'വസന്ത് ദേശായി ഇല്ലായിരുന്നെങ്കിൽ വാണി ജയറാം എന്ന പിന്നണി ഗായികയും ഉണ്ടാവില്ലായിരുന്നു'


രവി മേനോന്‍

അർജുനൻ മാസ്റ്റർ, വാണി ജയറാം, പി. സുശീല | ഫോട്ടോ: ജി. ശിവപ്രസാദ്

തോരാതെ പെയ്യുന്ന മഴയിലേക്ക്‌ ഇറങ്ങിനിന്ന പോലെ തോന്നും ചില പാട്ടുകൾ കേൾക്കുമ്പോൾ. പ്യാർ ഹുവാ ഇക്ക് രാർ ഹുവാ (മന്നാഡേ, ലത), രിമ്ജിം ഗിരെ സാവൻ (കിഷോർ കുമാർ) ‍, ഓ സജ്നാ ബര്ഖ ബഹാർ ആയെ (ലത) , ദിൽ തേരാ ദീവാനാ ഹേ സനം (റഫി, ലത), രിമ്ജിം കെ തരാനേ ലേകെ (റഫി, ഗീതാദത്ത്), ജാനേ ചമൻ ശോലാ ബദൻ (റഫി, ശാരദ) , ആഹാ രിംജിം കെ യേ പ്യാരേ പ്യാരേ (തലത്ത്, ലത)...... ആത്മാവിൽ വർഷമേഘങ്ങളായി പെയ്തിറങ്ങിയ ഗാനങ്ങൾ.

മറ്റു ചില പാട്ടുകളുണ്ട്. ഈർപ്പമുള്ള വിരലുകളാൽ അവ നമ്മെ മൃദുവായി തൊടുക മാത്രം ചെയ്യുന്നു. പ്രണയവും വാത്സല്യവും വിരഹ വേദനയുമെല്ലാം മാറി മാറി വരും ആ ആർദ്രസ്പർശത്തിൽ. പെയ്തു തോർന്ന മഴയുടെ സുഖശീതളമായ അനുഭൂതി മനസ്സിൽ നിറയ്ക്കുന്നു ആ ഗാനങ്ങൾ. ``ഗുഡ്ഡി'' എന്ന സിനിമയിൽ ഗുൽസാർ എഴുതി വസന്ത് ദേശായി സംഗീതം പകർന്നു വാണി ജയറാം പാടിയ ``ബോൽ രേ പപീഹരാ'' അത്തരമൊരു അനുഭൂതിയായിരുന്നു. എഴുപതുകളുടെ തുടക്കത്തിലെന്നോ റേഡിയോ സിലോണിലൂടെ ആദ്യമായി കാതിൽ ഒഴുകിയെത്തിയ പാട്ട്, മഴയുടെ രാഗമായ മിയാ കി മൽഹറിലാണ് വസന്ത് ദേശായി ആ ഗാനം ചിട്ടപ്പെടുത്തിയതെന്ന് അന്നറിയില്ലായിരുന്നു.

ബംഗാളി നടൻ സമിത് ഭഞ്ജയും ജയഭാദുരിയും പ്രത്യക്ഷപ്പെടുന്ന ആ ഗാനരംഗം ടെലിവിഷനിൽ കണ്ടത് പോലും വർഷങ്ങൾ ഏറെ കഴിഞ്ഞാണ്. ഋഷികേശ് മുഖർജി കാവ്യഭംഗിയോടെ വെള്ളിത്തിരയിൽ പകർത്തിയ ആ ഗുൽസാർ ഗാനമായിരുന്നു വസന്ത് ദേശായിയുടെ സംഗീതഭൂമികയിൽ കടന്നു ചെല്ലാനുള്ള ആദ്യ പ്രലോഭനം. ഇനിയും നുകർന്ന് തീരാത്ത സംഗീതാനുഭവങ്ങളിലേക്ക് ആ ഈണങ്ങൾ എന്നെ കൂട്ടിക്കൊണ്ടുപോയി. അടുത്തറിയുംതോറും ദേശായി ഒരു വിസ്മയമായി മനസ്സിൽ വളരുകയായിരുന്നു. നിത്യസുന്ദരമായ എത്രയെത്ര ഗാനങ്ങൾ. ഓരോ ഗാനവും വിശിഷ്ടമായ ഓരോ അനുഭവം.

ജ്വലിക്കുന്ന ആ വ്യക്തിത്വം വാണി ജയറാമിനെ സ്വാധീനിച്ചു തുടങ്ങുന്നത് 1960 കളുടെ അവസാനമാണ് -- വിവാഹശേഷം ഭർത്താവ് ജയറാമിനൊപ്പം മുംബൈയിലേക്ക് താമസം മാറ്റിയ ശേഷം. ഇൻഡോ - ബെൽജിയൻ ചേംബർ ഓഫ് കോമേഴ്സിന്റെ എക്സിക്യുട്ടിവ് സെക്രട്ടറിയാണ് അന്ന് ജയറാം. വാണി ബാങ്ക് ഉദ്യോഗസ്ഥയും. ഭാര്യയുടെ സംഗീതസപര്യയെ അങ്ങേയറ്റം ഗൌരവത്തോടെ കണ്ട ജയറാം ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാന് കീഴിൽ വാണിയെ ഹിന്ദുസ്ഥാനി ലഘുശാസ്ത്രീയസംഗീതം അഭ്യസിക്കാൻ അയക്കുന്നു. പട്യാല ഖരാനയുടെ വക്താവായ ഉസ്താദ് വഴിയാണ് വാണി വസന്ത് ദേശായിയെ പരിചയപ്പെടുന്നത്. ``കേംബ്രിഡ്ജ് കോർട്ടിലെ ഫ്ലാറ്റിൽ ഇരുന്നു ഞാൻ അദ്ദേഹത്തിന് വേണ്ടി പാടി. പാട്ട് ഇഷ്ടപ്പെട്ടത് കൊണ്ടാവണം, പിറ്റേന്ന് കാലത്ത് പ്രഭാദേവിയിലെ ബോംബെ ലാബ്സ് എന്ന സ്റ്റുഡിയോയിൽ എത്താനാണ് എനിക്ക് ലഭിച്ച നിർദേശം. മറാഠിയിൽ നാടക ഗാനങ്ങൾ റെക്കോർഡ്‌ ചെയ്തു പുറത്തിറക്കുന്ന പതിവുണ്ട് അന്ന്. സ്റ്റുഡിയോയിൽ എത്തിയ ഉടൻ ഒരു ലഘു ശാസ്ത്രീയഗാനം പാടിച്ചു റെക്കോർഡ്‌ ചെയ്തു. പിന്നെ മറ്റൊരു പാട്ടിന്റെ കുറെ വരികളും.''

വാണി ജയറാമിന്റെ സംഗീത ജീവിതത്തിലെ പുതിയൊരധ്യായം തുടങ്ങുന്നത് അവിടെ നിന്നാണ്. വസന്ത് ദേശായിയുടെ ഈണത്തിൽ പിന്നെയും ധാരാളം ചലച്ചിത്രേതര ഗാനങ്ങൾ വാണി പാടി; ഏറെയും ശാസ്ത്രീയരാഗാധിഷ്ഠിതമായ പാട്ടുകൾ. സിനിമ അന്നും വിദൂരമായ സ്വപ്നമാണ് വാണിയ്ക്ക്. ആയിടക്കാണ് ഹൃഷികേശ് മുഖർജി തന്റെ പുതിയ സിനിമക്ക് പാട്ടുകൾ ഒരുക്കാൻ വസന്ത് ദേശായിയെ ക്ഷണിക്കുന്നത്. ആനന്ദ് (1970 ) എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം മുഖർജി സംവിധാനം ചെയ്യുന്ന പടം. പൂനാ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നു അഭിനയം പഠിച്ചുവന്ന ജയഭാദുരി എന്ന ജബൽപ്പൂർക്കാരിയാണ് നായിക. മുൻപ് ഒന്ന് രണ്ടു സിനിമകളിൽ ബാലകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ജയ ആദ്യമായി മുഴുനീള നായികാവേഷത്തിൽ വരുന്ന പടമാണ്‌ ഗുഡ്ഡി . സൂപ്പർ താരമായ ധർമേന്ദ്രയുടെ താരപ്രഭാവത്തിൽ മയങ്ങിപ്പോകുന്ന ഒരു സ്കൂൾ കുട്ടിയുടെ റോൾ. ``പുതിയ നായിക ആയതു കൊണ്ട്, കേൾവിയിൽ പുതുമ തോന്നിക്കുന്ന ഒരു ഗായികാ ശബ്ദം വേണം''- മുഖർജി വസന്ത് ദേശായിയോടു പറഞ്ഞു. ദേശായി നിർദേശിച്ചത് പ്രിയശിഷ്യയായ വാണി ജയറാമിന്റെ പേരാണ്.

ഗുൽസാറിന് മുൻപേ വാണിയെ അറിയാം; പാട്ടുകാരിയായല്ല എന്ന് മാത്രം. വസന്ത് ദേശായിയെ കുറിച്ച് വിശ്വാസ് നെരുർക്കരും ബിശ്വനാഥ് ചാറ്റർജിയും ചേർന്നു എഴുതിയ പുസ്തകത്തിൽ വാണി ജയറാമുമായുള്ള ആദ്യ കൂടിക്കാഴ്ച ഗുൽസാർ അയവിറക്കുന്നതിങ്ങനെ: ``സംഗീതത്തെ കുറിച്ച് ചർച്ച ചെയ്യാൻ ദാദയുടെ ഫ്ലാറ്റിൽ പോകുമ്പോഴെല്ലാം സുന്ദരിയായ ഒരു പെൺകുട്ടിയെ കാണാം.. മുറിയുടെ ഒരു മൂലയിൽ ഇരുന്നു കയ്യിലെ നോട്ട് ബുക്കിൽ എന്തോ കുത്തിക്കുറിക്കുകയാണ് അവൾ . ക്ലാസിൽ ഒട്ടും ശ്രദ്ധിക്കാതെ കുനിഞ്ഞിരുന്നു ചിത്രം വരച്ചു തള്ളുന്ന വികൃതിയായ ഒരു സ്കൂൾ കുട്ടിയെ ആണ് ഓർമ വന്നത്. കഷ്ടം തോന്നി എനിക്ക്; ജീവിതത്തിൽ ഈ പെൺകുട്ടി ഒന്നുമാകാതെ പോകുമല്ലോ. എന്നാൽ സംഭവിച്ചത് നേരെ മറിച്ചാണ്. ഞാൻ എഴുതിയ ബോൽ രേ പപീഹരാ എന്ന ഒരൊറ്റ പാട്ടിലൂടെ അവൾ ഇന്ത്യക്കാരുടെ മുഴുവൻ ഹൃദയം കവർന്നു. പിന്നീടുള്ളത് മറ്റൊരു കഥയാണ്‌..''

നമ്മുടെ സിനിമാസംഗീത ചരിത്രത്തിന്റെ തന്നെ ഭാഗമായ ആ കഥ ബോംബെ ലാബ്സിലെ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ നിന്നു തുടങ്ങുന്നു -- 1970 ഡിസംബർ 22 ന്. ഗുഡ്ഡിക്ക് വേണ്ടി വസന്ത് ദേശായിയുടെ ഈണത്തിൽ വാണി ആദ്യം റെക്കോർഡ്‌ ചെയ്തത് ``ഹരി ബിൻ കൈസേ ജിയൂം'' എന്ന് തുടങ്ങുന്ന മീരാ ഭജൻ. ബി എൻ ശർമ റെക്കോർഡ്‌ ചെയ്ത ആ പാട്ടിന്റെ പശ്ചാത്തലത്തിൽ പുല്ലാങ്കുഴൽ വായിച്ചത് ഹരി പ്രസാദ് ചൌരസ്യ ആണെന്ന പ്രത്യേകതയുണ്ട്. അവശേഷിച്ച ഗാനങ്ങൾ റെക്കോർഡ്‌ ചെയ്യാൻ നാല് മാസത്തോളം കാത്തിരിക്കേണ്ടി വന്നു. പടത്തിന്റെ ചിത്രീകരണം നീണ്ടു പോയതാണ് കാരണം. ഒടുവിൽ 1971 ഏപ്രിലിൽ ``ഹം കോ മൻ കി ശക്തി ദേനാ'' എന്ന പ്രാർഥനാ ഗീതവും, ജൂലൈയിൽ `ബോൽ രേ പപീഹരാ'യും റെക്കോർഡ്‌ ചെയ്യപ്പെടുന്നു. ``ദാദയുടെ ഫ്ലാറ്റിൽ വച്ചുള്ള റിഹേഴ്സലുകൾ രോമാഞ്ചജനകമായ ഓർമയാണ്. ഓരോ ഗാനത്തിന്റെയും വിശദാംശങ്ങളിലേക്ക് കടന്നു ചെന്ന്, ഭാവഗാംഭീര്യത്തോടെ അദ്ദേഹം പാടിത്തരുന്നത് കേട്ടിരിക്കുക തന്നെ അപൂർവമായ അനുഭവമായിരുന്നു.''

സിനിമാ ജീവിതത്തിൽ വസന്ത് ദേശായിക്ക് പുനർജ്ജന്മം നൽകിയ ചിത്രമായിരുന്നു ഗുഡ്ഡി. ബോൽ രേ പപീഹര ആവേശപൂർവമാണ് ഇന്ത്യൻ ജനത ഏറ്റെടുത്തത്. ഹിന്ദി സിനിമയിലെ മികച്ച അർദ്ധശാസ്ത്രീയ ഗാനത്തിനുള്ള താൻസൻ സമ്മാൻ ഉൾപ്പെടെ നിരവധി ബഹുമതികൾ വാണിക്ക് നേടിക്കൊടുത്ത ആ ഗാനം 1972 ലെ ബിനാക്ക ഗീത് മാലയുടെ വാർഷിക പട്ടികയിലും ഇടം നേടി. ഹം കോ മൻ കി ശക്തി ദേനാ എന്ന ഗാനം ഇന്ത്യയുടെ മുക്കിലും മൂലയിലുമുള്ള നിരവധി സ്കൂളുകളിൽ പ്രാർഥനാരൂപത്തിൽ പ്രതിധ്വനിക്കുന്നു ഇന്നും. ഒരിക്കൽ ഹൈദരാബാദിൽ വച്ച് മൂവായിരത്തോളം കുട്ടികൾ ചേർന്നു ആ ഗാനം പാടുന്നത് ആത്മഹർഷത്തോടെ കേട്ടുനിന്നിട്ടുണ്ട് വാണി. ഗായികയെന്ന നിലയിൽ ഏറ്റവും സംതൃപ്തി തോന്നിയ നിമിഷങ്ങളിൽ ഒന്ന്. മനസ്സിൽ തെളിഞ്ഞത് ദാദയുടെ തേജസ്സാർന്ന രൂപമാണ്.
( ഇവിടെ ഒരു ഉപകഥ കൂടി. വാണിയെ ഏറെ നൊമ്പരപ്പെടുത്തിയ ഒരനുഭവം. ഗുഡ്ഡി ഡൽഹിയിൽ റിലീസായി ഒരാഴ്ച കഴിഞ്ഞപ്പോൾ പടത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന ആർക്കോ ഒരു വീണ്ടുവിചാരം. ക്ലൈമാക്സ് സീനിൽ വരുന്ന വാണിയുടെ മീരാഭജൻ വേണ്ട പോലെ ഏശുന്നില്ല. അത് മുറിച്ചുമാറ്റി, പകരം വർഷങ്ങൾക്കു മുൻപ് മധുമതിയിൽ ലതാ മങ്കേഷ്കർ പാടിയ ആജാരേ പരദേശി എന്ന ഹിറ്റ്‌ ഗാനം ജയയുടെ കഥാപാത്രം പാടുന്നതായി പടത്തിന്റെ അവസാനം ഷൂട്ട്‌ ചെയ്തു ചേർക്കുന്നു. ഇന്നും ഈ ഏച്ചുകൂട്ടലിന്റെ യുക്തി വാണിക്ക് പിടികിട്ടിയിട്ടില്ല. എന്തായാലും വസന്ത് ദേശായി അറിഞ്ഞുകൊണ്ടാവില്ല അതെന്ന് ഉറപ്പ്. സിനിമക്ക് ഇങ്ങനെയും ഒരു മുഖം ഉണ്ടെന്നു പുതുഗായിക മനസ്സിലാക്കി തുടങ്ങിയിരുന്നതേ ഉള്ളൂ. ) `` വസന്ത് ദേശായി ഇല്ലായിരുന്നെങ്കിൽ വാണി ജയറാം എന്ന പിന്നണി ഗായികയും ഉണ്ടാവില്ലായിരുന്നു. സിനിമയുടെ വിചിത്രവഴികൾക്ക് മുന്നിൽ പകച്ചു നിന്ന എനിക്ക് ജീവിതത്തിൽ ദിശാബോധം നൽകിയത് ദാദയാണ്. സംഗീതം അതിനൊരു ഉപാധിയായെന്നു മാത്രം'' --വാണി പറയുന്നു.

Content Highlights: Vani Jayaram, Guddi Movie, bol re papihara, Vani Jairam

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented