
2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക് ഇന്ന് പ്രവേശിച്ചിരിക്കുകയാണ്. ആയുസിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല. ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം. അതിൽ അകപ്പെടുന്നത് വരെ എനിക്ക് വഞ്ചിയുമായി യാത്ര തുടർന്നേ പറ്റൂ'-രണ്ട് വർഷങ്ങൾക്കിപ്പുറം ഒരു ശനിയാഴ്ച രാത്രി സലിം കുമാറിന്റെ ആ യാത്ര അവസാനിച്ചിരിക്കുകയാണ്. 56-ാമത്തെ പിറന്നാൾസദ്യ ഉണ്ണുന്നതിന് മുമ്പേ അദ്ദേഹം വിട പറഞ്ഞു.
പലപ്പോഴും ഗൗരവമേറിയ സീനുകളുടെ മടുപ്പുകൾക്കിടയിൽ സലിം കുമാറിനെപ്പോലെയുള്ള കോമഡി താരങ്ങളായിരുന്നു സിനിമകളിൽ രസം ഒളിപ്പിച്ചുവെച്ചിരുന്നത്. കല്യാണ രാമനിലും പാണ്ടിപ്പടയിലും മായാവിയിലും ചതിക്കാത്ത ചന്തുവിലും തിളക്കത്തിലും പുലിവാൽ കല്യാണത്തിലുമെല്ലാം സലിം കുമാറിന്റെ തമാശകൾ സിനിമയുടെ വിജയത്തിൽ നിർണായകമായി. ഇത് പിന്നീട് സോഷ്യൽ മീഡിയ സജീവമായതോടെ ട്രോളുകളായി രൂപാന്തരപ്പെട്ടു. നിത്യജീവിതത്തിലെ പല സന്ദർഭങ്ങളിലും സലിം കുമാറിന്റെ മുഖഭാവങ്ങളും ഡയലോഗുകളും നമ്മുടെ മുന്നിലെത്തി. മായാവിയിലെ 'ഇതെന്ത് മറിമായം, എനിക്ക് പ്രാന്തായിപ്പോയതാണോ, അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായതാണോ', മീശമാധവനിലെ 'നന്ദി മാത്രമേയുള്ളൂ ലേ', വൺമാൻ ഷോയിലെ 'അഥവാ ബിരിയാണി കിട്ടിയാലോ' പോലുള്ള ഡയലോഗുകളെല്ലാം ഇതിന് ഉദാഹരമാണ്. വാട്‌സാപ്പിൽ സ്റ്റിക്കറുകളായും ഇവ സഞ്ചരിച്ചു.
എന്നാൽ സിനിമയിലെ കാണുന്നതുപോലെ ഒരു വ്യക്തിയേ ആയിരുന്നില്ല ജീവിതത്തിൽ സലിം കുമാർ. എപ്പോഴും ഗൗരവത്തോടെ സംസാരിക്കുന്ന, രാഷ്ട്രീയപരമായി വിമർശിക്കുന്ന, സ്വന്തമായി നിലപാടുകളുള്ള വ്യക്തിയായിരുന്നു അദ്ദേഹം. പല അഭിമുഖങ്ങളിലും ഇക്കാര്യം അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ഇതിന്റെ പേരിൽ പലപ്പോഴും അവഗണിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും സലിം കുമാർ പറഞ്ഞിരുന്നു.
സിദ്ദിഖ് ഷമീറിന്റെ സംവിധാനത്തിൽ 1996-ൽ പുറത്തിറങ്ങിയ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന ചിത്രത്തിലൂടെയാണ് സലിം കുമാർ വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് തെങ്കാശിപ്പട്ടണത്തിലെത്തിയപ്പോഴേക്കും അറിയപ്പെടുന്ന നടനായി മാറി. വിവാഹത്തിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ആദ്യ സിനിമയിലേക്കുള്ള വിളി വന്നത്. അതിന്റെ രസകരമായ കഥയും സലിം കുമാർ പങ്കുവെച്ചിരുന്നു.
വിവാഹപ്പിറ്റേന്ന് ഒരു ബന്ധുവിന്റെ വീട്ടിൽ നിന്നാണ് ഷൂട്ടിങ്ങിന് പോയത്. വിരുന്നിന് വരണം എന്ന് പറഞ്ഞ് ബന്ധുക്കൾ ക്ഷണിച്ചപ്പോൾ സലിം കുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ഷൂട്ടിങ് കഴിഞ്ഞ് ഫ്രീ ആകുമ്പോൾ വരാം'-അതിനുശേഷം സലിം കുമാറിന് കരിയറിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിന്നീട് ഒരുപാട് ചിത്രങ്ങളിൽ പ്രധാന വേഷത്തിലെത്തി.
എന്നാൽ ഈ സിനിമാ തിരക്കുകൾക്കിടയിലും സലിം കുമാറിന് പിന്തുണയുമായി ഭാര്യ സുനിത കൂടെത്തന്നെയുണ്ടായിരുന്നു. തന്റെ 28-ാം വിവാഹ വാർഷികത്തിന് സുനിതയെ കുറിച്ച് ഹൃദയം തൊടുന്നൊരു കുറിപ്പ് സലിം കുമാർ പങ്കുവെച്ചിരുന്നു. താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ് എന്നായിരുന്നു അദ്ദേഹം കുറിച്ചത്. താൻ ജീവിതയാത്രയിൽ തളർന്നുവീണപ്പോഴെല്ലാം താങ്ങും തണലുമായി നിന്നത് അമ്മയും ഭാര്യയുമാണെന്നും അദ്ദേഹം കുറിച്ചു. എന്നാൽ 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ സലിം കുമാർ സുനിതയേയും മക്കളേയും തനിച്ചാക്കി യാത്രയായി.
Content Highlights: Celebrated Malayalam actor Salim Kumar passes away at age 56., Reflecting on his iconic comedic contributions to Malayalam cinema, including roles in Mayavi and Kalyanaraman., Highlighting his transition from comedy roles to a socially conscious individual with strong political stances., Remembering his career journey, beginning with his debut in 1996., A look at his personal life and the support from his wife, Sunitha
Published: 07 Jun 2026, 03:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented