നല്ല സിനിമകൾക്കായി പ്രവർത്തിക്കണമെന്നാണ് കലാസംവിധായകനായ സന്തോഷ് രാമന്റെ ആഗ്രഹം. പ്രൊഫൈലിൽ ചേർക്കാൻ കുറേ സിനിമകളുടെ പേരുണ്ടായിട്ട് കാര്യമില്ല. പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന കുറച്ച് ചിത്രങ്ങളായാലും മതി. ഇതാണ് ദേശീയ, സംസ്ഥാന പുരസ്കാര ജേതാവായ സന്തോഷ് രാമന്റെ ആഗ്രഹം. നിവിൻപോളി നായകനാവുന്ന പുതിയ ചിത്രത്തിന്റെ കലാസംവിധായകനായാണ് സന്തോഷ് രാമൻ ഷാർജയിലെത്തിയത്. 'ഓരോ സിനിമയിൽ പ്രവർത്തിക്കുമ്പോഴും കൂടുതൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയിലെ സ്കൂൾ വിദ്യാർഥിയായ ഞാൻ മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസ് എന്ന ചിത്രത്തിലെത്തുമ്പോൾ കോളേജിലെത്തിയ അനുഭവമാണ് '- സന്തോഷ് രാമൻ പറയുന്നു.

To advertise here,

കാഴ്ചകൾ ഏകോപിപ്പിച്ചുകൊണ്ട് രണ്ടാമതൊരാളിലേക്ക് സന്നിവേശിപ്പിക്കുന്ന പ്രവൃത്തികളാണ് സിനിമയെ സംബന്ധിച്ച് കലാസംവിധായകനും ചെയ്യുന്നത്. അത്തരം കാഴ്ചകൾ ഏറ്റവും മനോഹരമായി എങ്ങിനെ പ്രേക്ഷകരിലെത്തിക്കാമെന്നു ഓരോ സിനിമയിലും സന്തോഷ് രാമൻ പരീക്ഷിക്കുന്നു. ചെലവുകുറച്ചുകൊണ്ട് ഏറ്റവും മനോഹരമായി എങ്ങനെ സിനിമയെടുക്കാമെന്ന ചിന്തയിലാണ് താനെന്ന് 55- ലേറെ സിനിമകൾക്കായി പ്രവർത്തിച്ച സന്തോഷ് പറയുന്നു.

സിനിമയുടെ കാഴ്ചഭംഗി പരമാവധി ''കളർഫുൾ' ആക്കുന്ന പ്രൊഡക്ഷൻ ഡിസൈനർ ജോലിയും ആസ്വദിക്കുകയാണ് ഈ കലാകാരൻ. ഓരോ സിനിമ ചെയ്യുമ്പോഴും കൃത്യമായി പഠിച്ചും അടുക്കും ചിട്ടയോടുംകൂടി പ്രവർത്തിക്കേണ്ടതുണ്ട്. പണമുണ്ടാക്കുക മാത്രമല്ല ലക്ഷ്യം, പണംതരുന്ന ആളുകളുടെ സംതൃപ്തികൂടിയാണ്. സിനിമകളിൽ കാലവും ദേശവും സമയവും ഇടങ്ങളും കൃത്യമായും ഭംഗിയായും അടയാളപ്പെടുത്തുകയെന്നതാണ് കലാസംവിധായകൻ എന്നനിലയിൽ ചെയ്യാനുള്ളത്. അതിനായി സിനിമയുടെ പിന്നിലുള്ള സംവിധായകൻ അടക്കമുള്ളവരോട് ചർച്ചചെയ്തുകൊണ്ട് ജോലിചെയ്യുകയാണ് വേണ്ടതെന്നും സന്തോഷ് രാമൻ പറഞ്ഞു. തലശ്ശേരി സ്വദേശിയായ സന്തോഷ് രാമന്റെ ഭാര്യയുടെ പേര് ഭവിത, മക്കൾ: അച്യുത് കൃഷ്ണ, നിവേദിത രാമൻ.