ജീവിച്ചിരുന്നിരുന്നെങ്കില് ഈ നവംബര്‍ മുപ്പതിന് വാണിജയറാമിന് എണ്പതു വയസ്സ് തികയുമായിരുന്നു

വാണി ജയറാമും ശ്രീകുമാരൻ തമ്പിയും ഒരു പരിപാടിക്കിടെ (ഫയൽ ചിത്രം) | Photo: Mathrubhumi
ഋഷികേശ് മുഖര്‍ജി സംവിധാനം ചെയ്ത 'ഗുഡ്ഡി' എന്ന ചിത്രത്തിനു വേണ്ടി ഗുല്‍സാര്‍ എഴുതി വസന്ത് ദേശായ് ഈണം പകര്‍ന്ന 'ബോലേ രേ പപീഹരാ, പപീഹരാ' എന്ന പ്രശസ്ത ഗാനം ആലപിച്ചുകൊണ്ടാണ് വാണിജയറാം എന്ന ഗായികയുടെ ഹിന്ദിസിനിമയിലെ അരങ്ങേറ്റം. ആ സിനിമയ്ക്കു വേണ്ടി അവര്‍ രണ്ടു ഗാനങ്ങള്‍ കൂടി ആലപിച്ചു. 'ഹം കൊ മന് കി ശക്തി ദേനാ..' എന്ന ഗാനവും 'ഹരി ബിന്‍ കൈസേ ജീയും' എന്ന ഗാനവും.
തമിഴ്നാട്ടിലെ വെല്ലൂരില്‍ ദുരൈസ്വാമി അയ്യരുടെയും പദ്മാവതിയുടെയും ആറുപെണ്മക്കളില് അഞ്ചാമത്തെ മകളായി ജനിച്ച കലൈവാണിയാണ് പില്ക്കാലത്ത് വാണിജയറാം ആയി വളര്‍ന്നത്. കലൈവാണിക്ക് അഞ്ചുസഹോദരിമാരെ കൂടാതെ മൂന്നു സഹോദരന്മാരും ഉണ്ടായിരുന്നു. ആകെ ഒമ്പതു മക്കള്‍. അച്ഛനമ്മമാര്‍ സംഗീതത്തില്‍ തത്പരരായിരുന്നു. കൊച്ചുകുട്ടിയായിരിക്കുമ്പോള് തന്നെ കൂടുതല്‍ പ്രതിഭ പ്രകടിപ്പിച്ചത് കലൈവാണിയാണ്. അതുകൊണ്ട് കുട്ടിക്കാലത്തു തന്നെ വാണിയെ അച്ഛനമ്മമാര്‍ കര്‍ണാടകസംഗീതം അഭ്യസിപ്പിച്ചു.. രങ്കരാമാനുജ അയ്യങ്കാര്‍, കടലൂര്‍ ശീനിവാസ അയ്യങ്കാര്‍ എന്നിവരായിരുന്നു ആദ്യ ഗുരുനാഥന്മാര്. എട്ടാമത്തെ വയസ്സില്‍ ആള് ഇന്ത്യ റേഡിയോയുടെ മദ്രാസ് നിലയത്തില്‍ കലൈവാണി പാടി..ഇരുപത്തിനാലാം വയസ്സില്‍ ജയറാമിനെ വിവാഹംകഴിക്കുകയുംസംഗീതരംഗത്ത് അറിയപ്പെട്ടു തുടങ്ങുകയും ചെയ്തപ്പോഴാണ് ജയറാമിന്റെ താല്പര്യപ്രകാരം അവര്‍ കലൈവാണി എന്ന പേര് വാണിജയറാം എന്ന് മാറ്റിയത്.
മദ്രാസ് ക്വീന്‍ മേരീസ് കോളേജില്‍ പഠിച്ച് ബിരുദമെടുത്ത് അധികം വൈകാതെതന്നെ വാണിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ലഭിച്ചു. വിവാഹത്തിനു ശേഷം ഭര്‍ത്താവിനോടൊപ്പം താമസിക്കാന്‍ അവര്‍ മദ്രാസില്‍ നിന്നു ബോംബെയിലേക്ക് സ്ഥലംമാറ്റം വാങ്ങി. പിന്നീട് തന്റെ ജീവിതത്തിലുണ്ടായ എല്ലാ ഉയര്‍ച്ചയ്ക്കും കാരണം ഭര്‍ത്താവ് ജയറാമും അദ്ദേഹത്തിന്റെ മാതാവുമാണെന്ന് വാണി ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംഗീതത്തില്‍ താല്പര്യമുള്ള ഭാര്യയ്ക്ക് ഉസ്താദ് അബ്ദുല്‍ റഹ്മാന്ഖാന് എന്ന പണ്ഡിതന്റെ കീഴില്‍ ഉപരിപഠനം നടത്താന്‍ വഴിയൊരുക്കിയത് ജയറാം തന്നെയാണ്.
തുടര്‍ന്ന് വാണി ജയറാം ബാങ്കിലെ ജോലി ഉപേക്ഷിച്ചു അങ്ങനെ തുമ് രി, ഗസല്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംഗീതശാഖകളില്‍ പാണ്ഡിത്യം നേടാന്‍ വാണിക്കു സാധിച്ചു. ഭാര്യയ്ക്ക് സംഗീതരംഗത്ത് ഉയര്‍ച്ചയുണ്ടാകും എന്ന് വ്യക്തമായപ്പോള്‍ ജയറാം തന്റെ ഉയര്‍ന്ന ഉദ്യോഗം രാജി വെച്ച് ഭാര്യയുടെ സംഗീതപ്രവര്ത്തനങ്ങള്ക്ക് പിന്തുണ നല്കാന് തീരുമാനിച്ചു. ഭാര്യയുടെ സംഗീതരംഗത്തെ വളര്‍ച്ചയുടെ മേല്‍നോട്ടം വിദ്യാസമ്പന്നനും സമര്‍ത്ഥനുമായ ജയറാം ഏറ്റെടുത്തു. ഇതിനും മകനെ ഉപദേശിച്ചത് ജയറാമിന്റെ അമ്മയാണ് എന്ന കാര്യവും ഏറെ ശ്രദ്ധേയം.
തുടക്കം ഹിന്ദിയിലായിരുന്നെങ്കിലും ഹിന്ദിയില്‍ അവര്‍ക്ക് ഏറെ അവസരങ്ങള്‍ ലഭിച്ചില്ല.വസന്ത്ദേശായിയെ തുടര്‍ന്ന് ചിത്രഗുപ്ത, നൗഷാദ്, മദന്മോഹന്, ആര്.ഡി.ബര്മന്, ഒ.പി.നയ്യാര്‍, ജയദേവ്, ലക്ഷ്മികാന്ത്-പ്യാരേലാല്‍ തുടങ്ങിയവരെല്ലാം വാണിയുടെ ശബ്ദം ഉപയോഗിക്കുകയുണ്ടായി. ഒന്നോ രണ്ടോ ഗാനങ്ങളില്‍ മാത്രം.. എന്നാല്‍ എന്തുകൊണ്ടോ ആ പിന്തുണ തുടര്‍ന്നില്ല. തെന്നിന്ത്യന്‍ സിനിമാവേദിയാണ് അവരെ വളര്‍ത്തിയത്.
എം.എസ്.വിശ്വനാഥന്റെ ഗുരുനാഥനായ എസ്.എം.സുബ്ബയ്യ നായിഡുവാണ് വാണിക്ക് തമിഴ്സിനിമയില്‍ ആദ്യമായി പാടാന്‍ അവസരം നല്‍കിയത്. എന്നാല്‍ ആ ചിത്രത്തിന്റെ നിര്‍മ്മാണം മുടങ്ങിപ്പോയി. ശങ്കര്‍-ഗണേഷിന്റെ സംഗീതത്തില്‍ അവര്‍' വീട്ടുക്കു വന്ത മരുമകള്‍' (1973) എന്ന സിനിമയ്ക്ക് വേണ്ടി ടി.എം. സൗന്ദരരാജനോടൊപ്പം പാടിയ 'ഓരിടം ഉന്നിടം...'' എന്നുതുടങ്ങുന്ന യുഗ്മഗാനമാണ് ആദ്യം പുറത്തു വന്ന വാണിയുടെ തമിഴ്ഗാനം. പിന്നീട് ശങ്കര്‍-ഗണേഷ് ഒരുക്കിയ അനവധി ഗാനങ്ങള്‍ക്ക് വാണി ശബ്ദം നല്കി.
കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത 'ശൊല്ലത്താന്‍ നിനൈക്കിറേന്‍'എന്ന ചിത്രത്തിലാണ് വാണി എം.എസ്.വിശ്വനാഥന്റെ സംഗീതത്തില്‍ ആദ്യമായി പാടിയത്.'മലര് പോല്‍ സിരിപ്പതു പതിനാറ് ' എന്ന് തുടങ്ങുന്ന ഗാനം.പിന്നെ എത്രയെത്ര ഗാനങ്ങള്‍ ! കെ,ബാലചന്ദറിന്റെ സിനിമക്ക് വേണ്ടി തന്നെ വാണി പാടിയ 'ഏഴുസ്വരങ്കളുക്കുള്‍ എത്തനൈ പാടല്‍'' (ചിത്രം -അപൂര്‍വ്വ രാഗങ്ങള്‍-വര്‍ഷം-1975) എന്ന ഗാനത്തിനാണ് വാണിജയറാമിന് മികച്ച പിന്നണിഗായികയ്ക്കുള്ള ആദ്യത്തെ ദേശീയ അവാര്‍ഡ് ലഭിച്ചത്. പിന്നീട് ഇളയരാജയ്ക്കു വേണ്ടിയും ദേവയ്ക്കു വേണ്ടിയും കെ.വി.മഹാദേവനെപ്പോലുള്ള പഴയ സംഗീതസംവിധായര്ക്കു വേണ്ടിയും അവര്‍ പാട്ടുകള്‍ പാടി. എ.ആര്.റഹ്മാനും വാണിയെക്കൊണ്ട് പാടിച്ചിട്ടുണ്ട്. എം.എസ്.വിശ്വനാഥന്റെ ശിഷ്യരായ ശങ്കര്‍-ഗണേഷ് ടീം ആണ് വാണിജയറാമിന്റെ ശബ്ദം തമിഴില്‍ കൂടുതല്‍ പ്രയോജനപ്പെടുത്തിയത്. (മേഘമേ… മേഘമേ… പാൽനിലാ തേയുതേ… എന്ന ഗസല്‍ഛായയുള്ള ഗാനം ഓര്‍മ്മിക്കുക (രചന: വൈരമുത്തു, ചിത്രം: പാലൈവനച്ചോലൈ).സെമി ക്ലാസിക്കല്‍ ഗാനങ്ങള്‍ മാത്രമല്ല,ഫോക്ക് ടച്ചുള്ള ഹാസ്യഗാനം പാടാനും താന്‍ മറ്റാരുടെയും പിന്നിലല്ലെന്ന് ''മുള്ളും മലരും' എന്ന തമിഴ്സിനിമയിലെ ''നിത്തം നിത്തം നെല്ലുച്ചോറു .നെയ് മണക്കും കത്തിരിക്ക.. നേട്രൂവെച്ച മീന്കൊഴമ്പു എന്നെയിഴുക്കുതയ്യാ..' എന്ന ഗാനത്തിലൂടെ വാണിജയറാം തെളിയിച്ചു. അനുജന് ഗംഗൈഅമരന് രചിച്ച ഈ പാട്ടിന് ജ്യേഷ്ഠന് ഇളയരാജാ ഈണം നല്കി.
വാണിജയറാം എന്ന ഗായികയെ കന്നഡത്തിലെ ഒന്നാമത്തെ ഗായികയാക്കി ഉയര്‍ത്തിയെടുത്തത് വിജയഭാസ്കര്‍ ആണ് എന്ന കാര്യത്തില്‍ സംശയമില്ല. കന്നഡത്തില്‍ വാണി പാടിത്തുടങ്ങിയതിനുശേഷം അദ്ദേഹം ഈണം നല്കിയ മിക്കവാറും എല്ലാ സ്ത്രീശബ്ദ ഗാനങ്ങളും വാണിയെക്കൊണ്ടാണ് പാടിച്ചത്.
സംഗീതത്തിലും സാഹിത്യത്തിലും ഒരുപോലെ അറിവുള്ള പ്രതിഭാ ശാലിനിയായ വാണിജയറാമിനെ മലയാള സിനിമാവേദിയില്‍ അവതരിപ്പിച്ചത് സംഗീതമഹാരഥനായ സലില്‍ ചൗധരിയാണ്. ശിവന് നിര്‍മ്മിച്ച് ബാബു നന്ദന്‍കോട് സംവിധാനം നിര്‍വ്വഹിച്ച സ്വപ്നം എന്ന ചിത്രത്തിനുവേണ്ടി ഒ.എന്‍.വി.കുറുപ്പ് രചിച്ച 'സൗരയൂഥത്തില്‍ വിടര്‍ന്നോരു കല്യാണസൗഗന്ധികമാണീ ഭൂമി..' എന്ന ഗാനമാണ് അവര്‍ പാടിയ ആദ്യ മലയാളസിനിമാഗാനം. ഈ ഗാനം കേട്ടതിനു ശേഷമാണ് ഞാന്‍ എഴുതുന്ന ചില ഗാനങ്ങളെങ്കിലും വാണിജയറാമിന്റെ ശബ്ദത്തില്‍ റിക്കോര്‍ഡ് ചെയ്യണം എന്നു ഞാന്‍ തീരുമാനിച്ചത്. നിര്‍മ്മാതാവും സംവിധായകനുമായതുകൊണ്ട് ഈ ആഗ്രഹം സഫലമാക്കാന്‍ എനിക്ക് പ്രയാസമുണ്ടായില്ല. ഞാന്‍ കഥയും തിരനാടകവും സംഭാഷണവും ഗാനങ്ങളുമെഴുതി സംവിധാനം ചെയ്ത തിരുവോണം എന്ന ചിത്രത്തിലെ (നിര്‍മ്മാതാവ് – കെ.പി. മോഹന്‍) ‘തിരുവോണപ്പുലരി തന് തിരുമുല്ക്കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങി' എന്ന ഗാനത്തിന്റെ റിഹേഴ്സലിനു വന്നപ്പോഴാണ് ഞാന്‍ ആദ്യമായി വാണിജയറാമിനെ കണ്ടത്.
അടുത്ത ആഴ്ച തന്നെ പിക്നിക്ക് എന്ന സിനിമയിലെ 'വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രിയൊരുങ്ങും' എന്ന ഗാനം യേശുദാസിനോടൊപ്പം പാടാന്‍ വാണിയെ ക്ഷണിച്ചു. ആദ്യം പുറത്തു വന്നത് പിക്നിക്ക് എന്ന ചിത്രമാണ്. പിന്നീട് ഞാന്‍ എഴുതിയ സ്ത്രീശബ്ദഗാനങ്ങളില് അധികവും ആലപിച്ചത് വാണിജയറാം ആണ്. എന്നോടൊപ്പം കൂടുതല്‍ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ദക്ഷിണാമൂര്‍ത്തി സ്വാമിയും അര്‍ജുനന്‍മാസ്റ്ററും ഈ കാര്യത്തില്‍ എന്നെ സഹായിച്ചു. വാണിയുടെ ശബ്ദസൗഭഗത്തിലും ശ്രുതിശുദ്ധിയിലും അവര്‍ക്കും വിശ്വാസമുണ്ടായിരുന്നു.
വാണി ജയറാം ആലപിച്ച ഗാനങ്ങളില്‍ അധികവും സൂപ്പര്ഹിറ്റുകളായിട്ടുണ്ട്; മിക്കവാറും എല്ലാ ഇന്ത്യന്‍ഭാഷകളിലും (ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, മറാത്തി, ഒറിയ, ഭോജ്പുരി) അവര്‍ ഗാനങ്ങള്‍ ആലപിച്ചു. മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നു പ്രാവശ്യം അവര്‍ നേടുകയുണ്ടായി. (ചിത്രം – അപൂര്‍വ്വരാഗങ്ങള്‍ – തമിഴ് – 1975, ശങ്കരാഭരണം – തെലുങ്ക് – 1980, സ്വാതികിരണം – തെലുഗു – 1991). സ്വാതികിരണം എന്ന തെലുഗു ചിത്രത്തിലെ ഗാനത്തിന് വാണിജയറാമിനെ മികച്ച ഗായികയായി തിരഞ്ഞെടുത്ത ദേശിയ ഫീച്ചര്‍ഫിലിം ജ്യൂറിയില്‍ ഞാനും അംഗമായിരുന്നു. കെ. വിശ്വനാഥ് സംവിധാനം ചെയ്ത 'സ്വാതികിരണം' എന്ന സിനിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പ്രതിനായകസ്വഭാവമുള്ള ഈ ചിത്രത്തിലെ നായകനെ അവതരിപ്പിച്ചത് നമുക്ക് പ്രിയപ്പെട്ട മമ്മൂട്ടിയാണ്.
പണ്ഡിറ്റ് രവിശങ്കര്‍ സംഗീതസംവിധായകനായ 'മീര' എന്ന ഹിന്ദിസിനിമയിലെ ഗാനങ്ങള്‍ പാടിയതിന് വാണി ജയറാമിന് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു (1980) ഞാന്‍ ഗാനരചയിതാവായി മലയാളസിനിമയില്‍ പ്രവേശിച്ചിട്ട് ഏകദേശം ആറ് പതിറ്റാണ്ടുകളാകുന്നു.
ലീല, പി.സുശീല, എസ്.ജാനകി, എല്‍.ആര്. ഈശ്വരി, ബി.വസന്ത, മാധുരി തുടങ്ങിയ പ്രശസ്ത ഗായികമാരെല്ലാം തന്നെ എന്റെ പാട്ടുകള്‍ പാടിയിട്ടുണ്ട്. ഇവരുമായി സൗഹൃദം സ്ഥാപിക്കാനും അടുത്ത് ഇടപഴകാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ മനസ്സുകൊണ്ട് ഏറ്റവും അടുത്തത് വാണിജയറാമുമായിട്ടാണ്. അവര്‍ക്ക് എന്നോടും ആ അടുപ്പമുണ്ടായിരുന്നു. സത്യങ്ങള്‍ ആരോടും വെട്ടിത്തുറന്നു പറയാന്‍ മടിയില്ലാത്ത കലാകാരിയായിരുന്നു വാണിജയറാം. ഞാനും അങ്ങനെ തന്നെ. ഒരിക്കല്‍ ഞാന്‍ എഴുതി അര്‍ജുനന്റെ ഈണത്തില്‍ വാണി തന്നെ പാടിയ 'സപ്തസ്വരങ്ങളാടും സ്വര്ഗ്ഗപ്രവാഹിനി’ (ശംഖുപുഷ്പം എന്ന സിനിമയിലെ പ്രശസ്ത ഗാനം) അവര്‍ തന്നെ ആലപിച്ച 'ഏഴുസ്വരങ്ങളുക്കുള്‍ എത്തനൈപാടല് ' എന്ന ഗാനവുമായി താരതമ്യം ചെയ്തുകൊണ്ട് ഒളിവും മറവും കൂടാതെ വാണി പറഞ്ഞു. 'തമ്പിസാറിന്റെ രചന കണ്ണദാസന്റെ നിലവാരത്തിലേക്കുയര്‍ന്നില്ല.' രണ്ടും സംഗീതത്തെക്കുറിച്ചുള്ള രചനയാണല്ലോ. അവര്‍ പറഞ്ഞത് സത്യമായതുകൊണ്ട് എനിക്ക് ഒരു പരിഭവവും തോന്നിയില്ല.
ഇതാണ് ഞാന്‍ ഈ വലിയ പാട്ടുകാരിയില്‍ കണ്ട നന്മ. അവര്‍ വ്യാജസ്തുതികളില്‍ വിശ്വസിച്ചില്ല. അതേ സമയം അവരുടെ എല്ലാ അഭിമുഖങ്ങളിലും എന്റെ പാട്ടുകളുടെ വ്യത്യസ്തതയെപ്പറ്റി സംസാരിക്കുമായിരുന്നു. അവര്‍ക്ക് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ നല്‍കിയത് ഞാനും അര്‍ജുനനും സ്വാമിയുമാണെന്നു തുറന്നു പറയുകയും അതിനുള്ള നന്ദി പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു.
വാണിയുടെ ഭര്‍ത്താവായ ജയറാമും എന്റെ ഉറ്റ സുഹൃത്തായിരുന്നു. അവര്‍ മാതൃകാദമ്പതികളായിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഒരുമിച്ചല്ലാതെ അവരെ ഒരിടത്തും ഞാന്‍ കണ്ടിട്ടില്ല. മദ്രാസില്‍ അവര്‍ ഒരു റിക്കോര്‍ഡിങ് തീയേറ്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ജയറാം ആ കാര്യം എന്നോട് സംസാരിച്ചിരുന്നു. ഭക്തമീരയുടെ കടുത്ത ആരാധികയായ വാണി മീരാഭജന്സും ഗസലുകളും ഭക്തിഗാനങ്ങളും പാടി മാര്‍ക്കറ്റ് ചെയ്യാന്‍ വേണ്ടിയാണ് ആ സ്ഥാപനം തുടങ്ങിയത്. ഉത്തരേന്ത്യയിലെ പലസംഗീതപണ്ഡിതന്മാരും വാണിക്കു പാടാനായി വിവിധരാഗങ്ങളില്‍ മീരാഭജന്സും ഗസലുകളും ഒരുക്കാന്‍ മദാസില്വന്നു. പക്ഷേ ബിസിനസ് തന്ത്രം അറിയാത്തതുകൊണ്ട് ആ ദമ്പതികളുടെ സംരംഭം വിജയിച്ചില്ല.. അവര്‍ക്ക് ധനനഷ്ടമുണ്ടായി.
ജയറാമിന്റെ മരണം വാണിയെ വല്ലാതെ തകര്‍ത്തുകളഞ്ഞു. .ആ നല്ല മനുഷ്യന്റെ വേര്‍പാടിനു ശേഷം ഞാന്‍ വാണിയെ കണ്ടപ്പോള്‍ 'എനിക്ക് പാടാനുള്ള താല്പര്യം കുറഞ്ഞു . ജീവിതത്തിനു ലക്ഷ്യമില്ലാതായി' എന്ന് അവര്‍ പറയുകയുണ്ടായി.
എന്റെ ജന്മനാടായ ഹരിപ്പാട്ടുള്ള സാരംഗ. എന്ന സ്ഥാപനം എന്റെ പേരില്‍ ഒരു പുരസ്കാരം ഏര്‍പ്പെടുത്തുകയുണ്ടായി. ആദ്യത്തെ 'സാരംഗ--ശ്രീകുമാരന്‍ തമ്പി പുരസ്കാരം' നല്‍കിയത് വാണിജയറാമിനാണ്.പുരസ്കാരം സ്വീകരിക്കാന്‍ എന്റെ നാട്ടിലെത്തിയപ്പോള്‍ അവര്‍ വികാരാധീനയായി. ' ജയറാം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് എത്ര സന്തോഷിച്ചേനെ.'എന്നു പറഞ്ഞ് അവര്‍ പൊട്ടിക്കരഞ്ഞു.
വാണിജയറാം പാടിയ എന്റെ ഭൂരിപക്ഷം ഗാനങ്ങളും ജനപ്രീതി നേടിയിട്ടുണ്ട്.അവയെ ഓരോന്നായി വിശകലനം ചെയ്യാന്‍ ഞാന്‍ ഒരുങ്ങുന്നില്ല. എങ്കിലും 'ഇളംമഞ്ഞിന്‍ നീരോട്ടം എങ്ങും കുളിരിന്റെ തേരോട്ടം ''(ചിത്രം': പാതിരാസൂര്യന്‍), മഞ്ഞപ്പട്ടു ഞൊറിഞ്ഞു മാനം നീലവാനം (ചിത്രം: അമ്പലവിളക്ക്) ഏതു പന്തല്‍ കണ്ടാലും അത് കല്യാണപ്പന്തല്‍, (ചിത്രം:വേനലില്‍ ഒരു മഴ ), നിലവിളക്കിന് തിരിനാളമായ് വിടര്‍ന്നു നിറകതിര്‍ ചൊരിയുമെന്‍ ഹൃദയം (ചിത്രം:ശാന്ത ഒരു ദേവത) എന്നീ പാട്ടുകള്‍ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ? ഒപ്പം അവര്‍ യേശുദാസുമായി ചേര്‍ന്നു പാടിയ ''പകല്സ്വപ്നത്തിന്പവനുരുക്കും പ്രണയരാജശില്പ്പീ , ഇന്നു സന്ധ്യ കവര്‍ന്നെടുത്ത സ്വപ്നം എത്ര പവന് ?എന്ന ഗാനവും.
ദീര്‍ഘസുമംഗലി എന്ന തമിഴ്സിനിമയ്ക്കു വേണ്ടി വാണിജയറാം പാടിയ 'മല്ലികൈ,എന്‍ മന്നന് മയങ്കും പൊന്നാന മലരല്ലവോ..?''എന്ന ഗാനം വാണിജയറാമിന്റെ ആദ്യകാലഹിറ്റുകളിലൊന്നാണ് (കണ്ണദാസന്--എം.എസ്.വിശ്വനാഥന് ) ദീര്‍ഘസുമംഗലി മലയാളത്തില്‍ ''ആയിരം ജന്മങ്ങള്' എന്ന പേരില്‍ സിനിമയായപ്പോഴും ഈ സന്ദര്‍ഭത്തിനുവേണ്ടി എം.എസ്.വിശ്വനാഥന് കണ്ടെത്തിയത് വാണിയുടെ ശബ്ദം തന്നെയാണ്.'മുല്ലമാല ചൂടി വന്ന വെള്ളിമേഘമേ.ഇന്നു നിന്റെ പൂര്ണ്ണചന്ദന് പിണങ്ങി നിന്നല്ലോ..''എന്നു തുടങ്ങുന്ന ഗാനം. ( രചന---പി.ഭാസ്കരന്.)' വയലാറിന്റെ അധികം ഗാനങ്ങള്‍ വാണിജയറാം ആലപിച്ചിട്ടില്ല. ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ വിരലില്‍ എണ്ണാവുന്നത്ര ഗാനങ്ങളെ അവര്‍ പാടിയിട്ടുള്ളൂ. 'എങ്കിലും വയലാര്‍ പാട്ടുകള്‍ എഴുതിയ 'സമ്മാനം' എന്ന സിനിമയ്ക്ക് വേണ്ടി അവര്‍ പാടിയ രണ്ടു ഗാനങ്ങള്‍ അതിമനോഹരങ്ങളാണ്. ''എന്റെ കയ്യില്‍ പൂത്തിരി നിന്റെ കയ്യില്‍ പൂത്തിരി, എങ്ങും പൊട്ടിച്ചിരി തന് വിഷുപ്പുലരി..' എന്ന ഗാനവും 'കാറ്റു ചെന്നു കളേബരം തഴുകി, കാര്‍ത്തികപ്പൂക്കളുറങ്ങി 'എന്ന ഗാനവും. ( സംഗീതം--വി.ദക്ഷിണാമൂര്‍ത്തി )
തമിഴിലുംതെലുഗുവിലും കന്നഡത്തിലും പാടിയതിന് വാണിക്കു സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. പക്ഷേ കേരളത്തില്‍ നിന്ന് ആ അംഗീകാരം ലഭിച്ചില്ല.
വാണിജയറാമിന്റെ മരണം ആകസ്മികവും ഞെട്ടിക്കുന്നതും നെഞ്ചുലയ്ക്കുന്നതും ആയിരുന്നു. മരിക്കുന്നതിന്റെ തലേന്നാള്‍ പോലും ഞങ്ങള്‍ ഫോണില്‍ സംസാരിച്ചിരുന്നു.അവര്‍ക്കു പത്മഭൂഷണ്‍ പുരസ്കാരം കിട്ടിയ സമയമായിരുന്നു അത്..
ജീവിച്ചിരുന്നിരുന്നെങ്കില് ഈ നവംബര്‍ മുപ്പതിന് വാണിജയറാമിന് എണ്പതു വയസ്സ് തികയുമായിരുന്നു.
ഹൃദയത്തിനൊരു വാതില്‍
സ്മരണ തന് മണിവാതില്‍
തുറന്നു കിടന്നാലും ദുഃഖം
അടഞ്ഞു കിടന്നാലും ദുഃഖം.
Content Highlights: Vani Jairam: Sreekumaran Thampi remembers the Three-Time National Award Winner Who Found Fame in South Indian Cinema
Published: 29 Nov 2025, 08:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented