ഭോജ്പുരി സിനിമകളിലെ സൂപ്പർതാരവും 'ലാപതാ ലേഡീസ്', 'മാ ബഹൻ' തുടങ്ങിയ ചിത്രങ്ങളിലെ അവിസ്മരണീയമായ അഭിനയത്തിലൂടെയും ഹാസ്യരംഗങ്ങളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനുമാണ് രവി കിഷൻ. നിലവിൽ ലോക്സഭാ എം.പിയായ അദ്ദേഹം സോഷ്യൽ മീഡിയയിലും വൈറൽ താരമാണ്. തന്റെ ജീവിതത്തിൽ താൻ നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും ബാല്യകാലത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം ഒരു പോഡ്കാസ്റ്റിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

To advertise here,

താൻ ചെറുപ്പത്തിൽ നേരിട്ട കടുത്ത അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞു.'ഞാൻ സ്‌നേഹിക്കപ്പെടാൻ അർഹതയുള്ളവനാണെന്ന് അച്ഛന് മുന്നിൽ തെളിയിക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നുവെന്നും വേദനാജനകമായ ആ ബാല്യകാലത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

തനിക്ക് അച്ഛനോട് വലിയ സ്‌നേഹമായിരുന്നുവെന്നും, ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ലെങ്കിലും അച്ഛനാണ് തന്റെ ഏറ്റവും വലിയ അധ്യാപകനെന്നും അദ്ദേഹം പറഞ്ഞു. 'നീ ഒന്നിനും കൊള്ളാത്തവനാണ്' എന്ന് അച്ഛൻ പറയുമ്പോൾ, ജീവിതത്തിൽ എന്തെങ്കിലും നേടി കാണിക്കണം എന്ന വാശി തനിക്ക് ഉണ്ടാവുകയായിരുന്നു-രവി കിഷൻ പറഞ്ഞു.

രവി കിഷന്റെ പിതാവ് ഒരു പൂജാരിയായിരുന്നു. 'അദ്ദേഹം വലിയ അറിവുള്ള ഒരു മനുഷ്യനായിരുന്നു. നെഞ്ചിൽ അണിഞ്ഞ പൂണൂലും തലയിലെ കുടുമയുമായിരുന്നു അദ്ദേഹത്തിന്റെ സമ്പത്തും ആയുധങ്ങളും. ആഡംബര കാറുകളിലോ പ്രൈവറ്റ് ജെറ്റുകളിലോ ആളുകൾ അഭിമാനം കൊള്ളുന്നത് പോലെ, തന്റെ പൂണൂലിലും കുടുമയിലും അദ്ദേഹം അഭിമാനം കൊണ്ടിരുന്നു. ചെറുപ്പത്തിൽ അച്ഛൻ വളരെ ക്ഷമയോടെ പൂണൂൽ കഴുകി വൃത്തിയാക്കുന്നത് ഞാൻ നോക്കിനിൽക്കുമായിരുന്നു. പതുക്കെ പതുക്കെ എനിക്ക് അച്ഛനോട് വലിയ കൗതുകം തോന്നിത്തുടങ്ങി,' അദ്ദേഹം ഓർത്തെടുത്തു.

അമിതാഭ് ബച്ചന്റെ ഒരു സിനിമ കണ്ട ശേഷമാണ് ചില ചോദ്യങ്ങൾ ചോദിക്കണം എന്ന ആഗ്രഹം അദ്ദേഹത്തിൽ ഉടലെടുത്തത്.'വർഷങ്ങളോളം പ്രാർത്ഥിച്ചിട്ടും ഭക്തിയോടെ ജീവിച്ചിട്ടും, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും കേടായ സൈക്കിളുമല്ലാതെ അച്ഛന് എന്താണ് കിട്ടിയതെന്ന് ഞാൻ ചോദിക്കുമായിരുന്നു. തന്റെ ദൈവത്തോടും ഭക്തിയോടും അദ്ദേഹത്തിനുണ്ടായിരുന്ന അമിതമായ വൈകാരികബന്ധം കൊണ്ടാകാം അദ്ദേഹം എന്നെ ക്രൂരമായി തല്ലിയിരുന്നത്. എന്റെ ചോദ്യങ്ങൾ അദ്ദേഹത്തെ വേദനിപ്പിച്ചിരിക്കാം. അദ്ദേഹത്തിന് അത് മനസ്സിലായില്ല, ഉടൻ തന്നെ എന്നെ അടിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദിവസവും അദ്ദേഹം എന്നെ തല്ലുമായിരുന്നു, എന്നാൽ ഞാൻ അത് ആസ്വദിച്ചിരുന്നു.'അത് എന്നോടുള്ള സ്‌നേഹപ്രകടനമാണെന്നാണ് അന്ന് ഞാൻ കരുതിയത്,' പോഡ്കാസ്റ്റിൽ അദ്ദേഹം പറഞ്ഞു.

അച്ഛൻ തന്റെ വികാരങ്ങൾ ഒരിക്കലും വാക്കുകളിലൂടെ പ്രകടിപ്പിച്ചിരുന്നില്ലെന്ന് രവി കിഷൻ ഓർക്കുന്നു. ഇന്ന് താൻ തന്റെ മക്കളുമായി പുലർത്തുന്നതുപോലെയുള്ള സൗഹൃദപരമായ ഒരു ബന്ധമായിരുന്നില്ല അന്ന് അച്ഛനുമായി ഉണ്ടായിരുന്നത്. അത് എളുപ്പമായിരുന്നില്ല. ഞങ്ങൾ കെട്ടിപ്പിടിക്കുകയൊന്നും ഇല്ലായിരുന്നു. അതിനാൽ അദ്ദേഹം എന്നെ തല്ലുമ്പോൾ, എന്നോട് ആശയവിനിമയം നടത്താനുള്ള അദ്ദേഹത്തിന്റെ രീതിയാണിതെന്ന് ഞാൻ കരുതി. കുറഞ്ഞപക്ഷം അദ്ദേഹം എന്നെ ശ്രദ്ധിക്കുന്നുണ്ടല്ലോ. എന്നെ സംബന്ധിച്ച് അതായിരുന്നു സ്‌നേഹം- അദ്ദേഹം ഓർത്തെടുത്തു.

പിതാവ് വളരെ അച്ചടക്കമുള്ള വ്യക്തിയായിരുന്നു, ഭൂമിക്ക് ഭാരമായി ജീവിക്കാതെ, ജനിച്ചാൽ ജീവിതത്തിൽ എന്തെങ്കിലും ആയിത്തീരണമെന്ന് അദ്ദേഹം പറയുമായിരുന്നു. തന്റെ പേരിന് കളങ്കമുണ്ടാക്കാൻ അച്ഛൻ ആഗ്രഹിച്ചിരുന്നില്ല. ജീവിതത്തിലുടനീളം തന്റെ മാനത്തിനും ആദരവിനും വേണ്ടിയാണ് അദ്ദേഹം പോരാടിയത്. ഞാൻ രാമലീലയിൽ പങ്കെടുക്കുകയും സീതാദേവിയുടെ വേഷം കെട്ടുകയും ചെയ്തു എന്നറിഞ്ഞപ്പോൾ അദ്ദേഹം കോപാകുലനായി. ആ കാലഘട്ടത്തിൽ ഒരു പുരുഷൻ സാരി ഉടുക്കുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു.'- രവി കിഷൻ പറഞ്ഞു.

താൻ കൃഷിക്കാരനോ, പാൽ വിൽക്കുന്നയാളോ ആകാനോ അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ ജോലി നേടാനോ ആണ് അച്ഛൻ ആഗ്രഹിച്ചത്. നൃത്തം ചെയ്യുന്നതൊഴിച്ച് മറ്റെന്തും മകൻ ചെയ്യുന്നതിനോട് അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നില്ല.

'ഒരു ദിവസം അദ്ദേഹം എന്നെ ക്രൂരമായി തല്ലി, തൊലി പൊളിഞ്ഞുപോകുന്നതുപോലെ എനിക്ക് തോന്നി. അന്ന് ഞാൻ വീട്ടിൽ നിന്ന് ഓടിപ്പോയി. എനിക്ക് 500 രൂപ തന്നിട്ട് പറഞ്ഞു: 'നീ ഇവിടുന്ന് പോകൂ, അല്ലെങ്കിൽ അയാൾ നിന്നെ കൊല്ലുമെന്നാണ് അമ്മ പറഞ്ഞത്. അച്ഛൻ തന്നെ ശിക്ഷിക്കാൻ തുനിഞ്ഞ ആ ദിവസത്തെക്കുറിച്ച് രവി കിഷൻ പറഞ്ഞു.

'ആ സംഭവം നടന്നിട്ട് ഇപ്പോൾ വർഷങ്ങളായി. ചെറുപ്പത്തിൽ ഈ ചോദ്യം എന്നോട് ചോദിച്ചിരുന്നെങ്കിൽ എന്റെ മറുപടി ഒരുപക്ഷേ വ്യത്യസ്തമാകുമായിരുന്നു, അല്ലെങ്കിൽ എനിക്ക് ദേഷ്യം വരുമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ജീവിതം കണ്ടു, വർഷങ്ങൾ കടന്നുപോയി, അതിനെക്കുറിച്ചെല്ലാം ചിന്തിക്കാൻ എനിക്ക് സമയം ലഭിച്ചു. ഇന്ന് എനിക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പ്രതികരണങ്ങളെയും നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്. എന്നാൽ, ആ അനുഭവങ്ങൾ എന്റെ മനസ്സിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കിയിരുന്നു.

ആദ്യകാലങ്ങളിൽ കയ്യിൽ പണമോ നല്ല വസ്ത്രങ്ങളോ വയറുനിറയെ കഴിക്കാൻ ഭക്ഷണമോ ഇല്ലാതെ താൻ ഒരുപാട് ബുദ്ധിമുട്ടിയതായി രവി കിഷൻ ഓർത്തെടുത്തു. ഒരു സൂപ്പർതാരമാകുക എന്ന ഒരൊറ്റ സ്വപ്നം മാത്രമാണ് അന്ന് കയ്യിലുണ്ടായിരുന്നത്. അക്ഷയ് കുമാർ, അജയ് ദേവ്ഗൺ തുടങ്ങിയ 90-കളിലെ നായകൻമാർ വിജയത്തിന്റെ പടവുകൾ കയറുമ്പോൾ, തന്റെ സമയവും വരുമെന്ന് അദ്ദേഹത്തിന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. 33 വർഷങ്ങൾക്ക് ശേഷമാണ് അത് സംഭവിച്ചത്. ഭോജ്പുരി സിനിമകളിൽ വിജയകരമായ ഒരു നടനായതോടെ, അച്ഛന്റെ ബഹുമാനം രവി കിഷൻ നേടിയെടുത്തു.

'ഞാൻ ധാരാളം പണം സമ്പാദിക്കാൻ തുടങ്ങി. അച്ഛന് ഫ്‌ളൈറ്റ് ടിക്കറ്റുകൾ, മികച്ച വസ്ത്രങ്ങൾ, നല്ല കാർ, താമസിക്കാൻ സുഖസൗകര്യങ്ങളുള്ള ബംഗ്ലാവ് എന്നിവ നൽകി. ഒരു ദിവസം അദ്ദേഹം കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു: 'നീ ദയവായി എന്നോട് ക്ഷമിക്കൂ, ഞാൻ നിന്നെ തെറ്റിദ്ധരിച്ചു.' ഞാൻ അദ്ദേഹത്തോട് പറഞ്ഞു: 'അങ്ങു പറഞ്ഞതായിരുന്നു ശരി. അങ്ങാണ് എന്റെ ദൈവം. അങ്ങ് എന്നെ പഠിപ്പിച്ച പാഠങ്ങളാണ് പിൽക്കാലത്ത് ഞാൻ എന്റെ മക്കൾക്ക് പകർന്നുനൽകിയത്'

വേദനാജനകമായ ഒരു ബാല്യകാലം ഉണ്ടായിരുന്നുവെങ്കിലും, രവി കിഷൻ തന്റെ പിതാവിനെ സ്‌നേഹത്തോടെയാണ് ഓർക്കുന്നത്. പിതാവിന്റെ അവസാന കാലത്ത് അദ്ദേഹവുമായി വളരെ നല്ലൊരു ബന്ധം പുലർത്താൻ കഴിഞ്ഞതായി നടൻ വെളിപ്പെടുത്തി.