ഇന്നസെന്റും ഭാര്യ ആലീസും | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ
ഇന്നസെന്റിന്റെ നേട്ടങ്ങളിലും നഷ്ടങ്ങളിലും എന്നും കൂടെ നിന്ന വ്യക്തിയാണ് ഭാര്യ ആലീസ്. തിരക്കുകള്‍ നിറഞ്ഞ സിനിമാ, രാഷ്ട്രീയ ജീവിതത്തിനിടയില്‍ ഇന്നസെന്റിന് കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആലീസ് തളര്‍ന്നില്ല. കൈപിടിച്ച് കൂടെനടന്നു. പ്രണയത്തേക്കാള്‍ ശക്തിയുള്ള സൗഹൃദമായിരുന്നു ഇരുവര്‍ക്കും ഇടയിലുണ്ടായിരുന്നത്. 2022-ലെ വാലന്റൈന്‍സ് ദിനത്തില്‍ ഇന്നസെന്റും ആലീസും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്.
കുട്ടിക്കാലത്ത് വാലന്റൈന്‍സ് ഡേ എന്ന് കേട്ടിരുന്നോ?
ഇന്നസെന്റ്: ഇല്ല. അങ്ങനെ ഒരു ആഘോഷത്തെ കുറിച്ച് കേട്ടറിവ് പോലുമില്ല. ഇത്തരം ആഘോഷങ്ങളൊന്നും അന്നില്ല. അന്നൊക്കെ സുന്ദരികളായ പെണ്‍കുട്ടികളെ കാണുമ്പോള്‍ അവരോട് ഇഷ്ടം തോന്നിയിട്ടുണ്ട്. അതിന് അപ്പുറത്തേക്ക് ഒന്നുമുണ്ടായിട്ടില്ല. ഒരു ലൗ ലെറ്റര്‍ കൊടുക്കുകയോ പ്രണയാഭ്യര്‍ഥനയോ നടത്തുകയോ ചെയ്തിട്ടില്ല. അവരെയെല്ലാം ചിരിപ്പിക്കണം എന്നു മാത്രമേ അന്ന് കരുതിയിട്ടുള്ളു. ഒരുമിച്ചിരുന്ന് തമാശ പറഞ്ഞ് ഞങ്ങള്‍ ചിരിക്കും.
ആലീസ്: എനിക്ക് മൂന്ന് സഹോദരന്‍മാരാണുള്ളത്. അപ്പനും അന്ന് ചെറുപ്പമായിരുന്നു. അവര് നാല് പേരും എപ്പോഴും ചുറ്റുമുണ്ടാകും. അവരെ വെട്ടിച്ച് എങ്ങനെ പ്രണയിക്കാനാണ്. അതുകൊണ്ടുതന്നെ പഠിക്കുന്ന കാലത്ത് ആരേയും പ്രേമിച്ചിട്ടില്ല.
ആലീസുമായി പ്രണയ വിവാഹമായിരുന്നോ?
ഇന്നസെന്റ്: ഒരിക്കലുമല്ല. അറേഞ്ച്ഡ് മാര്യേജ് ആണ്. നെല്ലായി എന്ന സ്ഥലത്ത് പോയാണ് ആലീസിനെ കണ്ടത്. നാല് തവണ കാണാന്‍ പോയിട്ടുണ്ട്. എനിക്കും അവള്‍ക്കും ഓക്കെ ആയി. അവളുടെ അമ്മാമയ്ക്ക് ആയിരുന്നു എന്നെ കൂടുതല്‍ ഇഷ്ടപ്പെട്ടത്. ഞാന്‍ കാണാന്‍ ചെന്ന അന്നുതന്നെ അമ്മാമയെ കെട്ടിപ്പിടിച്ച് ഒരുപാട് സംസാരിച്ചു. ഇനി ഒന്നും നോക്കണ്ട, ഈ ചെറുക്കന്‍ തന്നെ മതി എന്ന് അമ്മാമ പറഞ്ഞു.
ആലീസ്: അന്ന് സിനിമാ നടന്‍ ആണെന്ന് അറിയില്ലായിരുന്നു. ബിസിനസ് ആണെന്ന് പറഞ്ഞിട്ടാണ് കാണാന്‍ വന്നത്. തീപ്പെട്ടിക്കമ്പനിയാണെന്ന് പറഞ്ഞു. ദാവന്‍ഗിരിയിലും നാട്ടിലും കമ്പനി ഉണ്ടായിരുന്നു. എനിക്ക് ഇന്നസെന്റിനെ കണ്ടപ്പോള്‍തന്നെ ഇഷ്ടപ്പെട്ടു. അന്ന് അമ്മയും ഇന്നസെന്റും കൂടിയാണ് കാണാന്‍ വന്നത്.
സിനിമയില്‍ ആയതുകൊണ്ട് പ്രത്യേക നോട്ടം വേണമെന്ന് തോന്നിയിരുന്നോ?
ആലീസ്: അങ്ങനെ ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ല. സിനിമയും ഒരു തൊഴിലുപോലെയേ എനിക്ക് തോന്നിയിട്ടുള്ളു. വഴിതെറ്റി പോകുമല്ലോ എന്നാലോചിച്ച് പ്രത്യേക നോട്ടം വേണമെന്നൊന്നും തോന്നിയിട്ടില്ല.
ആഴത്തിലുള്ള പ്രണയങ്ങള്‍ ഇപ്പോഴില്ലെന്ന് തോന്നുന്നുണ്ടോ?
ആലീസ്: ഇപ്പോഴത്തെ ബന്ധങ്ങളില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ വരുന്നുണ്ട്. വിവാഹമോചന കേസുകള്‍ കൂടുന്നുണ്ട്. പരസ്പരം മനസിലാക്കി കല്ല്യാണം കഴിക്കുന്നതാണ് നല്ലത്. പ്രണയ വിവാഹമാണ് അതിന് നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്.
ഇന്നസെന്റ്: അത് ശരിയാ...പരസ്പരം മനസിലാക്കിയിട്ടുണ്ടായിരുന്നെങ്കില്‍ ഞാന്‍ നിന്നെ കല്ല്യാണം കഴിക്കില്ല എന്നത് വേറെ കാര്യം (ചിരിക്കുന്നു)
ആലീസ്: അതു തന്നെയാ എനിക്കും പറയാനുള്ളത്. നേരത്തെ തന്നെ ഒഴിവാക്കാമല്ലോ.
ഇന്നസെന്റ്: എന്റെ അഭിനയത്തില്‍ ഇടയ്ക്ക് ഇവള്‍ സംശയം ചോദിച്ച് വരും. 'എന്നോട് സംസാരിക്കുന്നത് പോലെ തന്നെയാണല്ലോ കെപിഎസി ലളിതയോടും സുകുമാരിയോടുമെല്ലാം സിനിമയിലും പറയുന്നത്' എന്ന് പറയും. 'അത് അഭിനയമല്ലേ' എന്ന് ഞാന്‍ മറുപടി നല്‍കും. 'അപ്പോ അതാണോ അഭിനയം ഇതാണോ അഭിനയം എന്നതാണ് എന്റെ സംശയം' എന്നായിരിക്കും ഇവളുടെ മറുപടി. (ചിരിക്കുന്നു)
ആദ്യമായി ആലീസിന് നല്‍കിയ സമ്മാനം
ഇന്നസെന്റ്: ആറു രൂപയുടെ റോയല്‍ ജാസ്മിന്‍ സെന്റാണ് ആദ്യമായി വാങ്ങിക്കൊടുത്തത്. ആദ്യത്തെ സമ്മാനം ആയതുകൊണ്ട് ഞങ്ങള്‍ രണ്ടു പേര്‍ക്കും അത് നല്ല ഓര്‍മുണ്ട്. ഞാന്‍ ഓര്‍ക്കാന്‍ വേറേയും കാരണമുണ്ട്. തീപ്പെട്ടിക്കമ്പനിക്ക് മുമ്പ് എനിക്ക് നാട്ടില്‍ ഒരു കടയുണ്ടായിരുന്നു. പോസ്‌റ്റോഫീസിന് മുമ്പിലായിരുന്നു കട. അവിടെ സുന്ദരിയായ ഒരു പെണ്‍കുട്ടി ജോലി ചെയ്്തിരുന്നു. അവര് പോകുന്നത് കാണുമ്പോള്‍ വെറുതേ മനസിന്റെ അകത്ത് 'നല്ല പെണ്ണാണല്ലോ' എന്ന ചിന്ത വരും. ഒരു ദിവസം അവര്‍ കടയിലേക്ക് കയറി വന്നു. റോയല്‍ ജാസ്മിന്റെ സെന്റുണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്ന് അറിയാമായിരുന്നിട്ടും ഞാന്‍ അലമാരിയൊക്കെ വെറുതേ തപ്പി. എന്നിട്ട് കഴിഞ്ഞു എന്ന് പറഞ്ഞു. അപ്പോള്‍ എന്നു വരും എന്ന് അവര്‍ ചോദിച്ചു. തിങ്കളാഴ്ച്ച വരും ന്ന് മറുപടി കൊടുത്തു. അടുത്ത ദിവസം കട തുറക്കാതെ തൃശ്ശൂര് പോയി അത് വാങ്ങി. അക്കാര്യം വീട്ടില്‍ അറിഞ്ഞു. അന്ന രാത്രി ഭക്ഷണം കഴിക്കാന്‍ എല്ലാവരും ഇരിക്കുമ്പോള്‍ ചേട്ടന്‍ ഈ വിഷയം എടുത്തിട്ടു. 'ബിസിനസില്‍ ഇവന് ഭയങ്കര താത്പര്യാ. ഒരു സാധനം ഇല്ല എന്ന് പറഞ്ഞാല്‍ അപ്പോ അത് വാങ്ങിക്കൊടുക്കും.' എന്ന് പറഞ്ഞു. അതോടെ എനിക്ക് പേടിയായി. കട പൂട്ടിയിട്ടാണ് ഞാന്‍ പോയതെന്നും ചേട്ടന് പറഞ്ഞു. അതു കേട്ടപ്പോള്‍ അപ്പന്‍ ഒറ്റ ചിരിയായിരുന്നു.
ഒരുമിച്ചുള്ള യാത്ര
ആലീസ്: ഷൂട്ടിങ്ങിന് പോകുമ്പോള്‍ കൂടെപ്പോകാറില്ല. അത് ഒറ്റയ്ക്ക് പോകാനാണ് ഇന്നസെന്റിന് ഇഷ്ടം. വിദേശത്ത് പോകുമ്പോ എല്ലാ ട്രിപ്പും ഒരുമിച്ചാണ് പോയത്. അമേരിക്ക, ജര്‍മനി, സിംഗപ്പൂര്‍ എല്ലായിടത്തും ഒരുമിച്ചിട്ടാണ് പോയത്.
ആലീസിന്റെ ഹ്യൂമര്‍
ആലീസ്: ഞങ്ങള്‍ സംസാരിക്കുന്ന ഓരോ കാര്യങ്ങള്‍ ഇന്നസെന്റ് ലൊക്കേഷനിലും പോയി പറയും. അസുഖം ആയതിന് ശേഷം ഞാനും കൂടെ പോകാറുണ്ട്. എന്നെ കാണുമ്പോഴേക്ക് ലൊക്കേഷനിലുള്ളവര്‍ ചിരി തുടങ്ങും. നേരത്തെ ഇന്നസെന്റ് പറഞ്ഞ എന്തെങ്കിലും കാര്യം ഓര്‍ത്തിട്ടാകും ആ ചിരി. പക്ഷേ എന്താ ആ കാര്യം എന്ന് പറയില്ല. എന്തെങ്കിലും പൊട്ടത്തരം പറഞ്ഞ് ണ്ടാകും ന്ന് അപ്പോ എനിക്ക് മനസിലാകും.
ഇന്നസെന്റ്: ആലീസ് അത്ര ബുദ്ധിയില്ലാത്ത ആളൊന്നും അല്ല. അത് മകന്‍ തന്നെ ഇടയ്ക്കിടെ പറയും. ഇത്രയും സിനിമാ നടന്‍മാരെ നിയന്ത്രിച്ച് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് ഇരുന്നിട്ടും അച്ഛന് ഒരു പേടിയും ഇല്ലല്ലോ എന്ന് മകന്‍ ഒരിക്കല്‍ പറഞ്ഞു. മീറ്റിങ്ങില്‍ പറയേണ്ടത് ഒക്കെ പേടിയില്ലാതെ പറയുമല്ലോ എന്നും അവന്‍ പറഞ്ഞു. അതു കേട്ട് ആലീസ് പറയുകയാണ ' ബുദ്ധി ഇല്ലാത്തവര്‍ക്ക് ആരേയും പേടിക്കേണ്ട ആവശ്യമില്ലല്ലോ' ന്ന്്. (ചിരിക്കുന്നു)
ചിരിപ്പിക്കാന്‍ പറ്റുന്നത് എങ്ങനെ
ഇന്നസെന്റ്: അത് എല്ലാവര്‍ക്കും സാധിക്കുമെന്ന് തോന്നുന്നില്ല. ഓരോന്ന് ആലോചിച്ച് ഇരുന്നാ ഭ്രാന്ത് പിടിക്കും. വരുമ്പോ വരട്ടെ എന്ന രീതിയില്‍ നേരിട്ടാല്‍ മതി. എന്റെ മനസിന്റെ അകത്തുള്ള രസങ്ങള്‍ മാറ്റിവെച്ചിട്ട് എവിടെയോ ഉള്ള ദു:ഖം വലിച്ചുകയറ്റുന്ന ആളല്ല ഞാന്‍. ഞാന്‍ ഒരു സംഭവം പറയാം. ഈ വീടിന്റെ ഉമ്മറത്ത് കൂടെ പള്ളിയിലെ പ്രദക്ഷിണം പോകുകയാണ്. ആ സമയത്ത് ഞാന്‍ കാന്‍സര്‍ വന്ന് മുടിയൊക്കെ പോയി ആകെ എല്ലും തോലുമായിട്ട് ഇരിക്കാണ്. പ്രദക്ഷിണം പോകുമ്പോ ഞാന്‍ വീടിന്റെ മുറത്ത് ആണ്. അടുത്ത വര്‍ഷം അത് കാണാന്‍ ഞാന്‍ ഉണ്ടാകില്ലല്ലോ എന്ന ആലോചിച്ച് എനിക്ക് സങ്കടം വന്നു. എന്റെ കണ്ണ് നിറഞ്ഞു. ആ സമയത്ത് ഞാന്‍ ആലീസിനെ നോക്കി. അപ്പോ അവളും കണ്ണ് തുടക്കുകയായിരുന്നു. അതു കഴിഞ്ഞിട്ട് ഇപ്പോ ഒമ്പത് വര്‍ഷമായി.
ആലീസ്: കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ച ശേഷം വീട്ടില്‍ വന്ന രംഗം മറക്കില്ല. എല്ലാവരും കരച്ചിലായിരുന്നു. ഞങ്ങള്‍ക്ക് ഫെയ്‌സ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. പുറത്ത് ഒരു കസേരയില്‍ ഇന്നസെന്റ് ഇരുന്നു. എന്നിട്ട് എല്ലാവരോടും പറഞ്ഞു. 'ചികിത്സിച്ചു മാറ്റാം എന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. എപ്പോഴും കരയാനാണ് ഉദ്ദേശമെങ്കില് ഞാന്‍ വീട് മാറിത്താമസിക്കും.' അന്നുതൊട്ട് എല്ലാവരും സന്തോഷായിട്ട് ട്രീറ്റ്‌മെന്റ് ചെയ്തു. ആറു കീമോ ചെയ്തു. അടുത്ത വര്‍ഷം എനിക്കും അസുഖം വന്നു. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് റേഡിയേഷന്‍ ചെയ്യാന്‍ പോയി.
പ്രണയത്തെ കുറിച്ചുള്ള നിര്‍വചനം
ആലീസ്: അങ്ങനെ നിര്‍വചനം ഒന്നും അറിയില്ല. വേറെ ഒരു കാര്യം പറയാം. പണ്ടു കാലത്ത് ഒരു ക്രിസ്ത്യാനി വേറെ ജാതിയിലുള്ള ആളെ കല്ല്യാണം കഴിക്കാ ന്ന് പറഞ്ഞാല്‍ അയ്യേ എന്ന് പറയുന്നവരാണ് ഉണ്ടായിരുന്നത. ഇപ്പോള്‍ അതിന് മാറ്റം വന്നിട്ടുണ്ട്. ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ ജാതി നോക്കേണ്ട ആവശ്യമില്ല. സന്തോഷത്തോടെ ജീവിക്കണം എന്നേ ഉള്ളൂ. നമ്മള്‍ മക്കള്‍ക്ക് കണ്ടെത്തിക്കൊടുക്കുന്ന ബന്ധം ഡിവോഴ്‌സില്‍ എത്തിയാല്‍ മക്കള്‍ നമ്മളയേ കുറ്റം പറയൂ. അതിലും നല്ലത് അവര്‍ കണ്ടെത്തുന്ന ആള്‍ക്ക് വിവാഹം ചെയ്തുകൊടുത്ത് അവരെ സന്തോഷത്തോടെ ജീവിക്കാന്‍ അനുവദിക്കുക എന്നുള്ളതാണ്. എന്റെ പേരക്കുട്ടികളാണെങ്കിലും ഞാന്‍ ഇങ്ങനെയേ പറയൂ. അവരുടെ സന്തോഷത്തോടെയുള്ള ജീവിതമാണ് വലുത്.
Content Highlights: innocent and wife alice lovestory
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..