(ഉസ്താദ് സാക്കിർ ഹുസൈൻ 2023 ഡിസംബറിൽ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിന്റെ പുനഃപ്രസിദ്ധീകരണം)

To advertise here,

മുംബൈയിലെ മാഹിമിൽ താമസിച്ചിരുന്ന ഉസ്താദ് സാക്കിർ ഹുസൈൻ ഇപ്പോൾ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ചെലവഴിക്കുന്നത് അമേരിക്കയിലാണ്. വർഷത്തിൽ കുറച്ചുദിവസംമാത്രം ഇന്ത്യയിൽ. മുംബൈയിൽ മലബാർ ഹില്ലിൽ സിംല ഹൗസിലാണ് മംബെയിലെത്തിയാൽ അദ്ദേഹം താമസിക്കുക. മുംബൈ, ചൂടിൽ തിളച്ചുനിൽക്കുന്ന ഉച്ചകഴിഞ്ഞ സമയത്താണ് സിംല ഹൗസിൽ എത്തുന്നത്‌. സാക്കിർ ഹുസൈനെ  തൃശ്ശൂരിനടുത്തെ പെരുവനം ഗ്രാമത്തിലെത്തിച്ച മുംബൈയിലെ മലയാളി സാംസ്‌കാരികപ്രവർത്തകൻ കേളി രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. പ്രായമാകുമ്പോൾ വിരലുകൾ ഉൾപ്പെട്ട ഭാഗത്താണ് ആദ്യം ചുളിവുകൾ പ്രത്യക്ഷപ്പെടുക. എന്നാൽ, ഇന്നും യുവത്വത്തോടെ അദ്ദേഹത്തിന്റെ വിരലുകൾ തുടിക്കുന്നു. കാലത്തിന്  വിസ്മയം സമ്മാനിക്കാൻവേണ്ടി ദൈവം നൽകിയ വിരലുകളെയാണ് അദ്ദേഹത്തെക്കണ്ടപ്പോൾ ആദ്യം ശ്രദ്ധിച്ചത്‌. പിന്നീടാണ്  സംസാരിച്ചുതുടങ്ങിയത്.

അമേരിക്കയിലെ താമസം മതിയാക്കി താങ്കളുടെ അമ്മ തിരിച്ച് മുംബൈയിലേക്ക് വന്നതിനെക്കുറിച്ച് താങ്കളുടെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് വീടിന്റെ മുകൾനിലയിൽനിന്ന് അടുത്തവീട്ടുകാരുമായി സംസാരിക്കണമായിരുന്നു. അത് അമേരിക്കയിൽ സാധിക്കില്ലല്ലോ... അമ്മയെ താങ്കൾ എങ്ങനെയാണ് ഓർക്കുന്നത്

= ഞങ്ങൾ മാഹിമിൽ താമസിക്കുന്നസമയത്ത് വീട്ടിൽ അമ്മയ്ക്കൊപ്പം സംസാരിക്കുകയും അവരുമായി സ്നേഹം കൈമാറിയുമിരുന്ന ഒട്ടേറെ സ്ത്രീകളുണ്ടായിരുന്നു. അയൽപക്കക്കാരായ സ്ത്രീകളുടെ വലിയ കൂട്ടായ്മ അമ്മയ്ക്കൊപ്പം എപ്പോഴും ഉണ്ടാവുമായിരുന്നു. അവരുടെ സ്നേഹത്തിന്റെ കൊടുക്കൽവാങ്ങൽ കണ്ടാണ് ഞാൻ വളർന്നത്. ഇത്തരം മനുഷ്യരുടെ ഇടയിൽ കഴിയാനായിരുന്നു അമ്മയ്ക്കിഷ്ടം. മാഹിമിൽ താമസിക്കുമ്പോഴും ഇപ്പോൾ ഇവിടെ സിംല ഹൗസിൽ താമസിക്കുമ്പോഴും അമ്മ വീടിന്റെ വാതിൽ തുറന്നിടും. സ്നേഹത്തിന്റെ പ്രവാഹം വീട്ടിലേക്ക് ഒഴുകിയെത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്തെങ്കിലുമൊക്കെയായി ആളുകൾ സദാ വന്നുംപോയുമിരിക്കും... അമ്മ എനിക്കൊപ്പം അമേരിക്കയിൽ വന്നപ്പോൾ വല്ലാതെ അസ്വസ്ഥയായി. അവിടെ സംസാരിക്കാനാളില്ല. അയൽക്കാർ അവരുടെ ലോകത്തായിരുന്നു എപ്പോഴും. അമ്മയുടെ ലോകം കൊട്ടിയടയ്ക്കപ്പെട്ടതുപോലെതോന്നി. എല്ലാവരും അവനവന്റെ ലോകത്താണല്ലോ. ഒറ്റയ്ക്കൊറ്റയ്ക്കുമാണല്ലോ. ഞാൻപോലും അവിടത്തെ രീതികളുമായിട്ടാണ് ജീവിക്കുന്നത്. അവനവന്റെ മുറികളിൽ. അവനവന്റെ ലോകത്ത്. അമ്മയ്ക്കതു വലിയ വിഷമമായിരുന്നു. തീരെ പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. സാമൂഹികബന്ധത്തിന്റെ സഹജമായ വാതിലുകൾ കൊട്ടിയടയ്ക്കുന്നത് അമ്മയ്ക്ക് ഒരിക്കലും സമ്മതമായിരുന്നില്ല. സ്നേഹത്തിന്റെയും കരുതലിന്റെയുമെല്ലാം തുടർച്ചയായിരുന്നു അമ്മ. അതുകൊണ്ടാണ് അമേരിക്കൻ ജീവിതത്തിന്റെ ശ്വാസംമുട്ടലിൽനിന്ന് വേഗം സ്വാതന്ത്ര്യംനേടി അമ്മ മുംബൈയിൽ എത്തിയത്.

പിതാവ് അല്ലാരഖയെ എങ്ങനെ വിലയിരുത്തുന്നു, താങ്കൾ

സാക്കിര്‍ ഹുസൈനും പിതാവ് ഉസ്താദ് അല്ലാരഖയും

= കൈക്കുഞ്ഞായ എന്നെ  കൈകളിലേക്ക് കൈമാറിയപ്പോൾ  ചേർത്തെടുത്ത് അബ്ബാജി ആദ്യമായി എന്റെ കാതിൽ ഉരുവിട്ടത് ആത്മീയമന്ത്രങ്ങളായിരുന്നില്ല; തബലയുടെ ബോലുകൾ ആയിരുന്നു. എന്റെ കലാപഠനത്തിന് അന്നുമുതൽ തുടക്കംകുറിച്ചു. ഞാൻ എപ്പോഴും അദ്ദേഹവുമായി വളരെ അടുപ്പത്തിലായിരുന്നു. എല്ലാ ദിവസവും രാത്രി അബ്ബാജി വീട്ടിലെത്തുന്നതുവരെ ഞാൻ ഉണർന്നിരിക്കുമായിരുന്നു. അതിനുശേഷമാണ് ഉറങ്ങാറ്. അബ്ബാജി  കുട്ടികളെ പഠിപ്പിക്കുന്നതിനാൽ വീട്ടിൽനിറയെ താളവും ശബ്ദവുമായിരുന്നു, എപ്പോഴും.  മൂന്നോ നാലോ വയസ്സായപ്പോഴേക്കും ഞാൻ സ്വരങ്ങളും പാറ്റേണുകളും തിരിച്ചറിയാൻതുടങ്ങി. എന്നോട് താളത്തെക്കുറിച്ച് സംസാരിക്കുകയും പാറ്റേണുകൾ പാടുകയും അവ വീണ്ടും പാടുകയും അക്കാലത്തെ പഴയഗുരുക്കന്മാരെയും മികച്ച സംഗീതജ്ഞരെയുംകുറിച്ച് സംസാരിക്കുകയും ചെയ്യും. ആ നിമിഷങ്ങളിലെ ആനന്ദം എനിക്ക് വിശദീകരിക്കാൻ കഴിയുന്നില്ല. ദിവസം മുഴുവൻ ഞാൻ പരിശീലനത്തിൽ ഏർപ്പെട്ടു.

എന്റെ അബ്ബാജി വിദ്യാർഥികളുമായും സംഗീതജ്ഞരുമായും സംവദിക്കുന്നതും അദ്ദേഹത്തിന് ലഭിക്കുന്ന പ്രശംസയും ഞാൻ കണ്ടു. ഏഴുവയസ്സായപ്പോഴേക്കും ഞാൻ സ്‌കൂൾ കച്ചേരികളിൽ പങ്കെടുത്തുതുടങ്ങി. അന്നുമുതൽ തബലയും താളവും സംഗീതവുമൊഴികെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ അദ്ദേഹം എനിക്കവസരം തന്നിട്ടില്ല. 12-ാം വയസ്സിൽ അദ്ദേഹത്തോടൊപ്പവും അല്ലാതെയും   കച്ചേരികൾ നടത്താൻ എന്നെ അയച്ചു. 19-ാം വയസ്സിൽ, രവിശങ്കറിനൊപ്പം ന്യൂയോർക്കിൽ പരിപാടി അവതരിപ്പിക്കാൻ അദ്ദേഹത്തിനു പകരക്കാരനായി എന്നെ പറഞ്ഞുവിട്ടു. എന്റെ ജീവിതം എന്നേക്കുമായി മാറിമറിഞ്ഞത് അങ്ങനെയാണ്. എന്റെ പിതാവ് ഒരിക്കൽ എന്നോട് പറഞ്ഞു:  ‘‘യജമാനനാകാൻ ശ്രമിക്കരുത്. നല്ല വിദ്യാർഥിയാകുക’’. മുമ്പ് ജുഗൽബന്ദിയിൽ ഏർപ്പെടാത്ത സംഗീതജ്ഞരോടൊപ്പം തബലവായിക്കുമ്പോഴെല്ലാം ഞാൻ പുതിയ എന്തെങ്കിലും പഠിക്കുന്നു. ഒരു അനുധാവനവാദ്യം മാത്രമായിരുന്ന തബലയെ നിലയും വിലയുമുള്ള ഒരു സ്വതന്ത്രവാദ്യമാക്കി ഉയർത്തിയതിൽ അബ്ബാജിയും ഉസ്താദ് അഹമ്മദ് ജാൻ തിരക്വയും അടങ്ങുന്ന തലമുറയ്ക്ക് വലിയൊരുപങ്കുണ്ട്. അതിന്റെ നൈരന്തര്യത്തിൽ കണ്ണിയാവുകയാണ് ഞാൻ ഇന്നും ചെയ്യുന്നത്.

തബല എന്ന വാദ്യോപകരണത്തെ പാശ്ചാത്യലോകം എങ്ങനെയാണ് കാണുന്നത്

= പാശ്ചാത്യലോകം ഏറെ ആവേശത്തോടെയും സ്നേഹത്തോടെയുമാണ്  തബലയെ കാണുന്നത്. ഇംഗ്ലീഷ് ഗിത്താറിസ്റ്റായ ജോൺ മാക്‌ലോഗ്ലിനും ഞാനും ചേർന്നാണ് കിഴക്ക് പടിഞ്ഞാറുമായി സംഗമിക്കുന്ന ‘ശക്തി’ രൂപപ്പെടുത്തിയത്. സംഗമസംഗീതരംഗത്ത്  അതൊരു വലിയ കലാമുദ്രയായിമാറി. ശക്തിയുടെ അമ്പതാം വാർഷികമാണിത്. ശക്തി, ലോകം മുഴുവൻ യാത്രചെയ്യുകയാണിപ്പോൾ. മിക്കി ഹാർട്ട്, ജോൺ ഹാർഡി, ജോർജ്‌ ഹാരിസൺ എന്നിങ്ങനെ എത്രയോ 
പ്രശസ്തർ തബലയുമൊത്ത് വേദിപങ്കിട്ടു.

കേരളം എങ്ങനെയാണ് അങ്ങയെ ആകർഷിച്ചത്

= കേരളം ചിരിയും കണ്ണീരുംപുരണ്ട ഓർമയാണെനിക്ക്. ഷാജി എൻ. കരുണിന്റെ വാനപ്രസ്ഥത്തിന് സംഗീതംകൊടുക്കാനായത് മറക്കാനാവാത്ത ഒരു അനുഭവമാണ്. കഥകളിയെ ആസ്പദമാക്കി നിർമിച്ച ആ പ്രോജക്ടിൽ ലെജൻഡുകളുടെ വലിയ ഒരു നിരതന്നെ ഉണ്ടായിരുന്നു. മറ്റൊന്ന്  കോഴിക്കോട്ടെ  മലബാർ മഹോത്സവമാണ്. താളത്തെയും തബലയെയും ഗസലുകളെയും ഹിന്ദുസ്ഥാനി സംഗീതത്തെയും ഭ്രാന്തമായി സ്നേഹിക്കുന്ന കലാസ്വാദകരുടെ ഒരു വലിയകൂട്ടായ്മ അന്ന് കോഴിക്കോട് കടൽത്തീരത്ത് ഒത്തുകൂടിയത് ഞാനോർക്കുന്നു. എത്രവായിച്ചാലും നമുക്ക് മതിയാവില്ല. എത്രകേട്ടാലും ആസ്വാദകർക്കും മതിവരില്ല. ദുഃഖകരമായ സംഭവം നടന്നതും കോഴിക്കോട്ട് മലബാർ മഹോത്സവത്തിൽ  പങ്കെടുത്തുകൊണ്ടിരിക്കെത്തന്നെയായിരുന്നു -അബ്ബാജിയുടെ മരണം. എന്റെ ജീവിതത്തിലെ ഗുരുവും വഴികാട്ടിയും സ്നേഹിതനും അവസാനവാക്കും അദ്ദേഹമായിരുന്നു. എനിക്ക്‌ കേരളം കണ്ണീരും ചിരിയും പുരണ്ട ഓർമയാണെന്ന് പറഞ്ഞത് അതാണ്.

അഞ്ചുവർഷംമുമ്പാണ് ഞാൻ കേളിയുടെ 25-ാം വാർഷികത്തിന് പ്രാചീനമായ പെരുവനം ഗ്രാമം സന്ദർശിച്ചത്. താളകലയായ മേളത്തിന് ഏറെ പ്രാധാന്യമുള്ള ഗ്രാമമാണത്. വിലമതിക്കാനാവാത്ത സ്നേഹമാണ് ആ ഗ്രാമവും ജനതയും എനിക്കും കുടുംബത്തിനും നൽകിയത്. പതിനായിരത്തോളംവരുന്ന ആസ്വാദകർ. താളവാദ്യകലയിലെ ഏറ്റവും മുതിർന്ന ഗുരുക്കന്മാർ. സ്വാഗതംചെയ്തത് ആ ഗ്രാമത്തിന്റെ മുഖമുദ്രയായ പാണ്ടിമേളത്തോടെയാണ്. പെരുവനം കുട്ടന്മാരാരും സംഘവുമാണ് ആ മേളം എനിക്ക് സമ്മാനിച്ചത്. ചെണ്ടയുമൊത്തുള്ള പുതിയ ഒരു താളസംഗമത്തിനും അത് വേദിയായി. നാലുനാലര മണിക്കൂർനീണ്ട സംഗീതപരിപാടിയും ആ ഗ്രാമത്തിന്റെ സ്നേഹവും  ജീവിതത്തിലെത്തന്നെ മറക്കാനാവാത്ത അനുഭവമാണ്. കേരളം അത്രമേൽ എന്റെ ഹൃദയത്തിലുണ്ട്. 

 ആധുനിക ഉപകരണസംഗീത പെരുമഴയിൽ  തബലയുടെ സ്ഥാനം എന്താണ്

= തബല എല്ലാ വാദ്യങ്ങളുമായും എല്ലാ സംസ്കൃതികളുമായും ഇണങ്ങിച്ചേരും. ഏതു താളത്തെയും സ്വാംശീകരിക്കും. ഓരോ വാദ്യവുമായി ചേരുമ്പോഴും വ്യത്യസ്തമായ അനുഭവമാണ് അത് സമ്മാനിക്കുന്നത്.

 ചെണ്ടയെയും തബലയെയും  താരതമ്യംചെയ്യുമ്പോൾ...

= ചെണ്ടയ്ക്ക് ശക്തമായ ഒരു താളപദ്ധതിയുണ്ട്. ആരെയും ആകർഷിക്കാൻപോരുന്ന ദ്രുതചലനങ്ങളുണ്ട്. തായമ്പകയിൽ കണ്ടിട്ടില്ലേ, ഒരുപാട് ‘ഫിനാലെ’കളുണ്ട് അതിൽ. ഫിനാലെകളുടെ ആവേശഭരിതമായ ഒരു പരമ്പരതന്നെ അത് കാഴ്ചവെക്കുന്നു. മുംബൈ നഗരത്തിൽ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കൊപ്പം കേളി താളസംഗീതോത്സവത്തിൽ ചെണ്ടയും തബലയുമായി ഒരു സംഗമസംഗീതോത്സവം നടന്നു. അഞ്ചുവർഷംമുമ്പ് പെരുവനം ഗ്രാമത്തിൽനടന്ന പരിപാടിക്കുവേണ്ടി ചിട്ടപ്പെടുത്തിയതാണത്. അബ്ബാജിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് അമേരിക്കയിൽ നടത്തിയ സുദീർഘമായ സംഗീതയാത്രയിൽ മട്ടന്നൂരും സംഘവും എനിക്കൊപ്പമുണ്ടായിരുന്നു.  

പല്ലാവൂർ അപ്പുമാരാരെ എങ്ങനെയാണ് താങ്കൾ ഓർക്കുന്നത്

= ചെണ്ട കൈകാര്യംചെയ്യുമ്പോൾ അദ്ദേഹം സൗരയൂഥത്തിലെ ജ്വലിക്കുന്ന സൂര്യനെപ്പോലെ തോന്നിപ്പിക്കും. പ്രപഞ്ചം മുഴുവൻ ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമായി ആ സൂര്യനുചുറ്റും കറങ്ങുംപോലെയുള്ള ഒരു അനുഭവം. ആദ്യത്തെ ബീറ്റ് മുതൽ അതിദ്രുതഗതിയിൽ സമാപിക്കുന്ന ഫിനാലെവരെ കണ്ണിമവെട്ടാൻ അനുവദിക്കാത്ത താളാദ്‌ഭുതമാണ് പല്ലാവൂർ.

 താങ്കളുടെ ജീവിതത്തിലെ മതം എന്താണ്

= എനിക്ക്‌ മതം ഒരു ജീവിതരീതിയാണ്. സംഗീതം എനിക്ക് ജീവിതമാർഗവും. അതിനാൽ അതാണ് എന്റെ മതം. ഈ മതം ലോകത്തിലെ എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നു. അബ്ബാജി പറയാറുണ്ടായിരുന്നു: ‘‘ഞാൻ സരസ്വതീമാതാവിനെ ആരാധിക്കുന്ന ഒരാളാണ്. സരസ്വതിയെ സ്നേഹിക്കുന്നു. അതിനാൽ സരസ്വതി എന്നെ സ്നേഹിക്കുന്നു, അത്രയേയുള്ളൂ.’’ അയൽക്കാരനെ സ്നേഹിക്കുക എന്നാണ് എല്ലാ മതങ്ങളും പ്രസംഗിക്കുന്നത്. നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള ആളുകളോട് ദയയുള്ളവരാണെങ്കിൽ, നിങ്ങൾ നിങ്ങളുടെ മതം പാലിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. മാഹിമിലാണ് ഞാൻ വളർന്നത്. എനിക്കറിയാവുന്ന ഏറ്റവും മികച്ച തബലവാദകനായിരുന്നു അബ്ബാജി. അദ്ദേഹത്തിന്റെ അച്ചടക്കവും അർപ്പണബോധവും വളരെ പ്രചോദനാത്മകമായിരുന്നു. എന്റെ മാതാപിതാക്കൾ ഇസ്‌ലാം വിശ്വാസികളായിരുന്നു. എന്റെ പ്രഭാതപ്രാർഥനയ്ക്കും റിയാസിനുംശേഷം ഞാൻ മദ്രസയിൽപ്പോയി പ്രാർഥിക്കും. അവിടെനിന്ന്, ഞാൻ സെയ്‌ന്റ് മൈക്കിൾസ് സ്‌കൂളിലേക്കുപോകും, അതിനുമുമ്പ്  ചാപ്പലിൽ പോകും, എന്റെ സ്തുതിഗീതങ്ങൾ പറയും. വൈകുന്നേരം ഞാൻ ഒരു ക്ഷേത്രത്തിൽപ്പോയി വീട്ടിൽവന്ന് വീണ്ടും തബലപഠിക്കാറുണ്ടായിരുന്നു. ഞാൻ ഇങ്ങനെയൊക്കെ ചെയ്യുന്നത് ഒരു പുരോഹിതനോ മുല്ലയോ  തടഞ്ഞില്ല. ദൈവം എല്ലാ വീടുകളിലേക്കും എന്നെ സ്വാഗതംചെയ്യുകയും എല്ലായിടത്തും ഞാൻ അനുഗ്രഹിക്കപ്പെടുകയും ചെയ്തു. എന്നിൽ ഉൾക്കൊണ്ട ഈ ബഹുമതവിശ്വാസത്തോടെയാണ് ഞാൻ വളർന്നത്. ഐക്യം നമ്മുടെ ഉള്ളിലാണ് -നമ്മുടെ ആന്തരികസമാധാനത്തെ തടസ്സപ്പെടുത്താൻ പുറംലോകത്തെ അനുവദിക്കുമ്പോൾമാത്രമേ നമുക്ക് പരസ്പരം അകലം അനുഭവപ്പെടുകയുള്ളൂ.

സിനിമയുടെ മേഖല ഉപേക്ഷിച്ചോ

= തബലാവാദകനെന്നനിലയിലുള്ള  പ്രവർത്തനത്തിനുപുറമേ സിനിമയ്ക്കുവേണ്ടി സമയം ലഭിക്കുന്നില്ല. മന്റോ, മിസ്റ്റർ ആൻഡ് മിസിസ് അയ്യർ, വാനപ്രസ്ഥം എന്നിവയുൾപ്പെടെ കുറച്ചു  സിനിമകൾക്ക് സംഗീതംനൽകിയിട്ടുണ്ട്. ഹീറ്റ് ആൻഡ് ഡസ്റ്റ്, ദി പെർഫെക്റ്റ് മർഡർ, മിസ് ബ്യൂട്ടിസ് ചിൽഡ്രൻ, സാസ് എന്നീ കുറച്ചുചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.