
മലയാളത്തിലെ സിനിമാപ്പാട്ടെഴുത്തിന്റെ നിലവാരം വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ പി ഭാസ്‌കരനിലേക്ക് തിരിച്ചുനടക്കുന്നു മനസ്സ്. 'ഞാന്‍ കണ്ട ഏറ്റവും പ്രൊഫഷണല്‍ ആയ ഗാനരചയിതാക്കളില്‍ ഒരാളാണ് ഭാസ്‌കരന്‍ മാസ്റ്റര്‍.'-സംഗീത സംവിധായകന്‍ ശ്യാമിന്റെ ഓര്‍മ്മ. 'കുറച്ചു പടങ്ങളിലേ ഞങ്ങള്‍ ഒന്നിച്ചിട്ടുള്ളൂ. എല്ലാ പാട്ടും ഞാന്‍ മൂളിക്കൊടുത്ത ഈണത്തിനനുസരിച്ച് മാസ്റ്റര്‍ എഴുതിയതാണ്; അതും നിമിഷങ്ങള്‍ക്കകം. ട്യൂണില്‍ ചെറിയൊരു മാറ്റം വരുത്താന്‍ പോലും മാസ്റ്റര്‍ ആവശ്യപ്പെട്ട ചരിത്രമില്ല. എഴുതിത്തരുന്ന വരികള്‍ ഈണത്തിന്റെ സ്‌കെയിലില്‍ കൃത്യമായി ഒതുങ്ങിനില്‍ക്കും. അര്‍ത്ഥഭംഗവും ഉണ്ടാവില്ല അവയ്ക്ക്. സംഗീത സംവിധായകന്റെ സൗഭാഗ്യം എന്ന് വിശേഷിപ്പിക്കാവുന്ന ഗാനരചയിതാവ്.'
ഭാസ്‌കരന്‍ മാസ്റ്ററുടെ വരികള്‍ ചിട്ടപ്പെടുത്തിക്കൊണ്ടാണ് കൃത്യം അന്‍പത് വര്‍ഷം മുന്‍പ് മലയാളത്തില്‍ ശ്യാം അരങ്ങേറ്റം കുറിച്ചത്. പടം: മാന്യശ്രീ വിശ്വാമിത്രന്‍ (1974). 'പാട്ടെഴുതുന്നത് പി ഭാസ്‌കരനാണെന്ന് സംവിധായകന്‍ മധു സാര്‍ പറഞ്ഞറിഞ്ഞപ്പോള്‍ ഒന്ന് ഞെട്ടി എന്നത് സത്യം. മലയാളത്തിലെ വലിയ കവിയാണ്. ട്യൂണിന് അനുസരിച്ചു എഴുതാന്‍ താല്പര്യമില്ലാത്ത ആളാണെന്നാണ് കേട്ടിട്ടുള്ളത്. ബാബുരാജ്, ദേവരാജന്‍, രാഘവന്‍, ദക്ഷിണാമൂര്‍ത്തി തുടങ്ങിയ ലജന്‍ഡുകളുമൊത്ത് പ്രവര്‍ത്തിച്ചാണല്ലോ അദ്ദേഹത്തിന് പരിചയം. എനിക്കാണെങ്കില്‍ ഈണം ആദ്യമിട്ടാണ് ശീലം.' എന്തായാലും വരുംപോലെ വരട്ടെ എന്നുറച്ച് കവിയെ കാത്തിരിക്കുന്നു പുതുമുഖ സംഗീത സംവിധായകന്‍.
ഭാസ്‌കരന്‍ മാസ്റ്റര്‍ വന്നപ്പോള്‍ മടിച്ചു മടിച്ചാണ് കാര്യം ഉണര്‍ത്തിച്ചത്. അദ്ദേഹം പൊട്ടിത്തെറിക്കുമോ എന്നായിരുന്നു ശ്യാമിന്റെ പേടി. എന്നാല്‍ മറിച്ചായിരുന്നു അനുഭവം. കാര്യം പറഞ്ഞിട്ടും മാഷിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ല. ട്യൂണ്‍ കേള്‍ക്കട്ടെ എന്നായി അദ്ദേഹം. ഓരോ ട്യൂണും മൂളിക്കേള്‍പ്പിച്ചു ശ്യാം. ശ്രദ്ധാപൂര്‍വം അവ കേട്ട ശേഷം അപ്പുറത്തെ മുറിയില്‍ പോയിരിക്കും മാഷ്. അര മണിക്കൂറിനകം എഴുതിയ പാട്ടുമായി പുറത്തുവരികയും ചെയ്യും. കൃത്യമായി ഈണത്തിന്റെ സ്‌കെയിലില്‍ ഒതുങ്ങിനിന്ന, കഥാമുഹൂര്‍ത്തങ്ങളുമായി അങ്ങേയറ്റം ചേര്‍ന്നുനിന്ന ഗാനങ്ങള്‍. ഹാ സംഗീത മധുര നാദം (ജയചന്ദ്രനും സംഘവും), കനവ് നെയ്‌തൊരു കല്പിതകഥയിലെ (ബ്രഹ്‌മാനന്ദന്‍, ജാനകി), പണ്ടൊരു നാളില്‍ (സുശീല), വാടിവീണ പൂമാലയായി (മാധുരി). വ്യത്യസ്ത ജനുസ്സില്‍ പെട്ടവയായിരുന്നു എല്ലാ പാട്ടും എന്ന പ്രത്യേകതയുണ്ട്.
മാധുരിക്ക് വേണ്ടി ഒരുക്കിയ ഹാസ്യഗാനമാണ് തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയതെന്ന് ശ്യാം. ഈണത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ ഒതുങ്ങി നിന്നുകൊണ്ട് രസകരമായ ഒരു കഥ പറയുന്നു പാട്ടിലൂടെ ഭാസ്‌കരന്‍ മാഷ്. കഥാസന്ദര്‍ഭവുമായും കഥാപാത്രങ്ങളുടെ സ്വഭാവവിശേഷങ്ങളുമായും പൂര്‍ണമായി ചേര്‍ന്നുനില്‍ക്കുന്ന കഥ. 'കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പുള്ളേച്ചന്‍ തൊണ്ണൂറ് കഴിഞ്ഞപ്പോള്‍ പെണ്ണു കെട്ടാന്‍ പോയ്, താലി വാങ്ങിവന്നു മാല വാങ്ങിവന്നു താനും കൂട്ടുകാരും പന്തലില്‍ ചെന്നു..'
സാധാരണഗതിയില്‍ ഈണത്തിനനുസരിച്ച് പാട്ടെഴുതുമ്പോള്‍ അതിലൊരു ആശയത്തുടര്‍ച്ച കൊണ്ടുവരുക എളുപ്പമല്ല. പറയുന്നത് ഒരു രസികന്‍ കഥയാകുമ്പോള്‍ ദൗത്യം കൂടുതല്‍ ദുഷ്‌കരമാകുന്നു. എന്നാല്‍ ഭാസ്‌കരന്‍ മാഷിന്റെ രചന കേള്‍ക്കുമ്പോള്‍ ഈണത്തിനനുസരിച്ചു എഴുതിയതാണ് ആ വരികള്‍ എന്ന് വിശ്വസിക്കാന്‍ പ്രയാസം. രസച്ചരട് മുറിയാതെ തന്നെ പറയാനുദ്ദേശിച്ച കഥ ഈണത്തില്‍ കൊരുത്തുവെക്കുന്നു അദ്ദേഹം:
'കല്യാണപ്പെണ്ണു വന്നു മുന്‍പില്‍ നിന്നപ്പോള്‍
വെള്ളെഴുത്തു വന്നു പെട്ടു പുള്ളി വലഞ്ഞു
കയ്യുകൊണ്ടു മറ്റൊരു പെണ്ണിന്‍ കഴുത്തു തപ്പുമ്പോള്‍
കണ്ണാടി എടുത്തു നീട്ടി മറ്റൊരു വീരന്‍...' അങ്ങനെ പോകുന്നു ചരണം.
തീര്‍ന്നില്ല. കഥ തുടരുകയാണ് അടുത്ത വരികളിലും:
'കണ്ണാടി വെച്ച നേരം കാഴ്ച വന്നല്ലോ
മിന്നുകെട്ടും പെണ്മണിയെ നേരില്‍ കണ്ടല്ലോ
മുടി നരച്ചൂ മുതു കുനിഞ്ഞ സുന്ദരിയല്ലോ
മുല്ലപ്പൂമുടി ചുരുണ്ട നല്ല മുത്തശ്ശി
കണ്ടനേരം രണ്ടു പേര്‍ക്കും ലവ്വ് വന്നല്ലോ
കല്യാണകാര്യമെല്ലാം വേഗം തീര്‍ത്തല്ലോ
മധുവിധുവിനു കേപ്പിലേക്കു യാത്ര ചെയ്തല്ലോ
കണ്ണാടി വെച്ചു കൊണ്ട് സ്വപ്നം കണ്ടല്ലോ.'
ചരുങ്ങിയ സമയം കൊണ്ടാണ് ഭാസ്‌കരന്‍ മാസ്റ്റര്‍ പാട്ടെഴുതിത്തീര്‍ത്തതെന്ന് ശ്യാം. 'അസാമാന്യമായ ആ പ്രതിഭാവിലാസത്തിന് മുന്നില്‍ നമിച്ചുപോയി അന്ന്. ജീനിയസ്സുകള്‍ക്ക് വിരല്‍ത്തുമ്പിലാണ് വാക്കുകള്‍ എന്ന് മനസ്സിലായത് അന്നാണ്. മാഷുമായി പിന്നീട് മൂന്നോ നാലോ സിനിമകളിലേ ഒന്നിക്കാന്‍ ഭാഗ്യമുണ്ടായുള്ളൂ. ഏറ്റവും ഒടുവില്‍ ഒരുമിച്ച 'ഡെയ്സി' (1995) യിലായിരുന്നു ഏറ്റവും വലിയ ഹിറ്റ്: 'ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍ ഒരു പുഷ്പം മാത്രം.' അതും ഈണത്തിനനുസരിച്ച് കുറിച്ച വരികള്‍ തന്നെ.
'നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും/ഒരു സ്വപ്നം മാത്രം ഒരു ദുഃഖം മാത്രം/വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍/പ്രേമാര്‍ദ്രയാം നിന്റെ നീല നേത്രങ്ങള്‍..' എന്ന് ട്യൂണിനനുസരിച്ച് എഴുതാന്‍ അസാമാന്യ പ്രതിഭാശാലികള്‍ക്കേ കഴിയൂ എന്ന് ശ്യാം.
Content Highlights: P. Bhaskaran Master Malayalam lyricist song lyrics tune-based lyrics Malayalam film music Shyam
Published: 05 Dec 2024, 01:54 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented