റഫിയുമായി ആദ്യമായും അവസാനമായും വേദി പങ്കിട്ടത് പതിനാറ് വയതിനിലെ എന്ന സിനിമയിലെ സെന്തൂരപ്പൂവേ എന്ന ഗാനത്തിന്റെ പേരിലുള്ള ദേശീയ അവാർഡ് ഏറ്റുവാങ്ങാൻ ഡൽഹിയിൽ ചെന്നപ്പോഴാണ്.

ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു ഹൃദയം. കൂടെ പാടുന്നത് ചില്ലറക്കാരനല്ലല്ലോ; സാക്ഷാൽ മുഹമ്മദ് റഫി. "ഏതോ സ്വപ്നലോകത്ത് വന്നുപെട്ട പ്രതീതിയായിരുന്നു അപ്പോൾ "- എസ് ജാനകിയുടെ ഓർമ്മ. "റഫി സാഹിബ് എന്ന മഹാഗായകനുമായി ഒരുമിച്ചു നിന്ന് യുഗ്മഗാനം പാടാൻ ഭാഗ്യമുണ്ടാകുമെന്ന് നമ്മൾ സങ്കല്പിക്കുന്നു പോലുമില്ലല്ലോ.."
എൻ.ടി. രാമറാവു സംവിധാനം ചെയ്ത തല്ലപെല്ലാമ (1969) എന്ന തെലുങ്ക് ചിത്രത്തിൽ പാടാൻ ചെന്നൈയിൽ വന്നപ്പോഴാണ് ആരാധനാപുരുഷനായ റഫിയെ ജാനകി ആദ്യമായി നേരിൽ കണ്ടത്. ടി.വി. രാജുവിന്റെ സംഗീതത്തിൽ നുവ്വു നവ്വു തുന്നാവു എന്നൊരു യുഗ്മഗാനം ആ ചിത്രത്തിന് വേണ്ടി ഒരുമിച്ചു പാടി റഫിയും ജാനകിയും; അത് കഴിഞ്ഞു 1975 ൽ ആരാധന എന്ന സിനിമക്ക് വേണ്ടി എസ്. ഹനുമന്തറാവുവിന്റെ സംഗീതത്തിൽ നേഡേ തെലിസിന്തി എന്ന പാട്ടും.
"പാട്ടുകൾ പാടിത്തീർത്ത ശേഷം മുന്നിൽ വന്നുനിന്ന്, തെറ്റ് വല്ലതും പറ്റിപ്പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണേ എന്ന് നിഷ്കളങ്കനായ കുട്ടിയെപോലെ പറഞ്ഞു കൈ കൂപ്പുന്ന റഫിയുടെ രൂപം മറക്കാനാവില്ല."-- ജാനകിയുടെ വാക്കുകൾ. "വല്ല അഹങ്കാരവും നമ്മുടെ ഉള്ളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അതെല്ലാം ഉരുകി ഒലിച്ചു പോകും ആ വിനയത്തിനു മുന്നിൽ. നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം പിറക്കുന്ന അത്ഭുത പ്രതിഭാസമായിരുന്നു റഫി സാഹിബ്. ജീവിച്ചിരുന്ന കാലത്ത് നാം അദ്ദേഹത്തെ വേണ്ട വിധത്തിൽ ആദരിച്ചുവോ എന്ന് സംശയം. വെറുമൊരു പത്മശ്രീയിൽ ഒതുക്കാവുന്നതാണോ റഫിയോടുള്ള ഈ നാടിന്റെ കടപ്പാട് ?''
മുഹമ്മദ് റഫി ആയിരുന്നു എക്കാലവും ജാനകിയുടെ മാതൃകാപുരുഷൻ. ഒരിക്കലെങ്കിലും അദ്ദേഹത്തെ നേരിൽ കാണാൻ കൊതിച്ചിട്ടുണ്ട് കുട്ടിക്കാലത്ത്. "കാണാൻ മാത്രമല്ല അദ്ദേഹത്തോടൊപ്പം ഒരേ മൈക്കിനു മുന്നിൽ നിന്ന് പാടാനും ഈശ്വരൻ എനിക്ക് അവസരം തന്നു. ആദ്യം അദ്ദേഹത്തോടൊപ്പം ഒരു പാട്ടിൽ പങ്കാളിയായത് 1960 ലാണ്. ശിവാജിയും എൻ.ടി.ആറും പദ്മിനിയും അഭിനയിച്ച തമിഴിലെ സമ്പൂർണ രാമായണത്തിന്റെ ഹിന്ദി പതിപ്പിൽ. പക്ഷേ അന്ന് റഫിയെ നേരിൽ കാണാൻ ഭാഗ്യമുണ്ടായില്ല. എന്റെ ഭാഗം ചെന്നൈയിൽ ഭരണി സ്റ്റുഡിയോയിലാണ് റെക്കോർഡ് ചെയ്തത്. അദ്ദേഹത്തിന്റേത് മുംബൈയിൽ വെച്ചും. ഇന്നത്തെ പോലെ പഞ്ചിംഗ് ഒന്നും ഇല്ല അക്കാലത്ത്. ഏച്ചുകൂട്ടൽ -- ജോയിനിംഗ്-- മാത്രം. എങ്കിലും ആ പാട്ട് കേൾക്കുമ്പോൾ ഒരുമിച്ചു നിന്ന് പാടിയതല്ലെന്നു ആരും പറയില്ല. അന്നത്തെ സൗണ്ട് എൻജിനീയർമാരുടെ മിടുക്ക്.''
റഫിയുമായി ആദ്യമായും അവസാനമായും വേദി പങ്കിട്ടത് പതിനാറ് വയതിനിലെ എന്ന സിനിമയിലെ സെന്തൂരപ്പൂവേ എന്ന ഗാനത്തിന്റെ പേരിലുള്ള ദേശീയ അവാർഡ് ഏറ്റുവാങ്ങാൻ ഡൽഹിയിൽ ചെന്നപ്പോഴാണ്. ആ വർഷത്തെ മികച്ച ഗായകനുള്ള പുരസ്കാരം റഫിക്കായിരുന്നു -- ക്യാ ഹുവാ തേരാ വാദാ എന്ന പാട്ടിന്. "ജീവിതത്തിലെ ഏറ്റവും ധന്യമുഹൂർത്തങ്ങളിൽ ഒന്നായിരുന്നു അത്. ദൈവം കനിഞ്ഞുനൽകിയ സൗഭാഗ്യം." -- ജാനകി പറഞ്ഞു.
എന്തുകൊണ്ട് ഹിന്ദിയിൽ കൂടുതൽ പാട്ടുകൾ പാടിയില്ല എന്ന് ചോദിച്ചിട്ടുണ്ട് റഫി ഉൾപ്പെടെ പലരും. ആ വഴിക്ക് ചിന്തിച്ചില്ല എന്നായിരുന്നു ജാനകിയുടെ ഉത്തരം. തെന്നിന്ത്യൻ ഭാഷകളിൽ ശ്വാസം വിടാൻ പോലുമാകാത്ത തിരക്കായിരുന്നു അക്കാലത്ത്. പിന്നീട് 1980 കളോടെ ഹിന്ദിയിൽ സജീവമായി തുടങ്ങിയപ്പോഴേക്കും ഹിന്ദി ചലച്ചിത്ര ഗാനങ്ങളുടെ സുവർണ കാലം അസ്തമിച്ചു തുടങ്ങിയിരുന്നു. നൗഷാദിനും മദൻ മോഹനും ശങ്കർ ജയകിഷനും ഒന്നും വേണ്ടി പാടാനായില്ല എന്നത് വലിയൊരു നഷ്ടബോധമായി മനസ്സിലുണ്ട്.
എന്നാൽ പ്രിയ സംഗീത സംവിധായകനായ ഓംകാർ പ്രസാദ് നയ്യാറിനു വേണ്ടി തെലുങ്കിൽ പാടാൻ അവസരം ഉണ്ടായി ഒരിക്കൽ. നീരാജനം എന്ന ചിത്രത്തിലെ ഗല്ലു ഗല്ലുന എന്ന ഗാനം ഒരൊറ്റ ടേക്കിൽ ഓക്കേ ആക്കിയ ഗായികയോട് റെക്കോർഡിംഗിന് ശേഷം നയ്യാർ പറഞ്ഞു: "ഏറെ വൈകിപ്പോയി നമ്മുടെ കൂടിക്കാഴ്ച. നഷ്ടം എനിക്ക് തന്നെ. നേരത്തെ കണ്ടുമുട്ടിയിരുന്നെങ്കിൽ എന്റെ എത്രയോ പാട്ടുകൾ നിങ്ങളെക്കൊണ്ട് പാടിച്ചേനെ ...'' എങ്ങനെ നന്ദി പറയണം എന്നറിയാതെ നിറകണ്ണുകളോടെ തരിച്ചു നിന്നു ജാനകി.
മികച്ച പിന്നണി ഗായികക്കുള്ള 1994ലെ ആന്ധ്ര അവാർഡ് ജാനകിക്ക് നേടിക്കൊടുത്ത ഒരു ഗാനമുണ്ട് ഭൈരവ ദ്വീപം എന്ന ചിത്രത്തിൽ: മാധവപെഡ്ഡി സുരേഷ് ഈണം പകർന്ന "നരുടാ ഓ നരുടാ.'' പടം ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്തപ്പോൾ ഈ ഗാനം പാടാൻ നിയോഗിക്കപ്പെട്ടത് ആശ ഭോസ്ലെ ആയിരുന്നു. പക്ഷേ ജാനകിയുടെ പാട്ട് കേട്ടപ്പോൾ ആശയ്ക്ക് സംശയം -- ഇത് തനിക്ക് പാടി ഫലിപ്പിക്കാൻ ആകുമോ എന്ന്. ആശ പിന്മാറിയതോടെ ജാനകി തന്നെ ഹിന്ദി പതിപ്പിലും പാടേണ്ടി വന്നു എന്നതാണ് കഥയുടെ രത്നച്ചുരുക്കം.
ഹിന്ദിയിൽ പാടിയാലേ ദേശീയ ഗായികയായി അംഗീകരിക്കപ്പെടൂ എന്ന അവസ്ഥയായിരുന്നു അന്നും. ദേശീയ അവാർഡ് എത്ര തവണ ലഭിച്ചാലും ഫിലിം ഫെയർ അവാർഡോളം എത്തില്ല അവിടെ. ഹിന്ദിയിലെ മൂന്നാംകിട ഗായകർക്കും സംഗീത സംവിധായകർക്കുംവരെ ലഭിച്ചുകഴിഞ്ഞ പത്മ ബഹുമതി എം.എസ്. വിശ്വനാഥനെ പോലൊരു ജീനിയസ്സിനെ തേടി വരാഞ്ഞത് അദ്ദേഹം തെക്കേ ഇന്ത്യയിൽ ജനിച്ചു പോയി എന്നത് കൊണ്ട് മാത്രമല്ലേ എന്നാണ് ജാനകിയുടെ ചോദ്യം. ഏറെ വൈകി തന്നെ തേടിയെത്തിയ പത്മഭൂഷൺ ജാനകിയമ്മ നിരസിച്ചത് വാർത്തയായിരുന്നു.
"ഹിന്ദിയിൽ കൂടുതൽ പാടാത്തതിൽ ദുഖമൊന്നുമില്ല. പാടിയിരുന്നെങ്കിൽ മലയാളത്തിൽ ഞാൻ പാടിയ എത്രയോ ഗാനങ്ങൾ എനിക്ക് നഷ്ടപ്പെട്ടേനെ. നൗഷാദിന്റെയും മദൻമോഹന്റെയുമൊക്കെ സൃഷ്ടികളോട് തുലനം ചെയ്യാവുന്ന പാട്ടുകളാണ് ബാബുരാജും ദക്ഷിണാമൂർത്തിയും ഉൾപ്പെടെയുള്ള സംഗീത സംവിധായകർ ഇവിടെ എനിക്ക് വേണ്ടി കാത്തു വെച്ചത് . ആ ഗാനങ്ങളിൽ പൂർണ്ണസംതൃപ്തയാണ് ഞാൻ....'' ജാനകിയുടെ വാക്കുകൾ.
Content Highlights: Legendary playback singer S Janaki fondly recollected her priceless experiences of recording duet songs with her idol Mohammed Rafi, praising his unparalleled humility while reflecting on why she has no regrets about missing out on a full-time Bollywood career.
Published: 18 Jul 2026, 02:43 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented