
ഈ ജൂണിൽ വർഷം നാല് കഴിഞ്ഞു ഉഷാറാണി വിടവാങ്ങിയിട്ട്. എങ്കിലും കാതോരത്ത് ഇന്നുമുണ്ട് ആ ശബ്ദം. മൊബൈൽ ഫോണിൽ ആ നമ്പറും.
ഹേമാ കമ്മിറ്റി റിപ്പോർട്ട് വാർത്തകളിൽ നിറഞ്ഞപ്പോൾ ആദ്യം ഓർമ്മ വന്നത് ഉഷാറാണിയെയാണ്. ആത്മഗതമെന്നോണം ഒരിക്കൽ അവർ ഫോണിലൂടെ ഉരുവിട്ട വാക്കുകളും: "സിനിമ എനിക്ക് നൽകിയ ഒരു വിലപ്പെട്ട പാഠമുണ്ട് -- ജീവിതത്തെ ഒരിക്കലും സീരിയസ് ആയി നോക്കിക്കാണാതിരിക്കുക. ഗൗരവത്തോടെ കണ്ടുതുടങ്ങിയാൽ അതോടെ തീർന്നു നമ്മുടെ സന്തോഷം."
"ഞങ്ങളുടെ തലമുറയിലെ നടിമാരെക്കുറിച്ചു സംസാരിക്കുമ്പോഴും എഴുതുമ്പോഴും പലർക്കും പുച്ഛമാണ്." -- ഒരിക്കൽ ഉഷാറാണി പറഞ്ഞു. "കോടമ്പാക്കത്ത് അഭിമാനം വിറ്റു ജീവിച്ചവരാണ് ഞങ്ങളൊക്കെ എന്നാണ് പലരുടെയും ധാരണ. അങ്ങനെ വല്ലവരും ഉണ്ടെങ്കിൽ തന്നെ എന്തുകൊണ്ട് അവർ അങ്ങനെ ആയി എന്നാരും ചിന്തിക്കാറില്ല. ഞങ്ങളുടെ തലമുറക്ക് തൊഴിലായിരുന്നു അഭിനയം. ഗ്ലാമറും പ്രശസ്തിയുമൊക്കെ അതിന്റെ ഉപോല്പന്നങ്ങൾ മാത്രം. വിശപ്പടക്കാൻ, നിത്യരോഗികളായ അച്ഛനമ്മമാരെ പരിപാലിക്കാൻ, കൂടപ്പിറപ്പുകളെ കല്യാണം കഴിപ്പിച്ചുവിടാൻ, കിട്ടിയ വേഷങ്ങളൊക്കെ അഭിനയിച്ചേ പറ്റുമായിരുന്നുള്ളൂ; സിനിമയിൽ മാത്രമല്ല ജീവിതത്തിലും. അതിജീവനത്തിനായുള്ള ആ നെട്ടോട്ടത്തിനിടെ പലരും ചൂഷണങ്ങൾക്ക് വഴങ്ങേണ്ടി വന്നു. മദ്യപാന സദസ്സുകളുടെ ഭാഗമാകാൻ നിർബന്ധിതരായി."
ചിലരൊക്കെ ആ പന്തയത്തിൽ കഷ്ടിച്ച് ജയിച്ചുകയറി; നല്ലൊരു ജീവിതം കരുപ്പിടിപ്പിച്ചു. ചിലർ ദയനീയമായി തോറ്റു. വിട്ടുവീഴ്ചകൾക്ക് വഴങ്ങി ജീവിക്കാൻ നിർബന്ധിതരായി. മറ്റു ചിലർ ആത്മഹത്യയിൽ അഭയം തേടി.
ഒരു നിമിഷം നിർത്തി, ദീർഘനിശ്വാസത്തോടെ അവർ പറഞ്ഞ വാക്കുകൾ ഇതാ ഈ നിമിഷവും മനസ്സിനെ തൊടുന്നു: "വർഷങ്ങൾക്ക് മുൻപ് ഞാൻ അഭിനയിച്ച ഒരു വേഷത്തെ കുറിച്ച് മോൻ ചോദിച്ചു കേട്ടപ്പോൾ എനിക്കുള്ള സന്തോഷം എത്രയെന്നോ? എന്നിൽ ഒരു കലാകാരി കൂടി ഉണ്ടായിരുന്നു എന്നോർത്തത് ആ ചോദ്യം കേട്ടപ്പോഴാണ്."

ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത, ഫോണിലൂടെ ആഴ്ച തോറും ഒഴുകിയെത്തിയിരുന്ന ശബ്ദമായി മാത്രം ഒപ്പമുണ്ടായിരുന്ന ആ അഭിനേത്രിയുടെ മുഖത്തെ ഭാവപ്പകർച്ച സങ്കല്പിക്കാമായിരുന്നു എനിക്ക്. ഒരു കാര്യം കൂടി ഓർമ്മിപ്പിച്ചു അവർ: "ഇന്നത്തെ തലമുറയിലെ നടിമാർക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനും നിരാകരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഞങ്ങളിൽ പലർക്കും ആ സ്വാതന്ത്യ്രം ഉണ്ടായിരുന്നില്ല. എങ്ങനേയും ജീവിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി."
"ജയിൽ" (1966) എന്ന സിനിമയിൽ ബാലതാരമായാണ് ഉഷാറാണിയുടെ തുടക്കം. തമിഴിലും മലയാളത്തിലുമായി മുപ്പതോളം ചിത്രങ്ങളിൽ ബാലതാരമായ ശേഷം പ്രേംനസീറിന്റെയും എം ജി ആറിന്റെയുമൊക്ക അനിയത്തിയായി. കെ ബാലചന്ദറിന്റെ "അരങ്ങേറ്റ''ത്തിൽ കമലഹാസനൊപ്പം അഭിനയിക്കുമ്പോൾ പ്രായം പതിനാറ്. മറക്കാനാവാത്ത ചില ഗാനരംഗങ്ങളിലും ഉണ്ട് ഉഷാറാണിയുടെ സാന്നിധ്യം. അഗ്നിപുത്രിയിലെ "കിളികിളി പരുന്തിന്'' ഉദാഹരണം. " പിൽക്കാലത്ത് അവർ പ്രശസ്ത സംവിധായകൻ എൻ ശങ്കരൻ നായരുടെ ഭാര്യയായി. സിനിമാനിർമ്മാതാവായി.
ഇതൊന്നുമല്ലാത്ത മറ്റൊരു ഉഷാറാണിയെയായിരുന്നു എനിക്ക് പരിചയം. സഹപ്രവർത്തകരുടെ നൊമ്പരങ്ങളിൽ, ദുരിതങ്ങളിൽ ആത്മാർഥമായി ദുഃഖിച്ച, അവർക്ക് നേരെ അനുകമ്പയുടെ കരം നീട്ടാൻ എന്നും മുന്നിൽ നിന്ന മനുഷ്യസ്നേഹിയായ ഉഷാറാണി.

സാധന എന്ന പഴയകാല നടിയുടെ ദുരവസ്ഥ ശ്രദ്ധയിൽപെടുത്താനാണ് വർഷങ്ങൾക്ക് മുൻപ് ഉഷാറാണി ചേച്ചി ആദ്യം വിളിച്ചത്. ചെന്നൈ നഗരപ്രാന്തത്തിലുള്ള ഒരു ചേരിയിലെ ഒറ്റമുറി വീട്ടിൽ മറവിരോഗവും തീരാദാരിദ്ര്യവുമായി മല്ലിട്ട് ജീവിച്ച സാധനയുടെ കഥ മാതൃഭൂമിയിലെ പംക്തിയിൽ എഴുതിയപ്പോൾ നന്ദി പറയാൻ വേണ്ടി വീണ്ടും വിളിച്ചു അവർ. ലേഖനം വായിച്ച് പാലക്കാട്ടെ മുൻ എം പി കൃഷ്ണദാസ് ഉൾപ്പെടെ നിരവധി പേർ സഹായഹസ്തവുമായി എത്തിയിട്ടും അനിവാര്യമായ ദുരന്തത്തിൽ നിന്ന് സാധനയെ കരകയറ്റാനായില്ല ഉഷാറാണിക്ക്. ഒരു അജ്ഞാത മൃതദേഹമായി ചെന്നൈ നഗരത്തിന്റെ ഏതോ മൂലയിൽ എരിഞ്ഞുതീർന്നു, നൂറു കണക്കിന് സിനിമകളിൽ വേഷമിട്ട ആ നടിയുടെ ജീവിതം.
പിന്നേയും വിളിച്ചുകൊണ്ടിരുന്നു ഉഷാറാണി. അധികവും പഴയ സഹപ്രവർത്തകരുടെ ദുരിതജീവിതത്തെ കുറിച്ച് പറയാൻ. സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ അവർക്കു വേണ്ടി തനിക്ക് കഴിയുന്ന ധനസഹായം ചെയ്യാൻ ഒരിക്കലും മടിച്ചില്ല ഉഷാറാണി. ഒപ്പം സിനിമാരംഗത്തെയും പുറത്തേയും മനുഷ്യസ്നേഹികളുടെ സഹായം അഭ്യർത്ഥിച്ചു വീടുകൾ കയറിയിറങ്ങാനും. "പലരും ചോദിച്ചിട്ടുണ്ട്, വളരെ മോശം ഇമേജുള്ള ഒരു നടിക്ക് വേണ്ടി ഈ പ്രായത്തിൽ നിങ്ങൾ ഇങ്ങനെ ഓടിനടക്കുന്നതെന്തിന് എന്ന്. ആ മോശം ഇമേജ് എങ്ങനെ ഉണ്ടായി എന്ന് ആരും ചിന്തിക്കില്ല. ഇഷ്ടപ്പെട്ടിട്ടല്ല ഇവരാരും മോശം വഴി തിരഞ്ഞെടുത്തിട്ടുണ്ടാകുക. ഗതികേടു കൊണ്ടാണ്. ജീവിക്കാൻ വേണ്ടി; ചിലപ്പോഴൊക്കെ വലിയൊരു കുടുംബത്തെ തീറ്റിപ്പോറ്റാൻ വേണ്ടി. അതൊന്നും ആർക്കും വിഷയമല്ല...'' ആത്മരോഷം ഉള്ളിലൊതുക്കാനാവാതെ ഒരിക്കൽ ഉഷാറാണി പൊട്ടിത്തെറിച്ചത് ഓർക്കുന്നു. "എതിർപ്പുകളെയും പരിഹാസശരങ്ങളേയും അവഗണിച്ച് ശങ്കരൻ നായരെ പോലൊരാളെ വിവാഹം ചെയ്ത് സുരക്ഷിതമായ ഒരു ജീവിതം തിരഞ്ഞെടുത്തിരുന്നില്ലെങ്കിൽ എന്നെ കുറിച്ചും ഇതൊക്കെ തന്നെ പറഞ്ഞേനെ ആളുകൾ.''
"മദനോത്സവം" എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിനിടെയാണ് ഉഷാറാണി തന്നെക്കാൾ 32 വയസ്സിന് മൂത്ത ശങ്കരൻ നായരുടെ ജീവിതത്തിലേക്ക് കടന്നുചെന്നത് -- 1977 ൽ. "അന്നെനിക്ക് 19 വയസ്സ്; ശങ്കരേട്ടന് 51 ഉം. കുട്ടിക്കാലം മുതലേ അറിയാം അദ്ദേഹത്തെ. ഞങ്ങളുടെ കുടുംബവുമായി വലിയ അടുപ്പമായിരുന്നു. പിതൃ തുല്യമായ വാത്സല്യമായിരുന്നു എന്നും അദ്ദേഹത്തിന് എന്നോട്; ഞാൻ അദ്ദേഹത്തിൽ കണ്ടത് സ്നേഹനിധിയായ ഒരു രക്ഷിതാവിനേയും. ജീവിതത്തിലെ ഏക ആശ്രയമായിരുന്ന അമ്മ മരിച്ചുപോയ സന്ദർഭത്തിലാണ് അദ്ദേഹവുമായി കൂടുതൽ അടുത്തത്. ഭാവി ഇരുളടഞ്ഞ പോലെ തോന്നിയ ആ ഘട്ടത്തിൽ എല്ലാ വേദനകളും പങ്കുവെക്കാൻ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ എനിക്ക്. ഒരു രാത്രി വളരെ വൈകുവോളം അദ്ദേഹം ക്ഷമയോടെയിരുന്ന് എന്നെ ആശ്വസിപ്പിച്ചത് ഓർമ്മയുണ്ട്. അന്നെനിക്ക് ഉറക്കം വന്നില്ല. പിറ്റേന്ന് ചെന്നൈ ജാഫർഖാൻപേട്ടിൽ അദ്ദേഹം താമസിച്ചിരുന്ന വാടകവീട്ടിൽ ചെന്ന് ഞാൻ പറഞ്ഞു: ശങ്കരൻ അങ്കിൾ, ഐ വാണ്ട് ടു മാരി യു.''

ഞെട്ടിപ്പോയത് ശങ്കരൻ നായർ മാത്രമല്ല. സഹവാസികളായ ശോഭന പരമേശ്വരൻ നായരും പ്രേംനവാസും കൂടിയാണ്. "എനിക്ക് ഭ്രാന്താണെന്നാണ് എല്ലാവരും കരുതിയത്. അവരെ കുറ്റം പറഞ്ഞുകൂടാ.'' ഉഷാറാണി ചിരിക്കുന്നു. "എന്തുകൊണ്ടാണ് അന്ന് ഞാനങ്ങനെ പറഞ്ഞതെന്ന് പിന്നീട് ഓർത്തുനോക്കിയിട്ടുണ്ട്. പ്രണയം എന്ന് വിളിക്കാൻ വയ്യ ആ വികാരത്തെ. ഒരു തരം സുരക്ഷിതത്വ ബോധമായിരുന്നു ആ സമയത്ത് എനിക്ക് ആവശ്യം. സഹോദരിയെ വളർത്തിക്കൊണ്ടു വരണം. ഒറ്റയ്ക്ക് ആ വെല്ലുവിളി ഏറ്റെടുക്കുന്നതിലും നല്ലത് എന്നെ ശരിക്കും അറിയാവുന്ന ഒരാൾക്കൊപ്പം അത് പങ്കിടുകയാണ് എന്ന് തോന്നി. കൂടുതലൊന്നും ചിന്തിക്കാനുള്ള പ്രായമായിരുന്നില്ലല്ലോ.''
ഉഷയുടെ വാക്കുകൾ ആദ്യം തമാശയായേ കണ്ടുള്ളൂ ശങ്കരൻ നായർ. കല്യാണം കഴിക്കാനുള്ള പ്രായമല്ല തനിക്കെന്ന് വാദിച്ചുനോക്കി അദ്ദേഹം. പക്ഷേ സ്വന്തം തീരുമാനത്തിൽ നിന്ന് അണുപോലും വ്യതിചലിക്കാൻ തയ്യാറായിരുന്നില്ല ഉഷ. 1977 ലായിരുന്നു രജിസ്റ്റർ വിവാഹം. സാക്ഷികളായി ഒപ്പിട്ടത് പരമേശ്വൻ നായരും നവാസും. സിനിമാലോകത്തെ അത്തരം വിവാഹങ്ങൾക്ക് ആയുസ്സ് കുറവാണെന്നൊരു വിശ്വാസമുണ്ട്. മാതൃകാ ദമ്പതികളായി 28 വർഷം വർഷം ജീവിച്ച് (2005 - ലായിരുന്നു ശങ്കരൻ നായരുടെ വിയോഗം) ആ "അന്ധവിശ്വാസം'' തിരുത്തി ശങ്കരൻ നായരും ഉഷയും. വിവാഹ ശേഷം ഉഷാറാണി ആദ്യം അഭിനയിച്ചത് മദനോത്സവത്തിൽ തന്നെ. അടൂർ ഭാസി, പട്ടം സദൻ, കോട്ടയം ശാന്ത തുടങ്ങിയവർക്കൊപ്പമുള്ള കോമഡി സീനായിരുന്നു. മദനോത്സവം പൂർണ്ണമായി ചിത്രീകരിച്ച ശേഷം, വിതരണക്കാരുടെ നിർബന്ധപ്രകാരം ഒരു കോമഡി ട്രാക്ക് പ്രത്യേകമായി കൂട്ടിച്ചേർക്കുകയായിരുന്നു ശങ്കരൻ നായർ. ചെന്നൈയിൽ വെച്ച് ഷൂട്ട് ചെയ്ത ആ രംഗങ്ങൾ എഴുതിയതും സംവിധാനം ചെയ്തതും അടൂർ ഭാസിയാണെന്ന പ്രത്യേകതയുണ്ട്.
കുറച്ചുകാലം അസുഖബാധിതനായി കിടന്ന ശേഷം 2005 ഡിസംബർ 18 ന് മരണത്തിനു കീഴടങ്ങിയ ശങ്കരൻ നായരെ അവസാനമായി ഒരു നോക്ക് കാണാൻ സിനിമയിലെ പഴയ സഹപ്രവർത്തകരുടെ പ്രവാഹമൊന്നും ഉണ്ടായില്ല. മരണാനന്തര ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത് അടുത്ത സുഹൃത്തുക്കൾ മാത്രം. സിനിമയിൽ ഒരു പാടു പേർക്ക് തണലേകിയ മഹാവൃക്ഷമായിരുന്നു ശങ്കരൻ നായർ എന്ന മനുഷ്യൻ. ആ തണലിൽ വളർന്നു വന്നവരിൽ എത്ര പേർ ഇന്ന് അദ്ദേഹത്തെ ഓർക്കുന്നു? "ആദ്യമൊക്കെ ദുഃഖം തോന്നിയിരുന്നു. ഇപ്പോൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ പഠിച്ചു. മലയാള സിനിമക്ക് ജീവിതം തന്നെ സമർപ്പിച്ച മഹാസംവിധായകർ വേറെയുമില്ലേ -- എം കൃഷ്ണൻ നായരേയും കുഞ്ചാക്കോയെയും പി സുബ്രഹ്മണ്യത്തേയും പോലെ. അവരെ പോലും ഓർക്കാൻ സമയമില്ല ആർക്കും; പിന്നെയല്ലേ പാവം ശങ്കരൻ നായരെ.'' ഉഷാറാണിയുടെ വാക്കുകൾ ഓർമ്മവരുന്നു. പറഞ്ഞത് ഭർത്താവിനെ കുറിച്ചെങ്കിലും ഭാര്യക്കും ബാധകമല്ലേ ആ വാക്കുകൾ?
രോഗാതുരയായി അർദ്ധബോധാവസ്ഥയിൽ അപ്പോളോ ആശുപത്രിയിൽ കഴിഞ്ഞ ഉഷാറാണിയെ കാണാൻ സിനിമാരംഗത്തു നിന്ന് അധികം പേരൊന്നും എത്തിയിരുന്നില്ല. വന്നത് അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ചിലർ മാത്രം. ദീർഘകാല സുഹൃത്തായ ജയഭാരതി ആയിരുന്നു ഉഷാറാണിയുടെ അന്ത്യനാളുകളിൽ അവർക്കൊപ്പം ഉണ്ടായിരുന്ന അപൂർവം സിനിമക്കാരിൽ ഒരാൾ. 2020 ജൂൺ 20 നാണ് ഉഷാറാണി ഓർമ്മയായത്.
Content Highlights: remembering late actress usharani
Published: 07 Sept 2024, 11:17 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented