''കൊറോണ ഒന്നടങ്ങിയിട്ടു വേണം, ഒരു യാത്ര പോവാന്‍... ഞങ്ങള്‍ മാത്രമുള്ള ഒരു കുഞ്ഞു യാത്ര. കേരളത്തില്‍ തന്നെയുള്ള ഒരു കൊച്ചുസ്ഥലത്തേക്ക്...'' മഹാമാരി നാലുചുവരുകള്‍ക്കുള്ളില്‍ ഒതുക്കിയപ്പോള്‍ ആഗ്രഹങ്ങളോരോന്നായി പങ്കുവെക്കുകയാണ് ഗായകന്‍ വിധു പ്രതാപും ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയും. കൊറോണക്കാലത്ത് എവിടെ തുറന്നാലും ഭീതിപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമായ വാര്‍ത്തകള്‍ നിറഞ്ഞപ്പോള്‍ തങ്ങളാല്‍ക്കഴിയും വിധം സാഹചര്യങ്ങളെ ലളിതമാക്കാന്‍ അഭിനയത്തെ കൂട്ടുപിടിക്കുകയായിരുന്നു അവര്‍. മുഴുവന്‍ സമയവും ഒന്നിച്ചിരിക്കാന്‍ ലഭിച്ച അവസരത്തില്‍ വിവാഹ ഓര്‍മകളും കലാരംഗത്തെ പങ്കാളിത്തവും ഒപ്പം കൈമുതലായുള്ള അഭിനയ പാഠവത്തെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് ഇരുവരും...

To advertise here,

'കരിമിഴിക്കുരുവിയെ' പാടിയ ആളല്ലേ...

ദീപ്തി: മീശമാധവന്‍ ഇറങ്ങി ഹിറ്റായ സമയമാണ്. അതിലെ 'കരിമിഴിക്കുരുവിയെ' എന്ന പാട്ട് എനിക്കിഷ്ടമായിരുന്നു. അതു പാടിയത് പ്രതാപ് ചേട്ടനാണ്. എന്നാല്‍ ഞാന്‍ കരുതിയിരുന്നത് അതു തന്നെയാണ് വിധു പ്രതാപ് എന്നായിരുന്നു. അങ്ങനെ ഒരിക്കല്‍ ആദ്യമായി കണ്ടപ്പോള്‍ വിധുച്ചേട്ടനോട് ഈ പാട്ടു പാടിയ ആളല്ലേ എന്നു ചോദിച്ചു. അന്നു വളരെ സ്വാഭാവികമായി എന്നോട് പറഞ്ഞു അത് ഞാനല്ല, എന്റെ അച്ഛനാണ് എന്ന്. ഞാന്‍ പാടിയത് 'വാളെടുത്താല്‍' എന്ന ഗാനമാണെന്നും പറഞ്ഞു. അന്നു ഞാനോര്‍ത്തു അച്ഛനും മകനും കലാകാരന്മാരാണല്ലോ എന്നൊക്കെ. പിന്നീടാണ് പറ്റിച്ചതാണെന്നറിഞ്ഞത്. 

വിധു: അതിനുശേഷം നമ്മള്‍ 'പകല്‍ക്കിനാവിന്‍' എന്നൊരു ആല്‍ബം ചെയ്തു. അന്ന് നൃത്തരംഗങ്ങള്‍ക്കായി ദീപ്തിയെ ആണ് വിളിച്ചിരുന്നത്. ആ പരിചയം നീണ്ടു. പിന്നീട് അച്ഛനാണ് ദീപ്തിയുടെ പ്രൊപ്പോസലിനെക്കുറിച്ച് പറയുന്നത്. അന്ന് ഞാനാദ്യം ദീപ്തിയോട് സംസാരിക്കാം, വല്ല പ്രണയവും ഉണ്ടോ എന്നറിയില്ലല്ലോ എന്നൊക്കെ പറഞ്ഞു. കല്ല്യാണം നിശ്ചയിച്ച് രണ്ടുവര്‍ഷത്തിനു ശേഷമായിരുന്നു വിവാഹം. ഇങ്ങനെയാണെങ്കിലും പുറത്തുപോകാനോ പ്രണയിച്ചു നടക്കാനോ ഒന്നും കഴിഞ്ഞിരുന്നില്ല. വിവാഹത്തിനു മുമ്പ് വാലന്റൈന്‍സ് ഡേയുടെ അന്ന് ഒരേയൊരു തവണയാണ് ആദ്യമായി പുറത്തുപോയി ഭക്ഷണം കഴിക്കുന്നത്. 

സംഗീതത്തിലേക്കുള്ള എന്‍ട്രി ഒട്ടും എളുപ്പമായിരുന്നില്ല...

വിധു: കുട്ടിക്കാലം തൊട്ടേ സംഗീതമായിരുന്നു സ്വപ്‌നം. സ്‌കൂള്‍-കോളേജ് കാലത്ത് മോണോആക്ട്, നാടകം, പിന്നെ മാര്‍ഗംകളി വരെ ചെയ്തിട്ടുണ്ട്. പ്രീഡിഗ്രി കാലത്ത് ഞാനും അച്ഛനും ചെന്നൈയില്‍ പോവുകയും മണിക്കൂറുകളോളം സ്റ്റുഡിയോകളില്‍ കാത്തുനിന്നിട്ടുമുണ്ട്. എന്റെ എന്‍ട്രി ഒട്ടും എളുപ്പമായിരുന്നില്ല. ഇപ്പോഴത്തെ കുട്ടികള്‍ക്കൊക്കെ റിയാലിറ്റി ഷോകളും മറ്റുമായി നിരവധി അവസരങ്ങളില്ലേ. പണ്ട് വിദ്യാസാഗര്‍ സാറിനെ കാണാന്‍ ഞാന്‍ പലവട്ടം പോയിട്ടുണ്ട്, അത്രയ്ക്കിഷ്ടവും ആരാധനയുമായിരുന്നു അദ്ദേഹത്തോട്. പിന്നെ പതിയെ അദ്ദേഹത്തെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ ഒരുപാട് നല്ല ഗാനങ്ങള്‍ പാടാനും അവസരം ലഭിക്കുകയും ചെയ്തു. അടുത്തിടെയും അദ്ദേഹത്തിന് വേണ്ടി ഒരു പാട്ടുപാടി. ഡിഗ്രി ഒരു പേരിനു വേണ്ടി മാര്‍ ഇവാനിയോസില്‍ നിന്ന് ചെയ്തതിനുശേഷം പിന്നെ ചെന്നൈയില്‍ തന്നെയായിരുന്നു കുറേക്കാലം. 2001 ആയപ്പോഴാണ് ഞാനും കൊച്ചിയിലേക്ക്  വരുന്നത്.

നായനാര്‍ സാറില്‍ നിന്ന് പുരസ്‌കാരം, അവസാനയാത്രയ്ക്ക് അകമ്പടിയായി എന്റെ ഗാനം

വിധു: മറക്കാന്‍ പറ്റാത്ത നിരവധി ഓര്‍മകളുണ്ട്. അതില്‍ എടുത്തു പറയേണ്ടത്, 2000ത്തില്‍ സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങിയത് ഇ.കെ നായനാര്‍ സാറില്‍ നിന്നായിരുന്നു. അതിനുശേഷം അദ്ദേഹം മരിച്ച് മൃതശരീരം തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കു കൊണ്ടുപോകുന്ന സമയത്ത് ചാനലുകളിലെല്ലാം പ്ലേ ചെയ്തിരുന്നത് എനിക്ക് സംസ്ഥാന പുരസ്‌കാരം കിട്ടിയ അതേ ഗാനമായിരുന്നു. 'കാലമേ കൈക്കൊള്ളുക നീ കാവല്‍ നായകനേ' എന്ന ഗാനം. മനസ്സിനെ കുലുക്കുന്ന ഒരോര്‍മയാണത്.

ലോക്ഡൗണ്‍ എല്ലാത്തിനും സമയംതന്ന കാലം

വിധു: ലോക്ഡൗണിനു മുമ്പുവരെ നമ്മളൊക്കെ ഏറ്റവുമധികം ഉപയോഗിച്ചത് 'ഒന്നിനും സമയമില്ല' എന്ന വാക്കായിരുന്നു. അതിപ്പോള്‍ മാറിക്കിട്ടി. ഞങ്ങള്‍ക്ക് പരസ്പരം ഒന്നിച്ചിരിക്കാന്‍ കൂടുതല്‍ സമയം കിട്ടി. ആദ്യമൊക്കെ ഇന്നൊന്നും ചെയ്യാനില്ലല്ലോ എന്ന തോന്നലായിരുന്നു. പിന്നെ ഓണ്‍ലൈനില്‍ സിനിമകള്‍ കാണലും കുക്കിങ്ങും ക്ലീനിങ്ങുമൊക്കെയായി സമയം പോക്കും. അപ്പോഴാണ് ഒരു വീഡിയോ ചെയ്താലോ എന്നാലോചിക്കുന്നത്.

ദീപ്തി: ബാക്കി ഞാന്‍ പറയാം. ജനതാ കര്‍ഫ്യൂ വന്ന സമയത്ത് എവിടെ നോക്കിയാലും നെഗറ്റീവ് ആയ പേടിപ്പിക്കുന്ന പോസ്റ്റുകളാണ് കണ്ടത്. അങ്ങനെയാണ് എന്തെങ്കിലും രസകരമായ വീഡിയോ ചെയ്യാമെന്ന് ആലോചിക്കുന്നത്. അതും അപ്രതീക്ഷിതമായായിരുന്നു. ഒരു ഉള്ളിവട ഉണ്ടാക്കാന്‍ കയറിയതാണ് തുടക്കം. ഫാമിലി ഗ്രൂപ്പിലിടാന്‍ വേണ്ടി എടുത്ത ഉള്ളിവട മേക്കിങ് വീഡിയോ കണ്ടപ്പോള്‍ വലിയ കുഴപ്പമില്ലല്ലോ ഇതങ്ങു പങ്കുവെച്ചാലോ എന്നു തോന്നി.

വിധു: വീഡിയോ എഡിറ്റ് ചെയ്തതൊക്കെ ദീപ്തി തന്നെയായിരുന്നു. സ്‌ക്രിപ്റ്റും ക്യാമറയും ലൈറ്റും എല്ലാം ഞങ്ങള്‍ തന്നെ. രണ്ടുപേര്‍ക്കും ക്യാമറയെ ഫെയ്സ് ചെയ്ത് ശീലമുള്ളതുകൊണ്ട് കുഴപ്പമില്ലായിരുന്നു.

placeholder
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

അഭിനയത്തില്‍ ഫുള്‍മാര്‍ക്ക് ആര്‍ക്ക്?

വിധു: ഞാന്‍ എന്നെത്തന്നെയേ പറയൂ... (ചിരിച്ചുകൊണ്ട്)

ദീപ്തി: ഞാനും വിധുവിനെ തന്നെയാണ് പറയുക. വിധു ചേട്ടന് അങ്ങനെയൊരു മടിയൊന്നുമില്ല. ഹ്യൂമറിന്റെ കാര്യമെടുത്താലും വിധു തന്നെയാണ് മുന്നില്‍. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം കൂടുമ്പോള്‍ പറയുന്ന കൗണ്ടറുകളും തമാശകളുമൊക്കെയാണ് സ്‌ക്രിപ്റ്റിലും ഉള്ളത്.

വിധു: ദീപ്തി പറഞ്ഞുവരുന്നത് വിധുച്ചേട്ടന്  തൊലിക്കട്ടിയുണ്ട്, തനിക്ക് അതില്ലാ എന്നാണ്, ഇത്തിരി പോളിഷായി പറഞ്ഞെന്നേയുള്ളൂ. (ദീപ്തിയെ നോക്കി ചിരിച്ചു)

ഗായകനായില്ലെങ്കില്‍ ഷെഫായേനെ...

വിധു: ഭക്ഷണത്തിന്റെ കാര്യം പറഞ്ഞാല്‍ ചാടിവീഴുന്നവരാണ് ഞങ്ങള്‍ രണ്ടും. ധാരാളം യാത്രകള്‍ചെയ്യുന്നതുകൊണ്ട് പല ഭക്ഷണങ്ങളും പരീക്ഷിക്കാറുണ്ട്. പറക്കുന്നതും ഇഴയുന്നതുമായതൊക്കെ കഴിക്കും. പക്ഷേ, കഴിക്കുമ്പോള്‍ ഇതിന്റെയൊന്നും രൂപം ഓര്‍ക്കരുത്. 

ദീപ്തി: ഞാന്‍ സീഫുഡും ചിക്കനുമപ്പുറത്തൊന്നും പരീക്ഷിച്ചിട്ടില്ല. പക്ഷേ മട്ടണ്‍, ബീഫ് എല്ലാം പാചകം ചെയ്യാറുണ്ട്. 

വിധു: ദീപ്തിയുടെ ചിക്കന്‍ വിഭവങ്ങളെല്ലാം എനിക്കിഷ്ടമാണ്. എന്റെ അമ്മ വെക്കുന്നതുപോലെ ചില വിഭവങ്ങള്‍ ദീപ്തി വെക്കാറുണ്ട്. കഴിക്കാന്‍ മാത്രമല്ല കേട്ടോ, അടുക്കളയില്‍ സമയം ചെലവഴിക്കാനും ഇഷ്ടമാണ്. കഷ്ണങ്ങള്‍ അരിയാനും പാത്രം കഴുകിക്കൊടുക്കാനുമൊക്കെ കൂടും. അത് കുട്ടിക്കാലം തൊട്ടേ അങ്ങനെയായിരുന്നു. അമ്മ നന്നായി പാചകം ചെയ്യും. അമ്മയോട് ചോദിച്ച് ഓരോ ചെറിയ കാര്യങ്ങളും ചെയ്യുമായിരുന്നു. പാട്ടുകാരനായില്ലായിരുന്നെങ്കില്‍ ഒരു സംശയവുമില്ല, ഷെഫായേനെ. ഞാന്‍ പാചകം ചെയ്യുമെന്നല്ല, പക്ഷേ എനിക്കിഷ്ടപ്പെട്ട പ്രൊഫഷനായിരുന്നേനെ അത്. 

ദീപ്തി: വിധുച്ചേട്ടന്റെ അമ്മയാണ് എന്നെ പാചകം കൂടുതലും പഠിപ്പിച്ചത്. വിധു നന്നായുണ്ടാക്കുന്നത് ചായയാണ്. (ചിരിക്കുന്നു)

ടിക്ടോക് നിരോധിച്ചപ്പോള്‍ മിസ് ചെയ്തത്...

വിധു: ലോകമെമ്പൊടുമുള്ള എത്രയോ ജനങ്ങളുടെ ക്രിയേറ്റിവിറ്റി കാണാമായിരുന്നു. ആ അര്‍ഥത്തില്‍ ടിക്ടോക് മിസ് ചെയ്യും. പിന്നെ ഒരു ടിക്ടോക് പോയാല്‍ മറ്റൊരു ആപ് വരുമെന്നേ, എങ്കിലും പ്രായഭേദമന്യേ പലരും പാടാനും അഭിനയിക്കാനുമുള്ള കഴിവ് പങ്കുവെച്ച വേദിയായിരുന്നു അതെന്നതില്‍ സംശയമില്ല.

ദീപ്തി: സത്യത്തില്‍ ടിക്ടോക് വീഡിയോകള്‍ ഞങ്ങള്‍ ഒന്നരവര്‍ഷം മുമ്പേ ചെയ്തു തുടങ്ങിയിട്ടുണ്ട്. സ്വന്തമായി സ്‌ക്രിപ്റ്റ് ചെയ്തുണ്ടാക്കിയ വീഡിയോകളാണ് ലോക്ഡൗണ്‍ സമയത്ത് പങ്കുവെച്ചത്. ഒരാള്‍ ഗായകനും മറ്റൊരാള്‍ നര്‍ത്തകിയുമായതുകൊണ്ട് ഒഴിവുസമയങ്ങളൊക്കെ ഞങ്ങള്‍ പാട്ടും ഡാന്‍സുമാണെന്ന് കരുതല്ലേ. അതൊക്കെ സിനിമയില്‍ കാണുന്ന രംഗങ്ങള്‍ മാത്രം. പ്രാക്റ്റീസ് ചെയ്യുന്ന കാര്യത്തില്‍ രണ്ടുപേര്‍ക്കും രണ്ടഭിപ്രായമില്ല.

ആ രംഗങ്ങള്‍ സിനിമയില്‍ മാത്രം

ദീപ്തി ഒരാള്‍ ഗായകനും മറ്റൊരാള്‍ നര്‍ത്തകിയുമായതുകൊണ്ട് ഒഴിവുസമയങ്ങളൊക്കെ ഞങ്ങള്‍ പാട്ടും ഡാന്‍സുമാണെന്ന് കരുതല്ലേ. അതൊക്കെ സിനിമയില്‍ കാണുന്ന രംഗങ്ങള്‍ മാത്രം. പ്രാക്റ്റീസ് ചെയ്യുന്ന കാര്യത്തില്‍ രണ്ടുപേര്‍ക്കും രണ്ടഭിപ്രായമില്ല.

വിധു: ചില വീഡിയോകള്‍ക്ക് വേണ്ടി ആശയങ്ങള്‍ ആലോചിക്കുമ്പോള്‍ ഒന്നിച്ചാണ് ചെയ്യാറുള്ളത്. അല്ലാതെ 'വിധു ചേട്ടാ ഒരുപാട്ടു പാടൂ ഞാന്‍ ചുവടുവെക്കാം' എന്ന മുഹൂര്‍ത്തങ്ങളൊന്നും ഇവിടെയില്ല. ഒരുദിവസം പ്രാക്റ്റീസ് ചെയ്തില്ലെങ്കില്‍ ചിലപ്പോള്‍ വഴക്കിട്ടാവും പരസ്പരം പറയുക.

വിധുവിന്റെ പെണ്‍ആരാധകരുടെ ശ്രദ്ധയ്ക്ക്...

ദീപ്തി: ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ ധാരാളം പെണ്‍കുട്ടികളുടെ കമന്റുകള്‍ കാണാറുണ്ട്. അതിലൊന്നും എനിക്ക് വിഷമം തോന്നിയിട്ടില്ല. ഒന്നാലോചിച്ചു നോക്കൂ, അവരില്ലെങ്കിലാണ് നമ്മള്‍ വിഷമിക്കേണ്ടത്. ചിത്രചേച്ചി പോലും പറയാറുണ്ട്. പണ്ടുപാടിയ പാട്ട് നന്നായിരുന്നുവെന്ന് ഇപ്പോഴും ആരു പറഞ്ഞാലും സന്തോഷമാണെന്ന്. അതുകൊണ്ട് അത്തരം പ്രശ്‌നങ്ങളൊന്നുമില്ല.

വിധു: അതെ, ഇങ്ങനെ പറയുന്നൊരാള്‍ കൂടെയുണ്ടാവുകയല്ലേ വേണ്ടത്. ആണ്‍പിള്ളേര്‍ കമന്റ്‌സ് ചെയ്താലും പെണ്‍പിള്ളേര്‍ ചെയ്താലും ദീപ്തി ഒരുപോലെ സ്വീകരിക്കുമെന്നേ (ചിരി)

കൊറോണ അടങ്ങിയാല്‍ ആദ്യം...

വിധു: ഈ കൊറോണക്കാലമൊന്ന് അടങ്ങിയാല്‍ ആദ്യമൊരു യാത്ര പോകണമെന്നാണ് ആഗ്രഹം. അത് കേരളത്തില്‍ തന്നെയുള്ള ചെറിയ ഏതെങ്കിലുമൊരു സ്ഥലമായാലും മതി. ഡ്രൈവ് ചെയ്ത് സമാധാനത്തോടെ നാടും നാടിന്റെ ഭംഗിയുമൊക്കെ ആസ്വദിച്ച് നല്ല വായുവൊക്കെ ശ്വസിച്ചുള്ള ഒരു യാത്ര മനസ്സിലുണ്ട്. പിന്നെ, തീര്‍ച്ചയായും വേദികള്‍ മിസ് ചെയ്യുന്നുണ്ട്. രണ്ടുപേരും സ്റ്റേജ് ഷോകള്‍ ധാരാളം ചെയ്യുന്നവരാണല്ലോ. വേദികള്‍, കാണികള്‍, അവരുടെ പ്രതികരണെമാക്കെ മിസ് ചെയ്യുന്നുണ്ട്. എത്രയും വേഗം അതൊക്കെ തിരിച്ചുകിട്ടട്ടെ. 

ദീപ്തി: ലോക്ഡൗണ്‍ സമയം ഒന്നും ചെയ്യാതെ വിഷമിച്ചിരിക്കാതിരിക്കാനാണ് വീഡിയോ ഒക്കെ ചെയ്തത്. ഈ മിസ് ചെയ്യുന്ന കാര്യങ്ങളെപ്പറ്റി കൂടുതല്‍ ആലോചിക്കാതിരിക്കാന്‍.. ഇപ്പോള്‍ അടുത്ത വീഡിയോ വന്നില്ലേ എന്നൊക്കെ ആളുകള്‍ ചോദിക്കുമ്പോള്‍ വളരെ സന്തോഷമുണ്ട്.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: interview with singer vidhu prathap and wife deepthi