
ആദ്യകേൾവിയിലേ ഭ്രമിപ്പിച്ചിട്ടുണ്ട് അലസനേത്രയായ ആ ശശിലേഖ. ഇന്നും കുറവില്ല ആ ഭ്രമത്തിന്; നാല് പതിറ്റാണ്ടിനിപ്പുറവും.
"അകലെയാകാശ പനിനീർ പൂന്തോപ്പിൽ അലസനേത്രയാം ശശിലേഖ, കവിളിൽ ചുംബനമറുകുമായ് നിന്നു കവിതപോൽ പ്രേമകവിത പോൽ...." രണ്ടേ രണ്ട് സിനിമകൾക്ക് വേണ്ടി മാത്രം ഒരുമിച്ച ചരിത്രമുള്ള ഒ എൻ വി -- കെ രാഘവൻ കൂട്ടുകെട്ടിന്റെ എക്കാലത്തെയും മികച്ച ഗാനശില്പങ്ങളിൽ ഒന്ന്. ചിത്രം: "എന്റെ നീലാകാശം" (1979).
കവിതയും ഗാനവും തമ്മിലുള്ള അതിർവര നേർത്തുനേർത്ത് ഇല്ലാതാകുന്ന ഇന്ദ്രജാലം നമ്മെ അനുഭവിപ്പിക്കുന്ന ആ ഗാനത്തിന്റെ പിറവിക്ക് പിന്നിൽ ഒരു "ഓർമ്മപ്പെടുത്ത"ലിന്റെ കഥ കൂടിയുണ്ട്. ഒപ്പം ചെറിയൊരു നഷ്ടബോധത്തിന്റെ വേദനയും.
ഇറങ്ങിയകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ജോർജ്ജ് ഓണക്കൂറിന്റെ "അകലെ ആകാശം" എന്ന നോവലാണ് തോപ്പിൽ ഭാസി സംവിധാനം ചെയ്ത "എന്റെ നീലാകാശ"ത്തിന് ആധാരം. "നോവലിന്റെ പേര് തന്നെ സിനിമക്കും വേണമെന്നൊരു നിർബന്ധമുണ്ട് എനിക്ക്."-- ഓണക്കൂറിന്റെ വാക്കുകൾ. "എഴുത്തുകാരന്റെ മുദ്രയുണ്ടല്ലോ അതിൽ. എന്നാൽ അകലെ ആകാശം എന്ന പേര് സിനിമക്ക് സ്വീകരിക്കാൻ വയ്യ. അതിനും രണ്ടുവർഷം മുൻപ് അതേ പേരിൽ ഐ.വി. ശശിയുടെ ഒരു ചിത്രം പുറത്തുവന്നതാണ് കാരണം."
സ്വന്തം സിനിമകളുടെ പേരുകൾ "അ"യിൽ തുടങ്ങുക എന്ന ശീലത്തിന്റെ ഭാഗമായി നേരത്തെ തന്നെ ആ ശീർഷകം രജിസ്റ്റർ ചെയ്തു വെച്ചിരുന്നു ശശി. അതുകൊണ്ടു തന്നെ പടം പുറത്തു വന്നപ്പോൾ എതിർക്കാൻ പോയില്ല ഓണക്കൂർ. "നോവൽ സിനിമയാകുമ്പോൾ യഥാർത്ഥ പേര് ഒഴിവാക്കേണ്ടി വരും എന്ന സത്യം വേദനാജനകമായിരുന്നു എനിക്ക്. പക്ഷേ വേറെ വഴിയില്ലല്ലോ. എന്റെ ഉള്ളിലെ എഴുത്തുകാരന്റെ വേദന ഒ.എൻ..വി തിരിച്ചറിഞ്ഞു എന്ന് തോന്നുന്നു. അങ്ങനെയാണ് അകലെ ആകാശം എന്ന പേരിൽ നിന്ന് ഒരു പാട്ട് തുടങ്ങാം എന്ന് ഞങ്ങളെല്ലാം ചേർന്നിരുന്ന് തീരുമാനിച്ചത്. അങ്ങനെയെങ്കിലും ആ പേര് ചരിത്രത്തിൽ അടയാളപ്പെടുത്താമല്ലോ."
എഴുതിവന്നപ്പോൾ അതൊരു മനോഹരമായ കവിതയായി എന്നതാണ് സത്യം. ഒ.എൻ.വിയുടെ അസാമാന്യ പ്രതിഭയ്ക്ക് മുന്നിൽ നമിച്ചേ പറ്റൂ. കവിതയുടെ ആത്മാവറിഞ്ഞ് അത് ചിട്ടപ്പെടുത്തിയ രാഘവൻ മാഷിനേയും ഹൃദയം നൽകി പാടിയ യേശുദാസിനേയും മറക്കുവതെങ്ങനെ? "തിരുവുടലിതു നിറകുടമാക്കും ദിനകരാശ്ലേഷലഹരികൾ പ്രിയതര സ്മൃതിസുരഭീ പുഷ്പമായ്, നറുനിലാവായ് വിരിയുന്നു, നവനീതക്കുളിർ ശിലയിൽ തീർത്തൊരു യവനശില്പം പോലവൾ നിന്നു..."
സിനിമയിൽ പശ്ചാത്തലഗാനമായാണ് പാട്ട് കടന്നുവരുന്നത്. രംഗത്ത് പ്രത്യക്ഷപ്പെടുന്നത് സുകുമാരനും ശോഭയും. ശോഭയുടെ ഹ്രസ്വമായ ചലച്ചിത്ര ജീവിതത്തിലെ ആദ്യകാല നായികാവേഷങ്ങളിൽ ഒന്നായിരുന്നു "എന്റെ നീലാകാശ"ത്തിലെ മാലതി. ആ വേഷം അഭിനയിക്കുമ്പോൾ കഷ്ടിച്ചു പതിനേഴ് വയസ്സേ ഉള്ളൂ ശോഭയ്ക്കെന്നത് ഇന്നോർക്കുമ്പോൾ വിസ്മയിപ്പിക്കുന്ന സത്യം. ഒരു വർഷം കൂടിയേ ജീവിച്ചിരുന്നുള്ളൂ ശോഭ. "വിടരും മുൻപേ വീണടിഞ്ഞ" ആ കൗമാരപ്രതിഭയുടെ മരിക്കാത്ത ഓർമ്മ കൂടിയാണ് ഓണക്കൂറിന് ഈ പാട്ട്. ഓണക്കൂറിന്റെ തന്നെ കഥയെ ആസ്പദമാക്കി കെ.ജി. ജോർജ്ജ് ഒരുക്കിയ "ഉൾക്കടലി"ലും നായികയായിരുന്നു ശോഭ.
കൊല്ലത്തെ നീലാ ഹോട്ടലിലിരുന്നാണ് രാഘവൻ മാഷ് "എന്റെ നീലാകാശ"ത്തിലെ ഗാനങ്ങൾ സ്വരപ്പെടുത്തിയത് എന്നോർക്കുന്നു ഓണക്കൂർ. ഒ. എൻ.വിയുടെ കവിതയെ ഈണം കൊണ്ട് മൃദുവായി ഒന്ന് സ്പർശിച്ചിട്ടേ ഉള്ളൂ മാഷ്. അതൊരു ഇന്ദ്രജാല സ്പർശമായി മാറി എന്നത് ചരിത്രം. എന്റെ നീലാകാശം നിറയേ (സുശീല, അമ്പിളി), കൂട്ടിലടച്ചൊരു പക്ഷി (യേശുദാസ്), ചെമ്പകപ്പൂവിതൾ പോലാം (സുശീല), തെക്കു തെക്കു തെക്കു നിന്നൊരു (ബ്രഹ്മാനന്ദൻ, അമ്പിളി) എന്നീ ഗാനങ്ങളുമുണ്ട് ചിത്രത്തിൽ. ഒ.എൻ.വിയേയും രാഘവൻ മാഷേയും ഒരുമിപ്പിക്കുക എന്ന ആശയം തോപ്പിൽ ഭാസിയുടേതായിരുന്നു. അതിനു മുൻപ് ഭാസിയാശാന്റെ തന്നെ യുദ്ധകാണ്ഡത്തിൽ മനോഹരമായ ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് ഇരുവരും - എക്കാലത്തേയും ഹിറ്റായ "ശ്യാമസുന്ദര പുഷ്പമേ" ഉൾപ്പെടെ. "എന്റെ നീലാകാശ"ത്തിന് ശേഷം ഈ സഖ്യം ഒന്നിച്ചില്ല എന്നത് മലയാളികളുടെ ദൗർഭാഗ്യം.
മാനസികരോഗത്തെ കുറിച്ച് സമൂഹത്തിൽ നിലനിന്നിരുന്ന മിഥ്യാ ധാരണകളെ പൊളിച്ചെഴുതുന്നതായിരുന്നു ഓണക്കൂറിന്റെ നോവൽ. ഇത്തരം രോഗങ്ങൾ പാരമ്പര്യമായി പകർന്നുകിട്ടും എന്നൊരു വിശ്വാസം അക്കാലത്തുണ്ടായിരുന്നു. ഇന്നുമുണ്ട്. "നോവലിന്റെ ആദ്യ വായനക്കാരിൽ ഒരാൾ ഒ എൻ വി സാറിന്റെ പത്നി ആയിരുന്നു. എന്റെ കഥയിൽ ഒരു സിനിമക്കുള്ള ആശയം ഒളിഞ്ഞുകിടക്കുന്നു എന്ന കാര്യം ഭർത്താവിന്റെ ശ്രദ്ധയിൽ പെടുത്തിയതും അവർ തന്നെ. സാറാണ് തോപ്പിൽ ഭാസിയെ വിളിച്ച് പടത്തിന്റെ സംവിധാനച്ചുമതല ഏറ്റെടുക്കണം എന്ന് നിർദ്ദേശിച്ചത്." ഓണക്കൂറിന്റെ ഓർമ്മ.
തോപ്പിൽ ഭാസിയും ഒ.എൻ.വിയും രാഘവനും സുകുമാരനും ശോഭയുമൊക്കെ ഓർമ്മയായിട്ടും മലയാള ഗാനങ്ങളുടെ ആകാശവീഥിയിൽ ഇന്നും പ്രകാശം ചൊരിഞ്ഞു നിൽക്കുന്നു അലസനേത്രയായ ആ ശശിലേഖ.
Content Highlights: music composer raghavan master death anniversary
Published: 18 Oct 2024, 06:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented