ഞാൻ അങ്ങയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാനുള്ള ഏറ്റവും വലിയ കാരണം, അത്,എന്റെ മരിച്ചു പോയ അമ്മയ്ക്ക് ഏറ്റവും ഇഷ്ടം ഉള്ള നടൻ അങ്ങ് ആയിരുന്നു എന്നതുതന്നെയാണ്...

മമ്മൂക്ക - സിനിമയെ സ്നേഹിക്കുന്ന, സിനിമ സ്വപ്നം കാണുന്ന, സിനിമയിൽ എന്തെങ്കിലും ആവണം എന്നാഗ്രഹിച്ചു മുന്നോട്ട് പോകുന്ന, ഏതൊരു സാധാരണ മനുഷ്യനും വഴികാട്ടിയാക്കാവുന്ന, കൃത്യമായ സിനിമ എന്ന ലക്ഷ്യബോധത്തിന്റെ, വളരെ വ്യക്തമായ സിനിമ സ്വപ്നങ്ങളുടെ, തെല്ലും മടുപ്പില്ലാത്ത അത്യധ്വാനത്തിന്റെ, ആത്മസംയമനത്തിന്റെ, സ്വയം ഉണ്ടാക്കിയെടുത്ത ജീവിത ചിട്ടകളുടെ കെടാത്ത പ്രതീക്ഷകളുടെ, പുതിയ പുതിയ കാര്യങ്ങൾ പഠിക്കുവാനും, ചുറ്റുമുള്ള എന്തിനെയും, ആരെയും കൂലങ്കഷമായി നീരീക്ഷിക്കുവാനും, പഠിക്കുവാനും, അങ്ങിനെ ഇന്നലത്തെ തന്നെക്കാൾ ഇന്നത്തെ താൻ ആയി update ചെയ്യാനും ഒക്കെ തയ്യാറാവുന്ന തുറന്ന മനസ്സോടെ ജീവിക്കുന്ന ഒരു കലാകാരൻ - അതാണ് നമ്മൾ മലയാളികളുടെ സ്വകാര്യ അഹങ്കാരവും, പരസ്യ അഭിമാനവുമായ സാക്ഷാൽ മമ്മൂട്ടി എന്ന നമ്മുടെയെല്ലാം പ്രിയപ്പെട്ട മമ്മൂക്ക...
പക്ഷെ മമ്മൂക്ക, എനിക്ക് നിങ്ങളോടുള്ള പ്രത്യേക ഇഷ്ടം അത് കൊണ്ടൊന്നുമല്ല. കാരണം, അതെല്ലാം ജീവിതവിജയം,
കരിയർ വിജയം ഒക്കെ ആഗ്രഹിക്കുന്ന ഏതൊരാളും ചെയ്യേണ്ട കാര്യങ്ങൾ തന്നെയാണ് താങ്കളും ചെയ്തുള്ളൂ... പക്ഷെ ഇതൊന്നുമല്ല ഞാൻ അങ്ങയെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം. ഞാൻ അങ്ങയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാനുള്ള ഏറ്റവും വലിയ കാരണം, അത്,എന്റെ മരിച്ചു പോയ അമ്മയ്ക്ക് ഏറ്റവും ഇഷ്ടം ഉള്ള നടൻ അങ്ങ് ആയിരുന്നു എന്നതുതന്നെയാണ്...
ഡിമെൻഷ്യ (പ്രായം കൊണ്ട് തലച്ചോറിലെ കോശങ്ങൾ നശിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന കടുത്ത മറവിരോഗം) എന്ന അസുഖം വന്നു അവസാന കാലത്ത്, ഓർമകൾ പൂർണമായി മറഞ്ഞു പോയ സമയത്തും, അമ്മ ഓർത്തുവച്ച, തിരിച്ചറിഞ്ഞ 2 പേരുകളും, മുഖങ്ങളും എന്റെയും, മമ്മൂട്ടി എന്ന മഹാനടന്റെയും മാത്രമാണ് എന്നത് തന്നെയാണ് എനിക്ക് അങ്ങയോടുള്ള ഏറ്റവും വലിയ ആത്മബന്ധം..
കുട്ടിക്കാലം മുതൽ സിനിമാ ഭ്രാന്തിയായ, അസ്സലായി, expressions & gestures സഹിതം കഥകൾ; അത് സിനിമക്കഥ ആയാലും, ശ്രീകൃഷ്ണ കഥകൾ ആയാലും, പറഞ്ഞു തരുവാൻ കഴിവുള്ള അമ്മ, എന്നിലെ ചിന്താശേഷിയെ, സ്വപ്നം കാണാനുള്ള കഴിവിനെ, എന്നിലെ എഴുത്തുകാരിയുടെ സാഹിത്യഭാവന വളർത്തുന്നതിൽ,എന്നിലെ കലാകാരിയെ വളർത്തുന്നതിൽ എല്ലാം വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് സാഭിമാനം പറയട്ടെ... എന്റെ അച്ഛനും അങ്ങനെ തന്നെ. അതുകൊണ്ടുതന്നെ എന്റെ കലാ-സാഹിത്യ രംഗത്തുള്ള ഓരോ നേട്ടങ്ങളും ഞാനെന്നും എന്റെ മാതാപിതാക്കൾക്ക് തന്നെ പൂർണമായും സമർപ്പിക്കുന്നു.
പറഞ്ഞുവന്നത്, കുട്ടിക്കാലത്ത് ഞാൻ സിനിമ കണ്ടു തുടങ്ങിയ സമയത്ത് അമ്മ എപ്പോഴും പറയുന്ന ഒരു പേരാണ് മമ്മൂട്ടി. അദേഹത്തിന്റെ ഓൺസ്ക്രീൻ ഗാംഭീര്യത, പുരുഷ സൗന്ദര്യം, അദ്ദേഹത്തിന്റെ ശബ്ദം, ഒരു നടൻ എന്ന നിലയിൽ ഓരോ വർഷവും അദ്ദേഹത്തിന്റെ അഭിനയം പോളിഷ്ഡ് ആവുന്നത്, പുരോഗമിക്കുന്നത് ഒക്കെ സന്തോഷത്തോടെ അമ്മ ശ്രദ്ധിച്ചു ഞങ്ങളോടൊക്കെ ചർച്ച ചെയ്യുമായിരുന്നു.
അവസാനം അമ്മ മരിക്കുന്നതിന് ഒരാഴ്ച മുൻപ്,മറവി കൂടി സംസാരം മറന്നു നിർത്തുന്നതിന്റെ തലേന്ന്, സീലിംഗിൽ കറങ്ങുന്ന ഫാൻ നോക്കി എന്നോട് പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു : "നമ്മുടെ മമ്മൂട്ടിയെ എന്റെ പിറന്നാളിന് ക്ഷണിച്ചുവോ?" എന്നാണ്...(ഞാൻ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത, വാട്ട്സാപ്പിൽ മാത്രം കുറച്ചു നാൾ സംസാരിച്ചിട്ടുള്ള ഒരാളെ, ഞാൻ എന്ത് പറഞ്ഞു എന്റെ അമ്മയുടെ പിറന്നാളിന് ക്ഷണിക്കും?! ഞാനന്ന് ഉള്ളിൽ ചിരിച്ചുവെങ്കിലും അമ്മയുടെ അപ്പോഴത്തെ ഓർമ്മകളിൽ പോലും, സ്വന്തം പിറന്നാളിന് പ്രത്യേകം ക്ഷണിക്കേണ്ട,ഏറ്റവും പ്രിയപ്പെട്ട ഒരു ബന്ധുവായിട്ടായിരിക്കും മമ്മൂട്ടി എന്ന ഇതിഹാസ നടനെ, മലയാളത്തിന്റെ മഹാനടനെ, അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെ, onscreen performances -ന്റെ ഓർമയിൽ തോന്നിയിട്ടുണ്ടാവുക...പാവം..
പിന്നെ ഞങ്ങളുടെ കുട്ടിക്കാലത്ത് ഒരു ട്രെൻഡ് ഉണ്ടായിരുന്നു. അന്നൊക്കെ, എല്ലാ പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും പ്രിയപ്പെട്ട നടീ നടന്മാരുടെ ഫോട്ടോസ് പുസ്തകത്തിൽ ഒട്ടിച്ചുസൂക്ഷിക്കുന്ന പതിവ് ഉണ്ടായിരുന്നു. ആ സമയത്ത് എന്റെ ചേച്ചിയും അവരുടെ കൂട്ടുകാരികളും, വിവിധ സിനിമ വാരികകളിൽ നിന്നും, അത് കൂടാതെ ഫോട്ടോസ് ആയിട്ട് തന്നെ പൈസ കൊടുത്തു വാങ്ങിയും, സ്റ്റാമ്പ് കളക്ഷൻ പോലെ തന്നെ കൂടുതൽ ഫോട്ടോസ് വാങ്ങി ശേഖരിച്ചു സൂക്ഷിച്ചിരുന്നത് മമ്മൂക്കയുടെ വിവിധ സിനിമകളിലെ കഥാപാത്രങ്ങളുടെ ഫോട്ടോസ് ആയിരുന്നു..
ഒപ്പം വിവിധ സിനിമകളിൽ അദ്ദേഹത്തിന്റെ പ്രിയജോഡി ആയിരുന്ന സുഹാസിനിയുടെയും...
എന്നാൽ പ്രായത്തിൽ കുറേക്കൂടി ഇളയതായിരുന്ന ഞാൻ ആ സമയത്ത് കൂടുതൽ സൂക്ഷിച്ചിരുന്നത് റഹ്മാൻ, ശോഭന, നദിയ മൊയ്തു, ദിവ്യഭാരതി, ഷാരൂഖ് ഖാൻ എന്നിവരുടെ ചിത്രങ്ങൾ ആയിരുന്നു. കാരണം, അന്നും സ്വന്തം നിലയിൽ സ്വന്തം കഴിവുകൊണ്ട്,
അല്ലെങ്കിൽ കഷ്ടപ്പെട്ട് കയറിവരുന്നവരെ തന്നെയായിരുന്നു ഞാനും ശ്രദ്ധിച്ചിരുന്നത് എന്ന് തോന്നുന്നു.. പിന്നെ ഓൺസ്ക്രീൻ റോമിയോ, ഡാൻസർ, ഓൺസ്ക്രീൻ പെർഫോർമർ ആയിരുന്ന റഹ്മാനോട് ഇത്തിരി ക്രഷും ഉണ്ടായിരുന്നു..ട്ടാ..
മമ്മൂക്ക അന്നും, ഇന്നും നമ്മുടെ ഓൺസ്ക്രീൻ / ഓഫ്സ്ക്രീൻ വല്യേട്ടൻ ആണ്..എന്നും, അത്, അങ്ങനെതന്നെ ആയിരിക്കട്ടെ എന്നും ആഗ്രഹിക്കുന്നു...
ഇന്ന്, അദ്ദേഹത്തിന്റെ 75-ആം പിറന്നാൾ ദിവസം, എനിക്ക് വല്യേട്ടനോ, പിതൃതുല്യനോ ഒക്കെ ആയ അദ്ദേഹത്തിന്, എന്റെ
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നതോടൊപ്പം, ഇനിയും ഒരുപാട് വർഷങ്ങൾ അദ്ദേഹം ഇപ്പോഴുള്ളതിലുമധികം മനോഹരവും, വ്യത്യസ്തവുമായ അനവധി, നിരവധി കഥാപാത്രങ്ങൾ ചെയ്തു അദ്ദേഹത്തിന് ഒരു കലാകാരൻ എന്ന നിലയിൽ കൂടുതൽ കൂടുതൽ സംതൃപ്തിയും, നമ്മൾ പ്രേക്ഷകർക്ക് മുഴുവൻ ആനന്ദവും, വിനോദവും നൽകട്ടെ എന്ന് ആശംസിക്കുന്നു... പ്രാർത്ഥിക്കുന്നു...
Happiest Birthday legend... Our dearmost Mammukka…
Content Highlights: Mammootty, affectionately known as Mammukka, is a beloved figure in Malayalam cinema, admired for his dedication, hard work, and openness to learning. His journey is a testament to his unwavering passion for cinema and his ability to inspire ordinary people. The writer's admiration for Mammootty is deeply personal, rooted in the memory of their late mother, who cherished the actor even during her battle with dementia.
Published: 08 Sept 2026, 07:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented