മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിയുടെ ജീവിതം പറയുന്ന 'ദാദ: ദ സൗരവ് ഗാംഗുലി സ്റ്റോറി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സാമൂഹികമാധ്യമങ്ങളിൽ കടുത്ത വിമർശനവും പരിഹാസവും. രാജ്കുമാർ റാവു ആണ് ചിത്രത്തിൽ ഗാംഗുലിയായി വേഷമിടുന്നത്. സൗരവ് ഗാംഗുലിയുടെ 54-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

To advertise here,

2002-ൽ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ബാൽക്കണിയിൽ വെച്ച് ഇംഗ്ലണ്ടിനെതിരെയുള്ള നാറ്റ്വെസ്റ്റ് ട്രോഫി വിജയത്തിന് ശേഷം സൗരവ് ഗാംഗുലി ജേഴ്സി ഊരി വീശി ആഘോഷിച്ച ഐതിഹാസിക നിമിഷമാണ് പോസ്റ്ററിൽ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. നീല നിറത്തിലുള്ള ഫോണ്ടിൽ 'ദാദ' എന്ന് കുറിച്ചിരിക്കുന്ന പോസ്റ്ററിൽ, 'അദ്ദേഹം കളിക്കുകയായിരുന്നില്ല, അതിനെ മാറ്റിമറിക്കുകയായിരുന്നു' എന്ന ടാഗ്‌ലൈനുമുണ്ട്. ഈ പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് തനിക്കുള്ള 'ഏറ്റവും മികച്ച ജന്മദിന സമ്മാനം' ഇതാണെന്ന് ഗാംഗുലി വിശേഷിപ്പിക്കുകയും രാജ്കുമാർ റാവു തന്റെ വേഷം ചെയ്യുന്നതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാൽ, പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്. പോസ്റ്ററിന്റെ നിലവാരം വളരെ മോശമാണെന്നും ഒരു 'കാർട്ടൂൺ അവതാർ' പോലെയാണ് ചിത്രീകരണമെന്നുമാണ് ഒട്ടുമിക്ക ആരാധകരുടെയും പ്രതികരണം. 'ഇന്തൊ, തമാശയാണോ? ചാറ്റ് ജിപിടി ഉപയോഗിച്ചിരുന്നെങ്കിൽ ഇതിലും മികച്ച രീതിയിൽ എഡിറ്റ് ചെയ്യാമായിരുന്നു,' എന്ന് ഒരു ഉപയോക്താവ് കുറിച്ചു. ഒരു സ്‌കൂൾ പ്രൊജക്റ്റിന്റെ നിലവാരം പോലും പോസ്റ്ററിനില്ലെന്നാണ് മറ്റൊരാളുടെ വിമർശനം. ഒരു ബയോപിക്കിനെ സംബന്ധിച്ച്, കണ്ടതിൽ വെച്ച് ഏറ്റവും മോശം ഫസ്റ്റ് ലുക്കാണിതെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കി രാജ്കുമാർ റാവുവിനെ പിന്തുണച്ച് മറ്റൊരു വിഭാഗം ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

 

വിക്രമാദിത്യ മോട്വാനെ സംവിധാനം ചെയ്യുന്ന ചിത്രം ലവ് ഫിലിംസിന്റെ ബാനറിൽ ലവ് രഞ്ജനും അങ്കുർ ഗാർഗും ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിൽ ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലിയായി താന്യ മണിക്തലയും, അമ്മയുടെ വേഷത്തിൽ അപരാജിത ആധ്യയും എത്തുന്നു. 2027 മേയ് 14-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ്‌ നിശ്ചയിച്ചിരിക്കുന്നത്.