
1985-ലാണ് നാസര്‍ എന്ന പ്രതിഭ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ മുപ്പത്തിയെട്ട് വര്‍ഷത്തിനിടെ അഞ്ഞൂറിലേറെ സിനിമകള്‍ നാസറിന്റെ അക്കൗണ്ടിലുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച അപൂര്‍വം താരങ്ങളിലൊരാളാള്‍. ഇന്ത്യയിലെ ആദ്യ ക്ലൈമറ്റ് ഫിക്ഷന്‍ വെബ് സീരീസ് എന്ന ഖ്യാതിയോടെ ഒ.ടി.ടിയില്‍ സ്ട്രീം ചെയ്യുന്ന 'ജെംഗാബുരു കേഴ്സി'ലൂടെ വീണ്ടും പ്രേക്ഷകരിലെത്തുകയാണ് നാസര്‍. സാമൂഹ്യപ്രസക്തമായ ഒട്ടേറെ ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്യുകയും ഒരുപാട് അംഗീകാരങ്ങള്‍ നേടുകയും ചെയ്ത നിള മധഭ് പാണ്ഡയാണ് സീരീസിന്റെ സംവിധായകന്‍. ഓഗസ്റ്റ് 9-ന് റിലീസിനെത്തുന്ന സീരീസിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവയ്ക്കുകയാണ് നാസര്‍. ഒപ്പം മൂന്ന് പതിറ്റാണ്ടുകളിലേറെ താണ്ടിയ സിനിമാ ജീവിതത്തെക്കുറിച്ചും.
ഇന്ത്യയിലെ ആദ്യത്തെ ക്ലൈമറ്റ് ഫിക്ഷന്‍ വെബ് സീരീസാണ് ജെംഗാബുരു കേഴ്‌സ്. താങ്കളെ ഇതിലേക്ക് ആകര്‍ഷിച്ച ഘടകം എന്തായിരുന്നു?
സീരീസിന്റെ പ്രമേയം തന്നെയാണ് എന്നെ ആകര്‍ഷിച്ചത്. ക്ലൈമറ്റ് ഫിക്ഷന്‍ ഇന്ത്യയില്‍ ഒരു പുതിയ ട്രെന്‍ഡായി മാറുകയാണ്. ജെംഗാബുരു കേഴ്സിലൂടെ സോണി ലീവാണ് ഇവിടെ ആദ്യമായി ഇത് അവതരിപ്പിക്കുന്നത്. ലോകത്തിലെ പല ഭാഗങ്ങളിലും വിവിധതരത്തിലുള്ള പ്രശ്നങ്ങളുണ്ട്. സാമ്പത്തികമായോ മതപരമായോ വംശീയമായോ എല്ലാം മനുഷ്യരെ വേര്‍തിരിക്കുന്നതിലൂടെയുള്ള പ്രശ്നങ്ങള്‍. എല്ലായിടത്തും പൊതുവായ ഒരു പ്രശ്നമുണ്ട്. അതാണ് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍. അത് വിവിധ ഭാവങ്ങളിലും രൂപങ്ങളിലും മനുഷ്യരെ വലയ്ക്കുന്നു. കലാവസ്ഥയ്ക്ക് കൃത്യമായ ഒരു പാറ്റേണ്‍ ഉണ്ടായിരുന്നു. അതായത് മഴക്കാലത്ത് മഴ പെയ്യണം, വേനല്‍കാലത്ത് ചൂട്, മഞ്ഞുകാലത്ത് മഞ്ഞ്. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. മുംബൈയിലും ചെന്നൈയിലും മധ്യപ്രദേശിലുമെല്ലാം എപ്പോഴാണ് വെള്ളപ്പൊക്കം ഉണ്ടാകുക എന്നു പ്രവചിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. യൂറോപ്പിലാണെങ്കില്‍ ഉഷ്ണതാപം പോലുള്ള പ്രശ്നങ്ങള്‍. 2018-ല്‍ കേരളത്തില്‍ സംഭവിച്ചത് എല്ലാവര്‍ക്കും അറിയാം. മലയാളികള്‍ എങ്ങിനെയാണ് ആ മഹാപ്രളയത്തെ നേരിട്ടത് എന്നുമെല്ലാം. ഇപ്പോള്‍ അതേക്കുറിച്ച് സിനിമ പോലും ഇറങ്ങിയിരിക്കുന്നു. ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തില്ലെങ്കില്‍ ഭാവിയില്‍ വലിയ വിപത്തുകള്‍ സൃഷ്ടിക്കും. നമ്മുടെ കാലാവസ്ഥയെ തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി മനുഷ്യര്‍ എങ്ങിനെ പ്രവര്‍ത്തിക്കണം? അത് തന്നെയാണ് ഈ വെബ് സീരീസ് പ്രേക്ഷകരോട് സംസാരിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഒഡിഷയിലാണ് സീരീസ് പ്രധാനമായും ചിത്രീകരിച്ചത്. ചിത്രീകരണ അനുഭവങ്ങള്‍ എങ്ങിനെ ഉണ്ടായിരുന്നു?
കേരളം പോലെ മനോഹരമായ ഒരു പ്രദേശമാണ് ഒഡിഷയും. കാടുകളും മലയും പുഴയുമെല്ലാം നിറഞ്ഞ സംസ്ഥാനം. അതേസമയം, അവിടെ ഖനികളുണ്ട്. അവിടെ ചിത്രീകരണം നടക്കുമ്പോള്‍, ഒരു കാഴ്ച കണ്ടു. ഒരു വലിയ മലയെ അങ്ങനെത്തന്നെ എടുത്ത് അരക്കിലോമീറ്ററോളം കുഴിച്ച് ഒരു ഖനി നിര്‍മിച്ചിരിക്കുന്നത്. അവിടെ നിന്ന് മഴവെള്ളം താഴോട്ട് ഒഴുകുകയില്ല. അതിന്റെ ഫലമായി പുഴ വരണ്ടു. പുഴ വരളുമ്പോള്‍ കാടും ഇല്ലാതാകും. കാട് പോയാല്‍ അവിടെയുള്ള ആദിവാസി ജനത എവിടെപ്പോകും? ജെംഗാബുരു കേഴ്സിലൂടെ ഈ പ്രസക്തമായ വിഷയങ്ങളെല്ലാം സംസാരിക്കുന്നു. ഫിക്ഷനാണ് എങ്കില്‍ കൂടിയും യഥാര്‍ഥ സംഭവങ്ങളാണ് ഈ സീരീസിന് പ്രചോദനമായത്. 'ഹൗ ദ നേച്ചര്‍ ഈസ് കഴ്‌സിങ് അസ്' (പ്രകൃതി നമ്മളെ എങ്ങിനെ ശപിക്കുന്നു). അതിന് പലപ്പോഴും കാരണമായി തീരുന്നത് നമ്മള്‍ മനുഷ്യര്‍ തന്നെ. മറ്റാരുമല്ല.
സമൂഹ്യപ്രസക്തിയുള്ള ഒരുപാട് ഡോക്യുമെന്ററികള്‍ ചെയ്ത സംവിധായകനാണ് നിള മധഭ് പാണ്ഡ. ഒട്ടനവധി അംഗീകാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവം?
വളരെ വ്യക്തതയോടെ കാര്യങ്ങളെ സമീപിക്കുന്ന വ്യക്തിയാണ് നിള മധഭ് പാണ്ഡ. എന്താണ് ചെയ്യേണ്ടത് എന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. സത്യം പറയുകയാണെങ്കില്‍, ഒരു മലയാളം സംവിധായകനൊപ്പം ജോലി ചെയ്യുന്നപോലെ തന്നെ രസകരമായിരുന്നു. കഥാപാത്രത്തെ നരേറ്റ് ചെയ്തു തന്നെ രീതിയെല്ലാം ഒരിക്കലും മറക്കാന്‍ സാധിക്കുകയില്ല. അത്രയും മനോഹരമായിരുന്നു. നിള മധഭ് പാണ്ഡ ഒഡിഷക്കാരനാണ്. ഖനികള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ജീവജാലങ്ങളുടെയും ആദിവാസി ജനതയെയും എങ്ങിനെ ബാധിക്കുന്നു എന്നതിനെല്ലാം അദ്ദേഹം സാക്ഷിയാണ്.
ജെംഗാബുരു കഴ്സില്‍ മൂന്ന് ഛായാഗ്രാഹകരാണുള്ളത്. അതില്‍ പ്രധാന ക്യാമറാമാന്‍ മെക്സിക്കനാണ്. ബാക്കി രണ്ടു പേരില്‍ ഒരാള്‍ ക്യൂബയില്‍ നിന്നും മറ്റൊരാള്‍ നെതര്‍ലൻഡിൽ നിന്നുമാണ്. മൂന്ന് പേര്‍ക്കും ഇംഗ്ലീഷ് അറിയില്ല. അവര്‍ക്ക് മൂവര്‍ക്കും പൊതുവായി ഒരു ഭാഷയും അറിയില്ല. നിള പാണ്ഡയ്ക്ക് ഇംഗ്ലീഷ് മാത്രമേ അറിയുകയുള്ളൂ. ഭാഷ അറിയില്ലെങ്കിലും നിള പാണ്ഡെ അവരുമായി ആശയവിനിമയം നടത്തി വളരെ നിസ്സാരമായാണ് ഷൂട്ട് ചെയ്തത്. എന്താണ് അതിന് പിന്നിലെ മായാജാലം എന്നറിയില്ല.
സീരീസില്‍ താങ്കളുടെ കഥപാത്രത്തെക്കുറിച്ച് പറയാമോ?
സീരീസില്‍ ഞാനൊരു ട്രൈബൽ മ്യൂസിയം ക്യുറേറ്ററിന്റെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദിവാസി ജനതയുടെ കലയെയും കരകൗശല വിദ്യകളെയും സംരക്ഷിക്കാന്‍ നേതൃത്വം നല്‍കുന്ന രവിചന്ദ്രന്‍ റാവു എന്നൊരാള്‍. കൂടുതല്‍ പറയുന്നില്ല. അത് സര്‍പ്രൈസാണ്. ഓഗസ്റ്റ് 9 വരെ കാത്തിരിക്കൂ.
1985-ലാണ് ആദ്യത്തെ സിനിമ റിലീസ് ചെയ്തത്. ഇന്ത്യയില്‍ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചു. അഞ്ഞൂറിലേറെ സിനിമകള്‍ ചെയ്തു. വളരെ അഭിമാനം തോന്നുന്നില്ല?

തീര്‍ച്ചയായും, 35 വര്‍ഷത്തിലേറെയായി ഈ യാത്ര. വളരെ മനോഹരം എന്നേ പറയാനുള്ളൂ. ഒരു അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല ഒരു വ്യക്തി എന്ന നിലയിലും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. എല്ലാ അനുഭവങ്ങളിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്. സന്തോഷം തോന്നിയ നിമിഷങ്ങളുണ്ട്, വേദന തോന്നിയ നിമിഷങ്ങളുണ്ട്, ഭയപ്പെട്ടിട്ടുണ്ട്, വയ്യായ്ക തോന്നിയിട്ടുണ്ട്. ഓരോ ഭാഷയിലെയും അനുഭവം വ്യത്യസ്തമാണ്. പ്രത്യേകിച്ച് മലയാളത്തില്‍ സിനിമ ചെയ്യുമ്പോള്‍ വളരെ കംഫര്‍ട്ടബിള്‍ ആണ്. സൂപ്പര്‍സ്റ്റാര്‍, സഹഅഭിനേതാവ് തുടങ്ങിയ വിവേചനങ്ങളില്ല. ഒഴിവ് സമയങ്ങളില്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും തമാശ പറയുകയുമൊക്കെ ചെയ്യും. തെലുങ്കില്‍ സ്റ്റാര്‍ സ്റ്റാറായി തന്നെ നില്‍ക്കും. ഹിന്ദി സിനിമ അല്‍പ്പം കൂടി പ്രൊഫഷണലാണ്. പൂര്‍ത്തിയാക്കിയ തിരക്കഥ അഭിനയിക്കുന്നതിന് മുന്‍പ് തന്നെ നമ്മളെ ഏല്‍പ്പിക്കും. കൂടാതെ വായിച്ച് കേള്‍പ്പിക്കുകയും ചെയ്യും. എന്നെ സംബന്ധിച്ച് സിനിമ എന്ന് പറഞ്ഞാല്‍ ആവര്‍ത്തന വിരസത ഒട്ടുമില്ലാത്ത, ഒരിക്കലും മടുപ്പിക്കാത്ത ഒരു യാത്രയാണ്. എല്ലാവര്‍ക്കും പലവിധത്തിലുള്ള കലകളോടും താല്‍പര്യം ഉണ്ടായിരിക്കും. എന്നാല്‍, അതില്‍ നിന്നുകൊണ്ടുള്ള വരുമാനത്തില്‍ ജീവിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുകയില്ല. എന്നെ സംബന്ധിച്ച് അതിനുള്ള ഭാഗ്യം ലഭിച്ചു.
മുഖം എന്ന മലയാള ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്, മോഹന്‍ലാലിനൊപ്പം. പിന്നീടും മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. കൂടാതെ താങ്കള്‍ തമിഴില്‍ അദ്ദേഹത്തെ നായകനാക്കി പോപ്പ്‌കോണ്‍ എന്ന സിനിമ സംവിധാനം ചെയ്തു. അദ്ദേഹവുമായുള്ള ആത്മബന്ധം?

ഒരു സൂപ്പര്‍താരത്തിന് അപ്പുറം മോഹന്‍ലാല്‍ എന്ന വ്യക്തിയെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. കൂടെ അഭിനയിക്കുന്നവരെ നന്നായി മനസ്സിലാക്കുന്ന വ്യക്തിയാണ്. വലിയ താരമാണെന്ന ഭാവമോ അഹങ്കാരമോ ലവലേശം ഇല്ല. ഞാന്‍ മോഹന്‍ലാലിനെ വച്ച് സംവിധാനം ചെയ്ത സിനിമ വളരെ മോശമായിരുന്നു, അതിന് മാപ്പ്.
മോഹന്‍ലാലുമായുള്ള എന്റെ അനുഭവം പറയാം, ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. 10;30-ന് പാക്കപ്പായി. മോഹന്‍ലാല്‍ എന്നോട് യാത്ര പറഞ്ഞ് താമസിക്കുന്ന ഹോട്ടലില്‍ പോകാനായി കാറില്‍ കയറി. അതിനിടെ കാറിന് പുറത്ത് നിന്നിരുന്ന സഹസംവിധായകനോട് നാളെ എന്താണ് സീന്‍ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. സീന്‍ എന്താണെന്ന് പറഞ്ഞതിന് ശേഷം സഹസംവിധായകന്‍ മോഹന്‍ലാലിനോട് പറഞ്ഞു, സാര്‍ ഇതില്‍ ഒരു വലിയ സംഭാഷണമുണ്ട്. ഉടനെ തന്നെ മോഹന്‍ലാല്‍ കാറില്‍നിന്ന് ചാടിയിറങ്ങി. ഒരു നോട്ട് പാഡ് സംഘടിപ്പിച്ച് ഡയലോഗ് എഴുതിയെടുത്തു. എന്നിട്ട് അത് പഠിച്ചതിന് ശേഷമാണ് മടങ്ങിപ്പോയത്. അപ്പോഴേക്കും സമയം ഏതാണ്ട് 12 മണിയായി. ഇങ്ങനെ പുതിയ തലമുറയിലുള്ള അഭിനേതാക്കള്‍ പോലും ചെയ്യില്ല. അത് നാളെ നോക്കാം ബ്രോ, എന്ന് പറഞ്ഞ് അവര്‍ പോകും.
മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ യാതൊരു മാനസിക സമ്മര്‍ദവുമില്ലാതെ, ആകുലതകളില്ലാതെ അഭിനയിക്കാം. മുഖം സിനിമ ചെയ്യുമ്പോള്‍ എനിക്ക് മലയാളം ഒരു തരിപോലും അറിയില്ലായിരുന്നു. നന്നായി സംസാരിക്കാന്‍ സാധിക്കില്ലെങ്കിലും ഇപ്പോള്‍ കേട്ടാല്‍ മനസ്സിലാകും. അന്ന് അത്ര പോലും നിശ്ചയമില്ല. അന്ന് എന്നെ ഏറ്റവും അധികം സഹായിച്ചത് മോഹന്‍ലാലാണ്. സംഭാഷണങ്ങളുടെ അര്‍ഥം പറഞ്ഞു തരുന്നതിനൊപ്പം തന്നെ പോസ് എവിടെ വേണമെന്നെല്ലാം കൃത്യമായി പറഞ്ഞു തന്നു.
താങ്കളിലെ നടനിലെ മികച്ച പ്രകടനം പുറത്ത്‌കൊണ്ടു വന്ന സംവിധായകരിലൊരാളാണ് മണിരത്‌നം. 'നായകന്‍' താങ്കളുടെ കരിയറില്‍ വഴിത്തിരിവായ ഒരു സിനിമയാണ്. ഇന്ന് പി.എസ് 2 വരെ എത്തിനില്‍ക്കുന്നു. ഒരു സംവിധായകന്‍ എന്ന നിലയില്‍ മണിരത്‌നം താങ്കളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?
മണിരത്‌നം ഒരു മികച്ച സ്‌റ്റോറി ടെല്ലറാണ്. അദ്ദേഹത്തിന്റെ ഓരോ സിനിമയും വ്യത്യസ്തമാണ്. കാലഘട്ടത്തിന് അനുസരിച്ച് സ്വയം പഠിക്കാനും പരിഷ്‌കരിക്കാനുമുള്ള കഴിവാണ് മണിരത്‌നത്തെ വേറിട്ട് നിര്‍ത്തുന്നത്. 1985-ലാണ് .എന്റെ ആദ്യ സിനിമ പുറത്തിറങ്ങുന്നത് 1987-ല്‍ നായകനും. അന്ന് ഞാന്‍ അധികം പേരെടുത്തിട്ടൊന്നുമില്ല. പക്ഷേ, എങ്ങിനെയോ എ.സി.പി. പാട്ടീല്‍ എന്ന പോലീസ് കഥാപാത്രം എന്നെ തേടിയെത്തി. മണിരത്‌നം കഥ പറയുമ്പോള്‍ ഒരു പ്രത്യേകതയുണ്ട്. എന്റെ കഥാപാത്രത്തെക്കുറിച്ച് എന്നോട് വിവരിക്കുമ്പോള്‍ ഞാനായിരിക്കും അതിലെ നായകന്‍ എന്ന് തോന്നും. കമല്‍ഹാസന്‍ ചെയ്യുന്ന വേലുനായ്ക്കരെക്കുറിച്ച് പറഞ്ഞതേയില്ല. അതായത് ഏതൊരു ആര്‍ട്ടിസ്റ്റിനോടും മണിരത്‌നം കഥ പറയുമ്പോള്‍ അവരുടെ കഥാപാത്രത്തെ കേന്ദ്രകഥാപാത്രമാക്കിയാണ് കഥ പറയുക. കഥാപരിസരത്തെക്കുറിച്ച് കൂടുതല്‍ അറിയാനും കഥാപാത്രത്തെ ആഴത്തില്‍ മനസ്സിലാക്കാനും അതിലൂടെ സാധിക്കും.

എ.സി.പി. പാട്ടീല്‍ ശ്രദ്ധനേടിയതോടെ എന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നു. അതിനുള്ള പ്രധാനകാരണം മണിരത്‌നമാണ്. ഇന്നും 'നായകന്‍' ഏറെ ആഘോഷിക്കപ്പെടുന്ന ചിത്രമാണ്. അതൊരു കള്‍ട്ട് ക്ലാസിക്കായി മാറി.
ഇന്നും ഏറെ ആഘോഷിക്കപ്പെടുന്ന മറ്റൊരു മണിരത്‌നം ചിത്രമാണ് 'ഇരുവര്‍'. അതില്‍ താങ്കള്‍ കേന്ദ്രകഥാപാത്രങ്ങളുടെ ഗുരുസ്ഥാനീയനായ വ്യക്തിയുടെ വേഷത്തിലാണ് എത്തിയത്. ഇരുവറെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കാമോ?
ഇതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു. ഒരിക്കലും മറക്കുകയില്ല. എല്ലാവര്‍ക്കും അറിയാം തമിഴ്‌നാട് രാഷ്ട്രീയത്തിലെ അതിശക്തരായ മൂന്ന് വ്യക്തികളുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണത്. അതുകൊണ്ടു തന്നെ അതിസൂക്ഷ്മമായി ചെയ്തില്ലെങ്കില്‍ കടുത്ത വിമര്‍ശനങ്ങളും ആക്രമങ്ങളും നേരിടേണ്ടി വരും. ഈ വെല്ലുവിളികളെ അതിസമര്‍ഥമായാണ് മണിരത്‌നം നേരിട്ടത്. മോഹന്‍ലാലിന്റെയും പ്രകാശ് രാജിന്റെയും കഥാപാത്രങ്ങളാണ് നെടുംതൂണുകള്‍. അവരുടെ രാഷ്ട്രീയ ഗുരു അയ്യാ വേലുതമ്പിയെയാണ് ഞാന്‍ അവതരിപ്പിച്ചത്. ആനന്ദനും തമിഴ്‌സെല്‍വനും മേൽ ആധിപത്യം പുലർത്തുന്ന വ്യക്തിയാണ് വേലുതമ്പി. അദ്ദേഹത്തെ അവതരിപ്പിക്കുന്നതില്‍ ചെറിയ വെല്ലുവിളികള്‍ ഉണ്ടായിരുന്നു. വേലുതമ്പിയുടെ കഥാപാത്രത്തിന് പ്രചോദനമായത് അണ്ണാദുരൈയും പെരിയാറുമാണ്. ഞാന്‍ അറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാക്കളാണ് ഇരുവരും. അതില്‍ വലിയ അഭിമാനം തോന്നുന്നു.

1990-ലെ 'മുഖം' മുതല്‍ 2022-ലെ 'പത്തൊന്‍പതാം നൂറ്റാണ്ടു'വരെ എത്തിനില്‍ക്കുന്നു മലയാള സിനിമയിലെ താങ്കളുടെ യാത്ര. മലയാള സിനിമയിലെ മാറ്റങ്ങളെ എങ്ങിനെ വിലയിരുത്തുന്നു.
സത്യം പറയാമല്ലോ, എനിക്ക് മലയാള സിനിമയോട് കടുത്ത അസൂയയാണ്. കാരണം എന്തെന്ന് വച്ചാല്‍ ഇവിടെ കണ്ടന്റാണ് രാജാവ്. അത് എല്ലാകാലത്തും അങ്ങിനെ തന്നെയായിരുന്നു. ഞാന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലത്താണ് ഭരതന്റെയും പത്മരാജന്റെയും എം.ടി. വാസുദേവന്‍ നായരുടെയും സിനിമകള്‍ കാണുന്നത്. ഉള്ളടക്കത്തില്‍ അന്താരാഷ്ട്ര സിനിമകളുടെ നിലവാരമാണ് അവരുടെ സിനിമകള്‍ക്ക്. അതും മുഖ്യധാരാ സിനിമയില്‍.

കേരളത്തിലെ പ്രേക്ഷകര്‍ ഒരുപാട് സഹിഷ്ണുതയുള്ളവരാണ്. ഉദാഹരണത്തിന് ഫഹദ് ഫാസിലിന്റെ 'ട്രാന്‍സ്' പോലൊരു സിനിമ ഇന്ത്യയിലെ മറ്റൊരു സ്‌റ്റേറ്റിലും എടുക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. സിനിമ വേറെ, യഥാര്‍ഥ്യം വേറെ എന്ന് ഇവിടുത്തെ പ്രേക്ഷകര്‍ക്ക് അറിയാം. ഇവിടത്തെ മുന്‍നിര താരങ്ങളിലും പലരും ഇമേജ് നോക്കാതെ വില്ലനോ സഹതാരമോ എന്നൊന്നും നോക്കാതെ അഭിനയിക്കും. അതുകൊണ്ടു തന്നെ നമുക്ക് അവരുടെ കഥാപാത്രങ്ങള്‍ എങ്ങനെയിരിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാകില്ല.
Content Highlights: Nasser actor Interview, the jengaburu curse web series, Sony Liv Ott platform, climate fiction
Published: 04 Aug 2023, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented