'40 വർഷങ്ങളായി അഭിനയം നിർത്തിയിട്ട്. പഴയ തലമുറ പോലും എന്നെ ഓർക്കുന്നുണ്ടാവില്ല, അപ്പോൾ പുതിയ  പിള്ളേരുടെ കാര്യം പറയാനുണ്ടോ?' ചോദിക്കുകയാണ് വഞ്ചിയൂർ രാധ. നാടകവേദികളിൽനിന്നുള്ള അഭിനയത്തിന്റെ തഴക്കവുമായി സിനിമയിലെത്തി. 1960-കളുടെ അവസാനത്തിലും 70-കളിലും 80-ന്റെ തുടക്കത്തിലും പ്രേംനസീർ, ഷീല, കൊട്ടാരക്കര, അടൂർ ഭാസി, സുകുമാരി തുടങ്ങിയവർക്കൊപ്പം മലയാള സിനിമയിൽ അഭിനയിച്ചത് അൻപതോളം ചിത്രങ്ങളിൽ. പ്രേക്ഷകർ തന്നെ ഓർക്കുന്നുണ്ടാകുമോ ഇല്ലയോ എന്നതിനെക്കുറിച്ചൊന്നും വഞ്ചിയൂർ രാധയ്ക്ക് ആശങ്കയില്ല. വലിയ നടിയായി പേരെടുക്കണമെന്നാഗ്രഹിച്ച് അന്നത്തെ കാലത്തെ എല്ലാരെയും പോലെ മദ്രാസിലേക്ക് വണ്ടി കയറി. എന്നാൽ മുൻനിര നായികയാകാനൊന്നും സാധിച്ചില്ല. കിട്ടിയ വേഷങ്ങൾ ചെയ്തു. ചില സിനിമകളിലൊന്നും കാര്യമായ പ്രതിഫലം ലഭിച്ചതുമില്ല. എന്നിരുന്നാലും അതിലൊന്നും തനിക്ക് തെല്ലും സങ്കടമില്ലെന്ന് പറയുകയാണ് ഈ അഭിനേത്രി.

ഓൾ ഇന്ത്യ റേഡിയോയിലെ മികച്ച ബാലനടി

തിരുവനന്തപുരമാണ് എന്റെ നാട്. അച്ഛന്റെ നാട് തിരുവല്ലയിലായിരുന്നു. തിരുവല്ല ഗോപാലപിള്ള എന്ന അഭിഭാഷകന്റെ മകനായിരുന്നു അച്ഛൻ. അമ്മയെ ഓർമയില്ല. അച്ഛന്റെ കൂടപ്പിറപ്പുകളുടെ  കൂടെയായിരുന്നു ഞാൻ ജീവിച്ചതും വളർന്നതുമെല്ലാം. അച്ഛന്റെ അമ്മയായിരുന്നു എന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഒപ്പം നിന്നത്. ഡാൻസായാലും പാട്ടായാലും അച്ചമ്മ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കും. കുറച്ചുകാലം ഞാൻ തിരുവല്ലയിൽ പഠിച്ചു. പിന്നെ തിരുവനന്തപുരത്തേക്ക് പോന്നു.

ഓൾ ഇന്ത്യ റേഡിയോയിലെ ബാലലോകത്തിൽ നാടകം അവതരിപ്പിച്ചുകൊണ്ടായിരുന്നു കലാജീവിതത്തിന്റെ തുടക്കം. അഭിനയത്തിന്റെ ഗൗരവമൊന്നും എനിക്ക് അന്നറിയുമായിരുന്നില്ല. സ്കൂളൊക്കെ കട്ട് ചെയ്ത് നാടകത്തിന് പോകണം എന്നത് മാത്രമായിരുന്നു എന്റെ മനസ്സിൽ. അവരെന്നെ മികച്ച നാടകനടിയായി തിരഞ്ഞെടുത്തു. അതായിരുന്നു ജീവിതത്തിൽ ആദ്യമായി ലഭിച്ച അംഗീകാരം എന്ന് പറയാം. പ്രശസ്തരായ സിനിമാക്കാരൊക്കെ അവിടെ വരുമായിരുന്നു. അവരെ കാണാനും അടുത്തിടപഴകാനുമൊക്കെ എനിക്ക് കുട്ടിക്കാലം മുതലേ അവസരം ലഭിച്ചിരുന്നു. അവർ അഭിനയിക്കുന്ന നാടകത്തിൽ എനിക്കങ്ങനെ ചെറിയ വേഷങ്ങളും കിട്ടി. അങ്ങനെ നാടകത്തിൽ സജീവമായി.

നാടകനടിയെന്നു കേൾക്കുമ്പോഴേ മുഖം തിരിക്കുന്ന സമൂഹം

14-ാമത്തെ വയസ്സിലായിരുന്നു ഞാൻ ആദ്യത്തെ സിനിമയിൽ വേഷമിട്ടത്. മേരിലാന്റ് സുബ്രഹ്മണ്യത്തിന്റെ പൊൻകതിർ എന്ന ചിത്രത്തിൽ. ട്രാവൻകൂർ സിസ്റ്റേഴ്സായ ലളിത, പത്മിനി, രാഗിണി എന്നിവരും അതിലുണ്ടായിരുന്നു. സിനിമാനടിയാകണമെന്ന മോഹമൊന്നും എനിക്കപ്പോഴില്ലായിരുന്നു. അങ്ങനെയിരിക്കെ കെ.പി.എ.സിയുടെ മുടിയനായ പുത്രൻ എന്ന നാടകത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. നടൻ മുകേഷിന്റെ അച്ഛൻ ഒ. മാധവന്റെ അനിയത്തിയുടെ വേഷം ചെയ്യാൻ ഒരു പെൺകുട്ടിയെ തിരഞ്ഞു വന്നതായിരുന്നു അവർ. എനിക്കന്ന് 17 വയസ്സായിരുന്നു. കെ.പി.എ.സി സുലോചനയാണ് എന്റെ പേര് നിർദ്ദേശിച്ചത്.

To advertise here,

പിന്നീട് 2000-ത്തോളം സ്റ്റേജുകളിൽ നാടകം ചെയ്യാൻ സാധിച്ചു. നാടകത്തിൽനിന്ന് സിനിമയിലേക്ക് വന്ന പല പ്രശസ്തതാരങ്ങൾക്കുമൊപ്പം വേദി പങ്കിടാൻ സാധിച്ചു. നല്ല പ്രതിഫലവും ലഭിക്കുമായിരുന്നു. എന്നിരുന്നാലും നാടകനടിമാരോട് സമൂഹം ബഹുമാനം പുലർത്തിയിരുന്നില്ല. സിനിമാ നടിമാരോടുള്ള സമീപനവും അങ്ങനെയായിരുന്നു. എന്നാൽ മദ്രാസിലെത്തിയപ്പോൾ വേറിട്ട അനുഭവമായിരുന്നു. ഇവിടെ സിനിമക്കാർക്ക് വലിയ വിലയാണ്. ജയലളിതയും എം.ജി.ആറുമെല്ലാം സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്ക് വന്നത് കൊണ്ടാണ് അവർക്ക് ഇത്രയും ജനപിന്തുണ നേടാനായത്.

മദ്രാസ് സമ്മാനിച്ച ജീവിതം

നടൻ കൊട്ടാരക്കര വഴിയാണ് ഞാൻ മദ്രാസിലെത്തുന്നത്. വിദ്യാർഥികൾ എന്ന ചിത്രത്തിൽ പ്രേംനസീറിന്റെ സഹോദരിയുടെ വേഷം ചെയ്യാനായിരുന്നു അത്. പിന്നീട് കുറച്ച് സിനിമകളിലും കൂടി വേഷമിട്ടു. മദ്രാസിൽനിന്ന് പോകേണ്ട, ഇവിടെ നിന്നാൽ നല്ല സിനിമകൾ ലഭിക്കുമെന്ന് എല്ലാവരും പറഞ്ഞത് കൊണ്ടാണ് അവിടെ തന്നെ തുടർന്നത്. അപ്പോഴേക്കും വിവാഹം കഴിഞ്ഞ്  കുട്ടികളൊക്കെയായി. കുട്ടികൾക്ക് പഠിക്കാനും വളരാനുമൊക്ക മദ്രാസ് നല്ല സ്ഥലമാണെന്ന് എനിക്കും തോന്നി. മാത്രവുമല്ല, അതിനിടെ തിരുവനന്തപുരത്ത്  ഞാൻ മടങ്ങിയെത്തിയപ്പോൾ സിനിമയുടെ ട്രെൻഡ് തന്നെ മാറിയിരുന്നു. റെക്കമെന്റേഷൻ ഉണ്ടെങ്കിൽ മാത്രമേ നല്ല വേഷങ്ങൾ കിട്ടുവെന്നായി.

എനിക്കാണെങ്കിൽ ശിവാജി ഗണേശനോട് കടുത്ത ആരാധനയായിരുന്നു. അദ്ദേഹം താമസിക്കുന്ന ചെന്നെെയിൽ തന്നെ താമസിക്കാമല്ലോ എന്നോർത്ത് ഞാൻ ഇവിടേക്ക് തിരിച്ചുപോന്നു. അങ്ങനെ തമിഴിലും മലയാളത്തിലുമായി കുറേ സിനിമകൾ ചെയ്തു. എന്നിരുന്നാലും അത്ര പ്രധാനപ്പെട്ട വേഷങ്ങളൊന്നുമായിരുന്നില്ല. പുത്രധർമ്മം, രണ്ടിടങ്ങഴി, ഭക്തകുചേല, ലെറ്റ്ഹൗസ്, ദൃക്സാക്ഷി, അഴകുള്ള സെലീന, കാലചക്രം, ഉദയം, പണിമുടക്ക്, സമുദ്രം, മർമ്മരം, മുദ്രമോതിരം പൗരുഷം, തോരണം എന്നിങ്ങനെ അൻപതിലേറെ മലയാള ചിത്രങ്ങളിലും പന്ത്രണ്ടോളം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.

മേരിലാന്റിന്റെ മിക്ക സിനിമകളിലും എനിക്കൊരു വേഷമുണ്ടായിരുന്നു. അതുപോലെ സംവിധായകൻ ശശികുമാർ സാർ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിലും എനിക്ക് വേഷങ്ങൾ കരുതിവയ്ക്കുമായിരുന്നു. ശശികുമാർ സാറിനോടും മേരിലാന്റ് സുബ്രഹ്മണ്യം സാറിനോടും എനിക്ക് അകമഴിഞ്ഞ നന്ദിയുണ്ട്. 'തോരണ'ത്തിലാണ് ഞാൻ അവസാനമായി അഭിനയിച്ചത്. അപ്പോഴേക്കും കുട്ടികളൊക്കെ വലുതായി. സിനിമയാകെ മാറി. എല്ലാവരും പുതിയ തലമുറയായി. പിന്നെ ഞാൻ അഭിനയിത്തിൽനിന്ന് പതുക്കെ പിൻവാങ്ങി.

പ്രതിഫലം ചോദിച്ചാൽ അടുത്ത പടത്തിന് വിളിക്കില്ല

സിനിമയിൽനിന്ന് ഞാൻ ഒന്നും സമ്പാദിച്ചിട്ടില്ല. പലപ്പോഴും കൃത്യമായി പ്രതിഫലവും ലഭിച്ചിട്ടില്ല. മറ്റുള്ളവർക്ക് 5000 രൂപ കൊടുക്കുമ്പോൾ എനിക്ക് ലഭിക്കുന്നത് 1000 രൂപയായിരുന്നു. ചോദിച്ചാൽ പിന്നെ അടുത്ത പടത്തിന് വിളിക്കുകയില്ല. നിർമാതാക്കളുടെ പ്രശ്നമായിരുന്നില്ല. ചില പ്രൊഡക്ഷൻ കൺട്രോളർമാർ അങ്ങിനെയായിരുന്നു. എല്ലാവരും അങ്ങനെയല്ല. ചില സിനിമകളുടെ പ്രതിഫലം മാസങ്ങളോളം പിന്നാലെ നടന്നു ചോദിച്ചാലേ കിട്ടൂ. എനിക്കങ്ങനെ മടുപ്പായി. ചുരുക്കിപ്പറഞ്ഞാൽ കയ്യിലുള്ള വണ്ടിച്ചെക്കുകളായിരുന്നു എന്റെ സിനിമാജീവിതത്തിന്റെ സമ്പാദ്യം. ഞങ്ങൾക്ക് മദ്രാസിൽ ഒരു ചെറിയ കടയും വെെദ്യശാലയുമൊക്കെയുണ്ടായിരുന്നു. അതുകൊണ്ടു ജീവിതം വലിയ ബുദ്ധിമുട്ടായി തോന്നിയില്ല. മക്കളെ നല്ല രീതിയിൽ പഠിപ്പിക്കാനും വളർത്താനുമൊക്കെ സാധിച്ചു.

രാധമ്മേ എന്ന് വിളിക്കുന്ന പ്രേംനസീർ

പ്രേംനസീറിന്റെ കുടുംബവുമായി എനിക്ക് അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും കുട്ടികളുമെല്ലാം വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. രാധമ്മേ എന്നാണ് നസീർ സാർ എന്നെ വിളിച്ചിരുന്നത്. പ്രേംനസീറിന്റെ മരണം വലിയ ദുഃഖമാണ് സമ്മാനിച്ചത്. എത്ര വലിയവനോ ചെറിയവനോ ആകട്ടെ, സഹജീവികളോട് വളരെ സ്നേഹത്തോടെയും കരുതലോടെയും പെരുമാറുന്ന ഒരാളായിരുന്നു അദ്ദേഹം. ബുദ്ധിമുട്ടുന്നവരെ അകമഴിഞ്ഞു സഹായിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. നസീർ സാറിന്റെ മരണത്തിന് ശേഷവും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധം അതേപടി തുടർന്നു. മകൻ ഷാനവാസൊക്കെ ഇപ്പോഴും ഇടയ്ക്കിടെ വിളിച്ച് വിവരമന്വേഷിക്കും.

സിനിമയിലില്ലാത്ത 40 വർഷങ്ങൾ

40 വർഷങ്ങളായി ഞാൻ ഇന്‍ഡസ്ട്രയില്‍ ഇല്ല. മദ്രാസിൽ തന്നെയായി എന്റെ ജീവിതം. ആ സമയത്തൊക്കെ എല്ലാ നടീനടൻമാരും മദ്രാസിലായിരുന്നു താമസം. പിന്നീട്  സീരിയലുകൾ തുടങ്ങിയപ്പോൾ പല നടീനടൻമാരും തിരുവനന്തപുരത്തേക്ക് താമസം മാറി. സീരിയലുകളിൽ തിരുവന്തപുരത്ത് താമസിക്കുന്നവർക്കായിരുന്നു മുൻഗണന. മദ്രാസിൽനിന്ന് നമ്മൾ അഭിനയിക്കാനായി ചെല്ലുമ്പോൾ പ്രൊഡ്യൂസർമാർക്ക് വലിയ ചെലവ് വരും. അതുകൊണ്ടു തന്നെ ഞാൻ അതിന് വേണ്ടി ശ്രമിച്ചില്ല.

നാരായണ പിള്ളയായിരുന്നു ഭർത്താവ്. മക്കൾ ശ്രീകുമാർ, ഹരികുമാർ. എന്റെ മക്കൾക്കും അവരുടെ ഭാര്യമാർക്കും എന്നോട് വലിയ സ്നേഹവും കരുതലുമാണ്. ജോലിയുമായി ബന്ധപ്പെട്ട് അവർ കോയമ്പത്തൂരിലാണ് താമസം. ഇളയ മകൻ ഈയിടെ മരിച്ചു. ക്യാൻസർ രോഗത്തെ തുടർന്നായിരുന്നു. എക്സ്പോർട്ട് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ആ ദുഃഖത്തിൽനിന്ന് ഇതുവരെ  കര കയറിയിട്ടില്ല. ഇപ്പോൾ ചെന്നെെയിൽ ഞാൻ ഒറ്റയ്ക്കാണ് താമസം. ഇവിടെ ഒരു അയ്യപ്പൻ കോവിലുണ്ട്. അവിടുത്തെ കാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ച് ജീവിക്കുന്നു. അയ്യപ്പൻ കോവിലാണ് എനിക്കെല്ലാം. അവിടെ ജയറാമും ജയം രവിയുമൊക്കെ വന്ന് എനിക്ക് സമ്മാനമൊക്കെ നൽകിയിരുന്നു.

സിനിമക്കാരുമായി എനിക്ക് വലിയ അടുപ്പമൊന്നുമില്ല. മരിച്ചുപോയ ഉഷാറാണിയുമായി നല്ല സൗഹൃദമുണ്ടായിരുന്നു. മകൻ മരിച്ചപ്പോൾ ആശ്വാസവാക്കുകളുമായി ഒപ്പം നിന്നത് അവളായിരുന്നു. പെട്ടെന്ന്‌ ഒരു ദിവസം അവളും പോയി. അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽനിന്ന് എല്ലാ മാസവും കെെനീട്ടം ലഭിക്കാറുണ്ട്. മോഹൻലാലൊക്കെ ഇടയ്ക്ക് വിളിക്കും.  

 (anusreemadhavan@mpp.co.in)

Content Highlights: Vanchiyoor Radha Yesteryear actor Interview, Malayala Cinema, Movies