1981 മാർച്ച് 30, വാഷിങ്ടണിലെ ഹിൽട്ടൺ ഹോട്ടലിന് മുന്നിൽ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ ഇറങ്ങി വരുന്നതും കാത്ത് കവാടത്തിന്റെ ഒരു വശത്ത് മാധ്യമ പ്രവർത്തകരടക്കമുള്ള ഒരു ചെറിയ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ കൈയിൽ ഒരു ക്യാമറയുമായി പുറത്തേക്ക് ഇറങ്ങി വന്ന ഹോട്ടലിന്റെ സുരക്ഷാ വിഭാഗം മേധാവി അൽ ഫ്യൂരി അവരെ നോക്കി വിളിച്ചു പറഞ്ഞു; 'സ്‌മൈൽ ഫോർ ദി ബേർഡി'.

To advertise here,

(ക്യാമറയിലേക്ക് തന്നെ നോക്കി പുഞ്ചിരിക്കുവാൻ ആവശ്യപ്പെടുന്ന ഒരു പാശ്ചാത്യ പ്രയോഗമാണിത്) കൂട്ടത്തിൽ ഒരാളൊഴികെ എല്ലാവരും ക്യാമറയിൽ നോക്കി മനോഹരമായി പുഞ്ചിരിച്ചു. റീഗനെ വധിക്കാനായി ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച .22 കാലിബർ ആർജി 14 ക്യാറ്റഗറി റിവോൾവറുമായി കാത്തുനിന്നിരുന്ന ജോൺ ഹിങ്ക്‌ലി എന്ന 25-കാരന്റെ മുഖത്ത് മാനസിക സമ്മർദ്ദം മൂലമുള്ള ആശങ്ക വ്യക്തമായി നിഴലിച്ചുനിന്നു.

സമയം ഉച്ചകഴിഞ്ഞു 2.27. ഹോട്ടലിൽനിന്ന് പുറത്തേക്കിറങ്ങി കാഴ്ചക്കാർക്ക് നേരെ കൈവീശി ഔദ്യോഗിക വാഹനമായ ലിമോസിൻ കാറിലേക്ക് കയറുവാൻ നടന്നുനീങ്ങിയ റീഗന് നേരെ ആൾക്കൂട്ടത്തിനടിയിൽനിന്നുകൊണ്ട് ഹിങ്ക്‌ലി തുരുതുരെ നിറയൊഴിച്ചു. വെറും 1.7 സെക്കൻഡുകൾക്കുള്ളിൽ ആറു വെടിയുണ്ടകൾ ചീറി പാഞ്ഞു. അപകടം തിരിച്ചറിഞ്ഞ പ്രസിഡന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ ജെറി പാർ റീഗനെ കാറിനുളിലേക്ക് തള്ളിയിട്ടുകൊണ്ട് അതിവേഗം അവിടെനിന്ന് രക്ഷപ്പെട്ടു. പോലീസുകാരും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് മിന്നൽവേഗത്തിൽ ജോൺ ഹിങ്ക്‌ലിയെ കീഴ്‌പ്പെടുത്തി. എന്നാൽ, ഇതിനകം പ്രസിഡന്റിന്റെ മാധ്യമ സെക്രട്ടറി ജെയിംസ് ബ്രാഡി, പോലീസ് ഓഫീസർ തോമസ് ഡെലാഹാന്റി, സീക്രട്ട് ഏജന്റായ തിമോത്തി മക്കാർത്തി എന്നിവർ വെടിയേറ്റ് വീണിരുന്നു. വെടിയുണ്ടകളിൽ രണ്ടെണ്ണം ലക്ഷ്യം തെറ്റി. അവസാനത്തെ വെടിയുണ്ട കാറിന്റെ സൈഡിൽ ഉരസിയ ശേഷം റീഗന്റെ ഇടത് കക്ഷത്തിന് തൊട്ടുതാഴെയാണ് പതിച്ചത്. പാഞ്ഞു കയറിയ ബുള്ളറ്റ് വാരിയെല്ലുകളിൽ ഒന്നിന് ക്ഷതമേല്പിക്കുകയും ശ്വാസകോശത്തിൽ തുളച്ചുകയറുകയും ചെയ്തു. കാറിനുള്ളിൽ വെച്ചുതന്നെ പ്രസിഡന്റിന്റെ പരിക്ക് അൽപ്പം ഗുരുതര സ്വഭാവമുള്ളതാണെന്നു മനസിലാക്കിയ ജെറി പാർ വൈറ്റ് ഹൗസിലേക്ക് പാഞ്ഞ വാഹനത്തെ ജോർജ് വാഷിങ്ടൺ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് തിരിച്ചുവിടാൻ നിർദ്ദേശിച്ചു. ഏപ്രിൽ 11 വരെ ആശുപത്രിയിൽ തുടർന്ന അദ്ദേഹം പ്രതീക്ഷിച്ചതിലും വേഗത്തിൽ സുഖം പ്രാപിച്ചു. കൃത്യസമയത്ത് മികച്ച ചികിത്സ ലഭ്യമായതു കൊണ്ടുമാത്രമാണ് റീഗന് സാധാരണ ജീവിതത്തിലേക്ക് വളരെ വേഗം മടങ്ങി വരാൻ സാധിച്ചത്. അമേരിക്കയുടെ 40-ാം പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗന് നേരേണ്ടതായ ഈ വധശ്രമം അക്കാലത്ത് ലോകത്തെ ഞെട്ടിച്ച പ്രധാന സംഭവങ്ങളിൽ ഒന്നായിരുന്നു.

അതിസമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു റീഗനെ വധിക്കാൻ ശ്രമിച്ച ജോൺ ഹിങ്ക്‌ലി ജൂനിയർ. റീഗന്റെ രാഷ്ട്രീയ എതിരാളിയായ ജോർജ് ബുഷ് സീനിയറിന്റെ കുടുംബവുമായി ഏറെ അടുത്ത ബന്ധമായിരുന്നു ഹിങ്ക്‌ലിയുടെ മാതാപിതാകൾക്കുണ്ടായിരുന്നത്. അതിനാൽ ആദ്യഘട്ടത്തിൽ ഈ വധശ്രമത്തിന് ഒരു രാഷ്ട്രീയ മാനം കൈവന്നുവെങ്കിലും വളരെ പെട്ടെന്ന് തന്നെ അത് ദൂരീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചു. ഏറെ കാലമായി മനോരോഗ ചികിത്സയ്ക്ക് വിധേയനായിരുന്ന ജോൺ ഹിങ്ക്‌ലി രോഗാവസ്ഥയുടെ പശ്ചാത്തലത്തിൽ കുറ്റവിമുക്തനാക്കപ്പെട്ടുവെങ്കിലും 2016 വരെ വാഷിങ്ടണിലെ സെന്റ് എലിസബെത്സ് ഹോസ്പിറ്റലിലെ അതിസുരക്ഷാ വാർഡിൽ ചികിത്സയിൽ കഴിയേണ്ടിവന്നു. വെടിവെയ്പ്പിൽ തലച്ചോറിന് പരിക്കേറ്റ് വൈകല്യങ്ങളോടെ ജീവിച്ച ജെയിംസ് ബ്രാഡി 2014- ൽ മരണത്തിന് കീഴടങ്ങി. തുടർച്ചയായി എട്ടുവർഷകാലം പ്രസിഡന്റ് പദവിയിലിരുന്ന റൊണാൾഡ് റീഗൻ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 2004-ലാണ് അന്തരിച്ചത്. റൊണാൾഡ് റീഗന്റെ ഒരു വലിയ ആരാധകനായിരുന്നു ഇതിഹാസ ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിതാവ് ജോസ് ഡിന്നിസ് അവരിയോ. റീഗനോടുള്ള ആദര സൂചകമായിട്ടാണ് അദ്ദേഹം മകന് റൊണാൾഡോ എന്ന് പേര് നൽകിയത്.

എന്നാൽ, പാളിപ്പോയ ഈ റീഗൻ വധശ്രമസംഭവത്തിൽ രസകരമായ ഒരു കൗതുകം ഒളിഞ്ഞിരിപ്പുണ്ട്. ഇതിൽ ആക്രമണത്തിന് ഇരയായ വ്യക്തിയും അദ്ദേഹത്തെ തലനാരിഴക്ക് രക്ഷപ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥനും അക്രമിയും ആക്രമണ പദ്ധതിയുമെല്ലാം സിനിമ മേഖലയുമായി പരോക്ഷമായി ബന്ധപ്പെട്ടു കിടക്കുന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കും മുൻപ് അമേരിക്കയിലെ അറിയപ്പെടുന്ന ഒരു ചലച്ചിത്ര താരമായിരുന്നു റൊണാൾഡ് റീഗൻ. 1937 മുതൽ 1965 വരെയുള്ള കാലഘട്ടത്തിൽ നിരവധി ജനപ്രിയ ചിത്രങ്ങളിലൂടെ അദ്ദേഹം ചലച്ചിത്ര രംഗത്ത് സജീവസാന്നിധ്യമായിരുന്നു. 1960-കളുടെ മധ്യത്തോടെ സിനിമാരംഗത്തുനിന്ന് പൂർണമായി വിടപറഞ്ഞ് അദ്ദേഹം രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായി. 1980-ൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സിനിമാതാരമെന്ന നിലയിലുള്ള ജനപ്രീതി അദ്ദേഹത്തെ ഏറെ സഹായിച്ചിരുന്നു.

എന്തിനാണ് ജോൺ ഹിങ്ക്‌ലി പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചത്? അതിനുള്ള കാരണം വളരെ രസകമായിരുന്നു. ഹിങ്ക്‌ലിക്ക് ഹോളിവുഡിലെ യുവതാരസുന്ദരിയായ ജൂഡി ഫോസ്റ്ററിനോട് കടുത്ത ആരാധനയായിരുന്നു. നടിയോട് അടുക്കാനും ബന്ധം സ്ഥാപിക്കാനും പല ശ്രമങ്ങളും നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. അമേരിക്കയെ ഞെട്ടിക്കുന്ന ഒരു 'വീരകൃത്യം' നടത്തിയാൽ വലിയ മാധ്യമശ്രദ്ധ കൈവരിക്കുമെന്നും അതിലൂടെ തന്റെ ആരാധനാമൂർത്തി തന്നെ ശ്രദ്ധിക്കുമെന്നും ഹിങ്ക്‌ലി കണക്കുകൂട്ടി. ജൂഡി ഫോസ്റ്റർ അഭിനയിച്ച 'ടാക്‌സി ഡ്രൈവർ' എന്ന ചിത്രം കണ്ടത് മുതലാണ് ഹിങ്ക്‌ലിക്ക് അവരോടുള്ള ആരാധന കലശലായത്. മാർട്ടിൻ സ്‌കോസെസിയുടെ സംവിധാനത്തിൽ 1976-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥ ഒരു രാഷ്ട്രീയ കൊലപാതക ദൗത്യം പശ്ചാത്തലമായുള്ളതാണ്. വിഖ്യാത നടൻ റോബർട്ട് ഡി നെറോയുടെ ആദ്യകാല ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്നായ സിനിമയുടെ മൂലകഥയാകട്ടെ ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ളതായിരുന്നു.

ഈ കഥാതന്തു മനസ്സിൽ കിടന്നതിനാൽ ഹിങ്ക്‌ലിയുടെ ചിന്തകൾ ആ വഴിക്ക് തിരിഞ്ഞു. അമേരിക്കൻ പ്രസിഡന്റിനെ പോലുള്ള അതിപ്രശസ്തരെ അപായപ്പെടുത്തിയാൽ തന്റെ 'സാഹസികത' ലോകം ശ്രദ്ധിക്കുമെന്നും അങ്ങനെ ജൂഡിയും തന്റെ ആരാധകനാകുമെന്നും ഹിങ്ക്‌ലി വെറുതെ മനക്കോട്ട കെട്ടി. ദൗത്യത്തിന്റെ ഭാഗമായി കെന്നഡി വധത്തെ കുറിച്ച് വിശദമായി പഠിക്കുകയും ചെയ്തു. റീഗന് തൊട്ട് മുൻപ് അധികാരത്തിൽ ഇരുന്ന ജിമ്മി കാർട്ടറെ ആയിരുന്നു ജോൺ ഹിങ്ക്‌ലി ആദ്യം ലക്ഷ്യം വെച്ചത്. തിരഞ്ഞെടുപ്പ് റാലികളിലും മറ്റു പൊതുപരിപാടികളിലുമെലാം ഹിങ്ക്‌ലി പ്രസിഡന്റിനെ നിരന്തരം പിന്തുടർന്ന് കൊണ്ടിരുന്നു. എന്നാൽ, പറ്റിയ അവസരങ്ങളൊന്നും ഒത്തുവന്നിരുന്നില്ല. അങ്ങനെ മാസങ്ങൾ കടന്നു പോയി. എങ്കിലും അയാൾ തന്റെ പദ്ധതി ഉപേക്ഷിച്ചിരുന്നില്ല. 1981 ജനുവരി 20-ന് റൊണാൾഡ് റീഗൻ പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം വാഷിങ്ടണിലെ സെന്റ് ജോൺ എപ്പിസ്‌കോപ്പൽ ദേവാലയത്തിൽ പ്രാർഥനാ ശുശ്രുഷകളിൽ സംബന്ധിക്കാനെത്തുമ്പോൾ അവിടെവെച്ച് അദ്ദേഹത്തെ വധിക്കാനുള്ള തയ്യാറെടുപ്പുകളോടെ ഹിങ്ക്‌ലി ആ പരിസരത്ത് ചുറ്റിക്കറങ്ങി. എന്നാൽ, സുരക്ഷ ഉദ്യോഗസ്ഥരിൽ ചിലർ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ അവിടെനിന്ന് അയാൾ വേഗം തടിതപ്പി. വളരെ യാദൃച്ഛികമായിട്ടാണ് വാഷിങ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ പുതിയ പ്രസിഡന്റ് റീഗൻ പങ്കെടുക്കുന്ന ഒരു പരിപാടിയെ കുറിച്ചു പത്രവാർത്തകളിലൂടെ ഹിങ്ക്‌ലി അറിയാനിടയായത്. സ്ഥലത്തെത്തിശേഷം ഹോട്ടലിന്റെ ഒരു വശത്ത് മാധ്യമ പ്രവർത്തകർ കൂട്ടംകൂടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അവരോടപ്പം അവരിൽ ഒരാളായി തോന്നിപ്പിക്കുന്ന മട്ടിൽ ഹിങ്ക്‌ലി അവിടെ നിലയുറപ്പിച്ചു. അവർക്കൊപ്പം നിന്നാൽ താൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽപ്പെടില്ലെന്നുള്ള അയാളുടെ കണക്കുട്ടൽ പിഴച്ചില്ല.

റീഗൻ പുറത്തിറങ്ങുമ്പോൾ വളരെ അടുത്തുനിന്ന് നിറയൊഴിക്കാൻ ഇതിലും മികച്ച ഒരിടമില്ലെന്നും അയാൾ മനസിലാക്കിയിരുന്നു. എന്നാൽ, ഭാഗ്യം റീഗനെ തുണച്ചു. തന്റെ ആരാധന മൂർത്തിയായ ജൂഡി ഫോസ്റ്റർക്ക് വികാരപരമായ ഒരു കത്ത് എഴുതി വെച്ചിട്ടാണ് ഹിങ്ക്‌ലി ദൗത്യത്തിനായി ഇറങ്ങി തിരിച്ചത്. നടിയോട് അടുക്കാനുള്ള തന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും ഈ ഒരു സാഹസിക ശ്രമത്തിന് ശേഷമെങ്കിലും താരം തന്നെ ഗൗനിക്കുമായിരിക്കുമെന്നുള്ള ശുഭാപ്തി വിശ്വാസമാണ് കത്തിൽ നിഴലിച്ചു നിന്നത്. ഈ പദ്ധതിക്കിടയിൽ താൻ കൊല്ലപ്പെട്ടേക്കുമെന്ന ആശങ്കയാണ് ഹിങ്ക്‌ലിയെ ഇത്തരമൊരു കത്തെഴുതാൻ പ്രേരിപ്പിച്ച ഘടകം.

കൗമാരകാലം മുതൽ തന്നെ കുത്തഴിഞ്ഞ ജീവിതമായിരുന്നു ജോൺ ഹിങ്ക്‌ലിയുടേത്. പല മാനസിക ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സകൾക്കും വിധേയമാക്കിയെങ്കിലും ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സന്നദ്ധതയും താത്പര്യവും ഹിങ്ക്‌ലിയുടെ ഭാഗത്ത് നിന്നുണ്ടാകാതെ വന്നപ്പോൾ അയാളുടെ മാതാപിതാക്കളും അസ്വസ്ഥരായി തുടങ്ങിയിരുന്നു. ഒടുവിൽ കാര്യങ്ങൾ ഈ രീതിയിലെത്തി ചേർന്നപ്പോൾ ഏറ്റവുമധികം പഴി കേട്ടതും ജോൺ ഹിങ്ക്‌ലിയുടെ കുടുംബം തന്നെയായിരുന്നു.

സാഹസികമായി പ്രസിഡന്റിനെ രക്ഷപ്പെടുത്തിയ ജെറി പാർ എന്ന സുരക്ഷാ ഉദ്യോഗസ്ഥന് സീക്രട്ട് സർവീസിൽ ജോലി ലഭിക്കാൻ സാഹചര്യമൊരുക്കിയത് ഒരു റീഗൻ സിനിമയായിരുന്നു. 1939-ൽ പുറത്തിറങ്ങിയ 'കോഡ് ഓഫ് ദി സീക്രട്ട് സർവീസ്' എന്ന സിനിമ കണ്ടപ്പോഴാണ് ഒരു സീക്രട്ട് ഏജന്റ് ആകണമെന്ന മോഹം ജെറിയിൽ ഉടലെടുത്തത്. ചിത്രത്തിൽ റീഗൻ സാഹസികനായ ലെഫ്റ്റനന്റ് ബ്രെസ്സ് ബ്രാൻക്രോഫ്‌റ് എന്നൊരു സീക്രട്ട് സർവീസ് ഏജന്റിന്റെ വേഷമാണ് അവതരിപ്പിച്ചത്. ചിത്രം കണ്ട് ആവേശഭരിതനായ ജെറി അത്തരമൊരു ജോലി ലഭിക്കാനായി നിരന്തര ശ്രമങ്ങൾ നടത്തുകയും ഒടുവിൽ 32-ാം വയസ്സിൽ സീക്രട്ട് സർവീസ് വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. വിവിധ യു.എസ്. പ്രസിഡന്റുമാരുടെ സുരക്ഷാവിഭാഗങ്ങളിലും വിദേശ രാഷ്ട്രതലവന്മാരുടെ അമേരിക്കൻ സന്ദർശന വേളകളിലുമെല്ലാം ജെറി സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു. ഇതിൽ വിചിത്രമായ ഒരു കാര്യം ഒരു കാലത്ത് ജോൺ എഫ്. കെന്നഡിയുടെ സുരക്ഷാ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജെറി പാർ പിൽക്കാലത്ത് കെന്നഡി വധത്തിനുശേഷം നിയോഗിക്കപ്പെട്ടത് കെന്നഡി ഘാതകനായ ലീ ഹാർവി ഒസ്വാൾഡിന്റെ വിധവയെയും അമ്മയേയും സംരക്ഷിക്കുന്ന ദൗത്യത്തിനായിട്ടായിരുന്നു.

റീഗൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തപ്പോൾ സുരക്ഷാ വിഭാഗത്തിലെ പ്രധാന പദവിയിലാണ് ജെറി എത്തിചേർന്നത്. ഒരു കാലത്ത് താൻ സ്‌ക്രീനിൽ ആരാധനയോടെ നോക്കിക്കണ്ട തന്റെ ഇഷ്ടതാരത്തെ വലിയയൊരു അപകടത്തിൽനിന്ന് രക്ഷപ്പെടുത്തി യഥാർത്ഥ ജീവിതത്തിൽ ഒരു ഹീറോയായി മാറുവാൻ ജെറിക്ക് സാധിച്ചു. റീഗന് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടായപ്പോൾ അതെല്ലാം നേരിൽ കണ്ടുകൊണ്ട് ജെറി പാറിന്റെ ഭാര്യ കരോലിൻ പ്രസിഡന്റിന്റെ വാഹനത്തിന്റെ മറുവശത്ത് കാഴ്ചക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. തന്റെ ജോലിയുടെ സ്വഭാവമൊക്കെ നേരിൽ കാണുവാനായി ജെറി തന്നെയായിരുന്നു ഭാര്യയെ അവിടേക്ക് ക്ഷണിച്ചത്. ആശങ്കാജനകമായ സംഭവങ്ങളാണ് അവിടെ അരങ്ങേറിയതെങ്കിലും തന്റെ ഭർത്താവ് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി ആയി മാറിയ ആ കാഴ്ചക്ക് സാക്ഷിയാകാൻ അവർക്ക് സാധിച്ചു. ആദ്യ വെടിപൊട്ടിയ ആ നിമിഷം തന്നെ ജെറി പാർ റീഗനെ അതിവേഗം കാറിനുളിലേക്ക് കയറ്റിയില്ലായിരുന്നുവെങ്കിൽ ചരിത്രം മറ്റൊന്നായേനെ. റീഗന്റെ പരിക്ക് നിസാരമല്ലന്ന് തിരിച്ചറിഞ്ഞു വാഹനം ആശുപത്രിയിലേക്ക് തിരിച്ചു വിടാൻ നിർദ്ദേശം നൽകിയതും മറ്റൊരു വഴിത്തിരിവായി മാറി. അതിസങ്കീർണ സാഹചര്യത്തെ സമചിത്തതയോടെ നേരിട്ട് ചരിത്രത്തിന്റെ ഭാഗമായി മാറിയ ജെറി പാർ 2015-ൽ അന്തരിച്ചു.

റൊണാൾഡ് റീഗൻ വധശ്രമത്തെ ആസ്പദമാക്കി ഒട്ടേറെ ചലചിത്രങ്ങളും ഡോക്യൂമെന്ററികളും പിൽകാലത്ത് വരികയുണ്ടായി. ഈ സംഭവത്തിൽനിന്ന് പ്രചോദനമുൾകൊണ്ട് ഹോളിവുഡ് ഇതിഹാസം ക്ലിന്റ് ഈസ്റ്റവുഡ് മുഖ്യവേഷത്തിലെത്തിയ 'ഇൻ ദി ലൈൻ ഓഫ് ഫയർ' (1994) എന്ന പ്രശസ്ത ചിത്രത്തിന്റെ പിന്നണിയിൽ ജെറി പാറും പ്രവർത്തിച്ചിട്ടുണ്ട്. 'ദി ഡേ റീഗൻ വാസ് ഷോട്ട്' (2001), 'ദി റീഗൻസ്' (2003), 'കില്ലിങ് റീഗൻ' (2016) എന്നിങ്ങനെയുള്ള സിനിമകളും 'ബിഹൈൻഡ് ദി സീൻസ് വിത്ത് ദി സീക്രെട്ട് സർവീസ്', 'ഇൻസൈഡ് ദി യു.എസ്. സീക്രെട്ട് സർവീസ്' എന്നിങ്ങനെ വിവിധ ഡോക്യുമെന്ററികളും ഇതിനെ അവലംബിച്ചു പുറത്തിറങ്ങിയിട്ടുണ്ട്.

റീഗൻ വധശ്രമ കേസ് അന്വേഷണഘട്ടത്തിലും പിന്നീട് വിചാരണവേളയിലും ഏറ്റവും നിർണായകമായത് അന്ന് അവിടെ കൂടിനിന്ന മാധ്യമ പ്രവർത്തകർ എടുത്ത ഒട്ടേറെ ചിത്രങ്ങളും വീഡിയോകളുമായിരുന്നു. സംഭവസ്ഥലത്ത് മൂന്നുപേർ വെടിയേറ്റ് വീണുകിടക്കുന്ന ചിത്രം പകർത്തിയ അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫറായ റൊണാൾഡ് എഡ്മൻഡിന് ആ വർഷത്തെ പുലിറ്റ്‌സർ പുരസ്‌ക്കാരം ലഭിച്ചു.

വലതു കൈയിൽ മിനി ഓട്ടോമാറ്റിക് മെഷീൻ ഗൺ പിടിച്ച് ആക്രമണ ശേഷമുള്ള രംഗം ശാന്തമാക്കാൻ ശ്രമിക്കുന്ന റോബർട്ട് വാങ്കോ എന്ന സീക്രട്ട് ഏജന്റിന്റെ ചിത്രം അക്കാലത്ത് ഏറെ ജനശ്രദ്ധ നേടുകയുണ്ടായി. എഡ്മണ്ട് തന്നെയായിരുന്നു ആ ചിത്രവും പകർത്തിയത്. ലോകപ്രശസ്ത പ്രസ് ഫോട്ടോഗ്രാഫർ സെബാസ്റ്റിയോ സാൽഗോഡയും ആക്രമണ സമയത്ത് അവിടെ സന്നിഹിതനായിരുന്നു. പ്രസിഡന്റ് പദവിയിൽ റീഗന്റെ ആദ്യ നൂറു ദിനങ്ങൾ എന്ന പേരിൽ ഒരു ഫോട്ടോ ആൽബം തയാറാക്കുന്ന ദൗത്യവുമായിട്ടായിരുന്നു സാൽഗോഡ അവിടെയെത്തിയത്. വിവിധ മാധ്യമ പ്രവർത്തകർ പകർത്തിയ ചിത്രങ്ങളും വീഡിയോകളും വാഷിങ്ടണിലെ റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ലൈബ്രറിയിൽ ഇപ്പോൾ സൂക്ഷിച്ചിട്ടുണ്ട്. വധശ്രമത്തിന് തൊട്ടു പിന്നാലെ സമീപത്തെ ടെലിഫോൺ ബൂത്തിൽ എത്തിയ യു.പി.ഐ. ഫോട്ടോഗ്രാഫർ ഡോൺ റിപ്‌കോ തന്റെ ഓഫീസിൽ വിളിച്ച്‌ ആക്രമണ വിവരം അറിയിച്ചെങ്കിലും അതൊരു അഡ്വാൻസ് ഏപ്രിൽ ഫൂൾ സന്ദേശമായിരിക്കാം എന്ന തെറ്റിദ്ധാരണയിൽ ആദ്യ മണിക്കൂറുകളിൽ ആരും ഗൗരവത്തിലെടുത്തില്ല എന്നതാണ് ഇതിനോടനുബന്ധിച്ചുള്ള മറ്റൊരു രസകരമായ കഥ.

ഈ സംഭവത്തിന് ഇക്കഴിഞ്ഞ ഏപ്രിലിൽ അരങ്ങേറിയ ഡൊണാൾഡ് ട്രംപ് വധശ്രമവുമായി ചില സാദൃശ്യങ്ങൾ ഉണ്ടായിരുന്നു. ഹിൽട്ടൺ ഹോട്ടലിൽ വെച്ചുതന്നെയായിരുന്നു ട്രംപിന് നേരെയും വധശ്രമുണ്ടായത്. രണ്ടു സംഭവങ്ങളിലും ആക്രമി എത്തിയത് തനിച്ചായിരുന്നു. തോക്കുമായി അതിസുരക്ഷാ മേഖയിലേക്ക് കടക്കുന്നതിൽ ഇരുവരും വിജയിച്ചിരുന്നു. കൊല്ലപ്പെട്ടേക്കാം എന്ന ആശങ്കയിൽ ട്രംപിനെ അപായപ്പെടുത്താൻ ശ്രമിച്ച കോൾ തോമസ് അലനും തന്റെ ആക്രമണോദ്ദേശ്യം വ്യക്തമാക്കിക്കൊണ്ടുള്ള സന്ദേശം കുടുംബാങ്ങൾക്ക് അയച്ചു കൊടുത്തിരുന്നു.

സിനിമകൾ പല രീതികളിൽ മനുഷ്യരെ സ്വാധീനിക്കാറുണ്ട്. ചിലരെ അത് തെറ്റായ വഴികളിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കും. മറ്റു ചിലർക്ക് അത് വ്യക്തമായ ഒരു ലക്ഷ്യബോധ്യം നൽകിയേക്കും. ജോൺ ഹിങ്ക്‌ലി ജൂനിയറും ജെറി പാറും ഈ വ്യത്യസ്ത ധ്രുവങ്ങളുടെ രണ്ടു പ്രതീകങ്ങളായി നിലനിൽക്കുന്നു.