
‘ഇതാ ഇവിടെവരെ’ എന്ന സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയം നേടിയ കാലം. അതിൽ അഭിനയിച്ചവർക്കെല്ലാം അധികതുക കൊടുക്കാൻ നിർമാതാവ് തീരുമാനിക്കുന്നു. നിർമാതാവിന്റെ പ്രതിനിധികൾ കെ.പി. ഉമ്മറിനു നൽകാൻ 20,000 രൂപയുമായി മദ്രാസിലെത്തിയതാണ് സന്ദർഭം. സിനിമയിൽ നായകനായ സോമന്റെ അച്ഛനായി വാസു എന്ന കഥാപാത്രത്തെയാണ് ഉമ്മർ അവതരിപ്പിച്ചത്.
പണം ഉമ്മറിന്റെ മുന്നിലേക്കുവെച്ചപ്പോൾ അദ്ദേഹത്തിന്റെ ചോദ്യം:
‘‘എന്താണിത്?’’
‘‘സിനിമ നന്നായി വിജയിച്ചു, ലാഭമുണ്ടാക്കി. അതിന്റെയൊരു സന്തോഷം...’’
‘‘വിജയിക്കുന്നതിനനുസരിച്ച് പണം കൂട്ടിവാങ്ങിയാൽ ഉമ്മർ ഉമ്മറല്ലാതായിപ്പോകും. ഇത് നിങ്ങൾ തിരിച്ചെടുക്കണം.’’
അവസാനകാലത്ത് അത്ര സാമ്പത്തികഭദ്രതയിലായിരുന്നില്ല ഉമ്മർ. അതിനും കുറേമുമ്പുതന്നെ മഹാലിംഗപുരത്തെ വലിയ വീട് വിറ്റ് വടപളനിയിലേക്കു മാറിയിരുന്നു. അസുഖബാധിതനായി അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്പോൾ സിനിമാരംഗത്തും പുറത്തുമുള്ള ചിലരൊക്കെ ബന്ധുക്കളെ കുറച്ച് പണം ഏൽപ്പിച്ചു. ബോധം വന്നയുടനെ ഇക്കാര്യം ഉമ്മറിനോട് പറഞ്ഞു. ‘‘കെ.പി. ഉമ്മർ കെ.പി. ഉമ്മറായി ജീവിച്ച് കെ.പി. ഉമ്മറായിത്തന്നെ മരിച്ചോട്ടെ. പണം തന്നവർക്കുതന്നെ മടക്കിക്കൊടുത്തേക്കൂ’’ -എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
രണ്ടു സംഭവങ്ങൾക്കും സാക്ഷിയായ കെ.പി. സലീമാണ് ഇക്കഥകൾ പറയുന്നത്. കെ.പി. ഉമ്മർ എന്ന കലാകാരന്റെ ഉള്ളുകാട്ടിത്തരുന്നു ഈ അനുഭവങ്ങൾ.
ഉമ്മറിന്റെ സഹോദരി കെ.പി. ഇമ്പിച്ചാമിനബിയുടെ മകനാണ് സലീം. കോഴിക്കോട് ഗാന്ധിറോഡിൽ അദ്ദേഹം താമസിക്കുന്ന വീടിന് അല്പം പടിഞ്ഞാറോട്ടുമാറി കെ.പി.കെ. സൺസ് എന്നൊരു കയർഫാക്ടറി ഉണ്ടായിരുന്നു. പത്താംക്ലാസോടെ വിദ്യാഭ്യാസം അവസാനിച്ച ഉമ്മർ ഫുട്ബോളും നാടകവും സിനിമയുമൊക്കെയായിനടന്ന ചെറുപ്പത്തിൽ ഉണ്ടായിരുന്ന ഇടം. ഉമ്മറിന്റെ ഉമ്മ കെ.പി. മറിയംബിയുടെ ഉപ്പയുടേതായിരുന്നു ആ ഫാക്ടറി. അതിന്റെ മാനേജിങ് പാർട്ണറായി ഉമ്മർ അവിടെയുണ്ടായിരുന്നു. നല്ല ലാഭത്തിലായിരുന്നു അന്ന് ഫാക്ടറി. ഉത്തരേന്ത്യയിലേക്ക്, സൈന്യത്തിലേക്കുൾപ്പെടെയുള്ള കയറുത്പന്നങ്ങൾ അവിടെനിന്ന് കൊണ്ടുപോയിരുന്ന കാര്യം സലീം ഓർക്കുന്നു.
കുറ്റിച്ചിറ ഹലുവ ബസാറിലെ കച്ചിനാംതൊടുകയിൽ പുതിയപുരയിലാണ് കെ.പി. ഉമ്മറിന്റെ ജനനം. ഉമ്മറിന് ആറേഴു വയസ്സുള്ളപ്പോൾത്തന്നെ ഉപ്പ താഴത്തേരി മുഹമ്മദ് കോയ അന്തരിച്ചു. നാട്ടിലും വീട്ടിലും യാഥാസ്ഥിതികത്വം നിലനിന്ന കാലത്താണ് അടിമുടി പുരോഗമനക്കാരനായി ഉമ്മറിന്റെ കലാപ്രവേശം. ‘ആരാണപരാധി’ എന്ന നാടകത്തിലെ സ്ത്രീവേഷവും ‘ഇത് ഭൂമിയാണ്’ നാടകത്തിലെ എൺപതുകാരനുമൊക്കെ ഉമ്മറിലെ പ്രതിഭയെ വെളിപ്പെടുത്തി. 17-ാം വയസ്സിലാണ് എൺപതുകാരനായി അദ്ദേഹം കാണികളെ വിസ്മയിപ്പിച്ചത്. തുടർന്ന് കെ.പി.എ.സി.യിലെ നാടകക്കാലം.
കോഴിക്കോട്ട് അദ്ദേഹത്തിന്റെ ഓർമയ്ക്കായി എന്തുണ്ടെന്ന ചോദ്യത്തിന് നിരാശയാണ് മറുപടി. ഇവിടത്തെ വീടുൾപ്പെടെ ഒന്നും ഇപ്പോഴില്ല. പഴയ കയർ ഫാക്ടറിയുടെ സ്ഥാനത്ത് മറ്റൊരു സ്ഥാപനം പ്രവർത്തിക്കുന്നു. സിനിമയിൽ തിരക്കായശേഷം കോഴിക്കോട്ടെത്തുമ്പോഴും കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തെ കിട്ടാറില്ലായിരുന്നെന്ന് സലീം ഓർമിക്കുന്നു. റെയിൽവേ സ്റ്റേഷനിൽത്തന്നെ സിനിമക്കാർ കാറുമായി ഉണ്ടാകും. അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകും.
‘മഹാറാണി’ സിനിമക്കാരുടെ കേന്ദ്രമായിരുന്ന അക്കാലത്ത് മലബാർ മുസ്ലിം വിഭവങ്ങളുമായി എല്ലാവരെയും സത്കരിക്കുകയെന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ‘‘മൂപ്പര് നന്നായി കഴിക്കും, മറ്റുള്ളവരെ നന്നായി കഴിപ്പിക്കുകയും ചെയ്യും’’ -അത്തരം കാഴ്ചകൾക്ക് സാക്ഷിയായ സലീമിന്റെ വാക്കുകൾ.
Content Highlights: KP Ummer actor 20th death anniversary Remembering Legendary actor Malayalam Cinema
Published: 29 Oct 2021, 10:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented