
അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന പദയാത്ര എന്ന സിനിമ തിയേറ്ററുകളിലേക്കെത്തുകയാണ്. ഇവർ രണ്ടുപേരും ഒരുമിച്ചപ്പോഴെല്ലാം മലയാളിക്ക് കാമ്പുള്ള സിനിമകൾ ലഭിച്ചു.
മുപ്പത്തിരണ്ടു വർഷത്തിനുശേഷമാണ് മമ്മൂട്ടി വീണ്ടും അടൂർചിത്രത്തിൽ നായകനാകുന്നത്
പുതിയ ചിത്രവുമായി അടൂർ പ്രേക്ഷകർക്കുമുന്നിലേക്ക്... മമ്മൂട്ടിയെ നായകനാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനംചെയ്യുന്ന പദയാത്ര പ്രദർശനത്തിനൊരുങ്ങി. മുപ്പത്തിരണ്ടു വർഷത്തിനുശേഷമാണ് മമ്മൂട്ടി വീണ്ടും അടൂർചിത്രത്തിൽ നായകനാകുന്നത്.
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് തിരക്കഥാരചനയിലും സംവിധാനത്തിലും ഡിപ്ലോമനേടിയ അടൂർ എൺപത്തിയഞ്ചാം വയസ്സിലും സിനിമയിൽ സജീവമാണ്. വാണിജ്യച്ചേരുവകൾ സമംചേർത്തുള്ള ആഘോഷസിനിമകളല്ല അടൂരിന്റേത്. അതിനാടകീയതയും തട്ടുപൊളിപ്പൻ ഗാനങ്ങളും സംഘട്ടനവും മലയാളസിനിമയെ അടക്കിവാണസമയത്ത് വഴിമാറി സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. സ്വാഭാവിക ജീവിതത്തോട് ചേർന്നുനിൽക്കുന്ന കഥാസന്ദർഭങ്ങളും സാധാരണക്കാരന്റെ മാനസികവികാരവിചാരങ്ങളും അടൂർ ചിത്രങ്ങളിൽ പ്രതിഫലിച്ചു. സ്വയംവരവും കൊടിയേറ്റവും എലിപ്പത്തായവും മുഖാമുഖവുമെല്ലാം മലയാളസിനിമയുടെ അതിരുകളെ കൂടുതൽ വിശാലമാക്കി. അന്നുവരെ പ്രേക്ഷകർക്ക് പരിചയമുണ്ടായിരുന്ന മമ്മൂട്ടിക്കഥാപാത്രത്തെയല്ലായിരുന്നു മതിലുകളിലും വിധേയനിലും കണ്ടത്. തകഴിയുടെ ചെറുകഥകളെ ആസ്പദമാക്കി വ്യത്യസ്തരായ നാലു സ്ത്രീകളുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന നാലുപെണ്ണുങ്ങൾ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ഇന്നും ചർച്ചകൾക്ക് തിരികൊളുത്തുന്നുണ്ട്. ദിലീപിനെയും കാവ്യാമാധവനെയും പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ പിന്നെയുമാണ് അടൂരിന്റെ സംവിധാനത്തിൽ പ്രദർശനത്തിനെത്തിയ അവസാനചിത്രം.
ഒരു നായകനെത്തന്നെ ആവർത്തിക്കാറില്ലെന്ന പതിവ്, മമ്മൂട്ടിയുടെ കാര്യത്തിൽ മാത്രമാണ് അടൂർ മാറ്റിയെഴുതിയത്. അടൂർ- മമ്മൂട്ടി ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പദയാത്ര. 'വർഷങ്ങൾക്കുശേഷമാണ് ഞങ്ങൾ വീണ്ടും ഒന്നിച്ചതെങ്കിലും, ആ ഇടവേള അനുഭവപ്പെടുന്നില്ല. സിനിമ ചെയ്തില്ലെങ്കിലും ഇടയ്ക്ക് ഫോണിൽ സംസാരിക്കാറുണ്ട്. വിളിക്കുമ്പോഴെല്ലാം കോൾ വെയ്റ്റുചെയ്തിരിക്കുകയാണെന്ന് മമ്മൂട്ടി ചിരിച്ചുകൊണ്ട് പറയും. അദ്ദേഹത്തിന് പറ്റിയൊരു കഥ മനസ്സിലേക്കെത്താൻ വൈകിയതുകൊണ്ടാണ് ഒന്നിച്ചൊരു സിനിമ നീണ്ടുപോയത്. സിനിമയിൽ ഒരേ നായകനെ ആവർത്തിക്കുന്ന പതിവ് തുടരാറില്ലെങ്കിലും, മമ്മൂട്ടിയുടെ കാര്യത്തിൽ വീണ്ടും ഞാനത് തിരുത്തുകയാണ്. പദയാത്ര സിനിമയുടെ ഏതാണ്ടൊരു രൂപം തയ്യാറായപ്പോഴാണ് അദ്ദേഹവുമായി സംസാരിച്ചത്, അഭിനയം മാത്രമല്ല നിർമാണവും ഏറ്റെടുക്കാമെന്ന് പറഞ്ഞ് അദ്ദേഹം മുന്നോട്ടുവരുകയായിരുന്നു',- അടൂർ പറഞ്ഞു.
അടൂരിന് ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിക്കൊടുത്ത അനന്തരത്തിൽ ഡോ. ബാലു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അശോകനും ശോഭനയും പ്രാധാന്യമുള്ള വേഷം കൈകാര്യംചെയ്ത അനന്തരം അജയൻ എന്ന യുവാവിന്റെ കഥയാണ് പറഞ്ഞത്. അടൂർ സിനിമകളിൽ നിശ്ശബ്ദതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അനന്തരത്തിലെ പ്രണയം നിശ്ശബ്ദതകൊണ്ടാണ് അടയാളപ്പെടുത്തുന്നത്. നിശ്ശബ്ദമായ ചില നോട്ടങ്ങൾക്ക് ദീർഘസംഭാഷണങ്ങളെക്കാൾ ആഴവും പരപ്പുമുണ്ടെന്ന് അനന്തരത്തിലെ അജയനും നളിനിയും പ്രേക്ഷകർക്ക് കാണിച്ചുകൊടുത്തു.
'നിശ്ശബ്ദതയെന്നത് രണ്ടു ശബ്ദങ്ങൾക്കിടയിലുള്ള സമയമാണ്. അതിന് വലിയ അർഥതലങ്ങളുണ്ട്. സൂക്ഷിച്ചു ചെയ്യേണ്ട കാര്യമാണ്. നിശ്ശബ്ദത ശബ്ദംകൊണ്ടുതന്നെയാണ് സാധിക്കുന്നത്. ക്ലാസിക് ഗണത്തിൽപ്പെടുന്നൊരു സിനിമ അടുത്തിടെ കാണാനിടയായി, തുടക്കംമുതൽ ഒടുക്കംവരെ സംസാരംതന്നെ, സബ്ടൈറ്റിലിനുപോലും സംഭാഷണത്തിനൊപ്പം ഓടിയെത്താൻ പറ്റുന്നില്ല. അങ്ങനെയൊരു പടമെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻപോലും എനിക്കാവില്ല.'- അടൂർ വിശദീകരിച്ചു.
വൈക്കം മുഹമ്മദ് ബഷീർ ജീവിച്ചിരിക്കുമ്പോൾത്തന്നെ അദ്ദേഹത്തിന്റെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഭാഗ്യംലഭിച്ച സംവിധായകനാണ് അടൂർ. 'മതിലുകൾ സിനിമയാക്കാനായി അക്കാലത്ത് പലരും ബഷീറിനെ സമീപിച്ചിരുന്നു. സിനിമയാക്കാൻ അനുവാദം ചോദിച്ചെത്തിയ പലരും നാരായണിയെന്ന കഥാപാത്രത്തിന് മുഖങ്ങൾ കണ്ടുവെച്ചിരുന്നു. ബഷീർ ഓരോതവണ സംസാരിക്കുമ്പോഴും മതിലനപ്പുറത്ത് നായകന്റെ മനസ്സിൽ തെളിയുന്നപോലെ ഓരോരോമുഖങ്ങൾ നാരായണിക്ക് നൽകി. ബഷീറിനെ ചെന്നുകണ്ടപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത് ആരാണ് നാരായണിയുടെ വേഷം അവതരിപ്പിക്കുന്നത് എന്നാണ്. നാരായണിക്കൊരു രൂപം നൽകുന്നതിനെപ്പറ്റി എന്റെ മനസ്സിൽ യാതൊരു ചിന്തയുമില്ലായിരുന്നു. നേരിൽ അതുവരെ കാണാത്ത നാരായണിയായിരുന്നു സിനിമയിലെ പ്രധാന ആകർഷണം. ആ റോളിൽ ആരും അഭിനയിക്കുന്നില്ല എന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു. എങ്കിൽ സിനിമ നന്നാകും എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.'- മതിലുകളോട് ചേർന്നുനിൽക്കുന്ന ഓർമകൾ അടൂർ വിശദീകരിച്ചു.
കോഴിക്കോട് സംഗം തിയേറ്ററിലാണ് മതിലുകളുടെ ആദ്യപ്രദർശനം നടന്നത്. സിനിമ കഴിഞ്ഞപ്പോൾ ബഷീർമാത്രം സീറ്റിൽനിന്ന് എഴുന്നേൽക്കാതെ അല്പനേരംകൂടി അവിടെയിരുന്നു. ബഷീർ വികാരാധീനനായിരുന്നു. കണ്ണുകൾ നനഞ്ഞിരുന്നു. 'നോട് എ ഡൾ മൊമന്റ്' എന്നായിരുന്നു സിനിമകണ്ടശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. സിനിമയ്ക്കുശേഷംനടന്ന പത്രസമ്മേളനത്തിൽ തന്റെ ഏതു കൃതിവേണമെങ്കിലും ഗോപാലകൃഷ്ണന് സിനിമയാക്കാൻ സൗജന്യമായി നൽകാമെന്ന പ്രഖ്യാപനവും ബഷീർ നടത്തി.
സമൂഹത്തിൽ മാറ്റമില്ലാതെ തുടരുന്ന വിധേയത്വത്തിന്റെ രാഷ്ട്രീയമാണ് വിധേയനിലൂടെ അടൂർ തുറന്നുവെച്ചത്. ആൺമേൽക്കോയ്മയുടെയും അധികാരമനോഭാവങ്ങളുടെയും ആൾരൂപമായ, നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി വിധേയനിൽ അവതരിപ്പിച്ചത്. സക്കറിയയുടെ ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് 'വിധേയൻ'.
മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ചനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. മമ്മൂട്ടിയുടെ നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ രണ്ടും അടൂർ ചിത്രങ്ങളിലൂടെയായിരുന്നു. കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം മുൻനിർത്തിയാണ് പുതിയ ചിത്രം പദയാത്ര കഥപറയുന്നത്. ഗ്രേസ് ആന്റണിയാണ് ചിത്രത്തിൽ നായിക. അടൂർ ഗോപാലകൃഷ്ണനും കെ.വി. മോഹൻകുമാറും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തിൽ ഇന്ദ്രൻസും ജനാർദനനും ഉൾപ്പെടെയുള്ളവർ അഭിനയിക്കുന്നു. വയനാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയുടെ ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ. സംഗീതം- മുജീബ് മജീദ്. എഡിറ്റിങ്- പ്രവീൺ പ്രഭാകർ. മമ്മൂട്ടി കമ്പനി നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണ് 'പദയാത്ര'.
Content Highlights: Adoor Gopalakrishnan and Mammootty reunite after 32 years for their fourth collaborative project titled Padayatra. Padayatra is produced by Mammootty Kampany with screenplay co-written by Adoor Gopalakrishnan and KV Mohankumar. Grace Antony plays the female lead, alongside Indrans and Janardhanan in key roles. Adoor recalls his previous iconic collaborations with Mammootty including Anantaram, Mathilukal, and Vidheyan. Mammootty won two of his National Film Awards for Best Actor through Adoor's Mathilukal and Vidheyan.
Published: 18 Oct 2026, 10:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented