പുസ്തകം വായിച്ചു തീർന്നിട്ടും മറ്റേതോ ലോകത്തായിരുന്നു മനസ്സ്. വെടിയൊച്ചകളും കുതിരക്കുളമ്പടികളും മാദക നൃത്തച്ചുവടുകളും നിറഞ്ഞ മായാലോകം. വയനാട്ടിലെ ഞങ്ങളുടെ പ്രിയപ്പെട്ട രോഷൻ ടോക്കീസിൽ തിരിച്ചെത്തിയപോലെ.

To advertise here,

നന്ദി പറയേണ്ടത് ഷാജി ചെന്നൈ എഴുതിയ സിനിമാപ്രാന്തിന്റെ 40 വർഷങ്ങൾ എന്ന രസികൻ ഓർമ്മപ്പുസ്തകത്തിനാണ്. വടക്കൻ കേരളത്തിലെ ചുണ്ടേൽ എന്ന വയനാടൻ ഗ്രാമത്തിൽ പഠിച്ചു വളർന്ന എനിക്ക് ഒട്ടും പരിചിതമല്ല ഇടുക്കിയിൽ ജനിച്ചുവളർന്ന ഷാജിയുടെ ജീവിത പരിസരം. എന്നാൽ പുസ്തകം വായിച്ചുതീർന്നതോടെ മനസ്സുകൊണ്ട് ഒരു കട്ടപ്പനക്കാരനായി മാറിയിരുന്നു ഞാൻ. ഷാജിയുടെ രചനാ ശൈലിയുടെ മാജിക്. ലാളിത്യവും സുതാര്യതയുമാണ് അതിന്റെ മുഖമുദ്രകൾ.

കടന്നുപോന്ന നാട്ടുവഴികളിലൂടെ നമ്മെ സ്നേഹപൂർവ്വം കൈപിടിച്ച് നടത്തുന്നു എഴുത്തുകാരൻ. ഗൃഹാതുരത്വത്തിന്റെ നനുത്ത, ഈർപ്പമുള്ള വഴികൾ. സ്വപ്നസഞ്ചാരിയെപ്പോലെ ഷാജിയുടെ കൈപിടിച്ച് ആ വഴികളിലൂടെ നടക്കവേ മനസ്സിൽ ഇതൾ വിരിയുന്ന ദൃശ്യങ്ങൾക്ക് എന്തൊരു ചാരുത. ഇനിയൊരിക്കലും തിരിച്ചുവരില്ലല്ലോ ആ കാലം എന്നോർക്കുമ്പോഴേയുള്ളു സങ്കടം. ഇടനെഞ്ചിൽ ഒരു ഗദ്ഗദം വന്നു തടയും അപ്പോൾ.

ഏത് സിനിമാപ്രാന്തനും മിഴിവോടെ ഓർത്തെടുക്കാനാകും ആ ദൃശ്യങ്ങൾ. മുകളിലെ ഓലക്കീറുകളിലൂടെ ചിതറിവീഴുന്ന വെളിച്ചത്തിന്റെ പൊൻനാണയങ്ങൾ. ബീഡി പുകച്ചുകൊണ്ട് ബെഞ്ചിലും തറയിലുമായി ഇരുന്നും കിടന്നുമൊക്കെ ചൂളമടിക്കുകയും ആർത്തുവിളിക്കുകയും ചെയ്യുന്ന അർദ്ധനഗ്ന പ്രേക്ഷകർ. വിയർപ്പിൽ കുതിർന്ന നാടൻ വാറ്റിന്റെ രൂക്ഷഗന്ധം. നിലക്കടലയും ഇഞ്ചിമിട്ടായിയും പാട്ടുപുസ്തകവും വിൽക്കുന്നവരുടെ വിളിച്ചുപറയലുകൾ.

സിനിമയുടെ മായാവാതിലുകൾ ആദ്യമായി തുറന്നിട്ടുതന്ന രോഷൻ ടോക്കീസിലെ വെള്ളിത്തിരയാണ് മുന്നിൽ. വെടിയും പുകയും പിന്നെ തെന്നിന്ത്യൻ ജെയിംസ് ബോണ്ട് വിൻസെന്റുമുണ്ട് അവിടെ. ക്രോസ്സ്‌ബെൽറ്റ് മണിയുടെ പടമെങ്കിൽ കുതിരകളും ഉറപ്പ്.

മണിപ്പടങ്ങളില്ലാതെ എന്റെ തലമുറയുടെ ബാല്യസ്മരണകൾ പൂർണ്ണമാകില്ല. ചില്ലറക്കാരനല്ലല്ലോ മണി സാർ. ശരിക്കും മാന്ത്രികൻ. നെയ്യാറ്റിൻകരയെയും നേര്യമംഗലത്തേയും നെന്മാറയെയും മാത്രമല്ല, അറ്റ കൈക്ക് തിരുവനന്തപുരത്തെ തിരക്കേറിയ സ്റ്റാച്യു ജങ്ക്ഷനെ വരെ ഒറ്റയടിക്ക് ടെക്‌സസും അരിസോണയും നെവാദയുമാക്കി മാറ്റിക്കളയാൻ മടിക്കാത്തയാൾ. ചുമ്മാ റോട്ടിലൂടെ നടന്നുപോകുന്നവരെ വെള്ളിത്തിരയിൽ കൗബോയിമാരും റെഡ് ഇന്ത്യൻസുമാക്കും അദ്ദേഹം. അവർക്ക് സഞ്ചരിക്കാൻ ഉശിരുള്ള കുതിരകളെ സമ്മാനിക്കും. തലയിൽ പാള പോലുള്ള മെക്സിക്കൻ തൊപ്പിയും അരയിൽ ഗൺബെൽറ്റും കയ്യിൽ പുകയുന്ന തോക്കുമായി നാഷണൽ ഹൈവേയിലൂടെ കുതിരപ്പുറത്ത് പട്ടാപ്പകൽ കുതിച്ചുപായും അവർ.

യുക്തിബോധത്തെ അതിന്റെ പാട്ടിനു വിട്ടുകൊണ്ട് ഈ രസികൻ വേഷപ്പകർച്ചകൾ ആസ്വദിക്കാനാണ് മണിച്ചിത്രങ്ങൾ വിടാതെ കാണുക. വിൻസന്റായിരിക്കും മിക്ക പടങ്ങളിലും നായകൻ. നായിക രാജകോകിലയോ വിജയലളിതയോ ഉണ്ണിമേരിയോ റീനയോ ആരുമാകാം. കുട്ടിട്രൗസറിട്ട് ഓടിനടക്കുക, യുഗ്മഗാനം പാടുക എന്നതൊഴിച്ചാൽ കാര്യമായ ജോലിയൊന്നുമില്ല നായികമാർക്ക്. വെടി--പുക വകുപ്പ് വിൻസന്റും സുധീറും ഗോവിന്ദൻകുട്ടിയും ജോസ് പ്രകാശും കെ.പി.എ.സി സണ്ണിയും ചേർന്ന് കൈകാര്യം ചെയ്തുകൊള്ളും. ചിരിവകുപ്പ് ഭാസി, ബഹദൂർ, ആലുമ്മൂടൻ, കടുവാക്കുളം, വെട്ടൂർ പുരുഷൻ സഖ്യവും.

രോഷൻ ടോക്കീസിൽ ചെന്ന് ഒരു സിനിമ കാണാൻ അച്ഛന്റെ അനുമതി കിട്ടുന്ന വിശേഷദിവസമാണ് കന്നിയിലെ ഉത്രാടത്തിൽ വിരുന്നിനെത്തുന്ന പിറന്നാൾ. ഭാഗ്യവശാൽ അന്ന് വിജയദശമിയാണ്; പോരാത്തതിന് ഞായറാഴ്ച്ചയും. രോഷനിൽ മാറ്റിനിയുള്ള ദിവസം. നഗരങ്ങളിലെ സിനിമാശാലകളിൽ ഓടിത്തളർന്നു നുരയും പതയും വന്ന ശേഷമേ ഏത് പടവും ചുരം കയറി ഞങ്ങളുടെ "തിയേറ്ററിൽ" എത്തൂ. എങ്കിലെന്ത്? റിലീസ് പടത്തിന്റെ അന്തസ്സും ആഭിജാത്യവുമാണ് രോഷനിൽ കളിക്കുന്ന പടങ്ങൾക്ക്. അമ്പതു പൈസ മുടക്കി ബെഞ്ചിൽ ചെന്നിരുന്നാൽ നടീനടന്മാരെ കയ്യെത്തും ദൂരത്ത് കാണാമെന്ന മെച്ചവുമുണ്ട്.

സ്റ്റണ്ട് പടങ്ങളോടാണ് അന്ന് ആഭിമുഖ്യം. സെന്റിമെന്റ്സ് തീരെ സഹിക്കില്ല. സിനിമയിൽ ശാരദയുണ്ടെങ്കിൽ ആ വഴിക്ക് പോവില്ല. കണ്ണീരും നെഞ്ചത്തടിയും ഉറപ്പാണല്ലോ. രാഘവനും സുധീറും മോഹനുമൊക്കെ യുവനായകരായി ഉണ്ടെങ്കിലും വിൻസന്റിനോടാണ് ആരാധന. അടിമുടി ആക്‌ഷൻ ഹീറോ. കാഴ്ച്ചയിൽ സാധുവെങ്കിലും, കോളിനോസ് പുഞ്ചിരിയൊക്കെ ഉണ്ടെങ്കിലും അനീതി കണ്ടാൽ വെച്ചുപൊറുപ്പിക്കില്ല മൂപ്പർ. പഴയൊരു വി.കെ.എൻ ശൈലി കടമെടുത്താൽ തൽക്ഷണം "ഇടപെട്ടളയും".

"പെൺപട"യിൽ പക്ഷേ അത്ര ബിസിയല്ല വിൻസന്റ്. ശ്വാസം വിടാൻ സമയമുണ്ട്. പടത്തിൽ മുഖ്യ അടിക്കാരൊക്കെ സ്ത്രീകളാണ് എന്നതുതന്നെ കാരണം: രാജകോകില, വിജയലളിത, റീന. കൂട്ടിന് മീന, ശ്രീലത, മല്ലിക, ഇവരൊക്കെയുണ്ട്. കാട്ടുജാതിക്കാർക്കൊപ്പം ഉൾവനത്തിലാണ് വാസമെങ്കിലും മിക്കവരും ആധുനിക ഫാഷനിലുള്ള ഷോർട്ട്സ്, ടീഷർട്ട് ധാരികൾ. കൂട്ടത്തിൽ രാജകോകിലയുടെ കാമുകനാണ് വിൻസന്റ്. സുധീർ റീനയുടേയും.

പശ്ചാത്തലം കേരളത്തിലെ ഏതോ നാട്ടിൻപുറമെങ്കിലും വൈൽഡ് വെസ്റ്റ് അന്തരീക്ഷമാണ് സിനിമയിൽ. കുതിച്ചോടും കുതിരകൾ, അരയിൽ തോക്കും ചുമലിൽ മൃഗങ്ങളെ എറിഞ്ഞു കുടുക്കാനുള്ള കയറും തൂക്കിയ കൗബോയിമാർ, മുഖത്ത് വിചിത്രമായ ചായം തേച്ച റെഡ് ഇന്ത്യൻസ്... എല്ലാവരുമുണ്ട് സംഭവം കൊഴുപ്പിക്കാൻ. നീതിപാലകനായി വെസ്റ്റേൺ ചിത്രങ്ങളിലെ പോലെ മാറിൽ നക്ഷത്രമണിഞ്ഞ ഒരു "ഷെരിഫി"നെയും പ്രതീക്ഷിച്ചതാണ്. പക്ഷേ അവിടെ മണി സാർ പ്രതീക്ഷ തെറ്റിച്ചു. ടി പി മാധവൻ പ്രത്യക്ഷപ്പെടുന്നത് കേരള പൊലീസിലെ സൂപ്രണ്ടിന്റെ കാക്കി വേഷത്തിൽ. പാന്റ്സിന് പകരം അന്നത്തെ യൂണിഫോമായ നിക്കറാണെന്ന് മാത്രം.

കഥാപാത്രങ്ങളുടെ പേരുകൾക്കൊരു കിടിലൻ കൗബോയ് ടച്ച് പ്രതീക്ഷിച്ചതാണ്: റോയ് റോജേഴ്‌സ്, ബഫലോ ബിൽ, ബുച്ച് കാസിഡി, സൺഡാൻസ് കിഡ് എന്നിങ്ങനെ... അവിടെയും മണി സാർ ഞെട്ടിച്ചുകളഞ്ഞു. പ്രധാന കഥാപാത്രങ്ങളിൽ ഒരാളുടെ പേര് ഭാസ്കരപിള്ള. മറ്റൊരാൾ കുഞ്ഞിരാമൻ. ഇനിയൊരാൾ മാധവമേനോൻ. കൊള്ളത്തലവനായ ഗോവിന്ദൻകുട്ടിക്ക് മാത്രം പേരില്ല. വിഖ്യാതമായ "ദി ഗുഡ് ദി ബാഡ് ആൻഡ് ദി അഗ്ലി" എന്ന ഇറ്റാലിയൻ സ്പഗേറ്റി വെസ്റ്റേണിൽ ക്ലിന്റ് ഈസ്റ്റ് വുഡ് അനശ്വരനാക്കിയ പേരില്ലാ കൗബോയ് ആയിരിക്കണം ആ കഥാപാത്രത്തിന് മാതൃക. ഒരു വ്യത്യാസം മാത്രം. ക്ലിന്റ് കൊന്നാലും ചിരിക്കില്ല. മിണ്ടാട്ടം പോലും അപൂർവം. എന്നാൽ ഗോവിന്ദൻകുട്ടിയുടെ വില്ലൻ ക്യാമറ കണ്ടാൽ തൽക്ഷണം ചിരിക്കും. ദിഗന്തം പൊട്ടുമാറുള്ള ചിരി.

‘പെൺപട’യും പിന്നാലെ വന്ന ‘പെൺപുലി’യും ‘പട്ടാളം ജാനകി’യുമെല്ലാം (സെർജിയോ ലിയോണെയുടെ വിശ്രുതമായ ഡോളേഴ്‌സ് ട്രിളോജി പോലെ ക്രോസ്സ്‌ബെൽറ്റ് മണി മലയാളികൾക്ക് വേണ്ടി ഒരുക്കിയതാവണം ഈ നാടൻ കൗബോയ് ചലച്ചിത്ര ത്രയം) കണ്ട ശേഷമാണ് കോഴിക്കോട്ടെ ക്രൗൺ തിയേറ്ററിൽ നിന്ന് ജോൺ വെയിനിന്റെയും ക്ലിന്റ് ഈസ്റ്റ് വുഡിന്റെയും ലീവാൻ ക്ളീഫിൻെറയും ഗ്രിഗറി പെക്കിന്റെയും ജെയിംസ് കൊബേണിന്റെയുമൊക്കെ വൈൽഡ് വെസ്റ്റ് ചിത്രങ്ങൾ കാണുന്നതും അവയുടെ ആകർഷണ വലയത്തിൽ ചെന്ന് വീഴുന്നതും. ഒരു കാര്യം മനസ്സിലായി അപ്പോൾ. വർഷങ്ങൾക്ക് മുൻപേ അവയുടെ ലഹരി തലയ്ക്കു പിടിച്ചിട്ടുണ്ട് മണി സാറിന്. ഇല്ലെങ്കിൽ അത്തരം സിനിമകളെയും അവയിലെ കഥാപാത്രങ്ങളെയും കേരളത്തിലെ നാട്ടിൻപുറങ്ങളിലേക്ക് പറിച്ചുനടില്ലായിരുന്നല്ലോ അദ്ദേഹം.

മെക്സിക്കൻ തൊപ്പി മൂക്കിൻതുമ്പിലേക്ക് താഴ്ത്തിവെച്ച് അരക്കെട്ടിൽ നിന്ന് ഞാന്നുകിടക്കുന്ന ഗൺബെൽറ്റും കയ്യിൽ പുകയുന്ന തോക്കുമായി കുതിരപ്പുറത്ത് കുതിച്ചുപായുന്ന ഒരു കുഞ്ഞിക്കണ്ണനെ സങ്കല്പിക്കാനാകുമോ ഇന്നത്തെ സിനിമയിൽ? അതായിരുന്നു ക്രോസ്സ്‌ബെൽറ്റ് മണി മാജിക്. എന്റെ ബാല്യകാല സിനിമാസ്‌മരണകളിൽ വീറും വാശിയും അടിയും തടയും വെടിയും പുകയും നിറച്ച സംവിധായകൻ.

ഇതുപോലുള്ള എത്രയോ സംവിധായകരും അവരുടെ ചിത്രങ്ങളും അവയിലെ കഥാപാത്രങ്ങളും പുനർജ്ജനിക്കുന്നു തമിഴ് - തെലുങ്ക് സിനിമാലോകത്തെ അറിയപ്പെടുന്ന നടൻ കൂടിയായ ഷാജിയുടെ പുസ്തകത്തിൽ. വെള്ളിത്തിരയിൽ മിന്നിമറയുന്നത് മജ്ജയും മാംസവുമുള്ള മനുഷ്യരോ അതോ മായക്കാഴ്ച്ചകളോ എന്ന് നിശ്ചയിക്കാനാകാതെ അന്തംവിട്ടിരുന്ന നിഷ്കളങ്കനായ ഒരു കുട്ടിയുണ്ട് ആ ഓർമ്മകളിൽ. അതേ കുട്ടി ഭാവിയിൽ സിനിമയെക്കുറിച്ചു സൂക്ഷ്മമായി പഠിച്ചെഴുതുകയും പ്രഗത്ഭ സംവിധായകരുടെ സിനിമയിൽ അഭിനയിക്കുകയും ചെയ്യണമെന്നത് കാലത്തിന്റെ നിയോഗമാകാം.

സ്വന്തം ജീവിതത്തിൽ നിന്ന് ഷാജി "വീണ്ടെടുക്കുന്ന" കഥാപാത്രങ്ങളുടെ വൈവിധ്യം നമ്മെ വിസ്മയിപ്പിക്കും. മയില് കുഞ്ഞിമോനിൽ തുടങ്ങി തങ്കനിലൂടെ, ചാത്തനിലൂടെ, കുളത്തുങ്കൽ കുഞ്ഞിലൂടെ, പൊന്തൻപുഴ വിജയനിലൂടെ ഒഴുകിനീങ്ങുന്നു ആ ഓർമ്മകൾ. ലളിത സുന്ദരമായ വാക്കുകളാൽ ഷാജി വരച്ചിടുന്ന കൗതുകമാർന്ന ചിത്രങ്ങളാണ് ഈ പുസ്തകത്തിലെ ഓരോ അനുഭവങ്ങളേയും ദീപ്തമാക്കുന്നത്. പ്രേക്ഷകനെന്ന നിലയിൽ ഷാജി കടന്നുപോന്ന പരിണാമഘട്ടങ്ങളുടെ രസകരമായ അടയാളപ്പെടുത്തൽ കൂടിയാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം.

പതിറ്റാണ്ടുകൾക്ക് മുൻപേ പരിചിതനാണ് സഹൃദയനും സംഗീതപ്രേമിയുമായ ഷാജി. പക്ഷേ പ്രതിഭാശാലിയായ ഒരു എഴുത്തുകാരൻ കൂടിയുണ്ട് ഷാജിക്കുള്ളിൽ എന്ന് അന്നറിഞ്ഞിരുന്നില്ല. സിനിമാപ്രാന്തിന്റെ 40 വർഷങ്ങൾ വായിക്കുമ്പോൾ ആ എഴുത്തുകാരനെ സ്നേഹപൂർവ്വം ചേർത്തുപിടിക്കുന്നു നാം. അയാളിലുള്ളത് നമ്മൾ കൂടിയാണല്ലോ. നമ്മിലുള്ളത് അയാളും.