ന്നും എവിടെയും വ്യത്യസ്തനായി ജീവിച്ചുമരിച്ചൊരാൾ. കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തിൽ കൊടുങ്കാറ്റ് അഴിച്ചുവിട്ട നൂറിലേറെ നാടകങ്ങളുടെ രചയിതാവ്. സ്വന്തം താത്‌പര്യങ്ങൾക്കുവേണ്ടി ആദർശങ്ങൾ അടിയറവുവെക്കാത്ത കമ്യൂണിസ്റ്റുകാരൻ. നിർമ്മാല്യവും ഭാർഗവീനിലയവും രണ്ടിടങ്ങഴിയുമുൾപ്പെടെ എണ്ണമറ്റ സിനിമകളിലെ ശക്തനായ അഭിനേതാവ്. നാടക-ചലച്ചിത്ര സംവിധായകനും ഗായകനും ഗാനരചയിതാവും കവിയും സംഗീതസംവിധായകനും പ്രഭാഷകനുമെല്ലാമായി പ്രതിഭയുടെ ഒരു മഹാപർവതം തന്നെയായിരുന്നു പി.ജെ. ആന്റണി. ജീവിച്ചിരുന്നെങ്കിൽ ജന്മശതാബ്ദിയിലെത്തിച്ചേരുമായിരുന്ന ആന്റണിയുടെ ഓർമ്മകൾ ഇന്നും ഹൃദയത്തിലേറ്റി ജീവിക്കുന്ന ഒരു കുടുംബം ഇവിടെയുണ്ട്. പി.ജെ.യുടെ പ്രിയപത്നി മേരി ആന്റണിയും മക്കൾ ജോസഫ് ആന്റണിയും എലിസബത്ത് ആന്റണിയും.

To advertise here,

മാർച്ച് 27-ന് ഒരു ലോക നാടകദിനംകൂടി എത്തുമ്പോൾ കൂടുതൽ വേദനയോടെയും അഭിമാനത്തോടെയും അവർ ഓർക്കുന്നു, ജ്വലിച്ചുജീവിച്ച പ്രിയപ്പെട്ട ഭർത്താവിനെ, പിതാവിനെ

‘മരണം പിരിച്ചയച്ചാലും

ഇനിയും നാം കണ്ടുമുട്ടീടുമാ ചക്രവാളങ്ങളിൽ’

-പി.ജെ. ആന്റണി

ഭരത് പി.ജെ. ആന്റണി തിരക്കഥയെഴുതി സംവിധാനംചെയ്ത പെരിയാർ എന്ന ചിത്രത്തിൽ ആന്റണിതന്നെ രചിച്ച് എസ്. ജാനകിയും ഫ്രെഡിയും ചേർന്ന് ആലപിച്ച അത്രകണ്ടു പ്രശസ്തമല്ലാത്ത മനോഹരമായ ഒരു ഗാനമുണ്ട്.

'മറക്കാനും പിരിയാനുമാണെങ്കിലെന്തിനാ

മണിത്തേരിലെന്നെയൊപ്പം പിടിച്ചിരുത്തി...'

അൻപത്തിയൊന്നു വർഷങ്ങൾക്കപ്പുറം പഴയവീടിന്റെ പാതിതുറന്നിട്ട ജാലകത്തിലൂടെ പുറത്ത് പെയ്തുകൊണ്ടിരിക്കുന്ന രാത്രിമഴയിലേക്ക് നോക്കി പനക്കൂട്ടത്തിൽ ജോസഫ് ആന്റണി എന്ന പി.ജെ. ആന്റണി ഈ പാട്ടെഴുതുമ്പോൾ അതിനുസാക്ഷിയായി ഒരാൾകൂടി അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഈയൊരു പാട്ടിന്റെ പിറവിയിൽ മാത്രമല്ല, കഥയായും കവിതയായും നോവലായും നാടകമായും തിരക്കഥയായും ഗാനങ്ങളായും പൂത്തുവിടർന്ന ആന്റണിയുടെ ഒട്ടുമിക്ക സർഗസൃഷ്ടികൾക്കുപുറകിലും നിശ്ശബ്ദസാന്നിധ്യമായി അവരുണ്ടായിരുന്നു. അരങ്ങിൽ പി.ജെ. ആന്റണിയുടെ നായികയായും പിന്നീട് ജീവിതത്തിൽ കാമുകിയായും ഒടുവിൽ ഭാര്യയായും മാറിയ മേരി ആന്റണി. എഴുപതുവർഷങ്ങൾക്കിപ്പുറം തൊണ്ണൂറ്റിരണ്ടാമത്തെ വയസ്സിൽ, മറവിയിലും തെളിഞ്ഞുകത്തുന്ന ഭൂതകാലത്തിലൂടെ കടന്നുപോകുമ്പോഴും പി.ജെ.യുടെ ആ ഗാനം ഒരുവരിപോലും തെറ്റാതെ മേരി പാടി.

‘പ്രപഞ്ചമുണ്ടായ് പിന്നെ പ്രളയമുണ്ടായി

പ്രളയത്തിൽപ്പെട്ടു നാം പിരിഞ്ഞു പോയി

അന്നു പിരിഞ്ഞുപോയെങ്കിലും

വീണ്ടുമീ മണ്ണിൽ പിറന്നു നാം കണ്ടുമുട്ടി’

നിർമ്മാല്യത്തിലെ വെളിച്ചപ്പാടിലൂടെ പി.ജെ. ആന്റണിയെന്ന മഹാനടൻ മലയാളത്തിന് നേടിത്തന്ന ആദ്യത്തെ ഭരത് അവാർഡ് ശില്പം നെഞ്ചോടു ചേർത്തുപിടിച്ച് മേരി ആന്റണി പാടുമ്പോൾ അപ്പച്ചന്റെ ഓർമ്മകളിൽ മുഴുകി അരികിൽ മകൾ എലിസബത്ത് ആന്റണിയുമുണ്ടായിരുന്നു.

placeholder
ഭരത് പുരസ്കാര ശില്പം, പി.ജെ.ആന്റണി | ഫോട്ടോ : മാതൃഭൂമി

നാടകമായിരുന്നു ആ ജീവിതം

ചലച്ചിത്രജീവിതത്തിന്റെ വർണശബളിമയെക്കാളും നാടകത്തിന്റെ കരുത്തിനെയായിരുന്നു ആന്റണി ഇഷ്ടപ്പെട്ടത്. സിനിമയിൽ ഒരുവിധത്തിലും പൊരുത്തപ്പെടാനാകാതെ വന്നപ്പോൾ ‘എനിക്കെന്റെ നാടകംമതി’യെന്നുപറഞ്ഞ് അദ്ദേഹം മദ്രാസ് വിട്ടു. ഒരർഥത്തിൽ, നാടകത്തിനുള്ള മൂലധനമായിട്ടാണ് ആന്റണി സിനിമാഭിനയത്തെ കണ്ടിരുന്നതുപോലും.

എലിസബത്ത്: നാടകമായിരുന്നു അപ്പച്ചന് എല്ലാം. സിനിമയിൽ ധാരാളം അവസരങ്ങളുണ്ടായിരുന്ന കാലത്തും അദ്ദേഹത്തിന്റെ ശ്രദ്ധമുഴുവനും നാടകത്തിലായിരുന്നു. അക്കാലത്ത് ഞങ്ങളുടെ വീട് ഒരു നാടകക്യാമ്പായിരുന്നു. റിഹേഴ്‌സൽ പുരോഗമിക്കുന്നതിനനുസരിച്ചായിരിക്കും പലപ്പോഴും നാടകരചനയും മുന്നോട്ടുപോയിരുന്നത്. രാത്രി എത്ര വൈകിയാലും മുറിക്കകത്തിരുന്ന് അപ്പച്ചൻ എഴുതുന്നുണ്ടാവും. തിരക്കു കൂടിവന്നപ്പോൾ പറഞ്ഞുകൊടുത്ത്‌ എഴുതിക്കലായി. മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നിട്ടാണ് പറഞ്ഞുകൊടുക്കുക.

എഴുതിയ നൂറിലേറെ നാടകങ്ങളിൽ ഏറെയും സംവിധാനം ചെയ്തതും അപ്പച്ചൻതന്നെയായിരുന്നു.

മേരി: തിലകനും ശങ്കരാടിയും ശാന്താദേവിയും ഫിലോമിനയുമെല്ലാം ആന്റണിച്ചേട്ടന്റെ ട്രൂപ്പിൽ ഉണ്ടായിരുന്നു. സിനിമയിൽ ഏറെ തിരക്കുണ്ടായിരുന്ന കാലത്തും അദ്ദേഹത്തിന്റെ ശ്രദ്ധ നാടകത്തിലായിരുന്നു. സ്വന്തം ട്രൂപ്പായിരുന്ന പി.ജെ. തിയേറ്റേഴ്‌സിനും പ്രതിഭ തിയേറ്റേഴ്‌സിനും വേണ്ടി നാടകമെഴുത്തും അഭിനയവും സംവിധാനവുമൊക്കെയായി മുന്നോട്ടുപോകുമ്പോഴും കെ.പി.എ.സി.യുൾപ്പെടെയുള്ള പല നാടകസമിതികൾക്കുവേണ്ടി ആന്റണിച്ചേട്ടൻ എഴുതുകയും അഭിനയിക്കുകയും ചെയ്തിരുന്നു.

എലിസബത്ത്: സിനിമയിൽനിന്നായാലും നാടകത്തിൽനിന്നായാലും കൈയിൽ പണം വരുമ്പോൾ ചോദിക്കുന്നവർക്കെല്ലാം അപ്പച്ചൻ പണം കൊടുക്കുമായിരുന്നു. അതിന്റെ കണക്കൊന്നും സൂക്ഷിക്കുകയോ, പണം തിരിച്ചുചോദിക്കുകയോ ചെയ്യുന്ന സ്വഭാവവും അദ്ദേഹത്തിനില്ലായിരുന്നു. പാവപ്പെട്ടവരെ സഹായിക്കാൻ എപ്പോഴും മനസ്സുകാണിച്ച ആളായിരുന്നു അപ്പച്ചൻ. പ്രതിഫലത്തുകയെക്കാൾ അപ്പച്ചൻ എന്നും വിലമതിച്ചത് ജോലിയുടെ സംതൃപ്തിയെയാണ്‌. ചെയ്യുന്ന വേഷത്തിന്റെ പൂർണതയ്ക്കുവേണ്ടി എന്തു ത്യാഗംസഹിക്കാനും അദ്ദേഹം തയ്യാറായിരുന്നു.

placeholder
നിർമാല്യം സിനിമയിൽ വെളിച്ചപ്പാടായി പി.ജെ.ആന്റണി

നിർമ്മാല്യത്തിലെ വെളിച്ചപ്പാട്

ദുരിതങ്ങൾ നിലയ്ക്കാതെപെയ്ത ജീവിതത്തിൽ സർവവും നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞപ്പോൾ ദേവിയുടെ തിരുനടയിലെത്തി ഉറഞ്ഞുതുള്ളി പള്ളിവാൾകൊണ്ട് ശിരസ്സിലാഞ്ഞു വെട്ടി ജീവിതത്തിന്റെ കയ്പാകെ ദൈവത്തിന്റെ മുഖത്ത് ആഞ്ഞുതുപ്പിയ നിർമ്മാല്യത്തിലെ വെളിച്ചപ്പാട്. അരനൂറ്റാണ്ടിനിപ്പുറം നിറങ്ങളുടെ ചന്ദ്രോത്സവ കോലാഹലങ്ങൾക്കിടയിലും പി.ജെ. ആന്റണിയുടെ വെളിച്ചപ്പാട് നിറഞ്ഞുനിൽക്കുന്നു.

എലിസബത്ത്: സിനിമയോട് മാനസികമായി ഒരകൽച്ച ഉണ്ടായിരുന്ന കാലത്താണ് അപ്പച്ചൻ നിർമ്മാല്യത്തിൽ അഭിനയിക്കുന്നത്. സിനിമയിലേക്ക് ഇനി തിരിച്ചുപോകില്ലെന്ന് ഏതാണ്ട് ഉറപ്പിച്ച പോലെയായിരുന്നു. അപ്പോഴാണ് എം.ടി.സാറിന്റെ കത്തുമായി ഒരാൾ കാണാൻവന്നത്. എം.ടി. സാർ പറഞ്ഞതുകൊണ്ടുമാത്രമാണ് നിർമ്മാല്യത്തിൽ അഭിനയിക്കാൻ അപ്പച്ചൻ തയ്യാറായത്. നടനെന്ന നിലയിൽ ആ ചിത്രവും കഥാപാത്രവും അപ്പച്ചന്റെ കലാജീവിതത്തിൽ വലിയൊരു വഴിത്തിരിവാണ് ഉണ്ടാക്കിയത്. വെളിച്ചപ്പാടിലൂടെ അപ്പച്ചന് ലഭിച്ച സ്നേഹവും ആദരവും പി.ജെ. ആന്റണിയുടെ മകളെന്ന നിലയിൽ ഇന്നും എനിക്ക് ലഭിക്കുന്നുണ്ട്.

മേരി: നിർമ്മാല്യത്തിലെ വെളിച്ചപ്പാടാകാൻ കഠിനപരിശീലനം വേണ്ടിവന്നെന്ന് ഒരിക്കൽ ആന്റണിച്ചേട്ടൻ പറഞ്ഞിരുന്നു. നിർമ്മാല്യത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് ഒരു രാത്രി നീരുവന്ന കാലുമായാണ് അദ്ദേഹം വീട്ടിലേക്കു കയറിവന്നത്. വെളിച്ചപ്പാടാകാൻ നടത്തിയ പരിശീലനത്തിനിടയിൽ കാൽച്ചിലമ്പ് തട്ടിയാണ് കാലിനു നീരുവന്നത്. പ്രമേഹമുള്ളതുകൊണ്ട് നീരുവന്നഭാഗം പെട്ടെന്ന് പഴുത്തു. കുറെ പ്രയാസങ്ങൾ ആ സമയത്ത് അനുഭവിച്ചു. ചെയ്യുന്ന വേഷത്തിന്റെ പൂർണതയ്ക്കുവേണ്ടി എന്തു ത്യാഗം സഹിക്കാനും ആന്റണിച്ചേട്ടൻ തയ്യാറായിരുന്നു.

എലിസബത്ത്: നിർമ്മാല്യം കാണാൻ അപ്പച്ചൻ ഞങ്ങളെയെല്ലാവരെയും കൊണ്ടുപോയിരുന്നു. എറണാകുളം പത്മ തിയേറ്ററിൽവെച്ച് നിർമ്മാല്യം കണ്ട അനുഭവം ജീവിതത്തിലൊരിക്കലും മറക്കാനാവില്ല. ആ സിനിമയുടെ ക്ളൈമാക്സ് രംഗത്ത് വാളുകൊണ്ട് നെറുകിൽ വെട്ടുമ്പോൾ, വാളിന്റെ അറ്റംതട്ടി നെറ്റി മുറിഞ്ഞു. അതിന്റെ പാട് കുറെനാൾ അപ്പച്ചന്റെ നെറ്റിയിലുണ്ടായിരുന്നു.

placeholder
നിർമാല്യം എന്ന ചിത്രത്തിൽ നിന്നൊരു രം​ഗം

നാടകം തിരിച്ചുതന്ന ജീവിതം

നാടകവുമായി അരങ്ങുകളിൽനിന്ന്‌ അരങ്ങുകളിലേക്കെന്നപോലെ തന്റെ കുടുംബത്തെയുംകൊണ്ട് വാടകവീടുകളിൽനിന്നു വാടകവീടുകളിലേക്കുള്ള ഒരു യാത്രകൂടിയായിരുന്നു പി.ജെ. ആന്റണിയുടെ ജീവിതം. തകഴിയുടെ ‘രണ്ടിടങ്ങഴി’യിൽ ആരംഭിച്ച് ചെറുകാടിന്റെ ‘മണ്ണിന്റെ മാറിൽ’വരെ നീണ്ടുനിൽക്കുന്ന ഇരുപത്തിയൊന്നുവർഷത്തെ ചലച്ചിത്രാഭിനയംകൊണ്ട് സ്വന്തമായി ഒരു വീടുവെക്കാൻപോലും ആന്റണിക്ക്‌ കഴിഞ്ഞില്ല. ആന്റണി പോയതിൽപ്പിന്നെ സിനിമക്കാരാരും ആ വീട്ടിലേക്ക് വരാതെയായി. പക്ഷേ, അവരാരുടെയും സഹായമില്ലാതെ ആന്റണിയുടെ കുടുംബം ജീവിച്ചു. സിനിമാനടന്റെ മക്കൾ എന്ന ലേബൽ തങ്ങളുടെ ജീവിതത്തിനുമേൽ പതിച്ചുവെക്കാതെത്തന്നെ.

മേരി: ആന്റണിച്ചേട്ടൻ ജീവിച്ചിരിക്കുമ്പോൾത്തന്നെ ഒരു വീട് വെച്ചുതരാമെന്ന് പലരും പറഞ്ഞിരുന്നു. ആരുടെയും ഔദാര്യത്തിന്റെപുറത്ത് ജീവിക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത മനുഷ്യനായിരുന്നു അദ്ദേഹം. ഒരിക്കൽ എന്നോട് പറഞ്ഞു: ‘‘ഞാൻ മരിച്ചുകഴിഞ്ഞാൽ സഹായനിധി എന്നൊക്കെ പറഞ്ഞ് പലരും നിങ്ങളുടെ അടുത്തുവരും. ആരുടെയെങ്കിലും കൈയിൽനിന്ന് ചില്ലിക്കാശ് നിങ്ങൾ വാങ്ങിയെന്നറിഞ്ഞാൽ ശവക്കല്ലറയിൽ കിടന്നുകൊണ്ട് ഞാൻ നിങ്ങളുടെ മുഖത്ത് കാർക്കിച്ചുതുപ്പും.’’ ആന്റണിച്ചേട്ടൻ വാക്കുപറഞ്ഞാൽ വാക്കായിരുന്നു. അദ്ദേഹത്തിന്റെ വാക്കുതെറ്റിച്ച് ഞങ്ങൾ ജീവിച്ചില്ല. ആരോടും സഹായം ചോദിച്ചില്ല, ആരുടെയും സഹായം ഞങ്ങൾ സ്വീകരിക്കുകയും ചെയ്തില്ല.

എലിസബത്ത്: അപ്പച്ചന്റെ മരണം സംഭവിച്ച് ഒരാഴ്ചയോളം നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം വീട്ടിൽ വന്നു. മീറ്റിങ്‌ ചേർന്നു.

സി. അച്യുതമേനോൻ പ്രസിഡന്റും വൈക്കം ചന്ദ്രശേഖരൻ നായർ സെക്രട്ടറിയുമായി ഒരു കുടുംബസഹായക്കമ്മിറ്റിയുണ്ടാക്കി. കുറെ കാശ് പിരിച്ചു. പക്ഷേ, ആ തുക ഞങ്ങൾ സ്വീകരിച്ചില്ല. പിരിച്ചെടുത്ത കാശ് കളമശ്ശേരി ഫെഡറൽ ബാങ്കിന്റെ ശാഖയിലായിരുന്നു നിക്ഷേപിച്ചതെന്ന് കേട്ടിരുന്നു. അത് എത്രയുണ്ടെന്നുപോലും ഞങ്ങൾക്കറിയില്ല. കുടുംബസഹായ നിധി സ്വീകരിക്കാത്തതിന്റെപേരിൽ കുറെപേരുടെ വെറുപ്പും ഞങ്ങൾക്ക് സമ്പാദിക്കേണ്ടിവന്നിട്ടുണ്ട്.

മേരി: ആന്റണിച്ചേട്ടൻ മരിക്കുമ്പോൾ മോള് ഡിഗ്രിക്ക്‌ പഠിക്കുകയാണ്. ഡിഗ്രി കഴിഞ്ഞെങ്കിലും മോന് പ്രത്യേകിച്ച്‌ ജോലിയൊന്നുമുണ്ടായിരുന്നില്ല. കുടുംബത്തിന്റെ ഒരേയൊരു ആശ്രയം നഷ്ടപ്പെട്ടതോടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം ജീവിതത്തിലേക്ക് കടന്നുവരാൻതുടങ്ങി. ആ സമയത്താണ് സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ അന്നത്തെ പ്രസിഡന്റ്‌ സി.പി. ശ്രീധരൻ വീട്ടിൽ വന്നത്. ആന്റണിച്ചേട്ടന്റെ നാടകങ്ങളിൽ പതിന്നാലെണ്ണം തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കാമെന്നേറ്റു. റോയൽറ്റി ഇനത്തിൽ കുറച്ചുതുക മുൻകൂറായി തരുകയും ചെയ്തു. ബാക്കിത്തുക പലപ്പോഴായി ലഭിച്ചു. ആ കാശുകൊണ്ടാണ് വീട്ടുചെലവും വീട്ടുവാടകയുമെല്ലാം കൊടുത്തുപോന്നത്. കുട്ടികൾക്ക് ട്യൂഷനെടുത്തുകിട്ടുന്ന പണംകൊണ്ടായിരുന്നു മകൾ പഠിച്ചത്. സഹായനിധികളൊന്നും സ്വീകരിക്കാതെ, മരിക്കുമ്പോൾ ആന്റണിച്ചേട്ടൻ ബാക്കിവെച്ച നാടകങ്ങളാണ് പിന്നീട് ഞങ്ങളെ ജീവിപ്പിച്ചത്.

placeholder
ഇരുട്ടിന്റെ ആത്മാവ് എന്ന ചിത്രത്തിൽ ശാരദയും പി.ജെ.ആന്റണിയും | ഫോട്ടോ: പുനലൂർ രാജൻ \ മാതൃഭൂമി ആർക്കൈവ്സ്

ഇനി ഞാൻ തിരിച്ചുവരില്ല മേരി..!

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയൊൻപത് മാർച്ച് പത്ത്. ചെറുകാടിന്റെ പ്രസിദ്ധമായ നോവലിനെ അവലംബിച്ച് പി.എ. ബക്കർ സംവിധാനം ചെയ്യുന്ന മണ്ണിന്റെ മാറിൽ എന്ന ചിത്രത്തിന്റെ ഡബ്ബിങ് ജോലികൾക്കായാണ് അന്ന് സന്ധ്യയോടെ ആന്റണി മദ്രാസിലേക്ക് പുറപ്പെട്ടത്.

മേരി: മദ്രാസിലേക്ക് പോകുമ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു. പോകുന്നതിനു മുമ്പായി എന്നോട് പറഞ്ഞു: ‘‘ഇനി ഞാൻ തിരിച്ചു വരില്ല മേരി. മദ്രാസിൽത്തന്നെ സ്ഥിരതാമസമാക്കാൻ പോകുകയാണ്.’’ മദ്രാസിൽ സ്ഥലംവാങ്ങി വീടു വെക്കാനും എന്നെയും മക്കളെയും അവിടേക്ക് കൊണ്ടുപോകാനുമൊക്കെ അദ്ദേഹം ആലോചിച്ചിരുന്നു. വൈകീട്ട് ഇറങ്ങാൻ നേരം മോളോട് പറഞ്ഞു: ‘‘അപ്പച്ചൻ പോകുകയാണ് മോളേ...’’ അത് ആന്റണിച്ചേട്ടന്റെ അവസാനത്തെ യാത്ര പറച്ചിലായിരുന്നു.

എലിസബത്ത്: അപ്പച്ചന് ജ്യോതിഷത്തിൽ നല്ല വിശ്വാസമായിരുന്നു. ജാതകപ്രകാരം അമ്പത്തിനാലു വയസ്സിനപ്പുറം ജീവിച്ചിരിക്കില്ലെന്ന് അപ്പച്ചൻ ഉറച്ചുവിശ്വസിച്ചു. ഒരുപക്ഷേ അങ്ങനെയൊരു വിശ്വാസത്തിന്റെ പുറത്താവണം, ഇനി അധികനാൾ ജീവിതമില്ലല്ലോ എന്ന ചിന്തയിൽ പതിവായി ഉണ്ടായിരുന്ന മദ്യപാനം കൂടുതലാക്കിയത്. അമ്പത്തിനാലുവയസ്സു കടന്നുകിട്ടിയപ്പോഴേക്കും കുടിനിർത്തി. വർഷങ്ങളായി തുടരുന്ന ശീലം അവസാനിപ്പിച്ചപ്പോൾ അതിനോട് പൊരുത്തപ്പെടാനും അപ്പച്ചൻ നന്നായി പ്രയാസപ്പെട്ടിരുന്നു. മദ്യപാനം ജീവിതത്തിലുണ്ടാക്കിയ നഷ്ടങ്ങൾ എത്രത്തോളം വലുതാണെന്ന് അപ്പോൾ മാത്രമാണ് അദ്ദേഹത്തിന് തിരിച്ചറിയാൻകഴിഞ്ഞത്. സ്വന്തമായി ഒരുവീടുപോലുമില്ലാതെ, വാടകവീട്ടിലായിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണമെന്നും മദ്രാസിൽ സ്ഥലംവാങ്ങിച്ച് നല്ലൊരു വീടു വെക്കണമെന്നുമൊക്കെ വല്ലാതെ മോഹിച്ചെങ്കിലും അതുവരെ അപ്പച്ചന് ജീവിതം നീട്ടിക്കിട്ടിയില്ല.

മേരി: മാർച്ച് പതിനൊന്നിന് മദ്രാസിൽ എത്തിയ ഉടനെ ആന്റണിച്ചേട്ടൻ എനിക്ക്‌ കത്തയച്ചു. എവിടെപ്പോയാലും ഞാനും മക്കളും വിഷമിക്കരുതെന്നുകരുതി അദ്ദേഹം കത്തുകളയക്കും. പതിനൊന്നാം തീയതി അദ്ദേഹം അയച്ച കത്ത് പതിന്നാലാം തീയതി ഉച്ചയ്ക്കുശേഷമാണ് എനിക്ക്‌ കിട്ടുന്നത്. അന്നു സന്ധ്യയോടെ ആന്റണിച്ചേട്ടൻ ഞങ്ങളെ തനിച്ചാക്കി പോയി.

placeholder
പി.ജെ. ആന്റണി മരണത്തിന് മൂന്നുദിവസം മുൻപ് മദ്രാസിൽനിന്ന് മേരി ആന്റണിക്ക് എഴുതിയ കത്ത് 

നാളെ ഞാൻ ഉണ്ടായില്ലെങ്കിലോ?

മണ്ണിന്റെ മാറിൽ എന്ന സിനിമയുടെ ഡബ്ബിങ് സമയത്ത് വളരെ ക്ഷീണിതനായി കണ്ട ആന്റണിയോട് ബക്കർ പറഞ്ഞു: ‘‘സാവകാശം മതി. ബാക്കി നമുക്ക് നാളെയെടുക്കാം’’

‘‘അതിന് ഞാൻ നാളെ ഉണ്ടായില്ലെങ്കിലോ’’ എന്നായിരുന്നു ആന്റണിയുടെ മറുപടി. ഏറെ പ്രയാസപ്പെട്ട് ഡബ്ബിങ് പൂർത്തീകരിച്ച ആന്റണി പ്രിയപ്പെട്ടവർക്കൊപ്പം താമസസ്ഥലത്തേക്ക് മടങ്ങി.

മേരി: മുറിയിലെത്തിയശേഷം ഒരു കത്തുകൂടി എനിക്കെഴുതി. അത് പോസ്റ്റുചെയ്യാൻ ഒപ്പമുണ്ടായിരുന്ന കേയെൻ എന്ന കാർത്തികേയനെ ഏൽപ്പിച്ചു. കത്തുവാങ്ങി കൈയിൽവെച്ചെങ്കിലും അത് പോസ്റ്റുചെയ്യാൻ കേയെന്നിനു കഴിഞ്ഞില്ല. അതിനുമുൻപേ ആന്റണിച്ചേട്ടൻ രക്തം ഛർദിച്ചു. ബക്കറും കേയെന്നുമുൾപ്പെടെയുള്ളവർ ചേർന്നാണ് വിജയാ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്. അവിടെയെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നെന്നാണ് അറിയാൻകഴിഞ്ഞത്.

എലിസബത്ത്: അപ്പച്ചൻ മരിക്കുമ്പോൾ ഇടപ്പള്ളി കുന്നുംപുറത്തുള്ള ഒരു വാടകവീട്ടിലായിരുന്നു അന്ന് ഞങ്ങൾ താമസിച്ചിരുന്നത്. വൈകീട്ട് ആറുമണി കഴിഞ്ഞുകാണും. വീട്ടിലേക്ക് ചില പത്രക്കാർ വന്നു. അവാർഡ് കിട്ടിയ ദിവസത്തെ പത്രവും ഫോട്ടോയും ആവശ്യപ്പെട്ടു. ആന്റണിച്ചേട്ടൻ മദ്രാസിലാണ്. രണ്ടുദിവസം കഴിഞ്ഞു വരാൻ അമ്മച്ചി അവരോട് പറഞ്ഞു. അപ്പോഴേക്കും വീടിന്റെ പരിസരത്തുള്ള റോഡിൽ ആളുകൾ കൂടാൻ തുടങ്ങിയിരുന്നു. എല്ലാവരുടെയും ശ്രദ്ധ വീട്ടിലേക്കാണ്. എന്തോ സംഭവിച്ചിട്ടുണ്ടെന്നു തോന്നി.

അടുക്കളയിൽ ജോലിചെയ്യുകയായിരുന്ന അമ്മച്ചിയോട് വിവരം പറഞ്ഞു. ഞങ്ങൾ പുറത്തേക്ക് നോക്കിനിൽക്കുമ്പോഴാണ് നാടകകൃത്ത്‌ ശ്രീമൂലനഗരം വിജയേട്ടനടക്കമുള്ളവർ വല്ലാത്തൊരമ്പരപ്പോടെ വീട്ടിലേക്കു കയറിവന്നത്. അമ്മച്ചിയുടെ കൈപിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് വിജയൻചേട്ടൻ പറഞ്ഞു: ‘‘ചേച്ചി... എന്റെ കരുത്തനായ ചേട്ടൻ പോയി.’’ അപ്പച്ചൻ ഇനിയില്ലെന്ന് അപ്പോഴാണ് ഞങ്ങൾ അറിഞ്ഞത്.

മേരി: മദ്രാസിൽനിന്നു ബക്കറും വിജയൻ കരോട്ടും കേയെന്നും ചേർന്ന് പിറ്റേന്ന് ഉച്ചയോടെ വാനിലാണ് ആന്റണിച്ചേട്ടനെ വീട്ടിലേക്കു കൊണ്ടുവന്നത്. അവിടന്ന് പൊതുദർശനത്തിനു വേണ്ടി ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാർക്കിലേക്കായിരുന്നു കൊണ്ടുപോയത്. സന്ധ്യയോടെ പോണേക്കര പള്ളിയിലെ സെമിത്തേരിയിൽ അടക്കംചെയ്തു. ആന്റണിച്ചേട്ടൻ അവസാനമായി എനിക്കെഴുതിയ കത്ത് ഞങ്ങളുടെ വിഷമം മനസ്സിലാക്കി നാലുദിവസം കഴിഞ്ഞാണ് കേയെൻ തന്നത്. ‘‘പ്രിയപ്പെട്ട മേരീ... മണ്ണിന്റെ മാറിൽ ഡബ്ബിങ് തീർന്നു. ചില ജോലികൾ ചെയ്തുതീർക്കാനുണ്ട്. കുറച്ചുദിവസംകൂടി മദ്രാസിൽത്തന്നെ താമസിക്കുകയാണ്. എനിക്ക്‌ സുഖമായിരിക്കുന്നു. അടുത്തുതന്നെ ഞാൻ അവിടെയെത്തും...’’ ഇങ്ങനെയൊക്കെയായിരുന്നു അവസാനത്തെ ആ കത്തിലെ വരികൾ.

placeholder
സുരാസു, ജോൺ എബ്രഹാം എന്നിവർക്കൊപ്പം പി.ജെ.ആന്റണി | ഫോട്ടോ : മാതൃഭൂമി

മരണംവരെ പാടുന്ന പാട്ട്

പി.ജെ. ആന്റണിയുടെ ഓർമ്മകളുമായി സിനിമക്കാരാരുംതന്നെ അദ്ദേഹത്തിന്റെ കുടുംബത്തിനരികിലേക്ക് കടന്നുവരാറില്ല. അപ്പച്ചന്റെ പഴയ സിനിമാസൗഹൃദങ്ങളെ അന്വേഷിച്ച് മക്കൾ പോകാറുമില്ല. ആന്റണിയുടെ മക്കൾക്ക് അതിന്റെ ആവശ്യമില്ല. അവർക്കറിയാം അപ്പച്ചൻ ആരായിരുന്നെന്നും ആരായിരുന്നില്ലെന്നും. നാല്പത്തിയഞ്ചുവർഷത്തിനിപ്പുറവും പി.ജെ.യുടെ സ്മരണകൾ ജ്വലിപ്പിച്ചുനിർത്തുന്നത് കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന പി.ജെ. ആന്റണി മെമ്മോറിയൽ ഫൗണ്ടേഷനാണ്. പോണേക്കര പള്ളിയുടെ സെമിത്തേരിയിൽ ആന്റണിയുടെ കല്ലറയ്ക്കുമുകളിൽ ഇപ്പോഴും ഒട്ടും നിറംമങ്ങാതെ കിടപ്പുണ്ട് ആന്റണിയുടെ മരണമില്ലാത്ത പാട്ടിന്റെ അവസാന വരികൾ. അതവിടെ പതിച്ചുവെക്കാൻ പറഞ്ഞതും മാറ്റാരുമായിരുന്നില്ല. ആന്റണിയുടെ പ്രിയപ്പെട്ട മേരിതന്നെ. ഒരു മറവിക്കും കീഴ്‌പ്പെടുത്താനാവാതെ അവർ ഇന്നും ആ ഗാനം നെഞ്ചേറ്റുന്നു. നിർമ്മാല്യം നൽകിയ പഞ്ചലോഹത്തിൽത്തീർത്ത ഭരത് അവാർഡ് ശില്പം നെഞ്ചോടു ചേർത്തുപിടിച്ച്‌ മേരി വീണ്ടും പാടി. ഹൃദയത്തിലും കല്ലറയിലും ഒരു പോലെ പതിച്ചുവെച്ച പാട്ടിന്റെ അവസാന വരികൾ...

"മരണം പിരിച്ചയച്ചാലുമിനിയും നാം കണ്ടുമുട്ടീടുമാ ചക്രവാളങ്ങളിൽ..."