പലതരം ആശയങ്ങളെയും വൈരുദ്ധ്യങ്ങളെയും ഒറ്റച്ചരടിൽ കോർത്ത മാലപ്പടക്കംപോലെയാണ് പട്ടട എന്ന ഗ്രാമത്തിൽ 'പെണ്ണും പൊറാട്ടും' അരങ്ങേറുന്നത്. ഇവിടെ അകപ്പെട്ടിരിക്കുന്ന മനുഷ്യരെല്ലാം ഓടുകയാണ്. കയറുപൊട്ടിച്ചോടുന്ന മൃഗങ്ങൾക്കും മൃഗങ്ങളുടെ പിറകേയോടുന്ന മനുഷ്യർക്കും അതിനു പിറകേയോടുന്ന കെട്ടുകഥകൾക്കും ഒരേ വേഗം.... രാജേഷ് മാധവൻ സംവിധാനംചെയ്ത ‘പെണ്ണും പൊറാട്ടും’ സിനിമയെക്കുറിച്ച്...

To advertise here,

ങ്ങോട്ടാണ് അവർ ഓടുന്നത്? മുൻപേ ഓടിയവരുടെ ഒപ്പമെത്താൻ എന്നു വേണമെങ്കിൽ പറയാം. അങ്ങനെയല്ല, മുമ്പേ നടക്കുന്നവരെ വിടാതെ പിന്തുടരുകയാണെന്നും പറയാം. അവനവനെ തിരയുകയാണെന്നും വ്യാഖ്യാനിക്കാം. 'പട്ടട'യിൽ അകപ്പെട്ടിരിക്കുന്ന മനുഷ്യരെല്ലാം ഓടുകയാണ്, മറ്റുള്ളവരുടെ ജീവിത്തിനുപിറകേ, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനു കുറുകേ, അന്യരുടെ ഇഷ്ടങ്ങൾക്കെതിരേ… മനുഷ്യനോ മൃഗമോ ആകട്ടെ, നാടുവിട്ടുപോകാൻ അവർ ആരെയും അനുവദിക്കുന്നില്ല. അങ്ങനെ വിട്ടുപോകാൻ ശ്രമിച്ചാൽ 'കൂരമ്പി'ൽ കുടുക്കി കൊന്നുകളയും. അല്ലെങ്കിൽ അപവാദങ്ങളുടെ കൂരമ്പിൽ കുടുക്കി നിശ്ശബ്ദമാക്കും.

രാജേഷ് മാധവൻ സംവിധാനംചെയ്ത 'പെണ്ണും പൊറാട്ടും' സിനിമ നടക്കുന്ന പട്ടട എന്ന ഗ്രാമം സാങ്കൽപ്പിക ദേശമാണെങ്കിലും അവിടുത്തെ മണ്ണും മനുഷ്യരും മൃഗങ്ങളും നമുക്ക് പരിചിതരാണ്. അന്യന്റെ സ്വാതന്ത്ര്യമോ സംതൃപ്തിയോ അനുവദിക്കാതെ അവരുടെ പിറകേ ഓടിക്കൊണ്ടിരിക്കുന്ന സമൂഹം. അവരെ വരുതിയിൽ നിർത്താനുള്ള ഗൂഢാലോചനകൾ. അതിലെ നിഗൂഢാനന്ദങ്ങൾ. ഈ ഗ്രാമത്തിലെ ജനങ്ങൾ വർഷങ്ങൾക്കുമുമ്പേ ഹിംസയോട് വിട പറഞ്ഞതാണെങ്കിലും ഭൂതകാലത്തിന്റെ വായ്ത്തല വെട്ടിത്തിളങ്ങുന്ന ഒരു കത്തി അവരുടെ അരയിൽ ഇപ്പോഴുമുണ്ട്. അനിവാര്യമായ ഘട്ടത്തിൽ, ആൾക്കൂട്ടത്തിന്റെ തലവനായ 'മാസ്റ്ററു'ടെ കൈകൾ ആ കത്തിയിലേക്ക് നീളും. സന്ദർഭമനുസരിച്ച് പലരും ആ കത്തിയുടെ മൂർച്ചയും ഉറപ്പുവരുത്തുന്നുമുണ്ട്. ഹിംസയും ഒരു പാരമ്പര്യമാണ്! ഒരു തുള്ളി ചോര വീഴ്ത്താതെതന്നെ മനുഷ്യരുടെ വന്യതകളെല്ലാം പട്ടടയിലെ പൊറാട്ടിൽ തെളിഞ്ഞുവരുന്നു.

ആയുധമില്ലാതെ എതിരാളിയെ തകർക്കേണ്ട ഘട്ടമാണെങ്കിൽ അവർ അപവാദങ്ങളുടെയും രഹസ്യങ്ങളുടെയും പരിഹാസത്തിന്റെയും കെട്ടഴിക്കും. പെണ്ണോ ആണോ നാടോ വീടോ എന്നില്ലാതെ പഴംപുരാണങ്ങളും അപവാദങ്ങളും പറയും. പറഞ്ഞുവരുമ്പോൾ, ഭൂതകാലത്തിൽ മൂടിവെക്കേണ്ട ഒരധ്യായമെങ്കിലുമില്ലാത്തവർ എത്ര ചുരുക്കം?

പലതരം ആശയങ്ങളെയും വൈരുദ്ധ്യങ്ങളെയും ഒറ്റ ചരടിൽ കോർത്ത മാലപ്പടക്കംപോലെയാണ് പട്ടടയിൽ 'പെണ്ണും പൊറാട്ടും' അരങ്ങേറുന്നത്. കഥയും കഥാപാത്രങ്ങളും ഒച്ചകളും പല ശബ്ദത്തിൽ, പല അനുപാതത്തിൽ പൊട്ടിച്ചിതറുന്നു. കയറുപൊട്ടിച്ചോടുന്ന മൃഗങ്ങൾക്കും മൃഗങ്ങളുടെ പിറകേയോടുന്ന മനുഷ്യർക്കും അതിനു പിറകേയോടുന്ന കെട്ടുകഥകൾക്കും ഒരേ വേഗം. മനുഷ്യരെ മാത്രമല്ല, പക്ഷികളെയും മൃഗങ്ങളെയും ഒരുവേള പ്രകൃതിയെയാകെയും ഈ അളവിലേക്കു തുല്യമായി കൊണ്ടുവരുന്ന അങ്ങേയറ്റം സാഹസികമായ പരീക്ഷണമാണ് രാജേഷ് മാധവനും സംഘവും സിനിമയിലൂടെ ചെയ്തത്.

'നൂറോളം മനുഷ്യരും നാനൂറോളം മൃഗങ്ങളുമാണ് ' ഇതിൽ അഭിനയിച്ചിരിക്കുന്നതെന്ന് രാജേഷ് പറഞ്ഞിട്ടുണ്ട്. സിനിമയിലേക്കുള്ള പിടിവള്ളി ആ വാക്യത്തിലുണ്ട്. മനുഷ്യരെപ്പോലെ നായയും കോഴിയും പശുക്കളും കോഴിക്കൂടും തോക്കും വൈദ്യവും മിത്തും വിശ്വാസവുമെല്ലാം പട്ടടയിൽ ഒരുമിക്കുന്നു. അവരുടെ കഥപറയാൻ പറയാൻ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ ഭാഷയും.

അവനവനു പിറകേതന്നെ ഓടിക്കൊണ്ടിരിക്കുമ്പോഴും പുറത്തുനിന്നുള്ള ഒരാൾ വരുമ്പോൾ ഗ്രാമം ഒന്നാകും. ഒരു ശ്വാസമിടിപ്പുകൊണ്ടുപോലും കുതറാതെ അവർ അനുസരണയുള്ളവരാകുന്ന കാഴ്ച സിനിമയിൽ ഗംഭീരമായി പ്രതീകവത്കരിക്കുന്നു. നാടിനു പുറത്തേക്കു നോക്കുന്ന, പുറത്തേക്കുപോകാൻ ആഗ്രഹിക്കുന്ന അപൂർവ്വം ചിലരുണ്ട്. 'തനിക്ക് അഭിമാനമുണ്ടെ'ന്ന് ഇടയ്ക്കിടെ ഓർമിപ്പിക്കുന്ന കുമാറും 'ഇതല്ല എന്റെ യഥാർഥ വീടെ'ന്ന് തിരിച്ചറിയുന്ന സുട്ടു എന്ന നായയും നഗരത്തിലേക്കിറങ്ങുന്ന ചാരുവും ഫുട്‌ബോൾ കളിക്കാൻ പോകുന്ന ചാരുഹാസനും അതിൽപ്പെടും. അവരെയെല്ലാം ഗ്രാമം പരമ്പരാഗത ആയുധങ്ങളുപയോഗിച്ച് മെരുക്കാൻ ശ്രമിക്കുന്നുമുണ്ട്. ഗ്രാമത്തിന്റെ പേര് പട്ടട എന്നാണെങ്കിൽ അവരുടെ കൂട്ടായ്മയുടെ പേര് 'സംസാരം' എന്നാണ്.

പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും പരിസരങ്ങളിലുമായി ചിത്രീകരിച്ച സിനിമയിലെ ഭൂരിഭാഗം അഭിനേതാക്കളെയും അവിടെനിന്നുതന്നെ കണ്ടെത്തുകയായിരുന്നു. രാജേഷിന്റെതന്നെ ഭാഷയിൽ പറഞ്ഞാൽ 'അവരെല്ലാം സിനിമയുടെ ഭാഗമായി മാറുകയായിരുന്നു'. 2015-ൽ പുറത്തിറങ്ങിയ ആഷിക് അബു ചിത്രം 'റാണി പത്മിനി'യുടെയും പിന്നീട് ഭീഷ്മപർവ്വത്തിന്റെയും സഹ എഴുത്തുകാരനായ രവിശങ്കറാണ് സിനിമയുടെ രചന നിർവ്വഹിച്ചത്. റാണി പത്മിനിയിൽ രവിശങ്കർ തുടങ്ങിവെച്ച പരീക്ഷണാത്മക എഴുത്തിനെ ഇതിലൂടെ പുതിയ തലത്തിലേക്ക് ഉയർത്തുന്നു. സബിൻ ഊരാളിക്കണ്ടിയുടെ ക്യാമറയും ചമൻ ചാക്കോയുടെ എഡിറ്റിങ്ങും ചേരുന്നതോടെ ‘പെണ്ണും പൊറാട്ടും’ പൂർണമാകുന്നു.