
പാർശ്വവത്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിന്റെ കഥ പറഞ്ഞെത്തിയ ചിത്രമായിരുന്നു അനിൽ മുഖത്തല തിരക്കഥയെഴുതി അശോക് ആർ നാഥ് സംവിധാനം ചെയ്ത കാന്തി. സഹസ്രാര സിനിമയുടെ ബാനറിൽ സന്ദീപ് ആയിരുന്നു നിർമാണം. ഛായാഗ്രാഹണം സുനിൽ പ്രേം. ഇന്ത്യൻ ഇൻറർനാഷണൽ ഫെസ്റ്റിവൽ ഓഫ് ബോസ്റ്റൺ യു.എസ് 2020 ൽ മികച്ച ചിത്രമായി കാന്തി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ചിത്രത്തിലെ നീലമ്മ എന്ന ശക്തയായ കഥാപാത്രത്തെ അവതരിപ്പിച്ച ഷൈലജ.പി അമ്പു മികച്ച നടിയായും അന്താരാഷ്ട്ര വേദിയിൽ പേര് തെളിയിച്ചു.
കഴിഞ്ഞ ഇരുപത്തഞ്ചിലേറെ വർഷമായി നാടകത്തിനും നാടൻപാട്ടിനുമൊപ്പം കലയെ ഉപാസിച്ചാണ് ഷൈലജയുടെ പ്രയാണം. കലയെന്നാൽ ഉപജീവനം മാത്രമല്ലെന്നും സമൂഹത്തോടുള്ള പ്രതിബദ്ധതയാണെന്നുമാണ് ഷൈലജയുടെ പക്ഷം. അത്തരത്തിൽ സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്തമാണ് കാന്തി പൊലൊരു ചിത്രത്തിൽ നീലമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നതെന്ന് ഷൈലജ പറയുന്നു. പുരസ്കാര തിളക്കത്തിൽ തന്റെ കലാജീവിതത്തെക്കുറിച്ച് ഷൈലജ മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു
കാന്തി ഈ പുരസ്കാരം അർഹിക്കുന്നു, നീലമ്മ എന്റെ ഉത്തരവാദിത്തം
ഈ പുരസ്കാരം കിട്ടിയതിൽ ഒരുപാട് സന്തോഷം. കാരണം കാന്തി എന്ന സിനിമ അത് അർഹിക്കുന്നുണ്ട്. പാർശ്വവത്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിലെ ഒരു സ്ത്രീയുടെയും അവരുടെ അന്ധയായ കുട്ടിയുടെയും അതിജീവനത്തിന്റെ കഥയാണ് കാന്തി പറയുന്നത്. നീലമ്മ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. കാന്തി എന്ന ടൈറ്റിൽ റോളിലെത്തുന്നത് കൃഷ്ണശ്രീയാണ്. എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം എന്ന സാഹചര്യത്തിലാണ് ഓരോ സ്ത്രീയും ജീവിക്കുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ കണ്ണ് കാണാത്ത തന്റെ മകളെ എങ്ങനെ സംരക്ഷിക്കാം എന്ന ജീവിതവീക്ഷണവുമായാണ് നീലമ്മ എന്ന സ്ത്രീ ജീവിക്കുന്നത്. തിരുവനന്തപുരം മാനവീയം വീഥിയിൽ വച്ചാണ് ഞാനീ കഥ കേൾക്കുന്നത്. കഥ കേട്ടപ്പോൾ ഈ കഥാപാത്രം ചെയ്യുക എന്നുള്ളത് എന്റെ ഉത്തരവാദിത്തമായാണ് എനിക്ക് തോന്നിയത്. അത്രയും പ്രാധാന്യമുള്ള കഥാപാത്രമാണത്. മുഖ്യധാരയിലേക്ക് എത്തിപ്പെടാത്ത ആദിവാസി ജനത നേരിടുന്ന ചൂഷണങ്ങളും പ്രതിസന്ധികളും കാന്തിയിലൂടെ തുറന്നു കാണിക്കുന്നുണ്ട്.
എന്റെ കാഴ്ച്ചപ്പാടിൽ കല എന്നുള്ളത് സമൂഹത്തിൽ നിന്ന് മാറിനിൽക്കേണ്ട ഒന്നല്ല. സമൂഹത്തിന് വേണ്ടി എന്ത് ചെയ്യാനാകുമെന്നാണ് ഓരോ കലാകാരനും ശ്രദ്ധിക്കേണ്ടതും ശ്രമിക്കേണ്ടതും. സമൂഹത്തോട് നമുക്ക് ചില പ്രതിബദ്ധതയുണ്ട്. കലയാണ് അതിന് ഏറ്റവും നല്ല മാർഗം. കലയിലൂടെ പരിവർത്തനം വന്നൊരു സംസ്കാരം തന്നെ നമുക്കുണ്ട്. അതുകൊണ്ടാണ് കാന്തി ചെയ്യാൻ ഞാൻ തയ്യാറായതും. തിരുവനന്തപുരത്ത് ഉള്ള കാണി സമുദായക്കാരുടെ വീട്ടിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

സിനിമകളും മാനവീയം വീഥിയുടെ പ്രവർത്തനങ്ങളും
കമൽ സാറിന്റെ നടൻ എന്ന സിനിമയാണ് ഞാൻ ആദ്യം ചെയ്യുന്നത്. അവിടുന്നിങ്ങോട്ട് ചെറിയ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. രമേശൻ ഒരു പേരല്ല ആണ് മറ്റൊരു ചിത്രം. സൈജു കുറുപ്പ്, സുധീർ കരമന എന്നിവർക്കൊപ്പം ചെയ്ത ഉപചാരപൂർവം ഗുണ്ട ജയൻ ആണ് പുറത്തിറങ്ങാനിരിക്കുന്ന ഒരു ചിത്രം. മുഴുവൻ സമയ നാടകപ്രവർത്തകയായത് കൊണ്ട് തന്നെ പല സിനിമകളിൽ അവസരം വന്നപ്പോഴും നാടക റിഹേഴ്സലും മറ്റും കാരണം പോകാനായില്ല.
മാനവീയം വീഥിയുടെ തുടക്കം മുതൽ ഈയടുത്ത കാലം വരെയും സജീവ പ്രവർത്തകയായിരുന്നു. അതിന്റെ സെക്രട്ടറിയായും പ്രസിഡന്റായും നാടൻപാട്ട് കലാകാരിയായും നാടകക്കാരിയായുമെല്ലാം തിരക്കുകളിലായിരുന്നു. മാനവീയം വീഥി ഒരു തെരുവാണ്. അതിനെ ഒരു സാംസ്കാരിക ഇടനാഴിയായി മാറ്റുന്നതിനായി കൂടെ തന്നെയുണ്ടായിരുന്നു. മുഴുവൻ സമയ നാടകത്തിലേക്കെത്തുന്നത് 2000 ൽ അഭിനയ നാടക പഠന കേന്ദ്രത്തിലെത്തുന്നതോടെയാണ്. അതല്ലാതെ തെരുവു നാടകങ്ങളും മറ്റുമായി 94 മുതൽ ഈ രംഗത്തുണ്ട്. പാഷനെ പിന്തുടർന്നാണ് ഈ രംഗത്തെത്തുന്നത്. തെരുവു നാടകങ്ങളും മറ്റും ചെയ്യുമ്പോൾ സ്ത്രീകളാണ് ചെയ്യുന്നത് എന്നത് കൊണ്ട് ശ്രദ്ധിക്കപ്പെടും എന്നെല്ലാമുള്ള കമന്റുകൾ കേട്ടിട്ടുണ്ട് എന്നല്ലാതെ മറ്റൊരു ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടില്ല എൻറെ അനുഭവത്തിൽ. മാത്രമല്ല അങ്ങനെയുള്ള പലതും എന്നെ ബാധിക്കാറുമില്ല.

അലമേലുവിന്റെ അമ്മ
എനിക്കൊരു മകളാണുള്ളത്.. അലമേലു. എട്ടാം ക്ലാസിൽ പഠിക്കുന്നു. അവൾ എന്നോടൊപ്പം രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജുബിത് നമ്രടത്ത് സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ ആഭാസത്തിലും പിന്നെ രമേശൻ ഒരു പേരല്ല എന്ന ചിത്രത്തിലും. രണ്ടിലും എന്റെ മകളായി തന്നെയാണ് അവൾ വേഷമിട്ടത്. അവൾ നാടകം പഠിക്കുന്നുണ്ട്. അതുകൂടാതെ എന്നോടൊപ്പം നാടൻ പാട്ടിൽ സ്റ്റേജ് പെർഫോമൻസുകളും ചെയ്യുന്നുണ്ട്.
അന്യനാടുകളിൽ നാടകത്തിന് കിട്ടുന്ന പരിഗണന കേരളത്തിലില്ല
ഇനിയും നല്ല സിനിമകളുടെ ഭാഗമാകണം. അതോടൊപ്പം നാടകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമുണ്ട്. പക്ഷേ നമ്മുടെ നാട്ടിൽ നാടകത്തിന് ലഭിക്കുന്ന സ്പേസ് വളരെ കുറവാണ്. മറ്റു നാടുകളിൽ ചെന്നാൽ ഒരു സിനിമാക്കാരനും നാടകക്കാരനും വന്നാൽ ആദ്യം ഇരിക്കൂ സർ എന്ന് പറയുന്നത് നാടകക്കാരോടാകും. അത്രയ്ക്കും നാടകം അവിടെ ബഹുമാനിക്കപ്പെടുന്നുണ്ട്. ആ പരിഗണന കേരളത്തിലില്ല,. ഇത്രയധികം പാഷനായി കൊണ്ട് നടന്നിട്ട് അതിൽ നിന്ന് വേണ്ട വരുമാനമോ, നല്ല വേദികളോ ഇവിടെ ലഭിക്കാറില്ല. സിനിമയ്ക്കൊപ്പം തന്നെ നേരത്തെ പറഞ്ഞ പോലെ സമൂഹത്തിനായി എന്തെങ്കിലും ചെയ്യാൻ എന്റെ കല ഉപകരിക്കണം എന്നുണ്ട്. അതിനാകും ഇനിയുള്ള ശ്രമങ്ങളും.
Content Highlights :Shylaja P Ambu Interview Boston Film Festival Best Actress Kanthi Movie Directed by Ashok R Nath
Published: 27 Oct 2020, 11:47 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented