. അമ്മയെ നല്ല പരിചയമാണ്. അന്വേഷണം അറിയിക്കാൻ അദ്ദേഹം പറഞ്ഞു. മാരി സെൽവരാജിനോട് ശ്രീജയുടെ മകളാണെന്നൊക്കെ റഹ്മാൻ സാർ പറഞ്ഞു. മറക്കാനാകാത്ത കുറച്ച് മൊമെന്റ്സ് ആയിരുന്നു അത്.

200-ലധികം നടിമാർക്ക് വേണ്ടി അമ്മ ഡബ്ബ് ചെയ്തിട്ടുണ്ട്. 2000-ലധികം ചിത്രങ്ങളിൽ പ്രവർത്തിച്ചു. അമ്മയുടെ എല്ലാ ചിത്രങ്ങളും എനിക്ക് ഇഷ്ടമാണ്. ശാലിനി, കാവ്യാ മാധവൻ, റോമ എന്നിവർക്ക് അമ്മ ചെയ്യുന്നത് നല്ല ഇഷ്ടമാണ്.
നാനിയുടെ 'ശ്യാം സിംഗ റോയ്' എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിൽ സായ് പല്ലവിക്ക് വേണ്ടി അമ്മയാണ് ഡബ്ബ് ചെയ്തത്. ചിത്രത്തിൽ കൃതി ഷെട്ടിക്ക് വേണ്ടി ചെയ്തത് ഞാനായിരുന്നു. ശ്യാമിലി, നയൻതാര, മഞ്ജിമ മോഹൻ, ഭാവന, അമല പോൾ എന്നിങ്ങനെ അമ്മ ഡബ്ബ് ചെയ്ത് ചില നടിമാർക്ക് വേണ്ടി ഞാനും ഡബ്ബ് ചെയ്തിട്ടുണ്ട്.
തൊണ്ടയിൽ നിന്ന് ചോര വന്ന സെെക്കോ ത്രില്ലറിലെ ഡബ്ബിങ്
കരയുകയും അലറുകയും ഒക്കെ വേണ്ട രംഗങ്ങൾ സാധാരണ അവസാനമാകും ഡബ്ബ് ചെയ്യുക. ഡബ്ബ് ചെയ്ത് തൊണ്ടയിൽ നിന്ന് ചോര വന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. തമിഴിൽ 'ഭഗീര' എന്ന സെെക്കോ ത്രില്ലർ ചിത്രത്തിനുവേണ്ടി ചെയ്തപ്പോഴായിരുന്നു അത്. ഒന്നര ആഴ്ചത്തോളം റെസ്റ്റ് എടുക്കേണ്ടി വന്നു. റെസ്റ്റ് എടുക്കുന്നത് തന്നെയാണ് പോംവഴി.

മനോഹരമായൊരു ആർട്ടാണ് ഡബ്ബിങ്. വളരെ ബുദ്ധിമുട്ടേറിയ ഒന്നുകൂടിയാണ്. വെെകിയാണ് ഇക്കാര്യങ്ങൾ ആളുകൾ മനസിലാക്കുന്നത്. ശമ്പളത്തിന്റെ കാര്യത്തിലായാലും തിരിച്ചറിയുന്ന കാര്യത്തിലായാലും ഇനിയും കുറച്ചുകൂടി ഡബ്ബിങ് എന്ന മേഖല മെച്ചപ്പെടാനുണ്ട്. ഒരു ഓഡിയോ ലോഞ്ചിനൊക്കെ പോകുമ്പോൾ കൂടെ അഭിനയിക്കുന്ന ആളുകൾക്കും ടെക്നീഷ്യൻസിനും മാനേജർമാർക്കും ഡ്രെെവർമാർക്കും ഒക്കെ അഭിനേതാക്കൾ നന്ദി പറയും. അവരുടെ മുന്നിൽ നിന്നാലും ഡബ്ബിങ് ആർട്ടിസ്റ്റുകളെക്കുറിച്ച് പറയാറില്ല. മറന്ന് പോകുന്നതാവാം ചിലപ്പോൾ. ഇപ്പോൾ പക്ഷേ കുറച്ചൊക്കെ മാറ്റമുണ്ട്. സിങ്ക് സൗണ്ട് ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് കുറച്ച് വെല്ലുവിളി ഉയർത്തുന്നുണ്ട്.
ഒരുപാട് കഷ്ടപ്പെടുത്തിയ വെെറ്റിലെ ഡബ്ബിങ്
വെെറ്റ് എന്ന ചിത്രത്തിൽ ഹിമ ഖുറേഷിക്ക് ഡബ്ബ് ചെയ്യാൻ കുറച്ച് പ്രയാസപ്പെട്ടിരുന്നു. അന്നെന്റെ ശബ്ദത്തിന് ഇന്നത്തേന്റെ അത്ര ബേസ് ഇല്ലായിരുന്നു. ലിപ് സിങ്ക് തീരെയില്ലായിരുന്നു. ലിപ് സിങ്ക് ചെയ്യാൻ സൗണ്ട് എൻജിനീയർ കുറെയധികം കഷ്ടപ്പെട്ടു. വാക്കുകളൊക്കെ മാറ്റി മാറ്റി ചെയ്തുനോക്കി. ഞാൻ ചെയ്തതിൽ ഏറ്റവുമധികം പ്രയാസം അനുഭവിച്ചത് ഈ ചിത്രത്തിന് ഡബ്ബ് ചെയ്തപ്പോഴായിരിക്കും.
ചില വാക്കുകൾ ഒക്കെ സെൻസർ ബോർഡ് അനുവദിക്കാതെ വരുമ്പോൾ വീണ്ടും ഡബ്ബ് ചെയ്യേണ്ടി വന്നിട്ടുണ്ട്. മാസ്റ്ററിൽ അത്തരത്തിൽ ഒരു വാക്ക് മാറ്റിപ്പറയേണ്ടി വന്നിട്ടുണ്ട്. മാളവികയ്ക്ക് വേണ്ടിയാണ് ഡബ്ബ് ചെയ്തത്.
പുതിയ ചിത്രങ്ങൾ
ജോ സംവിധാനം ചെയ്യുന്ന ശ്രീനാഥ് ഭാസി ചിത്രമാണ് പുതിയ പ്രോജക്ട്. വാണി വിശ്വനാഥിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. രണ്ട് മൂന്ന് മലയാള സിനിമകളുടെ കഥ കേട്ടു. ഡേറ്റ് അനുസരിച്ച് തീരുമാനമെടുക്കും.
ഗൗതം കാർത്തിക്, ശരത് കുമാർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ക്രിമിനൽ എന്ന ചിത്രമാണ് തമിഴിൽ പുറത്തിറങ്ങാനുള്ളത്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് എന്റേത്. കൂടാതെ മധുര പശ്ചാത്തലമാക്കിയുള്ള 'വട്ടാര വഴക്ക്' എന്നൊരു ചിത്രം ചെയ്തു. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞു. ഇളയരാജ സാർ ആണ് സംഗീതം.
Content Highlights: actor dubbing artist raveena ravi sreeja ravi s daughter interview
Published: 31 Aug 2023, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented