എന്റെ ദുഃഖവും സന്തോഷവും പ്രകടിപ്പിക്കാന്‍ സാധിക്കുന്നത് ഹാര്‍മോണിയത്തിലൂടെയാണ്- പ്രകാശ് ഉള്ള്യേരി


സ്വീറ്റി കാവ്‌

ഫ്യൂഷന്‍ സംഗീതത്തില്‍ ഹാര്‍മോണിയത്തെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനാണ് എല്ലായ്‌പ്പോഴും ശ്രമിക്കാറ്. പഞ്ചാബില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ ഒരു ഫോക്ക് ഐറ്റം എന്തായാലും ചെയ്യും. കേരളത്തനിമയുള്ള സംഗീതോപകരണങ്ങളായ മദ്ദളം, ചെണ്ട, തിമില, ഇലത്താളം എന്നിവ ഹിന്ദുസ്ഥാനി ഫോക്കുമായി സംയോജിപ്പിച്ച് ധാരാളം വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്, കേരളത്തിനകത്തും പുറത്തുമുള്ളവര്‍ ആസ്വദിക്കാറുമുണ്ട്

പ്രകാശ് ഉള്ള്യേരി വേദിയിൽ

ലാകാരനാവുന്നത് ഭാഗ്യമാണ്. പ്രഗത്ഭർക്കൊപ്പം പ്രവര്‍ത്തിക്കാനാവുന്നത് അതിലേറെ ഭാഗ്യമാണെന്നും തനിക്ക് ആ ഭാഗ്യം നല്‍കിയത് സംഗീതമാണെന്നും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹാര്‍മോണിയം കലാകാരന്‍മാരിലൊരാളായ പ്രകാശ് ഉള്ള്യേരി. ഹാര്‍മോണിയം വാദനത്തില്‍ മാത്രമല്ല കീബോര്‍ഡ് വായനയിലും പ്രഗത്ഭനാണ് അദ്ദേഹം. ഇന്ത്യയിലെ ഒട്ടു മിക്ക പ്രതിഭാശാലികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച പ്രകാശ് ഉള്ള്യേരി താന്‍ പഠിച്ച സംഗീതം തന്റേതായ രീതിയില്‍ അടുത്ത തലമുറയിലേക്കെത്തിക്കാന്‍ തത്വ എന്ന പേരില്‍ പാലക്കാട് ഒരു സ്റ്റുഡിയോയും മ്യൂസിക് ഇന്‍സ്റ്റിട്യൂട്ടും സ്ഥാപിച്ചു. നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണെങ്കിലും കലാകാരനെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരംഗീകാരവും പ്രകാശ് ഉള്ള്യേരിയെ തേടിയെത്താത്തതില്‍ അദ്ദേഹവുമായി അടുപ്പമുള്ളവര്‍ക്ക് നിരാശയുണ്ട്. പക്ഷെ തന്നേയും തന്റെ സംഗീതത്തേയും ഇഷ്ടപ്പെടുന്നവരുടെ സ്‌നേഹമാണ് ഏറ്റവും വലിയ അംഗീകാരമെന്നാണ് ഈ കലാകാരന്റെ പക്ഷം.

കര്‍ണാടക സംഗീതത്തിനുള്ള ഇന്ത്യയിലെ പ്രശസ്തമായ വേദിയാണ് ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവം. എ ഗ്രേഡ് കലാകാരന്‍മാര്‍ക്കാണ് ഇതില്‍ ഒരു മണിക്കൂര്‍ നീളുന്ന കച്ചേരിയ്ക്ക് അനുമതി നല്‍കുന്നത്. 3500-ഓളം സംഗീതജ്ഞര്‍ പങ്കെടുക്കുന്ന ഈ സംഗീതോത്സവത്തില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി പ്രകാശ് ഉള്ള്യേരി ഒരു മണിക്കൂര്‍ നീളുന്ന ഹാര്‍മോണിയം കച്ചേരി അവതരിപ്പിച്ചു വരുന്നു.

ഹാര്‍മോണിയം എന്ന സംഗീതോപകരണത്തോടുള്ള അഗാധപ്രണയം / ഹാര്‍മോണിയത്തിലെ വേഗവിരല്‍ക്കാരന്‍ എന്ന വിശേഷണത്തെ കുറിച്ച്

അയല്‍പക്കത്ത് താമസിച്ചിരുന്ന മാധവപ്പണിക്കരുടെ ഹാര്‍മോണിയം വായനയാണ് കുട്ടിക്കാലം മുതല്‍ ഹാര്‍മോണിയം എന്ന സംഗീതോപകരണത്തോടുള്ള പ്രണയത്തിന് പിന്നില്‍. അദ്ദേഹം ഹാര്‍മോണിയം വായിക്കുന്നത് സ്ഥിരമായി കണ്ടിരുന്നതും അദ്ദേഹത്തിന്റെ വാദനശൈലിയും ഹാര്‍മോണിയത്തോടുള്ള ഇഷ്ടം ഇരട്ടിപ്പിച്ചു. മകന്റെ ഇഷ്ടമറിഞ്ഞ അച്ഛന്‍ ഗോപാലപ്പണിക്കര്‍ക്ക് പക്ഷെ ഒരു ഹാര്‍മോണിയം വാങ്ങി നല്‍കാനുള്ള സാമ്പത്തിക ശേഷിയുണ്ടായിരുന്നില്ല. നാദസ്വര വിദ്വാനായിരുന്ന ആ കലാകാരന് ഇടയ്ക്ക് കിട്ടുന്ന കച്ചേരികളായിരുന്നു ആ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം. പക്ഷെ മകന്‍ ഒന്നാം ക്ലാസിലെത്തിയപ്പോള്‍ ഗോപാലപ്പണിക്കര്‍ ബാങ്കില്‍നിന്ന് ലോണെടുത്ത് ഹാര്‍മോണിയം വാങ്ങി നല്‍കി, പൂക്കാടുള്ള വേണു എന്ന അധ്യാപന്റെ അടുത്ത് കര്‍ണാടകസംഗീതം അഭ്യാസിക്കാന്‍ ചേര്‍ത്തു. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരമായി ഹാര്‍മോണിയം വായിക്കുന്ന ഒരാളാണ് വേണു മാസ്റ്റര്‍ എന്ന് പ്രകാശ് ഉള്ള്യേരി ഓര്‍മിക്കുന്നു. അദ്ദേഹത്തിന്റെ കര്‍ണാടക സംഗീതക്ലാസുകള്‍ വീട്ടിലെത്തിയാല്‍ ഹാര്‍മോണിയത്തില്‍ വായിച്ച് അഭ്യസിക്കുന്നത് പതിവായി. കൂടുതല്‍ വേഗത്തില്‍ ഹാര്‍മോണിയം വായിക്കാന്‍ ഈ പരിശീലനമായിരുന്നു അടിസ്ഥാനം.

കുട്ടിക്കാലത്ത് തൊട്ടടുത്ത ക്ഷേത്രങ്ങളില്‍ ഭജനകള്‍ക്കായി ഹാര്‍മോണിയം വായിക്കാന്‍ പോകുന്നത് പതിവായിരുന്നു. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്തവരായിരിക്കും അധികവും ഭജന പാടുന്നത്. അവര്‍ക്ക് കൃത്യമായ വേഗമോ താളമോ കാലമോ ഉണ്ടാകാറില്ല. അവര്‍ക്കൊപ്പം ശ്രുതി ചേര്‍ത്ത് വായിക്കുന്നത് ഒരു ചലഞ്ചായിട്ടാണ് കണ്ടിരുന്നത്. ആ വെല്ലുവിളി അതിജീവിച്ചതാണ് പിന്നീട് ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ഹാര്‍മോണിയം വായനക്കാരനെന്ന വിശേഷണം നേടിത്തന്നത് (കയ്യില്‍ മോട്ടോര്‍ ഘടിപ്പിച്ച ഹാര്‍മോണിയക്കാരനെന്നാണ് സംഗീതസംവിധായകന്‍ വിദ്യാധരന്‍ പ്രകാശ് ഉള്ള്യേരിയെ ഒരിക്കല്‍ വിശേഷിപ്പിച്ചത്).

യേശുദാസിനൊപ്പം
യേശുദാസിനൊപ്പം

ഇന്ത്യയ്ക്ക് പുറത്ത് ഹാര്‍മോണിയം കച്ചേരികള്‍ എത്തരത്തിലാണ് സ്വീകരിക്കപ്പെടുന്നത് / ഇന്ത്യയിലെ മറ്റ് ഹാര്‍മോണിയം കലാകാരന്‍മാരുമായുള്ള ബന്ധം

ഏതു വേദിയിലും ഹാര്‍മോണിയത്തിന്റെ സാധ്യത ആസ്വാദകര്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ഉദാഹരണത്തിന് ഒരു ഗസല്‍ ഗായകന്‍ പാടുമ്പോള്‍ ഹാര്‍മോണിയത്തില്‍ വായിക്കപ്പെടുന്ന ചില ലീഡുകള്‍ അഭിനന്ദിക്കപ്പെടാറുണ്ട്. പങ്കെടുക്കുന്ന ഫ്യൂഷന്‍ വേദികളില്‍ കീ ബോര്‍ഡിനരികെ ഹാര്‍മോണിയവും വെക്കാറുണ്ട്. ഇന്ത്യന്‍ സംഗീതത്തിലെ ലെജന്‍ഡ്‌സിനൊപ്പം വായിക്കുമ്പോള്‍ താന്‍ വ്യത്യസ്തനാകുന്നത് ഹാര്‍മോണിയത്തിന്റെ സാധ്യതകള്‍ ഉള്‍പ്പെടുത്തി ഒരു സെഷന്‍ അവതരിപ്പിച്ചു കൊണ്ടാണ്. സംഗീതസദസ്സ് ആസ്വദിക്കാനെത്തുന്നവര്‍ അത് ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. ഒരു സംഗീതോപകരണത്തെ സംഗീതജ്ഞന്‍ ഏതു വിധത്തില്‍ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ സ്വീകാര്യത.

ഹരിഹരനോടൊപ്പമുള്ള സൗഹൃദനിമിഷങ്ങള്‍
ഹരിഹരനോടൊപ്പമുള്ള സൗഹൃദനിമിഷങ്ങള്‍

കേരളത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍ ലോഞ്ചിങ്ങിന് ഹരിഹരന്റെ സംഗീതപരിപാടി അരങ്ങേറിയിരുന്നു. തിരുവനന്തപുരത്ത് വെച്ച് നടന്ന ആ പരിപാടിയില്‍ ഹരിഹരന്റെ പ്രശസ്തമായ ഗസലുകള്‍ക്കും ഉസ്താദ് ഭുരേ ഖാന്‍ ആണ് ഹാര്‍മോണിയം വായിച്ചത്. പ്രാക്ടീസ് സെഷനില്‍ ഹരിഹരന്റെ ശഹര്‍ ദര്‍ എന്ന ഗസലിന്റെ ഹാര്‍മോണിയം ലീഡ് വായിച്ചതു കേട്ട ഉസ്താദ് ഭുരേ ഖാന്‍ ഏറെ അഭിനന്ദിക്കുകയും മുംബൈയിലേക്ക്(അന്നത്തെ ബോംബെ) ക്ഷണിക്കുകയും ചെയ്തു. 'ഇന്ത്യന്‍ ചിക് കൊറിയ'(Chick Korea-ലോകപ്രശസ്തനായ അമേരിക്കന്‍ സംഗീതജ്ഞന്‍) എന്നറിയപ്പെടുന്ന ഉസ്താദ് ഭുരേ ഖാന്റെ ക്ഷണം സാഹചര്യങ്ങള്‍ മൂലം സ്വീകരിക്കാന്‍ സാധിച്ചില്ല. പിന്നീട് അദ്ദേഹത്തിന്റെ ഗസലിന് വേണ്ടി ഹാര്‍മോണിയം വായിക്കാന്‍ സാധിച്ചു.

സ്‌കെച്ച്, പ്രിയം പ്രിയങ്കരം എന്നീ സിനിമകള്‍ക്ക് വേണ്ടി സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. രണ്ട് പുതിയ സിനിമകള്‍ക്ക് വേണ്ടി സംഗീതമൊരുക്കുന്ന തിരക്കിലാണിപ്പോള്‍.

ഹാര്‍മോണിയത്തിലെ ഫ്യൂഷന്‍ അനുഭവങ്ങള്‍ / മണ്‍മറഞ്ഞ കലാകാരന്‍മാര്‍ക്കൊപ്പമുള്ള അനുഭവം

ഫ്യൂഷന്‍ മ്യൂസിക്കില്‍ ഏത് കലാകാരനൊപ്പം വേദി പങ്കിടുമ്പോഴും- പുര്‍ബയാന്‍ ചാറ്റര്‍ജിക്കൊപ്പമോ ശിവമണിക്കൊപ്പമോ രാജേഷ് വൈദ്യക്കൊപ്പമോ ഹരിഹരനൊപ്പമോ ശങ്കര്‍ മഹാദേവനൊപ്പമോ- ആര്‍ക്കൊപ്പമായാലും ഹാര്‍മോണിയത്തിന്റെ ഏറ്റവും മികച്ച സാധ്യതകള്‍ അവരൊക്കെ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഫ്യൂഷന്‍ സംഗീതത്തില്‍ ഹാര്‍മോണിയത്തെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനാണ് എല്ലായ്‌പ്പോഴും ശ്രമിക്കാറ്. പഞ്ചാബില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ ഒരു ഫോക്ക് ഐറ്റം എന്തായാലും ചെയ്യും. കേരളത്തനിമയുള്ള സംഗീതോപകരണങ്ങളായ മദ്ദളം, ചെണ്ട, തിമില, ഇലത്താളം എന്നിവ ഹിന്ദുസ്ഥാനി ഫോക്കുമായി സംയോജിപ്പിച്ച് ധാരാളം വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്, കേരളത്തിനകത്തും പുറത്തുമുള്ളവര്‍ ആസ്വദിക്കാറുമുണ്ട്. ഹിന്ദുസ്ഥാനി സംഗീതവും കര്‍ണാടകസംഗീതവും പാശ്ചാത്യസംഗീതവും ഒരു പോലെ കൈകാര്യം ചെയ്യുന്നത് കൊണ്ട് ഒപ്പം വേദി പങ്കിടുന്നവരും തൃപ്തരാണെന്നതാണ് അനുഭവം.

ശങ്കര്‍ മഹാദേവന്‍, ശിവമണി എന്നിവര്‍ക്കൊപ്പം
ശങ്കര്‍ മഹാദേവന്‍, ശിവമണി എന്നിവര്‍ക്കൊപ്പം

കൊല്ലത്ത് നടന്ന മാതൃഭൂമി കലോത്സവവേദിയിലാണ് ബാലഭാസ്‌കറിനെ ആദ്യമായി കാണുന്നത്. കലോത്സവത്തിന് മത്സരിക്കാനെത്തിയ ബാലഭാസ്‌കര്‍ അന്നവിടെ സംഗീതപരിപാടിക്കെത്തിയ ഹരിഹരനെ പരിചയപ്പെടണമെന്ന ആവശ്യവുമായാണ് അരികിലെത്തിയത്. ആ പരിചയപ്പെടല്‍ പിന്നീട് കേരളത്തിലെ ആദ്യത്തെ ഫ്യൂഷന്‍ ബാന്‍ഡായ ബിഗ് ബാന്‍ഡിലേക്കും സൗഹൃദത്തിനപ്പുറമുള്ള ബന്ധത്തിലേക്കും വളര്‍ന്നത്. ബാലുവിന്റെ മരണത്തിന് അഞ്ച് കൊല്ലം മുമ്പ് ചില സാങ്കേതിക കാരണങ്ങളാല്‍ ബിഗ് ബാന്‍ഡിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു.കേരളത്തില്‍ ബാലഭാസ്‌കറിന് പകരം വെക്കാന്‍ മറ്റൊരു വയലിനിസ്റ്റിനെ ഇതു വരെ കണ്ടിട്ടില്ല. അസാമാന്യ പ്രതിഭയായിരുന്നു ബാലഭാസ്‌കര്‍.

മാന്‍ഡലിന്‍ കലാകാരനായ യു. ശ്രീനിവാസിനെ പരിചയപ്പെടുന്നത് അവിചാരിതമായിരുന്നു. ചെന്നൈയില്‍ ഹരിഹരന്റെ പരിപാടിയില്‍ ഹാര്‍മോണിയം വായിക്കുന്നതിനിടെ ഇടവേളനേരത്ത് പുറത്തിറങ്ങിയപ്പോള്‍ ഒരാള്‍ അടുത്തു വന്ന് നന്നായി ഹാര്‍മോണിയം വായിക്കുന്നുവെന്ന് അഭിനന്ദിച്ചു. ഒരുപാട് പ്രമുഖര്‍ അന്നവിടെ പരിപാടി കാണാനെത്തിയിരുന്നു. അഭിനന്ദനമറിയിച്ച് പോയതാരാണെന്ന് ഒപ്പമുണ്ടായിരുന്ന പാലക്കാട് ശ്രീനിവാസ് പറഞ്ഞപ്പോള്‍ ഒന്ന് ഞെട്ടി. പിന്നാലെ ചെന്ന് കാല്‍ക്കല്‍ വീണു. അന്ന് തുടങ്ങിയ സൗഹൃദം അദ്ദേഹത്തിന്റെ മരണം വരെ നീണ്ടു. മൂന്നോ-നാലോ പരിപാടികളില്‍ ശ്രീനിവാസിനൊപ്പം വേദി പങ്കിട്ടു. അദ്ദേഹത്തിന്റെ മരണം ഒരു വലിയ നഷ്ടമാണ്. ഇന്ത്യയില്‍ തനിക്കേറ്റവുമിഷ്ടമുള്ള ഹാര്‍മോണിയം-കീബോര്‍ഡ് പ്ലേയഴേ്‌സില്‍ ഒരാളാണ് പ്രകാശെന്ന് കൊച്ചിയില്‍ നടന്ന ഒരു പരിപാടിക്കിടെ അദ്ദേഹം പറയുകയുണ്ടായി. അത് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നാണ്.

കുടുംബത്തെ കുറിച്ച്

ഭാര്യ ജിത, മകള്‍ വേദ എന്നിവര്‍ക്കൊപ്പം
ഭാര്യ ജിത, മകള്‍ വേദ എന്നിവര്‍ക്കൊപ്പം

അച്ഛനും പാലക്കാട്ട് നിന്നാണ് സംഗീതം അഭ്യസിച്ചത്. തമിഴ്‌നാട്ടിലൊക്കെ പരിപാടി അവതരിപ്പിച്ചിരുന്നു. അമ്മ പി.കെ. മാധവി നാടന്‍പാട്ട് കലാകാരിയാണ്. ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. ജ്യേഷ്ഠസഹോദരനായ പുരുഷോത്തമന്‍ തബലിസ്റ്റാണ്. ഗാനമേള വേദികളില്‍ കണ്ടുമുട്ടിയ ജിതയാണ് ഭാര്യ. പ്രശസ്ത എഴുത്തുകാരനായ മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടിയുടെ പേരക്കുട്ടി കൂടിയായ ജിത പ്രമുഖ ഗായകര്‍ക്കൊപ്പം സംഗീതവേദികള്‍ പങ്കിട്ടിട്ടുണ്ട്. ആല, പ്രിയം പ്രിയങ്കരം എന്നീ ചിത്രങ്ങള്‍ക്ക് പിന്നണി പാടിയിട്ടുള്ള ജിത ബാങ്കുദ്യോഗസ്ഥയാണ്. മകള്‍ വേദ പ്രകാശ് സി.എ. വിദ്യാര്‍ഥിയാണ്. മുംബൈയില്‍ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്ന വേദ ഹരിഹരന്റെ കീഴിലും പാകിസ്താനിലുള്ള ഉസ്താദ് ഇര്‍ഷാദ് അലിയുടെ കീഴിലും ഗസല്‍ സംഗീതം അഭ്യസിക്കുന്നുണ്ട്, ഒപ്പം പരിപാടികളും അവതരിപ്പിക്കുന്നു. കലോത്സവേദികളിലും വേദ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

കേരളത്തിലെ 2018 പ്രളയകാലത്ത് അടുത്ത സുഹൃത്തും ഇപ്പോഴത്തെ നിയമസഭാ സ്പീക്കറുമായ എം.ബി. രാജേഷുമായി ചേര്‍ന്ന് വീ ഷാല്‍ ഓവര്‍കം എന്ന പേരില്‍ പാലക്കാട് പരിപാടി സംഘടിപ്പിക്കുകയും അതില്‍ നിന്നു​ ലഭിച്ച 86 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയും ചെയ്തു. മുന്നൂറോളം കലാകാരന്‍മാര്‍ക്ക് ഇദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം സഹായമെത്തിക്കുന്നുണ്ട്.

സ്വന്തം കലാജീവിതത്തെ കുറിച്ചുള്ള വിലയിരുത്തല്‍

ഹാര്‍മോണിയം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. മാധവപ്പണിക്കരും അച്ഛന്‍ ഗോപാലപ്പണിക്കരും വായിക്കുന്നത് കണ്ടു പഠിച്ചതാണ്. മറ്റ് സംഗീതജ്ഞരുമായുള്ള സൗഹൃദമാണ് ഹാര്‍മോണിയം വായന സിസ്റ്റമാറ്റിക്കാവാന്‍ സഹായിച്ചത്. ചെമ്പൈ സംഗീതകോളേജില്‍ ഗാനഭൂഷണം ഡിപ്ലോമ കോഴ്‌സിന് ചേര്‍ന്നതാണ് സംഗീതയാത്രയില്‍ വഴിത്തിരിവായത്. സംഗീതജീവിതത്തിന്റെ മറ്റൊരു ഘട്ടം-ഹരിഹരനുമായുള്ള ബന്ധവും മറ്റും-പാലക്കാട് നിന്നാണ് ആരംഭിച്ചത്. ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍ക്ക് വേണ്ടിയും കര്‍ണാടകസംഗീതത്തിനും ഫ്യൂഷന്‍ സംഗീതത്തിന് വേണ്ടിയും സിനിമാസംഗീതത്തിന് വേണ്ടിയും ഹാര്‍മോണിയം വായിച്ചിട്ടുണ്ട്. പാകിസ്താനില്‍ ഹാര്‍മോണിയം കലാകാരന്‍മാരുമായി സൗഹൃദബന്ധമുണ്ട്.

ഉമയാള്‍പുരം കെ. ശിവരാമന്‍, എ.കന്യാകുമാരി, കദരി ഗോപാല്‍നാഥ്, ഉസ്താദ് സക്കീര്‍ ഹുസൈന്‍, പങ്കജ് ഉദാസ്, ഗണേഷ്-കുമരേഷ്, രഞ്ജിത്ത് ബരോട്ട്, ശിവമണി... ഹാര്‍മോണിയത്തിന്റെ ശ്രുതി മീട്ടി പ്രകാശ് ഉള്ള്യേരി ഒപ്പം ചേര്‍ന്ന് നിന്ന പ്രതിഭാശാലികളുടെ നിര ഇനിയുമേറെ...

ഹിന്ദുസ്ഥാനി സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെ ആരതി അങ്കലിക്കര്‍ എന്ന ലെജന്‍ഡറി സിങ്ങറിന് വേണ്ടി ഹാര്‍മോണിയം വായിക്കാനായത് വലിയൊരു നേട്ടമായി കരുതുന്നു.ഒരു സാധാരണ ജീവിതത്തില്‍നിന്ന് ഇന്നത്തെ നിലയിലേക്കുള്ള വളര്‍ച്ചയിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോള്‍ അദ്ഭുതം തോന്നാറുണ്ട്. വല്ലപ്പോഴും കിട്ടുന്ന നാദസ്വരക്കച്ചേരികള്‍ കൊണ്ട് വീട്ടുചെലവുകള്‍ കഷ്ടിച്ച് നടത്തിയിരുന്ന അച്ഛന്റെ മകന്‍ ഉള്ള്യേരി എന്ന ഗ്രാമത്തില്‍നിന്ന് സംഗീതത്തിന്റെ ലോകോത്തരവേദികളായ ലണ്ടനിലെ ദ റോയല്‍ ആല്‍ബര്‍ട്ട് ഹാളിലും ഓസ്‌ട്രേലിയയിലെ ദ ഒപെറ ഹൗസിലും പരിപാടികള്‍ അവതരിപ്പിക്കുന്ന നിലയിലെത്തിയത് സംഗീതമെന്ന ശക്തിയുടെ സഹായത്താലാണ്. എല്ലാം തന്നത് സംഗീതമാണ്.

ചെണ്ടവിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയ്‌ക്കൊപ്പം
ചെണ്ടവിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയ്‌ക്കൊപ്പം

Content Highlights: Prakash Ulliyeri Harmonium Player Keyboard Player Musician Latest Interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented