മെലഡിയുടെ സുഗന്ധമുള്ള ഒരു പാട്ടായിരുന്നു ആ സുന്ദരി. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ ഒന്ന്; എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത 'കാർത്തിക'യിൽ യൂസഫലി കേച്ചരി ബാബുരാജ് കൂട്ടുകെട്ടിന് വേണ്ടി യേശുദാസ് പാടിയ 'പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ താമരമൊട്ടായിരുന്നു നീ...' ചെന്നൈ സ്വാമീസ് ലോഡ്ജിലെ മുറിയിലിരുന്ന് ഹാർമോണിയത്തിന്റെ കട്ടകളിലൂടെ ചടുലവേഗത്തിൽ വിരലോടിച്ച് ബാബുരാജ് ഈ ഗാനം ആദ്യം പാടിപ്പഠിപ്പിച്ചത് പ്രേംപ്രകാശിനെയാണ്.

To advertise here,

ആറു പതിറ്റാണ്ടോളം പഴക്കമുള്ള ഓർമ്മ. ജ്യേഷ്ഠൻ ജോസ് പ്രകാശിനെ പിന്തുടർന്ന് സിനിമയിൽ ഭാഗ്യപരീക്ഷണത്തിനെത്തിയതായിരുന്നു പ്രേംപ്രകാശ്. പാട്ടുകാരനാകുകയാണ് ലക്ഷ്യം. 'സിനിമയിൽ പാടാനുള്ള എന്റെ മോഹമറിഞ്ഞു ജ്യേഷ്ഠൻ തന്നെയാണ് ചെന്നൈയിലേക്ക് ക്ഷണിച്ചത്. പ്രിയസുഹൃത്തായ ബാബുരാജിനെ പരിചയപ്പെടുത്തിയതും ചേട്ടൻ തന്നെ.''പ്രേംപ്രകാശ് ഓർക്കുന്നു. 'ആദ്യം രേവതി സ്റ്റുഡിയോയിൽ കൊണ്ടുപോയി ഒന്നുരണ്ട് പാട്ട് എന്നെ കൊണ്ട് മൈക്കിൽ പാടിച്ചുകേട്ടു ബാബുരാജ്. കൊള്ളാമെന്ന് തോന്നിയിരിക്കണം അദ്ദേഹത്തിന്. അങ്ങനെയാണ് സ്വാമീസ് ലോഡ്ജിൽ വെച്ച് കാർത്തികയിലെ പാട്ട് പഠിപ്പിച്ചത്.''

സ്ത്രീജീവിതത്തിന്റെ പരിണാമഘട്ടങ്ങൾ അടയാളപ്പെടുത്തുന്ന യൂസഫലിയുടെ ലളിതസുന്ദരമായ രചന;

'നീയാകും ഗാനത്തെ എന്തെല്ലാം രാഗത്തിൽ

പാടുന്നു പ്രകൃതീദേവി - പാടുന്നു പ്രകൃതീദേവി,

നീയാകും ചിത്രത്തെ എന്തെല്ലാം വർണ്ണത്തിൽ

എഴുതുന്നു വിശ്വൈക ശില്പി

പരിണാമ ചക്രം തിരിയുമ്പോൾ നീയിനി

പത്‌നിയായ് അമ്മയായ് അമ്മൂമ്മയായ് മാറും

മന്നിതിലൊടുവിൽ നീ മണ്ണായ് മറഞ്ഞാലും

മറയില്ല പാരിൽ നിൻ പാവനസ്നേഹം.'

കഴിയുന്നത്ര നന്നായിത്തന്നെ പ്രേംപ്രകാശ് പാടി. കേൾക്കാൻ ഇമ്പമുള്ള ഒരു പാട്ട് പാടി സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടായിരുന്നു. പക്ഷേ റിക്കോർഡിംഗിന്റെ തലേന്ന് തെല്ലൊരു നിരാശയോടെ ബാബുരാജ് പുതുഗായകനോട് പറഞ്ഞു: 'ഈ പാട്ട് യേശുദാസ് പാടണമെന്ന് നിർമ്മാതാവിന് നിർബന്ധം. സാരമില്ല. തനിക്ക് വേറൊരു പാട്ട് പകരം ഞാൻ തരാം.'' വിഷമം തോന്നിയെന്നത് സത്യം. അളവറ്റ് പ്രതീക്ഷിച്ചുപോയതല്ലേ? എന്നാൽ പാടുന്നത് ഇഷ്ടഗായകൻ യേശുദാസ് ആയതിനാൽ പരിഭവിക്കേണ്ട കാര്യമുണ്ടായിരുന്നില്ല.

പാട്ട് കൈവിട്ടുപോയെങ്കിലും ഒരു കാര്യത്തിൽ സന്തോഷവും അഭിമാനവുമുണ്ട് പ്രേംപ്രകാശിന്. 'പാവാടപ്രായത്തിൽ'' സ്വന്തം നാട്ടുകാർ ആദ്യം കേട്ടതും ആസ്വദിച്ചതും തന്റെ ശബ്ദത്തിലായിരുന്നു എന്നതിൽ. 'കാർത്തികയുടെ ഗ്രാമഫോൺ റെക്കോർഡ് പുറത്തിറങ്ങും മുൻപ് തന്നെ കോട്ടയം തിരുനക്കര മൈതാനത്ത് ഒരു ഗാനമേളയിൽ ഞാൻ ആ പാട്ട് പാടി. നന്നായി പഠിച്ചിരുന്ന പാട്ടായതുകൊണ്ട് ഓർത്തെടുക്കാൻ പ്രയാസം തോന്നിയില്ല. കേട്ടിരുന്നവർക്ക് അത്ഭുതമായിരുന്നു. കൊള്ളാമല്ലോ, ഇതേത് പാട്ട്? പലരും ചോദിച്ചു. കുറച്ചുകാലം കൂടി കഴിഞ്ഞാണ് യേശുദാസ് പാടിയ ഗാനം ഡിസ്‌ക്കായി പുറത്തുവന്നതും മലയാളികൾ അതേറ്റുപാടിയതും.''

'കാർത്തിക'യിലെ നഷ്ടഗാനത്തിന് പകരം മറ്റൊരു ഗാനം പാടാൻ യുവഗായകനു അവസരം നൽകി ബാബുരാജ്,  

'കാർത്തികനക്ഷത്രത്തെ പുണരുവാൻ എന്തിന് പുൽക്കൊടി വെറുതെ മോഹിച്ചു' എന്ന് തുടങ്ങുന്ന അശരീരിപ്പാട്ട്. ആ നാളുകളിൽ തന്നെയാണ് ‘ഓളവും തീരവും' എന്ന സിനിമക്ക് വേണ്ടി ഒരു സോളോ ഗാനം പ്രേംപ്രകാശിനെ കൊണ്ട് ബാബുരാജ് പാടിച്ചതും. ഭാസ്‌കരൻ മാസ്റ്ററുടെ രചന. പാട്ടിന്റെ തുടക്കം ഗായകൻ മറന്നിട്ടില്ല.  കന്യകാപ്രായത്തിൽ വീടുവിട്ടിറങ്ങിയ കണ്ണാടിയാറേ കാട്ടാറേ... 'നല്ല ട്യൂൺ ആയിരുന്നു. അസാധ്യവരികളും. പക്ഷേ എന്തുകൊണ്ടോ ആ പാട്ട് റെക്കോർഡ് ചെയ്യപ്പെട്ടില്ല. പുറത്തുവന്നിരുന്നെങ്കിൽ അത് ഹിറ്റായേനെ എന്ന് തോന്നാറുണ്ട്. ഭാസ്‌കരൻ മാസ്റ്ററുടെ കൈപ്പടയിലുള്ള അതിന്റെ ലിറിക്‌സ് ഞാൻ ''

പിന്നണി ഗായകനായി തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും പിൽക്കാലത്ത് നടനായും നിർമ്മാതാവുമായുമൊക്കെ മലയാളസിനിമയിൽ സജീവ സാന്നിധ്യമായി പ്രേംപ്രകാശ്.

ഏത് രാത്രിയും എത്ര വൈകിയാലും റഫിയുടെ അല്ലെങ്കിൽ തലത്തിന്റെ ഒരു അപൂർവഗാനവുമായി ഫോണിനപ്പുറത്ത് പ്രത്യക്ഷപ്പെടാം പ്രേംജി എന്ന പ്രേംപ്രകാശ്. സംഗീതമാണ് എന്നേയും പ്രേംജിയേയും കൂട്ടിയിണക്കുന്ന കണ്ണി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ഏതോ 'പാട്ടെഴുത്ത്' ലേഖനം വായിച്ചതിന്റെ ആവേശത്തിലാണ് പ്രേംപ്രകാശ് ആദ്യം വിളിച്ചത്. എങ്ങനെ വേണമെങ്കിലും പരിചയപ്പെടുത്താമായിരുന്നു അദ്ദേഹത്തിന്; മലയാളികളുടെ ഒരു തലമുറയെ മുഴുവൻ തോക്കു ചൂണ്ടി വിരട്ടിയ ജോസ് പ്രകാശിന്റെ അനിയൻ, പെരുവഴിയമ്പലവും കൂടെവിടെയും ആകാശദൂതും പോലുള്ള ചിത്രങ്ങളുടെ പ്രൊഡ്യൂസർ, തിരക്കഥയിലെ താരങ്ങളായ ബോബിയുടേയും സഞ്ജയിന്റെയും അച്ഛൻ, കഴിവുറ്റ നടൻ, സംഘാടകൻ...

പക്ഷേ പ്രേംജി പറഞ്ഞത് ഇത്രമാത്രം: ' ഞാൻ പ്രേംപ്രകാശ്. നിങ്ങളെപ്പോലെ പാട്ട് തലയ്ക്കു പിടിച്ച ഒരുത്തൻ. പാട്ടുകാരനാകാൻ മോഹിച്ച് മറ്റെന്തൊക്കെയോ ആയിത്തീർന്നയാൾ.'

തീർന്നു. ഫോണിന്റെ മറുതലയ്ക്കൽ പിന്നീട് കേട്ടത് ഒരു പാട്ടിന്റെ പല്ലവിയാണ്: 'സീനേ മേ സുലഗ്‌തേ യേ അർമാൻ, ആംഖോം മേ ഉദാസീ ഛായീ ഹേ...' തരാനാ എന്ന ചിത്രത്തിൽ അനിൽ ബിശ്വാസ് ഈണമിട്ട് തലത്ത് മഹമൂദും ലതാ മങ്കേഷ്‌കറും ചേർന്ന് പാടിയ പാട്ട്. അടുത്ത വരികളുടെ ഈണം മൂളി ഞാനും ഒപ്പം ചേർന്നപ്പോൾ, അദ്ദേഹം പറഞ്ഞു: 'കൊള്ളാം. എനിക്ക് പറ്റിയ ആൾ തന്നെ.' സുദീർഘമായ ഒരു സൗഹൃദത്തിന്റെ തുടക്കം.