ഏഴു ദിവസം മുൻപുവരെ എന്റെ ക്യാമറയുടെ മുന്നിൽനിന്ന് അദ്‌ഭുതകരമാംവിധം അഭിനയിച്ച ഒരു മനുഷ്യൻ യാത്രപോലും പറയാതെ ഈ ഭൂമി വിട്ടുപോയിരിക്കുന്നു. മനുഷ്യർ മാഞ്ഞുപോകുന്നത് എത്ര പെട്ടെന്നാണ്! അസ്രാണി എന്ന നടൻ എനിക്കിപ്പോൾ ഒരേസമയം വേദനിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന ഒരുപാടോർമ്മകളാണ്
തിരഞ്ഞെടുപ്പുകളില്ലാതെ സിനിമകൾ കണ്ടുകൂട്ടുന്ന കാലത്ത്, ഹിന്ദിസിനിമയിലെ കോമഡി രംഗങ്ങൾ വെറും കോമാളിത്തമായിട്ടാണ് എനിക്ക്‌ തോന്നിയിരുന്നത്. ശരീരംകൊണ്ടും മുഖംകൊണ്ടുമുള്ള കാട്ടിക്കൂട്ടലുകൾ. നല്ല ചിരി സൃഷ്ടിക്കാൻ അവയ്ക്കൊന്നും സാധിച്ചിരുന്നില്ല. എന്നാൽ, 1969-ൽ സത്യകാം എന്ന സിനിമയിലൂടെ ഋഷികേശ് മുഖർജി ഗോവർധൻ അസ്രാണി എന്ന നടനെ പ്രാധാന്യത്തോടെ അവതരിപ്പിച്ചപ്പോൾ ആ അവസ്ഥ മാറി. കോമഡിക്ക്‌ പുതിയ ഒരു ഭാവവും രൂപവും താളവുമൊക്കെ വന്നു. ഞാൻ അസ്രാണിയുടെ കോമഡി നന്നായി ആസ്വദിച്ചുതുടങ്ങി. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഈ നടന്റെ അവതരണം എന്നെ ചിരിപ്പിക്കാൻ തുടങ്ങി.
പിന്നീട് അസ്രാണി അഭിനയിച്ച എല്ലാ സിനിമകളും ഞാൻ കണ്ടു. അനാമിക, സീത ഓർ ഗീത, ഷോലെ, അഭിമാൻ, ആപ് കി കസം, നമക് ഹറാം, ഏക് ദൂജെ കേലിയെ, ജോ ജീതാ വഹി സിക്കന്ദർ... എല്ലാറ്റിലും അസ്രാണി സാബ് അഭിനയത്തിലൂടെ എന്നെ അമ്പരപ്പിച്ചു.
വർഷങ്ങൾക്കുശേഷം ഞാൻ എന്റെ അദ്യത്തെ ഹിന്ദി സിനിമ സംവിധാനംചെയ്യാനുള്ള ശ്രമങ്ങളാരംഭിച്ചു. മോഹൻലാൽ അഭിനയിച്ച് സിബി മലയിൽ സംവിധാനംചെയ്ത കിരീടത്തിന്റെ ഹിന്ദി റീമേക്കായ ഗർദിഷ്. കിരീടത്തിൽ ജഗതി ശ്രീകുമാർ അഭിനയിച്ച റോൾ ആരെക്കൊണ്ട് ചെയ്യിക്കും എന്നതായിരുന്നു എന്റെ മുന്നിലെ ഏറ്റവുംവലിയ വെല്ലുവിളി. ജഗതിയുടെ റേഞ്ചുള്ള ഒരാൾക്കേ അത് ചെയ്യാനാവൂ. വെറുതേ കോമഡി കാണിച്ചാൽ പോരാ, അഭിനയവും വേണം. പലതരത്തിൽ ആലോചിച്ചിട്ടും അസ്രാണിയല്ലാതെ ഒരുപേരും മനസ്സിൽവന്നില്ല.
ഞാൻ അദ്ദേഹത്തെ വിളിച്ചു, ചെന്നുകണ്ടു. സിനിമകളിലൊന്നുമില്ലാതെ അദ്ദേഹം മാറിനിൽക്കുന്ന ഒരു സമയമായിരുന്നു അത്. കുറേ സംശയിച്ചിട്ടാണ് സമ്മതിച്ചത്.
തിരുവനന്തപുരത്തെ തിയേറ്ററുകളിലെ സ്‌ക്രീനിൽ ഞാൻ കണ്ട് അന്തംവിട്ട് ചിരിച്ച നടൻ എന്റെ ക്യാമറയ്ക്കുമുന്നിൽ വന്നുനിന്നു. ഒരു കുട്ടിയുടെ കൗതുകത്തോടെ വ്യൂ ഫൈൻഡറിലൂടെ ഞാനത് അല്പനേരം നോക്കിക്കൊണ്ടേയിരുന്നു. സിനിമയിൽ ഫൂൽവയുടെ ഭർത്താവായി അദ്ദേഹം തകർത്തഭിനയിച്ചു. അദ്ദേഹത്തെ ഞാൻ അസ്രാണി സാബ്് എന്ന് വിളിക്കാൻതുടങ്ങി.
ഗർദിഷ് കഴിഞ്ഞതോടെ അസ്രാണിസാബിനെത്തേടി ഒട്ടേറെ സിനിമകൾ വന്നുതുടങ്ങി. അദ്ദേഹം തിരക്കുകൊണ്ട് വലഞ്ഞു. ഒരിക്കൽ കണ്ടപ്പോൾ പറഞ്ഞു:
‘‘ഞാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് ലോകത്തെ നീ ഓർമ്മിപ്പിച്ചു.’’
തുടർന്നങ്ങോട്ട് അസ്രാണി സാബ് എന്റെ സിനിമകളിലെ ഒരു നിത്യസാന്നിധ്യമായി. ഋഷികേശ് മുഖർജിയുടെ ഒൻപത്‌ സിനിമകളിൽ അഭിനയിച്ച അദ്ദേഹം എന്റെ 16 പടങ്ങളിൽ വേഷമിട്ടു. പറഞ്ഞുഫലിപ്പിക്കാൻ സാധിക്കാത്ത ഹൃദയബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടായിവന്നു.
വയ്യാതായതിനുശേഷംപോലും അസ്രാണിസാബിന് അഭിനയം എന്നാൽ ഊർജമായിരുന്നു. അഭിനിവേശത്തിലുപരി സമർപ്പണമായിരുന്നു ഈ ഊർജത്തിന്റെ സ്രോതസ്സ്. മൂന്നും നാലും പേജുള്ള സംഭാഷണങ്ങൾ ഒറ്റത്തവണ വായിച്ചാൽ അദ്ദേഹത്തിന് ഹൃദിസ്ഥമാവുമായിരുന്നു. എങ്ങനെയാണിത് സാധിക്കുന്നത് എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:
‘‘നാടകാഭിനയം തന്ന കഴിവാണ്. നാടകത്തിൽ സംഭാഷണങ്ങൾ പഠിച്ചല്ലേ പറ്റൂ.’’
അസ്രാണി സാബ് സെറ്റിലുണ്ടെങ്കിൽ മറ്റെല്ലാ അഭിനേതാക്കൾക്കും വലിയ ആവേശമാണ്. അദ്ദേഹം കസേരയിട്ടിരിക്കുന്നതിനു ചുറ്റും എല്ലാവരും ചെന്നിരിക്കും. നമ്പൂതിരി ഭാഷയിൽപ്പറഞ്ഞാൽ നല്ല ഒന്നാന്തരം വെടിവട്ടം. ഹിന്ദി സിനിമയിലെ പലകാലങ്ങൾ ആ കഥകളിലൂടെ ചുരുളഴിയും. രാജ് കപൂറടക്കമുള്ള അഭിനേതാക്കൾ അസ്രാണിസാബിന്റെ കഥകളിൽ പ്രധാന കഥാപാത്രങ്ങളാവും. അക്ഷയ്‌കുമാർ ഒരു കുട്ടിയെപ്പോലെ നിലത്തിരുന്ന് അസ്രാണി സാബിന്റെ കഥകൾ കേൾക്കുന്ന ദൃശ്യം ഇപ്പോഴും എന്റെ മനസ്സിലുണ്ട്്.
വളര കണിശമായ ചിട്ടയോടെ ജീവിച്ചയാളായിരുന്നു അസ്രാണി സാബ്. അതിരാവിലെ എഴുന്നേൽക്കും. നടക്കും. ഒരു മണിക്കൂർനീണ്ട നടത്തത്തിൽ മുഴുവൻ മൗനമാണ്. ഒരക്ഷരം ആരോടും സംസാരിക്കില്ല. ആ സമയങ്ങളിൽ എന്തായിരിക്കും അസ്രാണിസാബിന്റെ മനസ്സിൽ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്.
നാലുമാസംമുൻപ് അക്ഷയ് കുമാർ നായകനായി അഭിനയിക്കുന്ന എന്റെ ഭൂത് ബംഗ്ല എന്ന സിനിമയിലേക്ക് വിളിച്ചപ്പോഴേക്കും അസ്രാണി സാബിന് ആരോഗ്യപരമായ വയ്യായ്മകൾ തുടങ്ങിയിരുന്നു. എന്നിട്ടും അദ്ദേഹം വന്ന് അഭിനയിച്ചു. അതുകഴിഞ്ഞാണ് ഞാൻ ഹൈവാൻ ഷൂട്ട് ചെയ്യാൻ തുടങ്ങിയത്. ഒപ്പം എന്ന സിനിമയിൽ മാമുക്കോയ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കാൻ ആരെ വിളിക്കും എന്നോർത്ത് ഞാൻ വീണ്ടും കുഴങ്ങി. അപ്പോഴും അസ്രാണി സാബിന്റെ പേരുമാത്രമേ എന്റെ മനസ്സിൽ വന്നുള്ളൂ. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ അറിയുന്നതിനാൽ മടിച്ചുമടിച്ചാണ് വിളിച്ചത്. എന്നോടുള്ള സ്നേഹംകൊണ്ടായിരിക്കാം വയ്യാഞ്ഞിട്ടും അദ്ദേഹം വന്നു. സ്വതസ്സിദ്ധമായ തരത്തിൽത്തന്നെ അഭിനയിച്ചു. ഇടയ്ക്കിടെ വിശ്രമിക്കാൻ ഞാൻ അനുവദിച്ചിരുന്നു. ഒരു ഷോട്ടൊഴിച്ച് ബാക്കിയെല്ലാം എടുത്തുതീർന്നപ്പോൾ അദ്ദേഹം പറഞ്ഞു:
‘‘ദീപാവലിയല്ലേ, ഇനി ഞാനൊന്ന് പോയി ഇത്തിരി വിശ്രമിച്ചിട്ട് വരാം. ഒറ്റ ഷോട്ടല്ലേ ബാക്കിയുള്ളൂ.’’
പിന്നെ ഞാൻ കേൾക്കുന്നത് അസ്രാണിസാബ് പോയി എന്ന വാർത്തയാണ്.
ഗോവർധൻ അസ്രാണി ഇല്ലാതായപ്പോൾ നാടിന് ഒരു വലിയ നടനെ നഷ്ടപ്പെട്ടു. എന്റെ നഷ്ടം അവിടെ തീരുന്നില്ല. ചിരിച്ചും ചിരിപ്പിച്ചും എന്റെ ഹൃദയത്തിൽത്തൊട്ട മുതിർന്ന ഒരു സുഹൃത്ത്, എപ്പോൾവിളിച്ചാലും മറുവശത്ത് നോ എന്നു പറയാത്ത സ്നേഹത്തിന്റെ ശബ്ദം, അരികെയിരുന്ന് അനന്തമായ കഥകൾ പറയുന്ന നിറഞ്ഞുകവിഞ്ഞ ഒരു കാലം... ഇതെല്ലാമാണ് ഒറ്റയടിക്ക് എനിക്ക് നഷ്ടമായത്.
പ്രിയപ്പെട്ട അസ്രാണി സാബ്, ആ ഒറ്റ ഷോട്ട്് ഇനി ഞാൻ ആരെവെച്ചെടുക്കും? താങ്കൾക്ക് പകരംവെക്കാൻ ആരുണ്ട്? ചോദ്യങ്ങൾക്ക് എനിക്കിതുവരെ ഉത്തരം കിട്ടിയിട്ടില്ല.

To advertise here,