ഷാരൂഖ് ഖാൻ ഒരു മികച്ച നടനല്ലെന്നും എന്നാൽ അദ്ദേഹം സർഗ്ഗാത്മകതയും ഊർജ്ജസ്വലതയുമുള്ള ഒരു സൂപ്പർസ്റ്റാറാണെന്നും പുനീത് അഭിപ്രായപ്പെടുന്നു.

മൻസൂർ ഖാന്റെ സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ ജോഷ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് പുനീത് വസിഷ്ഠ്. ഷാരൂഖ് ഖാൻ അവതരിപ്പിച്ച മാക്സ് എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ റോണി എന്ന വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. തന്റെ ഇരുപതാമത്തെ വയസ്സിൽ ഈ ചിത്രത്തിൽ അഭിനയിച്ച പുനീത്, തന്റെ കഥാപാത്രത്തിന് ചിത്രത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും സിനിമയിലെ അതിജീവനത്തെക്കുറിച്ചും അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു.
ജോഷിലെ തന്റെ പല രംഗങ്ങളും വെട്ടിമാറ്റിയെന്ന് പൊന്നം സച്ദേവിന്റെ ദിൽ സേ ദിൽ കി ബാതേം എന്ന ഷോയിൽ പുനീത് വെളിപ്പെടുത്തി. താൻ ഷാരൂഖ് ഖാനെ നൃത്തം പഠിപ്പിച്ചിട്ടുണ്ടെന്നും തന്റെ ഊർജ്ജസ്വലതയെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നുവെന്നും പുനീത് പറയുന്നു. ചിത്രീകരണ സമയത്ത് ഷാരൂഖ് ഖാൻ 10 അടി ഉയരത്തിൽ ചാടിയപ്പോൾ,താൻ 14 അടി ഉയരത്തിലാണ് ചാടിയത്. ഇത് ക്യാമറയുടെ ശ്രദ്ധ മുഴുവൻ തന്നിലേക്ക് ആകർഷിക്കാൻ കാരണമായെന്നും അദ്ദേഹം ഓർക്കുന്നു. ഇത്തരത്തിൽ ശ്രദ്ധ തന്നിലേക്ക് തിരിഞ്ഞത് കൊണ്ടാണ് തന്റെ രംഗങ്ങൾ വെട്ടിമാറ്റിയതെന്നും പുനീത് കൂട്ടിച്ചേർത്തു.
"ഞാൻ അദ്ദേഹത്തിന്റെ സ്ഥാനത്തായിരുന്നെങ്കിൽ ഒരുപക്ഷേ ഞാനും അതുതന്നെ ചെയ്തേക്കാം. പക്ഷേ എനിക്ക് ആ സ്വഭാവമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ആ സമയത്ത് അദ്ദേഹം വളർന്നുവരുന്നതേയുള്ളൂ, അതിനാൽ ആരെങ്കിലും ഇടയിൽ വന്നാൽ അത് കട്ട് ചെയ്യുക, ഒഴിവാക്കുക എന്നതായിരുന്നു സ്ഥിതി." പുനീതിന്റെ വാക്കുകൾ
ഷാരൂഖ് ഖാൻ ഒരു മികച്ച നടനല്ലെന്നും എന്നാൽ അദ്ദേഹം സർഗ്ഗാത്മകതയും ഊർജ്ജസ്വലതയുമുള്ള ഒരു സൂപ്പർസ്റ്റാറാണെന്നും പുനീത് അഭിപ്രായപ്പെടുന്നു. സിനിമയിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും അദ്ദേഹം തുറന്നടിച്ചു. താൻ അഭിനയിക്കുന്ന കാലത്ത് സ്വജനപക്ഷപാതം ഇന്നത്തെപ്പോലെ ശക്തമായിരുന്നില്ലെന്നും എന്നാൽ അതിന്റെ വിത്തുകൾ അന്ന് പാകപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അനന്യ പാണ്ഡെ, വരുൺ ധവാൻ, ടൈഗർ ഷ്രോഫ് എന്നിവരിലൂടെ ഇന്ന് സ്വജനപക്ഷപാതം ഇൻഡസ്ട്രിയിൽ പൂർണ്ണമായി പിടിമുറുക്കിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
"ജോഷ് എനിക്ക് വളരെയധികം തന്നിട്ടുണ്ട്. ഇപ്പഴും ആളുകൾ അത് സ്നേഹിക്കുന്നു. ഞാൻ ജോഷ് ചെയ്യുമ്പോൾ എനിക്ക് 20 വയസ്സായിരുന്നു. നാല് മാസം കൊണ്ട് തീരേണ്ടിയിരുന്ന ചിത്രം നാലര വർഷമെടുത്തു. ഞാൻ നഷ്ടപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, ലഭിച്ച കാര്യങ്ങളിലല്ല എന്നതായിരുന്നു എന്റെ പക്വതയില്ലായ്മ. അന്ന് രൂപംകൊണ്ടിരുന്ന ആ ഗ്രൂപ്പുകളോ, ലോബികളോ എന്നെ ഒഴിവാക്കി. ഞാൻ വിഷാദത്തിലേക്കും മദ്യപാനത്തിലേക്കും വീണു. കഴിവുണ്ടായിരുന്നു, ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷേ അത് ഉപയോഗിക്കപ്പെടുന്നില്ലായിരുന്നു. അതിനാൽ ഇതെല്ലാം സംഭവിച്ചു. എന്നാൽ ഇപ്പോൾ, ദൈവത്തിന്റെ കൃപയുണ്ട്." പുനീതിന്റെ വാക്കുകൾ.
'താൽ', 'ഗായബ്', 'ഫനാ', 'ഹാപ്പി ന്യൂ ഇയർ' തുടങ്ങിയ സിനിമകളിലും 'ബനൂ മേൻ തേരി ദുൽഹൻ', 'ലാപതാഗഞ്ച്', 'അദാലത്', 'ശിവശക്തി - തപ് ത്യാഗ് താണ്ഡവ്' തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലും പുനീത് വസിഷ്ഠ് അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ജോഷ് എന്ന ചിത്രം തനിക്ക് ഒരുപാട് നൽകിയിട്ടുണ്ടെന്നും ഇന്നും ആളുകൾ തന്നോട് സ്നേഹം കാണിക്കുന്നുണ്ടെന്നും അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു.
Content Highlights: Actor Puneet Vashisht, who played Ronnie in the 2000 film Josh, claimed that Shah Rukh Khan had his scenes cut out of fear of being overshadowed, which eventually led him into depression and alcoholism due to industry lobbying.
Published: 22 Aug 2026, 03:42 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented