ഡൽഹിയിൽ കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തിനെക്കുറിച്ചുള്ള നടിയും അവതാരകയുമായ പേളി മാണിയുടെ പോസ്റ്റ് വിവാദമായിരുന്നു. ദിവസങ്ങൾക്ക് ശേഷം പോസ്റ്റിൽ വിശദീകരണവുമായി പേളി രംഗത്തെത്തി. പരാജയപ്പെട്ട സംവിധായകൻ എന്ന പരാമർശം സിബി മലയിലിനെതിരാണെന്ന വിമർശനങ്ങളോടും നടി വിശദീകരണ വീഡിയോയിൽ പ്രതികരിച്ചിരുന്നു. എന്നാൽ, വിശദീകരണത്തിന് പിന്നാലെയും നടിക്കെതിരെയുള്ള രൂക്ഷവിമർശനം തുടരുകയാണ്.

To advertise here,

വിശദീകരണം സത്യസന്ധവും വിശ്വസനീയവുമല്ലെന്നാണ് പേളിക്കെതിരെ ഉയരുന്ന പ്രധാന വിമർശനം. പ്രതിഷേധത്തെക്കുറിച്ചുള്ള പേളിയുടെ പോസ്റ്റിൽ, ജീവൻ അപകടത്തിലാണെങ്കിൽ സമരം അവസാനിപ്പിച്ച് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എല്ലാവരും സമരം നിർത്തി വീട്ടിൽ പോകണമെന്നല്ല താൻ ഉദ്ദേശിച്ചതെന്നായിരുന്നു പേളിയുടെ വിശദീകരണം. ഇതുൾപ്പെടെ പേളി നൽകിയ വിശദീകരണങ്ങൾ ഒന്നും വിശ്വസനീയമല്ലെന്നാണ് യൂട്യൂബ് വീഡിയോയുടെ താഴെയുള്ള കമന്റുകളിൽ ഏറെയും.

വിമർശനങ്ങൾക്ക് പുറമേ പേളിയെ പരിഹസിച്ചും കമന്റുകളുണ്ട്. 'പരീക്ഷയ്ക്ക് പഠിച്ചു പറയുന്നതുപോലെയുണ്ട്', 'ഈ വിശദീകരണത്തിന് മറ്റൊരു വിശദീകരണം വേണ്ടിവരും', 'എന്തുചെയ്തിട്ടും മെനയാകുന്നില്ലല്ലോ' തുടങ്ങിയ കമന്റുകളാണ് ഏറെയും. വിശദീകരണം കേട്ടിട്ട് അഞ്ചുലക്ഷം ഫോളോവേഴ്സ് കൂടി കുറയാനുള്ള സാധ്യത ഇല്ലാതില്ല എന്നും കമന്റുണ്ട്.

'കാവി ഡ്രസ് ഇടാമായിരുന്നു', 'ഇപ്പോൾ കമന്റ് ഓഫാക്കും', 'മലയാളികളെ മണ്ടന്മാരാക്കല്ലേ ചേച്ചീ', ‘ഗാലറി നമുക്ക് എതിരാണല്ലോ' തുടങ്ങിയ ട്രോളുകളും കമന്റുകളായുണ്ട്. ഫോളോവേഴ്‌സ് കുറയുന്നതുകൊണ്ടാണ് വിശദീകരണമെന്നും വിമർശനമുണ്ട്. വിശദീകരണ വീഡിയോയിലെ കമന്റുകളും ഡിലീറ്റ് ചെയ്യുന്നതായും ചിലർ ചൂണ്ടിക്കാട്ടുന്നു.

എല്ലാവരും സമരം നിർത്തി വീട്ടിൽ പോകണം എന്നല്ല താൻ ഉദ്ദേശിച്ചതെന്നായിരുന്നു പേളിയുടെ വിശദീകരണം. അത് പറയാൻ താൻ ആരുമല്ല. കുറിപ്പിട്ട ശേഷം സ്വപ്‌നത്തിൽ പോലും വിചാരിക്കാത്ത വ്യാഖ്യാനങ്ങളാണ് വന്നത്. വീട്ടിൽ പോകൂ എന്ന് പറഞ്ഞത് കുട്ടികളുടെ സുരക്ഷിതത്വം ഓർത്തു മാത്രമാണ്. അല്ലാതെ സമരം നിർത്തിപ്പോവാനല്ലെന്നും പേളി ന്യായീകരിച്ചു.

'എന്റെ പോസ്റ്റ് സ്വാതന്ത്ര്യസമര സേനാനികളുടെ കല്ലറയിൽ തുപ്പുന്നതിന് തുല്യമാണ് എന്ന് ആരോപണമുണ്ടായി. അത് കണ്ടപ്പോൾ എന്റെ മനസിൽ തട്ടി. ഉള്ളിൽ തട്ടി എഴുതിയ കാര്യം നെഗറ്റീവായി വ്യാഖ്യാനിച്ചപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല.' പേളി വീഡിയോയിൽ പറഞ്ഞു.

'അതിനോട് പ്രതികരിച്ച് ഞാൻ ഇട്ട പോസ്റ്റ് കുറച്ചുനിമിഷങ്ങൾക്കുള്ളിൽ തന്നെ ഡിലീറ്റ് ചെയ്തു. അതിൽ ഞാൻ എഴുതിയ കാര്യം വലിയൊരു തെറ്റായിരുന്നുവെന്ന് എനിക്ക് മനസിലായി. ആ സ്‌റ്റോറിയിൽ ഞാൻ പോസ്റ്റ് ഇട്ട വ്യക്തിയെ പരാജയപ്പെട്ട സംവിധായകൻ എന്ന് വിളിച്ചിരുന്നു. അത് വലിയൊരു തെറ്റാണ്. നമ്മൾ ആരേയും അങ്ങനെ വിളിക്കാൻ പാടില്ല. ഒരാളെ പരാജയപ്പെട്ടവൻ എന്ന് വിളിക്കാൻ നമ്മൾ ആരുമല്ല. അങ്ങനെയല്ല എന്റെ മാതാപിതാക്കൾ എന്നെ വളർത്തിയത്. അത് എന്റെ ഭാഗത്തുനിന്നുള്ള വലിയ തെറ്റാണ്. അങ്ങനെ വിളിച്ചതിന് അദ്ദേഹത്തോട് ഞാൻ ഹൃദയം തുറന്ന് മാപ്പ് ചോദിക്കുന്നു. ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. എന്റെ വാക്കുകൾ അദ്ദേഹത്തെ വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നു.' പേളി വ്യക്തമാക്കി.

'ഞാൻ സിബി മലയിൽ സാറിന്റെ ആരാധികയാണ്. ഞാൻ സ്വപ്‌നത്തിൽ പോലും വിചാരിക്കാത്ത രീതിയിലാണ് കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടത്. എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ എഴുതിയ ആ വ്യക്തിക്ക് മറുപടിയായാണ് ഞാൻ ആ സ്റ്റോറി ഇട്ടത്. പക്ഷേ, അതിലേക്ക് സിബി മലയിൽ സാറിന്റെ പേര് എങ്ങനെ വന്നുവെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. ഞാൻ ഒരിക്കലും സിബി മലയിൽ സാറിനെക്കുറിച്ച് അങ്ങനെ മോശമായി പറയില്ല. എനിക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളിലും അടുത്ത സുഹൃത്തുക്കളുണ്ട്. എന്റെ ഭാഗത്തുനിന്ന് തെറ്റുണ്ടായിട്ടുണ്ടെങ്കിൽ, പോസ്റ്റ് വായിച്ചിട്ട് ആർക്കെങ്കിലും ഇപ്പോഴും വിഷമമുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.' അവർ കൂട്ടിച്ചേർത്തു.

പ്രക്ഷോഭത്തെക്കുറിച്ചുള്ള പോസ്റ്റ് വിവാദമായതിന് പിന്നാലെ പേളിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വൻ ഇടിവ് സംഭവിച്ചിരുന്നു. നാലു ലക്ഷത്തിലേറെ ഫോളോവേഴ്‌സ് കുറഞ്ഞെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടി പലരും അവകാശപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിന് പുറമേ യൂട്യൂബ്, ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോമുകളിലും ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വൻ കുറവുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയ പേളി, ജീവൻ അപകടത്തിലാണെങ്കിൽ വിദ്യാർഥികൾ സമരം അവസാനിപ്പിച്ച് തിരികെപ്പോവണമെന്ന് ആവശ്യപ്പെട്ടിരുന്നു. 'ആർക്കും പരിക്കേൽക്കരുത്, എല്ലാവരും സുരക്ഷിതരായിരിക്കണം. ജീവൻ അപകടത്തിലാകുന്ന സാഹചര്യമുണ്ടെങ്കിൽ വീട്ടിലേക്ക് മടങ്ങുക. സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ മാത്രം പ്രാധാന്യമുള്ള ഒരു ലക്ഷ്യവുമില്ല.' പേളി കുറിച്ചു.

'കമന്റ് സെക്ഷൻ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണ്' എന്ന വരിയോടെ പങ്കുവെച്ച പോസ്റ്റിന്റെ കമന്റ് ബോക്‌സ് തൊട്ടുപിന്നാലെ തന്നെ ഓഫാക്കി. പേളിയുടെ നിലപാടിനെ വിമർശിച്ച് സംവിധായകൻ സിബി മലയിലിന്റെ മകനും നടനും സിനിമാ പ്രവർത്തകനുമായ ജോ സിബി മലയിൽ രംഗത്തെത്തി.

വിമർശനം ശക്തമായതോടെ ഒരു 'പരാജയപ്പെട്ട സിനിമാ സംവിധായകനെ' പരാമർശിച്ചുകൊണ്ട് പേളി ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത് കൂടുതൽ വിവാദങ്ങൾക്കിടയാക്കി. തന്റെ നിലപാട് പലരെയും അസ്വസ്ഥരാക്കിയെന്നും ഒരു പരാജയപ്പെട്ട സംവിധായകൻ തന്റെ നാലു പേജ് പോസ്റ്റിനെക്കുറിച്ച് 10 പേജുള്ള തിരക്കഥ എഴുതുകയാണെന്ന് പേളി ആരോപിച്ചു.

പേളിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് മറുപടിയുമായി തൊട്ടുപിന്നാലെ ജോ മലയിൽ രംഗത്തെത്തി. പേളി സൂചിപ്പിച്ച 'പരാജയപ്പെട്ട സംവിധായകൻ' തന്റെ പിതാവാണെന്ന് ജോ പ്രതികരിച്ചു.