വാണി ജയറാം | ഫോട്ടോ: മാതൃഭൂമി
ആര്‍ദ്രപ്രണയത്തിന്റെ സ്വരമാണ് വാണി ജയറാം എന്ന വാണിയമ്മയ്ക്ക്. ആയിരത്തിലധികം സിനിമകള്‍ക്കായി പതിനായിരത്തിലധികം ഗാനങ്ങളാണ് ആ സ്വരമാധുരിയിലൂടെ സിനിമാസംഗീതപ്രമികളെ തേടിയെത്തിയത്. ഒരിക്കലും മടുപ്പിക്കാത്ത യൗവനയുക്തമായ ആ സ്വരത്തിന് ആരാധകരുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള അസാമാന്യശേഷിയുണ്ടായിരുന്നു. അതിനാല്‍ത്തന്നെ 1970 കളിലും 80 കളിലും 90 കളിലും ഗാനങ്ങള്‍ക്ക് വാണി ജയറാമിന്റെ സ്വരമാധുരി വേണമെന്നാഗ്രഹിച്ച നിരവധി സംഗീത സംവിധായകരുണ്ടായിരുന്നു. തമിഴിലും ഹിന്ദിയിലും മലയാളത്തിലും മറാഠിയിലും തുടങ്ങി 19 ഓളം ഇന്ത്യന്‍ ഭാഷകളില്‍ വാണി ജയറാം ഗാനങ്ങളാലപിച്ചു. ഭജന്‍, ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, മെലഡി, ഫാസ്റ്റ് നമ്പര്‍...എതു ജോണറും വാണിയ്ക്ക് ഈസിയായിരുന്നു. പദ്മഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ വാണി ജയറാമെന്ന അസാമാന്യപ്രതിഭയെ തേടിയെത്തി. സിംഗിളുകളും ഡ്യുവറ്റുകളുമായി അഞ്ച് പതിറ്റാണ്ടിലേറെ തന്റെ പ്രതിഭയാല്‍ ഇന്ത്യയിലൊട്ടാകെയുള്ള സംഗീതപ്രണയികളെ വിസ്മയത്തിന്റെ കൊടുമുടികളേറ്റിയ ഗായിക തികച്ചും അപ്രതീക്ഷിതമായ തന്റെ വേര്‍പാടിനാലും ആരാധകരെ ഞെട്ടിച്ചു.
ബോളിവുഡിലൂടെയായിരുന്നു കലൈവാണിയെന്ന വാണി ജയറാമിന്റെ വരവ്. നൂറോളം ഹിന്ദി ചിത്രങ്ങള്‍ക്കായി മൂന്നൂറിലധികം ഗാനങ്ങള്‍ വാണി ജയറാം ആലപിച്ചു. ഗുഡ്ഡിയിലെ ബോലോ രേ പപീഹരാ എന്ന ഗാനത്തിലൂടെ 1971 ല്‍ ബോളിവുഡ് ഗാനരംഗത്ത് ചുവടുവെച്ച വാണിയെ കാത്ത് സ്വന്തമായൊരിടം ഉണ്ടായിരുന്നു. ലതാ മങ്കേഷ്‌കറും ആശാ ഭോസ്‌ലെയും ആധിപത്യമുറപ്പിച്ചിരുന്ന ബോളിവുഡ് ഗാനരംഗത്ത് വാണി ജയറാം എന്ന പേരും ഇടം നേടി. വസന്ത് ദേശായി എന്ന സംഗീതജ്ഞന്‍ പകര്‍ന്ന ഈണത്തില്‍ വാണി ജയറാം പാടിയ ബോലോ രേ പപീഹരാ ബോളിവുഡിലെ ഏറ്റവും മികച്ച ഗാനങ്ങളുടെ പട്ടികയില്‍ ഇടം നേടി. ഗാനത്തിലൂടെ താന്‍സെന്‍ സമ്മാന്‍ കരസ്ഥമാക്കിയ വാണി ജയറാം ആദ്യഹിറ്റിലൂടെ തന്നെ തന്റെ റേഞ്ച് പ്രകടിപ്പിച്ചു.
പിന്നീട് നൗഷാദ്, ആര്‍.ഡി. ബര്‍മന്‍, മദന്‍ മോഹന്‍, ഒ.പി. നയ്യാര്‍, ലക്ഷ്മീകാന്ത്-പ്യാരേലാല്‍, കല്യാണ്‍ജി-ആനന്ദ്ജി, ജയദേവ് തുടങ്ങിയ സംഗീതസംവിധായകര്‍ വാണി ജയറാം എന്ന അതുല്യഗായികയെ ഉപയോഗപ്പെടുത്തി. 1979 ല്‍ മീര എന്ന ചിത്രത്തിനുവേണ്ടി പണ്ഡിറ്റ് രവി ശങ്കര്‍ ഈണമിട്ട മേരെ തോ ഗിരിധര്‍ ഗോപാല്‍ എന്ന ഗാനത്തിലൂടെ മികച്ച പിന്നണിഗായികയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് വാണിയെ തേടിയെത്തി. അലൗകികമായ സ്വരമാധുരിയെന്നാണ് ഗാനാലാപനത്തിന് ആരാധകര്‍ നല്‍കിയ പ്രശംസ. ഈ ചിത്രത്തിനായി 12 ഭജനുകളാണ് വാണി ആലപിച്ചത്.
1973 ല്‍ എസ്.എം. സുബ്ബയ്യ നായിഡുവാണ് തമിഴ് സിനിമാലോകത്തേക്ക് വാണി ജയറാമിനെ ക്ഷണിച്ചത്. പക്ഷെ സിനിമയും ഗാനവും റിലീസായില്ല. അതേകൊല്ലം തന്നെ ടി.എം. സൗന്ദര്‍രാജിനൊപ്പം ആലപിച്ച വീട്ട്ക്ക് വന്ത മരുമകള്‍ എന്ന ചിത്രത്തിലെ ഒരു റൊമാന്റിക് ഗാനമാണ് വാണി ജയറാമിന്റെ ആദ്യ തമിഴ് റിലീസ്. പിന്നീട് തമിഴില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ വാണി ജയറാമിന്റെ ആലാപനമാധുരിയില്‍ നമ്മെ തേടി വന്നു. മലയാളികളും വാണി ജയറാമിന്റെ തമിഴ് ഗാനങ്ങള്‍ ഏറ്റെടുത്തു. എം.എസ്. വിശ്വനാഥന്റെ സംഗീതത്തില്‍ ഒട്ടനേകം ഗാനങ്ങള്‍ പാടിയ വാണി ജയറാമിനെ ഏറ്റവുമധികം ഉപയോഗപ്പെടുത്തിയത് ഇളയരാജയാണ്. എ.ആര്‍. റഹ്‌മാനും തന്റെ സംഗീതസംവിധാനത്തില്‍ വാണി ജയറാമിന്റെ ഗാനങ്ങള്‍ റെക്കോഡ് ചെയ്തു.
ആയിരത്തിലധികം ഹിറ്റുകളുടെ നീണ്ട ലിസ്റ്റാണ് തമിഴില്‍ വാണി ജയറാമിന്റെ ക്രെഡിറ്റിലുള്ളത്. എം.എസ്. വിശ്വനാഥന്റെ സംഗീതസംവിധാനത്തില്‍ ആലപിച്ച യേഴ് സ്വരങ്കള്‍ക്കുള്‍ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനുള്‍പ്പെടെയാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം വാണി ജയറാമിനെ ആദ്യമായി വാണി ജയറാമിന് ലഭിച്ചത്. എസ്.പി. ബാലസുബ്രഹ്‌മണ്യത്തോടൊപ്പം വാണി ജയറാം ആലപിച്ച ഒട്ടുമിക്ക ഗാനങ്ങളും സംഗീതാരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. യേശുദാസ്, ബി. ശ്രീനിവാസ്, ജയചന്ദ്രന്‍ എന്നിവര്‍ക്കൊപ്പമുള്ള ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. 1979 ല്‍ അഴകേ ഉന്നൈ ആരാധിക്കിറേന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് തമിഴ് നാട് സര്‍ക്കാരിന്റെ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം വാണി ജയറാം കരസ്ഥമാക്കി.
സൗരയൂഥത്തില്‍ വിടര്‍ന്നൊരു എന്ന ഗാനത്തിലൂടെയാണ് 1973 ല്‍ വാണി ജയറാം മലയാള സിനിമാമേഖലിയിലേക്കെത്തുന്നത്. സലില്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിന് പരിചയപ്പെടുത്തിയത്. പിന്നീട് 600 ലേറെ മലയാള ഗാനങ്ങളാണ് വാണി ജയറാം ആലപിച്ചത്. എം.കെ. അര്‍ജുനന്‍, ജി. ദേവരാജന്‍, എം.എസ്. വിശ്വനാഥന്‍, ആര്‍.കെ. ശേഖര്‍, വി. ദക്ഷിണാമൂര്‍ത്തി, എം.എസ്. ബാബുരാജ്, ശ്യാം, എ.ടി. ഉമ്മര്‍, എം.ബി. ശ്രീനിവാസന്‍, കെ. രാഘവന്‍, ജെറി അമല്‍ദേവ്, ജോണ്‍സണ്‍, രവീന്ദ്രന്‍, ഇളയരാജ തുടങ്ങിയ സംഗീതപ്രതിഭകള്‍ക്കൊപ്പം വാണി ജയറാം മലയാളസിനിമയില്‍ പ്രവര്‍ത്തിച്ചു. 1976 ല്‍ ആര്‍.കെ ശേഖറിന്റെ ഈണത്തില്‍ ആലപിച്ച ആഷാഢമാസം എന്നാരംഭിക്കുന്ന ഗാനം ഏറെ പ്രശംസ നേടി.
എണ്‍പതുകള്‍ക്ക് ശേഷം മലയാളത്തില്‍ നിന്ന് വിട്ടുനിന്ന വാണി ജയറാം 2014 ല്‍ 1983 എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തി. ആ സിനിമയിലെ ഓലഞ്ഞാലിക്കുരുവി എന്നാരംഭിക്കുന്ന ഗാനം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. പിന്നീട് 2016 ല്‍ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ പൂക്കള്‍ പനിനീര്‍ പൂക്കള്‍ എന്ന ഗാനത്തിലൂടെയും വാണി ജയറാം തന്റെ സ്വരസാന്നിധ്യം അറിയിച്ചു. ഏതോ ജന്മകല്‍പനയില്‍ (പാളങ്ങള്‍) , ധൂംതന(തോമാസ്ലീഹ), സീമന്തരേഖയില്‍ (ആശിര്‍വാദം), തിരുവോണപ്പുലരിതന്‍ (തിരുവോണം), മറഞ്ഞിരുന്നാലും ( സായൂജ്യം), ഇവിടെ കാറ്റിനു സുഗന്ധം, നാടന്‍പാട്ടിലെ മൈന (രാഗം), ആഴിത്തിരമാലകള്‍ (മുക്കുവനെ സ്‌നേഹിച്ച ഭൂതം)... മലയാളികള്‍ക്ക് മറക്കാനാവാത്ത എത്രയോ ഗാനങ്ങള്‍ക്ക് സ്വരം പകര്‍ന്നത് വാണി ജയറാമാണ്.
തെലുഗിലും കന്നഡയിലും ആയിരത്തിലധികം ഗാനങ്ങള്‍ വാണി ജയറാം ആലപിച്ചു. കന്നഡ സിനിമയില്‍ 1973 ലെത്തിയ വാണി ജയറാം 1974 ലാണ് തെലുഗിലേക്കെത്തുന്നത്. തെലുഗ് ഗാനങ്ങളിലൂടെ രണ്ട് തവണയാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം വാണി ജയറാം നേടിയത്. ശങ്കരാഭരണം, സ്വാതി കിരണം എന്നീ സിനിമകളിലൂടെയായിരുന്നു പുരസ്‌കാര നേട്ടം. കെ. വി. മഹാദേവന്റെ സംഗീതസംവിധാനത്തില്‍ വാണി ജയറാം ആലപിച്ച് ശങ്കരാഭരണത്തിലെ മാനസ സഞ്ചരരേയും, യേ തീരുഗ നാനു എന്നീ ഗാനങ്ങള്‍ ഇപ്പോഴും പവര്‍ഫുളായി തന്നെ നിലനില്‍ക്കുന്നു.
1945 നവംബര്‍ 30 ന് വെല്ലൂരിലായിരുന്നു വാണി ജയറാമിന്റെ ജനനം. സംഗീജ്ഞരുടെ കുടുംബത്തിലായിരുന്നു ജനനമെന്നതിനാല്‍ത്തന്നെ സംഗീതസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു കലൈവാണി എന്ന വാണിയുടെ കുട്ടിക്കാലം. സംഗീതാഭ്യസനത്തിനൊപ്പം കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വാണി ജയറാം ഭരതീയ സ്റ്റേറ്റ് ബാങ്കില്‍ ഉദ്യോഗസ്ഥയായി. 1969 ല്‍ ജയറാമുമായുള്ള വിവാഹമാണ് വാണി ജയറാമിന്റെ സിനിമാപിന്നണി ഗായികയാവാനുള്ള സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയത്. വാണിയിലെ പ്രതിഭയെ ഏറെ പ്രോത്സാഹിച്ച ജയറാമാണ് അവരെ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കാന്‍ പ്രോത്സാഹനമേകിയത്. പിന്നീട് വാണി ജയറാമിന്റെ ജീവിതത്തില്‍ അരങ്ങേറിയത് ചരിത്രം.
മാതാപിതാക്കള്‍ നല്‍കിയ കലൈവാണിയെന്ന പേര് അന്വര്‍ഥമാക്കുന്ന വിധത്തിലായിരുന്നു വാണി ജയറാമിന്റെ കരിയര്‍. 2018 ല്‍ ജയറാം അന്തരിച്ചു. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ വാണി ജയറാം എന്ന ഗായികയ്ക്ക് ലഭിച്ചു. ഒരു ഫെബ്രുവരി നാലിനായിരുന്നു കലൈവാണി എന്ന വാണിയുടെ ജീവിതത്തിലേക്ക് ജയറാം കൂടെക്കൂടിയത്. മറ്റൊരു ഫെബ്രുവരി നാലിന് വാണി ജയറാം എന്ന പ്രിയഗായിക വിടപറഞ്ഞത് തികച്ചും ആകസ്മികതയാവാം. ആരാധകര്‍ക്ക് നൊമ്പരമേകി വിടപറഞ്ഞാലും വാണി ജയറാം എന്ന സംഗീതപ്രതിഭ അവര്‍ ആലപിച്ച അസംഖ്യം ഗാനങ്ങളുടെ സ്വരമാധുരിയിലൂടെ സംഗീതപ്രണയികള്‍ക്കിടയില്‍ എക്കാലവും തുടരും.
Content Highlights: Vani Jayaram, Veteran Singer, Play Back Singer, Vani Jayaram Hits, Vani Jayaram Songs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..