
'എന്റെ ജീവിതത്തിലെ ചില സംഭവങ്ങൾ ഞാൻ ഈ കഥയിൽ പകർത്തുകയാണ്. നിങ്ങളുടെ ജീവിതം എത്രമാത്രം അനുഗ്രഹിക്കപ്പെട്ടതാണ് എന്നു മനസ്സിലാക്കാൻ വേണ്ടിയാണ് ഞാനിത് എഴുതുന്നത്'. ഉജ്വലമായ വോയ്‌സ് മോഡുലേഷനിലൂടെ മമ്മൂട്ടി അമുദവനെ അവതരിപ്പിക്കുകയാണ്. ആ വാക്കുകൾ പ്രേക്ഷകളുടെ ഉള്ളിലേക്ക് കയറിപ്പോകുന്നു. പെരിയ അൻപോടുകൂടി അമുദവൻ പൊള്ളിപ്പോകുന്ന ജീവിതാനുഭവങ്ങൾ പങ്കുവെക്കുമ്പോൾ, റാമിന്റെ തമിഴ് ചലച്ചിത്രം 'പേരൻപ്' ഒരു നടന്റെ പതിറ്റാണ്ടുകൾ നീണ്ട അഭിനയജീവിതത്തിന്റെ പ്രകാശപൂർണമായ സ്റ്റേറ്റ്മെന്റായി മാറുന്നു.
അനന്യമെന്നോ അതിസൂക്ഷ്മമെന്നോ വിശേഷിപ്പിക്കാവുന്ന പരിചരണംകൊണ്ട് ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളെ എത്രയോ തവണ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, അമുദവൻ എഴുതുന്ന ജീവിതാനുഭവങ്ങളുടെ ലാവയിൽ നാം പൊള്ളിപ്പോകുന്നത് എന്തുകൊണ്ട്?
ഇന്ത്യൻ സിനിമയിലെ അതീവസങ്കീർണമായൊരു അനുഭവപരിണാമമാണ് അമുദവനു സംഭവിക്കുന്നത്. ഗൾഫ് എന്ന മണലാരണ്യത്തിൽ തന്റെ കുടുംബത്തിന്റെ ജീവിതസാഹചര്യങ്ങൾപോലും വിസ്മരിച്ചുകൊണ്ട് പണമുണ്ടാക്കാൻ കഷ്ടപ്പെടുന്ന അമുദവൻ എന്ന കാരക്ടർ കേരളത്തിന്റെയും ഒരു പ്രോട്ടോടൈപ്പ് കഥാപാത്രമാണ്. തന്റെ വിയർപ്പിന്റെ വില ഭാര്യയും മകളും അറിയുന്നുണ്ടായിരിക്കണം എന്ന മിഥ്യാവിശ്വാസത്തിലാണ് അയാളുടെ ജീവിതം മുന്നോട്ടുപോകുന്നതുതന്നെ.
പക്ഷേ, രോഗബാധിതയായ മകളെ ഉപേക്ഷിച്ച് ഭാര്യ മറ്റൊരാളുടെ ജീവിതത്തിന്റെ ഭാഗമാകുന്നത് അയാളെ തകർത്തുകളഞ്ഞു. അയാളുടെ നേർബുദ്ധിയിൽ ഭാര്യ വഞ്ചകിയാണെന്ന ഒരേയൊരു യാഥാർഥ്യം മാത്രമാണ് പതിയുന്നത്. അനിയന്ത്രിതമായ പെരുമാറ്റവൈകൃതങ്ങളുള്ള മകളെ പരിചരിക്കാനുള്ള ഒരു സ്ത്രീയുടെ ഏകാന്തമായ നിസ്സഹായത പത്തുവർഷം നീണ്ട പ്രവാസജീവിതത്തിൽ അയാളെ ബാധിക്കുന്നില്ല. സാധാരണക്കാരനായ ഒരു പ്രവാസിയുടെ മുൻകോപവും വിദ്വേഷവുമായി തിരിച്ചെത്തുന്ന അയാൾ ജീവിതത്തിനു മുമ്പിൽ പതറിനിൽക്കുകയാണ്. ആരും അയാളുടെ സഹായത്തിനെത്തുന്നില്ല. പതുക്കെ അയാൾ ഒരു സത്യം കയ്പോടെയെങ്കിലും അനുഭവിച്ചുതീർക്കുന്നു. 'പാപ്പ്' എന്ന മകളുമായുള്ള അയാളുടെ ജീവിതം ദുഃസ്സഹമായ ഒരു നെരിപ്പോടുപോലെയാണ്. ഇനിയത് ജീവിച്ചുതീർക്കണം. ഭാര്യയോട് അയാൾക്ക് അതിശക്തമായ പകയുണ്ട്. പക്ഷേ, പിന്നീട് മകളുടെ ജീവിതത്തിലെ ഓരോരോ ഘട്ടങ്ങളിലും അയാൾ വിലപ്പെട്ട ജീവിതപാഠങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. പ്രാണൻ പോകുന്ന ഒരു കിളിയെ രക്ഷിക്കാൻ പാപ്പ അമുദവനോട് ആവശ്യപ്പെടുമ്പോഴും, മകളുടെ ഉച്ചത്തിലുള്ള അലർച്ചകൾ അടുത്ത താമസക്കാർക്ക് ശല്യമായി തോന്നുന്നുവെന്ന് റെസിഡൻസ് അസോസിയേഷൻ പരാതിപ്പെടുമ്പോഴും ഇത്തരം പ്രതിസന്ധികളുടെ തുടക്കങ്ങൾ അയാൾക്കു നേരേ പാഞ്ഞെടുക്കുന്നു. അസോസിയേഷൻകാർ പരാതി പറയുമ്പോൾ സമനിലവിടുന്ന അമുദവൻ, കൈയിലിരുന്ന കിളിയെ വലിച്ചെറിയുകയാണ്. വിലപ്പെട്ട ഒരു ജീവനെ ഇങ്ങനെ വിട്ടുകളയാനാവുമോ? ആ കിളിയുടെ ജീവിതംതന്നെയല്ലേ മകളുടെയും? പിന്നീട് അയാൾ ഈവക വിചാരങ്ങളിലൂടെ കടന്നുപോകുന്നു. ഗൾഫിലെ വിയർപ്പൊഴുക്കുന്ന മനുഷ്യനിൽനിന്ന്, ഭാര്യ ഉപേക്ഷിച്ചുപോയ ഒരു പുരുഷന്റെ നിസ്സഹായത, ഭാര്യ കടന്നുകളയുന്നതോടെ സെറിബ്രൽ പാൾസി ബാധിച്ച മകളെ സംരക്ഷിക്കേണ്ടിവരുന്ന ഒരച്ഛന്റെ പ്രതിസന്ധി, മകളുടെ ശബ്ദശല്യം നിയന്ത്രിക്കാൻ മറ്റു വീട്ടുകാർ ആവശ്യപ്പെടുന്ന അവസ്ഥയിലേക്ക് തള്ളിവീഴ്ത്തപ്പെടുന്ന മനുഷ്യന്റെ സംഭ്രാന്തി, മകളുടെ മാനസികാവസ്ഥകളെ എങ്ങനെ നേരിടണമെന്നറിയാതെ വിഭ്രാന്തിയിലകപ്പെടുന്ന ഒരച്ഛന്റെ മാനസികാവസ്ഥ, മകൾ രക്ഷിക്കാൻ ആവശ്യപ്പെടുന്ന കിളിയുടെ ജീവിതം അബോധപൂർവം വലിച്ചെറിയുന്നതിലൂടെ അയാൾ അനുഭവിക്കുന്ന കുറ്റബോധം എന്നിവയൊക്കെ ഒരു സംവിധായകനും തിരക്കഥാകാരനും നടനുവേണ്ടി കരുതിവെച്ച വെല്ലുവിളിയുടെ ഹർഡിലുകളാണ് 'പേരൻപി'ന്റെ വെല്ലുവിളി. ഇതുകൊണ്ടും തീരുന്നില്ല. മകളുമായി മനുഷ്യരും പരാതിയുമില്ലാത്ത കാടിന്റെ അകത്തേക്ക് വീടു തേടിപ്പോകുന്ന അമുദവൻ പുതിയ സന്ദിഗ്ധഘട്ടങ്ങളിൽ എത്തിച്ചേരുന്നു.
മകളുടെ അച്ഛനായി മാറാൻ അയാൾ ശ്രമം തുടരുന്നു. ഒരു ടാക്‌സിഡ്രൈവറായി ജീവിക്കാൻ തുടങ്ങുന്ന അമുദവന്റെ ജീവിതത്തിലേക്ക് ലൈംഗികത്തൊഴിലാളിയായ മീര കടന്നുവരുമ്പോൾ അയാൾക്ക് സ്വാഭാവികമായി തൊന്നുന്ന തിരസ്‌കാരവാഞ്ഛ, പിന്നീട് കൈപിടിച്ച് ജീവിതത്തിലേക്കു കയറ്റുമ്പോഴുള്ള പങ്കാളിത്തമനോഭാവം എന്നിവ വീണ്ടും ഒരു നടന്, ഒരു കഥാപാത്രത്തെ പരിചരിക്കുമ്പോൾ വന്നുചേരുന്ന സങ്കീർണമായ വികാരധ്രുവങ്ങളാണ്.
ജീവിതത്തിൽ പ്രത്യക്ഷവത്കൃതമായ യാത്രയോടൊപ്പം ആത്മീയമായൊരു മാനസയാത്രയ്ക്കും അയാൾ വിധേയനാകുന്നുണ്ട്. പ്രകൃതിയിൽനിന്ന് ചില മാനവികമൂല്യങ്ങൾ, ലളിതവും ശക്തവുമായ പ്രഥമപാഠങ്ങൾ അയാൾ പിടിച്ചുവാങ്ങുകയാണ്. സ്‌നേഹം, അനുതാപം, രക്ഷാബോധം, സാമൂഹികമായ ഉത്തരവാദിത്വം ഒരച്ഛന്റെ സ്വാഭാവികമായ ഉത്കണ്ഠകൾ എന്നിവയൊക്കെ ഉറവകൾപോലെ അമുദ്രവനിലേക്ക് തിരിഞ്ഞൊഴുകുന്നു. സിനിമയുടെ ഈ ഘട്ടത്തിൽവെച്ച് ഒരു മനുഷ്യന്റെ ജീവിതത്തിലെ സ്വാഭാവികമായ പരിണാമപ്രക്രിയ എന്തെന്ന് നാം തിരിച്ചറിയുകയാണ് മനുഷ്യൻ തന്റെ ജീവിതസാഹചര്യങ്ങളിൽ കടന്നുവരുന്ന പ്രശ്‌നങ്ങളുടെ കടമ്പകളെ ഏതുവിധത്തിൽ മറികടക്കുന്നുവെന്നാണ് പേരൻപ് അന്വേഷിക്കുന്നത്. പൊതുസമൂഹത്തിന്റെ ജീവിതയാത്രയിൽ വ്യക്തികൾക്ക് എത്രമാത്രം സത്യസന്ധതയോടെ പൊരുത്തപ്പെടാമെന്നും 'പേരൻപ് പറയാതെ പറയുന്നുണ്ട്. ആഖ്യാനങ്ങളിലും രചനകളിലുമൊക്കെ നാം കണ്ടെത്തുന്ന ഥാപാത്രങ്ങളുടെ വിചാരലോകങ്ങളെ സിനിമയുടെ തിരക്കഥാരൂപത്തിലേക്ക് കൊണ്ടുവരികയെന്നത് ശ്രമകരമായ ദൗത്യമാണ്. അത് കഥാപാത്രത്തിന്റെ അവതരണത്തിൽ പ്രത്യേകം പരിചരിക്കുക എന്നത് നടന്റെ വെല്ലുവിളിയാണ്. ഇവിടെയാണ് മമ്മൂട്ടി എന്ന നടൻ തന്റെ കഥാപാത്രപരിചരണത്തിന്റെ പൂർണതയ്ക്കായി സൂക്ഷ്മതയോടെ അമുദവനിലേക്ക് ആഴവും പരപ്പുമുള്ള പരിചരണമൂലകങ്ങൾ കൊണ്ടുവരുന്നത്. അമുദവനിൽ നാം മമ്മൂട്ടിയെ കാണുന്നില്ല. അമുദ്രവനെത്തന്നെയാണ് കാണുന്നത്. ഒരു നടനെന്ന നിലയിൽ മമ്മൂട്ടിയുടെ സൂക്ഷ്മതയുള്ള അഭിനയജീവിതത്തിന്റെ കൊടുമുടികളിലൊന്നാണിത്. മറ്റ് ഏതു കഥാപാത്രത്തെ മാറ്റിനിർത്തിയാലും ഈ ഭിനേതാവിന്റെ ജീവിതത്തിൽ ഏറ്റവും സമ്പൂർണമായി പകർന്നാടിയ കഥാപാത്രമെന്ന നിലയിൽ അമുദവൻ ഇന്ത്യൻ സിനിമയിലെത്തന്നെ അനന്യവും അത്യപൂർവവുമായ സ്‌പെസിമെൻ അഥവാ മാതൃകയായിരിക്കും.
പകർന്നാട്ടം
ഒരഭിമുഖത്തിൽ മമ്മൂട്ടിയുടെ പുരുഷശരീരത്തിന്റെ സമൃദ്ധിയോ അതിന്റെ താരമൂല്യമോ അല്ല തന്നെ ആകർഷിച്ചതെന്ന് റാം വിശദീകരിക്കുന്നുണ്ട്. തിരക്കഥയുടെ അവസാനവായനയിൽ മമ്മൂട്ടിയുടെ രംഗപ്രവേശം ക്ഷണികമാത്രയിൽ തോന്നുകയാണുണ്ടായത്. മറ്റൊരാളെ അമുദവനായി സങ്കൽപ്പിക്കുക എന്നത് ആ ഘട്ടത്തിൽ പ്രയാസകരമായി. അതിലൊരു വിധിബോധമുണ്ട്. തന്റെ ഈ ജീവിതം ഈ നടനുവേണ്ടി കാത്തിരിക്കുകയായിരുന്നു എന്നാണ് ഒടുവിൽ റാം കൂട്ടിച്ചേർത്തത്.
പൊതുവേ ഒരു ജനപ്രിയനടന്റെ ശരീരം കാണികൾക്കൊരു ചഷകമാണ്. നടന് അതൊരു അഭിനയോപാധിയും. ഹോളിവുഡിൽ വൻ ബജറ്റ് സിനിമകൾ അഭൗമപ്രതിഭാസങ്ങളിലും യന്ത്രമനുഷ്യരിലും എന്നാൽ സാങ്കേതികരൂപങ്ങളിലും രമിക്കുമ്പോൾ അതിലെ നായകന്മാർ അതിവീരസങ്കൽപ്പങ്ങളുടെയും അതിശയോക്തി നിറഞ്ഞവിജയങ്ങളുടെയും പ്രതീകമായിമാറുന്നുണ്ട്. എന്നാൽ വികസിതരാജ്യങ്ങളിൽ ജീവിതപരിസരങ്ങളിലേക്കും സാമൂഹികഘടനയിലേക്കും താരപ്രഭാവത്തെ കടത്തിവിടുകയാണ് പൊതുവേ ചെയ്യുന്നത്. നിത്യജീവിതത്തിന്റെ കളിക്കളത്തിൽ നിന്നുകൊണ്ടുതന്നെ അമാനുഷികമായ ആഖ്യാനഘടകങ്ങൾ സിനിമയിലേക്ക് കൊണ്ടുവരുമ്പോൾ അതിലെ നായകരും താരപരിവേഷത്തിന്റെ പകിട്ട് അണിയുന്നവരായി മാറുന്നുണ്ട്. അത്തരം ഘട്ടത്തിൽ കാണിയുടെ സാമൂഹികബോധം തകിടംമറിയുകയും അയാൾ താരത്തിന്റെ പ്രഭാവത്തിൽ ആകൃഷ്ടനാവുകയും ചെയ്യുന്നു. കമ്പോളബന്ധിതമായ ഇതിവൃത്തത്തിൽ നായകന്റെ ഇത്തരം അധികാര അമാനുഷികഭാവം പ്രകടമാണുതാനും.
അത്യുക്തികൾ നിറഞ്ഞ പർവതീകരിക്കപ്പെട്ട സൂപ്പർഹീറോ കഥാപാത്രങ്ങളെ സ്വീകരിക്കേണ്ടിവരുമ്പോൾ ആ സുഭഗമായ ഉടലിന്റെ അഴകുകളിൽ കാണിയും അഭിരമിച്ചുകൊണ്ടിരിക്കും. ബലിഷ്ഠവും സുഭഗതയും ഒത്തുചേരുന്നശരീരത്തിന്റെ സൗന്ദര്യാംശങ്ങളിൽ ആരാധകരായ കാണികൾ രക്ഷകന്റെ ഭാവം മുതൽ രതിയുടെ കൽപ്പനകൾ വരെ കണ്ടെത്തുന്നുണ്ട്. പലതരം മനോരഥങ്ങൾക്ക് ആ ശരീരം ഇരയാവുന്നു. നടനിൽനിന്ന് താരത്തിന്റെ വളർച്ചയിൽ നടനെന്ന പോലെ കാണികളും പങ്കാളിയാവുന്നുണ്ട്. എന്നാൽ ഒരു കഥാപാത്രത്തിന്റെ പ്രത്യക്ഷരൂപവും മറികടന്ന് ആന്തരികമായ ഭാവാംശങ്ങളെ നടൻ ശരീരംകൊണ്ട് ഉദ്ദീപനം ചെയ്യുമ്പോൾ കാണി ആ ശരീരത്തെ വെടിഞ്ഞ് കഥാപാത്രത്തിന്റെ പ്രത്യക്ഷസ്വഭാവങ്ങളിലേക്ക് ക്ഷണിക്കപ്പെടുന്നു. ഇവിടെ അഭിനയത്തിന്റെ വ്യഞ്ജകത്വമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്.
ഈവിധത്തിൽ ആഴവും ചുഴിയുമുള്ള കഥാപാത്രങ്ങളെ ആവിഷ്‌കരിക്കുമ്പോൾ നടൻ തന്റെ ഉടലിനെ, വന്യനായ ഒരു മൃഗശിക്ഷകനെപ്പോലെ മെരുക്കിയെടുക്കുന്നു. ഓരോ കഥാപാത്രത്തിനും ഇണങ്ങുന്ന വിധത്തിൽ തന്റെ അഭിനയസംസ്‌കാരത്തെ ഉടലിനോടു ചേർക്കുമ്പോൾ ആവിഷ്‌കാരത്തിന്റെ പൂർണതയിലേക്കുള്ള യാത്രയായി അഭിനയം മാറുന്നു. ഈ പ്രയോഗ സാധ്യതകൾ കൃത്യമായി ഉൾക്കൊണ്ടിട്ടുള്ള നടനാണ് മമ്മൂട്ടി.
മറ്റെല്ലാ ഭാഷകളിലെയും സിനിമാ ചരിത്രംപോലെ മലയാളസിനിമയിലെ ശരീരദൃശ്യസംസ്‌കാരം തുടങ്ങുന്നത് ജ്ഞാനാംബികയിൽ നിന്നാണ്. പോയകാലത്ത് തമിഴ് സിനിമയിൽ എം.കെ. ത്യാഗരാജ ഭാഗവതരും, ജി.എൻ. ബാലസു ബ്രഹ്‌മണ്യവും (ഭക്തമീര) സൃഷ്ടിച്ച സൗന്ദര്യത്തിന്റെ സ്വീകാര്യത പിൽക്കാലത്ത് മലയാളത്തിൽ പ്രത്യക്ഷമാകുന്നത് പ്രേംനസീറിന്റെ വരവോടുകൂടിയാണ്. നസീറിൽനിന്നും സിനിമ മമ്മൂട്ടിയിലെത്തുമ്പോൾ സ്‌ത്രൈണാംശം തീരേയില്ലാത്ത സൗന്ദര്യബോധം പൗരുഷേയമായി മാറുകയും ചെയ്യുന്നുണ്ട്.
'ഭൂതക്കണ്ണാടി'യിലെ ചിത്തനായ വാച്ച് റിപ്പയറിൽ എത്തുമ്പോൾ ശരീരത്തെയും ശബ്ദത്തെയും അതിന് അനുരൂപമായി ഈ നടൻ രൂപപ്പെടുത്തുന്നുണ്ട്. സംവിധായകനും എഴുത്തുകാരനും സൃഷ്ടിക്കുന്ന ശിൽപ്പഭദ്രത കുറഞ്ഞ കഥാപാത്രങ്ങൾക്കുപോലും മമ്മൂട്ടി ഈവിധത്തിൽ, തന്റേതായ സൂക്ഷ്മ പരിചരണത്തിലൂടെ വ്യക്തിത്വം നൽകുന്നതു കാണാനാവും.
പ്രത്യക്ഷത്തിൽ കഥാപാത്രത്തിന്റെ വികാരവിചാരങ്ങളെ പ്രകടിപ്പിക്കാൻ നടന് രണ്ടു മാധ്യമങ്ങളേയുള്ളൂ, ശരീരവും ശബ്ദവും. അംബേദ്കർ പോലെയുള്ള ഒരു കഥാപാത്രത്തിന് ആഹാര്യത്തിലൂടെയാണ് ചരിത്രപരമായ കാലികത നൽകുന്നത്. അംബേദ്കറിൽ, ഒരു പോരാളിയുണ്ട്. അത് ആ ചരിത്രപുരുഷന്റെ ജീവിതാനുഭവങ്ങളിൽനിന്ന് രൂപം കൊണ്ടവയാണ്. എന്നാൽ തന്റെ ജീവിതത്തിൽ അനുഭവിപ്പിക്കുന്ന വർണസംസ്‌കാരത്തിലധിഷ്ഠിതമായ അവമതിപ്പുകളെ അയാൾ ക്ഷോഭമടക്കിനേരിടുകയും വേണം. അംബേദ്കറെ മമ്മൂട്ടി അനശ്വരമാക്കുന്നത് ആഹാര്യഭംഗികൊണ്ടല്ല. പ്രക്ഷുബ്ധമായ ആ മനസ്സിന്റെ നിലയെ വെളിപ്പെടുത്തുംവിധം ശരീരത്തെ ഒരുക്കിയെടുത്തുകൊണ്ടാണ്.
ബെൻ കിങ്സ്ലിയുടെ ഗാന്ധി പരിചരണംപോലെ മമ്മൂട്ടിയും അംബേദ്കറിലൂടെ ചരിത്രപരമായ സാംസ്‌കാരികനിലയെ ശരീരത്തിലേക്ക് പടർത്തുന്നു. ഈ നടനിൽ അടർത്തിമാറ്റാനാവാത്ത ഒരു പ്രൊഫഷണലിസമുണ്ട്. അതുകൊണ്ടുതന്നെ അഭിനയിക്കണമെന്ന അഭിലാഷം എപ്പോഴും നിലനിർത്തുന്നു. അഭിനയം പാഷൻതന്നെയാണ്. അതിനുവേണ്ടി തന്റെ ജീവിതത്തെ സജ്ജീകരിക്കുന്നു. ക്ഷമാശക്തിയോടെ, പ്രതിബദ്ധതയോടെ കഥാപാത്രങ്ങളെ പരിചരിക്കുന്നു. അതാണ് ഈ നടന്റെ കാവൽപ്പുര. അതിൽ സൂക്ഷിച്ച ആയുധങ്ങൾക്കെല്ലാം ഒരൊറ്റ പേരേയുള്ളൂ. അതിസൂക്ഷ്മാംശങ്ങളോടെ ഓരോ കഥാപാത്രത്തിലും പ്രവേശിക്കാനുള്ള ആവേശം.
കടന്നുവരവ്
1971-ൽ കെ. സേതുമാധവൻ സംവിധാനം ചെയ്ത 'അനുഭവങ്ങൾ പാളിച്ചകളി'ൽ സഖാവ് കെ.എസ്. എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മമ്മൂട്ടി സിനിമയിലേക്ക് കടന്നുവരുന്നത്. ആ സിനിമ നടൻ സത്യൻ അവസാനസിനിമയുമായിരുന്നു. അതിലൊരു യാദൃച്ഛികമായ പിന്തുടർച്ചയുടെ സൂചനയുണ്ട്. പിന്നീട് രണ്ടു കൊല്ലത്തിനുശേഷമാണ് കെ. നാരായണന്റെ 'കാലചക്രത്തിൽ വേഷമിടുന്നത്.
ഒരു നടനാവാൻ വ്യവസ്ഥാപിതമായ ഒരു പരിശീലനപദ്ധതിയിലും ഈ നടൻ അംഗമായിരുന്നിട്ടില്ല. ബി.ബി.സിക്കുവേണ്ടി നടത്തിയ അഭിമുഖത്തിൽ കരൺ ഥാപ്പർ മമ്മൂട്ടിയോട് ഇത്തരമൊരു ചോദ്യം എറിയുന്നുണ്ട്. ഔപചാരികമായി അഭിനയം പഠിച്ചിരുന്നെങ്കിൽ കൂടുതൽ നല്ല നടനാവുമെന്നു തോന്നിയിരുന്നോ എന്ന ചോദ്യത്തിന് മറ്റൊരു വിശദീകരണമാണ് ഈ നടൻ നൽകിയത്. കരിയറിലുടനീളം തനിക്ക് നല്ല ട്രെയിനിങ് ലഭിച്ചു എന്നാണ് മമ്മൂട്ടി മറുപടി നൽകിയത്.
നാലുപതിറ്റാണ്ട് ക്യാമറയുടെ മുമ്പിൽ നിൽക്കുമ്പോൾ ലഭിക്കുന്ന അഭിനയപാഠങ്ങൾ മമ്മൂട്ടിക്ക് അത്രമേൽ വിലപ്പെട്ടതാണ്. മാത്രമല്ല. അതു മുഴുവനും പ്രയോഗതലത്തിലുമുള്ള പാഠങ്ങളായിരുന്നു. ഇത്രയും വിശദീകരണം നൽകുന്നതിനിടയ്ക്ക് മമ്മൂട്ടിയും ഒരു ചോദ്യമുന്നയിക്കുന്നുണ്ട്. 'ഡ്രാമ ഇൻസ്റ്റിറ്റ്യൂട്ട്, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഇതൊക്കെയല്ലേ താങ്കൾ അർഥമാക്കുന്നത്? നിങ്ങളിൽ ഒരു നടനില്ലെങ്കിൽ ഒരു പരിശീലനവും സഹായിക്കുകയില്ല.'
ആദ്യസിനിമയും കടന്ന് ആറു വർഷത്തിനുശേഷം എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത 'ദേവലോകത്തിൽ പാപ്പച്ചൻ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും ആ സിനിമ പുറത്തുവന്നില്ല. അതോടെ ഒരു നടൻ അഭിനയം നിർത്തി പിൻവാങ്ങേണ്ടതാണ്. പക്ഷേ, ക്ഷമാപൂർവം മമ്മൂട്ടി കാത്തിരുന്നു. എം.ടിയുടെതന്നെ തിരക്കഥയിൽ എം. ആസാദിന്റെ 'വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ' എന്ന സിനിമയിലെ മാധവൻകുട്ടി എന്ന കഥാപാത്രത്തിന്റെ ആവിഷ്‌കാരം ഈ നടന് പെട്ടെന്നൊരു ബ്രേക്ക് നൽകിയെന്ന് പൂർണമായും പറയാനാവില്ല. പക്ഷേ, ആ കഥാപാത്രത്തെ ആവിഷ്‌കരിച്ച നടനിൽ കെ.ജി. ജോർജിന്റെ കണ്ണുകൾ പതിഞ്ഞു. 'മേള' യിലെ വിജയൻ എന്ന കഥാപാത്രത്തെ മലയാളി ശ്രദ്ധിച്ചു. മമ്മൂട്ടി ആ കഥാപാത്രത്തെ അനായാസം പോർട്രെ ചെയ്തുവെന്നാണ് കെ.ജി. ജോർജ് പിന്നീട് പറഞ്ഞത്.
പക്ഷേ, മമ്മൂട്ടി എന്ന നടനെ കണ്ടെത്തിയതും മൗലികതയുള്ള ഒരു അഭിനയശൈലിയുണ്ടെന്ന് ഉറപ്പിച്ചതും കെ.ജി. ജോർജും ഐ.വി. ശശിയുമാണ്. 1982-ൽ കെ.ജി. ജോർജിന്റെ 'യവനിക' റിലീസ് ആകുന്നതിനു മുമ്പുതന്നെ ഐ.വി ശശിയുടെ 'തൃഷ്ണ' (കൃഷ്ണദാസ്), 'അഹിംസ' (വാസു) എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ മമ്മൂട്ടി അവതരിപ്പിച്ചിരുന്നു. എന്നാൽ ഈനാടിലെ സലിം ഒരു നടനെന്ന നിലയിൽ മമ്മൂട്ടിയെ മലയാളികൾ സ്വീകരിച്ചു. ജോർജിന്റെ 'യവനിക'യിലെ പോലീസ് കഥാപാത്രം, എസ്.ഐ. ജേക്കബ് ഈ നടനെ സിനിമയിൽ എസ്റ്റാബ്ലിഷ് ചെയ്യുകയും ചെയ്തു. 'യവനിക'യിലെ മുഖ്യകഥാപാത്രം എസ്.ഐ. ജേക്കബ് തന്നെയാണ്. വളരെ യാഥാർത്ഥ്യബോധത്തോടെ ജോർജ് സൃഷ്ടിച്ചെടുത്ത ഒരു പോലീസ് വേഷമാണിത്. മമ്മൂട്ടി ആ കഥാപാത്രത്തെ അവതരിപ്പിച്ചത് തീർത്തും നിയന്ത്രിതവും ഒരേസമയം ശക്തവുമായ ഒരു പാറ്റേണിലാണ്. അതുവരെ സിനിമയിലുണ്ടായിരുന്ന എല്ലാ പോലീസ് വേഷവും മമ്മുട്ടി നിരാകരിക്കുകയാണ് ചെയ്തത്.
കേരളീയജീവിതത്തിൽ ഒരു സബ് ഇൻസ്‌പെക്ടർ അധികാരത്തിന്റെ ചിഹ്നമാണ്. ശക്തിയുടെ ആൾരൂപമാണ്. അത് ജാഗ്രതയോടെ പ്രയോഗിക്കുന്നു. പ്രായോഗിക ബുദ്ധിയുള്ള ഒരു ഓഫീസറുടെ അകവും പുറവുമാണ് നടൻ പ്രേക്ഷകരുടെ മുമ്പിലേക്കു കൊണ്ടുവന്നത്. 'യവനിക' ഭരത് ഗോപിയുടെ ചിത്രമായാണ് അറിയപ്പെടുന്നതെങ്കിലും അതു മമ്മൂട്ടിയുടെയും തിലകന്റെയും ചിത്രംകൂടിയാണ്. ഒരു നടനെന്ന നിലയിൽ മമ്മൂട്ടി ഉയരങ്ങളിലേക്ക് യാത്ര തുടങ്ങുന്നത് ഈ ഘട്ടത്തിലാണ്.
'യവനിക'യിലെ ബുദ്ധിയും നിരീക്ഷണബോധവുമുള്ള പോലീസ് ഓഫീസറിൽനിന്ന് അധികാരവും മസിൽപവറും രക്ഷകത്വവും നിർഭയത്വവും നീതിയുടെ കാവലാളുമായ ഒരുപാട് പോലീസ് കഥാപാത്രങ്ങൾ പിന്നീട് മമ്മൂട്ടിയുടെ മുന്നിലേക്ക് തിക്കിത്തിരക്കിയെത്തുന്നുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ 'യവനിക' തന്റെ കഥാപാത്രങ്ങളെ കൃത്യമായി പകർന്നാടുന്ന നടനിലേക്കുള്ള മമ്മൂട്ടിയുടെ യാത്രയായിരുന്നു. ആ വർഷം മാത്രം മമ്മൂട്ടി 23 ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്.
മാറിവന്ന സിനിമാക്കാലം
എൺപതുകൾ മാറ്റങ്ങളുടെ സിനിമാക്കാലംകൂടിയാണ്. മമ്മൂട്ടിയിലെ നടനെ ഐ.വി. ശശി മാത്രമല്ല പത്മരാജൻ, ഭരതൻ, ബാലചന്ദ്രമേനോൻ, സത്യൻ അന്തിക്കാട്, മോഹൻ, ഫാസിൽ തുടങ്ങിയ പുതുസംവിധായകരും കെ.എസ്. സേതുമാധവൻ, ജോഷി, പി.ജി. വിശ്വംഭരൻ, ശശികുമാർ തുടങ്ങി വെറ്ററന്മാരും സ്വീകരിക്കുന്നുണ്ട്. മലയാളത്തിന്റെ മാറ്റങ്ങൾക്കു തുടക്കമിട്ട കഥയുടെ ജൈവരൂപങ്ങളിൽ വന്ന മാറ്റവും മമ്മൂട്ടിയെ കൂടുതൽ സ്വീകാര്യനാക്കി. 1983 മുതൽ 86 വരെയുള്ള നാലു വർഷം മമ്മൂട്ടി ശരാശരി 34 സിനിമകളിൽ വേഷമിടുന്നുണ്ട്. ഒട്ടാകെ 138 സിനിമകൾ 1987-ൽ മമ്മൂട്ടിയെ നടനിൽനിന്ന് താരത്തിലേക്ക് ഉയർത്തിയ 'ന്യൂഡൽഹി' തരംഗങ്ങൾ സൃഷ്ടിക്കുന്ന തിനു മുമ്പുതന്നെ 179 സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചു.
മമ്മൂട്ടിയെ താരനിരയിലേക്ക് വിക്ഷേപണം ചെയ്യുന്നത് 'ആവനാഴി'യും 'നിറക്കൂട്ടും' 'വാർത്ത'യും 'അടിമകൾ ഉടമകളും' മറ്റുമാണ്. ഈ കഥാപാത്രങ്ങൾക്ക് മമ്മൂട്ടിയുടെ പൗരുഷേയമായ ഉടലും സൂക്ഷമഗ്രാഹിയായ ശബ്ദവും നൽകിയ സംഭാവന ചെറുതൊന്നുമല്ല.
ഇത്തരം സിനിമകളൊക്കെ പ്രത്യേക സാമൂഹികപശ്ചാത്തലത്തിൽ രൂപംകൊണ്ടവയാണ്. മൂല്യങ്ങളുടെ ഹതാശമായ പതനം ആരംഭിച്ചതോടുകൂടി രാഷ്ട്രീയത്തിനും ജനജീവിതത്തിനും സംഭവിച്ച ഭാവപരിണാമങ്ങൾ ചെറുതൊന്നുമായിരുന്നില്ല. പണത്തിന്റെയും അധികാരത്തിന്റെയും ആഘോഷ വരവുകൾ നാം കണ്ടു. കക്ഷിരാഷ്ട്രീയത്തിന്റെ നിരാശാപൂർണമായ ചിത്രങ്ങളും പ്രതിഷേധത്തിന്റെ അണഞ്ഞുപോകാത്ത ജ്വാലാകലാപങ്ങളും സാമൂഹികജീവിതത്തിന്റെ മുഖ്യസിംഹാസനങ്ങളിലേക്ക് മാഫിയകളും കള്ളപ്പണക്കാരും കടന്നിരിക്കുന്നതും, കേരളം നിർന്നിമേഷം നോക്കിക്കൊണ്ടിരുന്നു. ഒരിക്കലും കടന്നുവരാത്ത ഒരു ആദർശപുരുഷന്റെ വരവിനു നാം കാതോർത്തു. പലപ്പോഴും ഇത്തരം ആദർശവ്യവസ്ഥകളുടെ ആൾരൂപം നമ്മുടെ മനസ്സിൽ കിടക്കുന്നുണ്ട്. നീതി, സത്യം, ധർമം എന്നിവ നിർവ്വഹിക്കുന്ന ഒരു വിരാട്പുരുഷസങ്കൽപ്പം, സിനിമയിൽ ഒരു വിപണിമൂലകം എന്ന നിലയിൽ എപ്പോഴും വളർത്തിയെടുക്കുന്നുണ്ട്.
സമകാലികവ്യവസ്ഥിതിയുടെ ഭയജനകമായ പരാജയങ്ങൾ നമ്മുടെ ഉള്ളിൽ ബിംബങ്ങളായി വളരുമ്പോൾ, വരാനിരിക്കുന്ന ഒരു ധീരോദാത്തനുവേണ്ടി മനുഷ്യർ സ്വപ്‌നാടകരായി മാറുന്നു. ഈ സ്വപ്‌നാടകലോകത്തേക്ക് ഒരു നായകനെ കൊണ്ടുവന്ന് പ്രതീകവത്കരിക്കുകയാണ് മലയാള സിനിമ എൺപതുകളിൽ ചെയ്തത്.
പലപ്പോഴും ഇത്തരം നായകകഥാപാത്രത്തിലൂടെ കാഴ്ച്ചക്കാരനും, തന്റെ ജീവിതത്തിലെ സംഘർഷങ്ങളോടും പ്രശ്നങ്ങളോടും താദാത്മ്യപ്പെടുന്നുണ്ട്. ജീവിതത്തിലെ യഥാർഥപ്രശ്‌നങ്ങൾക്കൊന്നും പരിഹാരമില്ലെന്ന് ബോദ്ധ്യപ്പെടുമ്പോഴും ഈ പ്രേക്ഷകൻ, ഭാവനാതലത്തിലെങ്കിലും അതിനുള്ള ഉത്തരങ്ങൾ തേടുകയാണ്.
ആക്ഷൻ ഹീറോ
എഴുപതുകളുടെ അവസാനം ഹിന്ദിയിലും പിന്നീട് മലയാളത്തിലും ആക്ഷൻ ഹീറോ സങ്കൽപ്പത്തിന് കാതലായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ സങ്കൽപ്പങ്ങളൊക്കെ ഹോളിവുഡ്ഡിൽ പിറന്നുപൊലിയുന്ന താത്കാലികമായ ആശയസംഘർഷങ്ങളുടെ തുടർച്ചയായും കാണാവുന്നതാണ്. അങ്ങനെയാണ് കുപിതനായ യുവനായകന്മാർ രംഗത്തുവരുന്നത്. അവരൊക്കെ സംഘർഷഭരിതമായ സാമുഹിക വ്യവസ്ഥിതിയിലെ നീതിരാഹിത്യത്തിനെതിരേ കലഹിക്കുന്നവരാണ്. സൻജീർ, മജ്ബൂർ, ദിവാർ തുടങ്ങിയ സിനിമകളിലൂടെ അമിതാഭ് ബച്ചൻ പകർന്നാടുന്ന കഥാപാത്രങ്ങൾ സാമൂഹികവ്യവസ്ഥിതിയുടെ തകർച്ചയിൽ, രോഷംകൊള്ളുന്ന യുവത്വത്തിന്റെ പ്രോട്ടോടൈപ്പുകമാണ്. അത്തരം കഥാപാത്രങ്ങൾക്ക് പൗരുഷവും പോരാട്ടവീര്യവും അടിത്തട്ടിൽ കഴിയുന്ന മനുഷ്യരുടെ ക്രോധവും കലർന്ന ഒരു മാതൃക ആവശ്യമായിരുന്നു. ഇത്തരം കഥാപാത്രം മലയാളത്തിലെത്തുമ്പോൾ, അതിനു സാമൂഹികവും ദേശപരവുമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. എൺപതുകളിലെ മലയാള സിനിമയിലേക്ക് രോഷാകുലമായ സമൂഹത്തിന്റെ ആധികളെ കൊണ്ടു വന്നാണ് ഇതു സാധിച്ചെടുത്തത്. രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ തകർച്ച ക്രിമിനൽമാഫിയ മദ്യസംഘങ്ങളുടെ വരവ്. ജനകീയ വിപ്ലവപ്രസ്ഥാനങ്ങളുടെ വീഴ്ച. ദുർബലരായ മനുഷ്യരുടെ നിസ്സഹായത, നീതി വ്യവസ്ഥയുടെ ജീർണത, ഇങ്ങനെ മനുഷ്യരെ ചകിതരാക്കുകയോ നിരാശരാക്കുകയോ ചെയ്യുമ്പോൾ. അതിനെതിരായ രോഷപ്രകടന ങ്ങൾ തിരക്കഥകളിലും സംഭവിച്ചുകൊണ്ടിരുന്നു. ഈ ഇരുൾപടരും കാലത്തെ തിരക്കഥയിൽ കൊണ്ടുവന്ന എഴുത്തുകാരും സംവിധായകരും രണ്ടു നടന്മാരിലേക്കാണ് ക്യാമറ തിരിച്ചുവെച്ചത്. മമ്മൂട്ടി, മോഹൻ ലാൽ.
മമ്മൂട്ടി ഏറ്റവും കൂടുതൽ സിനിമകളിൽ വേഷമിട്ടത് ഈ കാലയളവിലാണ്. 1985ലും 86ലുമായി ഈ നടൻ 71 വേഷങ്ങൾ ചെയ്തു. ഇതേ കാലത്ത് ലാലും 56 സിനിമകളിൽ വേഷമിടുന്നുണ്ട്. ഈ രണ്ടു വർഷങ്ങളിലെ എൺപതു ശതമാനം സിനിമകളിലും നായകനും പ്രതിനായകനുമൊക്കെയായി ഇരുവരും തിളങ്ങി. അതുകൊണ്ടുതന്നെ ഇവരെ നായകന്മാരാക്കി ആസൂത്രണം ചെയ്ത സിനിമകളുടെ സംവിധായകർ, ഈ സാമൂഹിക പ്രശ്നങ്ങളെ വിശ്വസനീയമായ വിധത്തിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനകളും തുടങ്ങി. മമ്മൂട്ടിയുടെയും ലാലിന്റെയും കഥാപാത്രങ്ങൾ ഇവിടംമുതലാണ് മണ്ണിൽ ചവിട്ടി നടക്കാൻ തുടങ്ങിയത്. പ്രാദേശികസംസ്‌കാരത്തിന്റെ പശ്ചാത്തലത്തിൽ പരമാവധി വിശ്വസനീയത കഥാപാത്രങ്ങൾക്ക് വരുത്തുക എന്നതായിരുന്നു ഈ രീതി.
(പുനഃപ്രസിദ്ധീകരണം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'അഭിനയ ജീവിതം' എന്ന പുസ്തകത്തിൽനിന്ന്)
Content Highlights: Focuses on Mammootty's subtle performance as Amudhavan in Director Ram's Tamil movie Peranbu. Details the emotional and physical challenges of portraying a father raising a daughter with cerebral palsy. Analyzes Mammootty's body language, voice modulation, and screen presence that break super-hero stereotypes. Traces his early entry into cinema with Anubhavangal Paalichakal and key collaborations with directors like K.G. George, I.V. Sasi, and M.T. Vasudevan Nair. Highlights his rise in the 1980s as both a versatile actor and a mainstream action star through iconic roles.
Published: 07 Sept 2026, 02:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented