
സിനിമാപ്രേമികളുടെ കണ്ണുകളെല്ലാം ദിവസങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഹോളിവുഡിലാണ്. പ്ലക്കാർഡുകളുമേന്തി തെരുവിലിറങ്ങുന്ന താരങ്ങൾ, പ്രമോഷൻ പരിപാടികളുടെ ബഹിഷ്കരണം, വാദപ്രതിവാദങ്ങൾ... എന്താണ് ഹോളിവുഡിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്? പരിശോധിക്കാം.
ഹോളിവുഡിലെ എഴുത്തുകാരുടെ സംഘടനയായ 'റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക'(WGA) മേയ് രണ്ട് മുതൽ സമരത്തിലാണ്. എഴുത്തുകാർ തുടങ്ങിവെച്ച സമരത്തിൽ നടീനടന്മാരും കൂടി പങ്കുചേർന്നതോടെ പ്രതിസന്ധി രൂക്ഷമായി. 1.6 ലക്ഷത്തോളം അഭിനേതാക്കളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയായ 'സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ്-അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ്' (SAG-AFTRA) ആണ് എഴുത്തുകാർക്കൊപ്പം സമരത്തിലുള്ളത്.
Also Read

ടോം ക്രൂസ്, ആൻജലീന ജോളി, ജോണി ഡെപ്പ് തുടങ്ങിയ അഭിനയരംഗത്തെ മുൻനിരക്കാർ അംഗമായ സംഘടനയാണ് സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ്. 2012-ലാണ് 'സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ്', 'അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ്' എന്നീ സംഘടനകൾ ചേർന്ന് 'സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ്-അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ്' രൂപീകരിക്കുന്നത്.
പ്രധാന ഹോളിവുഡ് നിർമാതാക്കളായ വാൾട്ട് ഡിസ്നി, നെറ്റ്ഫ്‌ളിക്‌സ്, പാരമൗണ്ട് എന്നിവയെ പ്രതിനിധാനംചെയ്യുന്ന 'അലയൻസ് ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സു'(AMPTP)മായി യൂണിയൻ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ജൂലായ് 13 അർധരാത്രിമുതൽ ഹോളിവുഡ് നടീനടന്മാർ കൂടി അനിശ്ചിതകാലത്തേക്ക് സമരത്തിനിറങ്ങിയത്. പുതിയ തൊഴിൽക്കരാറിനെ സംബന്ധിച്ച് ചർച്ചയിൽ ധാരണയായില്ല. ജൂൺ മുപ്പതിന് യൂണിയനും സ്റ്റുഡിയോയും തമ്മിലുള്ള നിലവിലുള്ള കരാർ അവസാനിച്ചിരുന്നു. യൂണിയനിലെ 98 ശതമാനം അംഗങ്ങളും സമരത്തിന് പിന്തുണ നൽകുകയായിരുന്നു.

ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളുടെ ഷൂട്ടിങ് സമരം കാരണം നിർത്തിവെച്ചതോടെ ആരാധകരും നിരാശയിലായിട്ടുണ്ട്. കഴിഞ്ഞ 63 വർഷത്തിനിടെ ഹോളിവുഡ് സാക്ഷ്യംവഹിക്കുന്ന ഏറ്റവും വലിയ പണിമുടക്കാണിത്.
സമരമെന്തിന്, വെല്ലുവിളിയായി പ്രതിഫലവും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രഭാവവും
പ്രധാനമായും രണ്ട് കാര്യങ്ങളാണ് സമരക്കാർ മുന്നോട്ട് വെക്കുന്നത്. ഒന്നാമത്തേത് പ്രതിഫലത്തെച്ചൊല്ലിയാണ്, രണ്ടാമത്തേത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എ.ഐയുടെ സിനിമാ മേഖലയിലെ കടന്നുകയറ്റത്തിന് കടിഞ്ഞാൺ ഇടുന്നതിനെപ്പറ്റിയാണ്. ഹോളിവുഡിലെ എഴുത്തുകാർ മാസങ്ങളായി തുടരുന്ന സമരത്തിൽ അഭിനേതാക്കൾ കൂടി എത്തിയതോടെയാണ് സമരം കൂടുതൽ ലോകശ്രദ്ധ നേടിയത്.
കുറഞ്ഞ വേതനമാണ് ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പടെയുള്ളവർക്ക് ലഭിച്ചുവരുന്നതെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു. പ്രൊഡക്ഷൻ കമ്പനികളോടും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളോടും ലാഭവിഹിതത്തിന്റെ ഒരു നിശ്ചിത പങ്ക് നൽകണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നു. തങ്ങളുടെ ജോലിയെ ബഹുമാനിക്കാത്ത കരാറാണ് നിലവിലുള്ളതാണെന്നാണ് യൂണിയൻ പറയുന്നത്. പുതിയ തൊഴിൽ കരാർ സമരക്കാർ ആവശ്യപ്പെടുന്നുണ്ട്. ചർച്ചകളിലൊന്നും ഇതിന് കൃത്യമായ പരിഹാരവും ഉണ്ടായിട്ടില്ല.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സജീവമായി ഉപയോഗിച്ച് തുടങ്ങിയതോടെ ഒരു വിഭാഗം അഭിനേതാക്കൾ കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. ജൂനിയർ ആർട്ടിസ്റ്റുകളെയാണ് പ്രധാനമായും പ്രശ്‌നം ബാധിക്കുന്നത്. ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളൊക്കെ ഒരുമിച്ച് വരേണ്ട രംഗങ്ങളിയൽ പോലും ഇവർക്ക് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാമെന്നിരിക്കേ കമ്പനികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാൻ മടിക്കുകയാണ്. നിർമാണച്ചെലവിൽ വലിയൊരു ലാഭം കമ്പനികൾ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഡീപ്പ് ഫെയ്ക്ക് ഉപയോഗിച്ച് കഥാപാത്രങ്ങളെ പുനർനിർമിക്കാൻ സാധിക്കുമെന്നത് താരങ്ങൾക്ക് വെല്ലുവിളിയാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഉപയോഗിച്ച് ആർട്ടിസ്റ്റുകളുടെ സംഭാഷണങ്ങൾ ഉപയോഗിക്കുന്നതിലും സമരക്കാർക്ക് എതിർപ്പുണ്ട്. സിനിമകളിലും ടിവി ഷോകളിലും ഈ രീതിയുണ്ടെന്ന് ഇവർ ആരോപിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിൽ കൃത്യമായ മാർഗനിർദേശം കൊണ്ടുവരണമെന്നാണ് ആവശ്യം. ജോലി ചെയ്യുന്ന അന്തരീക്ഷം സൗഹാർദപരമല്ലെന്ന വാദവും യൂണിയനുകൾ മുന്നോട്ട് വെക്കുന്നുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് തിരക്കഥ പോലും എഴുതാൻ സാധിക്കുമെന്നതാണ് എഴുത്തുകാരെ ആശങ്കയിലാക്കുന്നത്. ഇത്തരം തിരക്കഥകൾ സ്വീകരിക്കരുതെന്ന് എഴുത്തുകാരുടെ യൂണിയൻ ആവശ്യപ്പെടുന്നു. എ.ഐയുടെ സഹായം തിരക്കഥയിൽ സ്വീകരിച്ചാലും എഴുത്തുകാരുടെ വേതനത്തിൽ കുറവ് വരരുതെന്ന് ഇവർ പറയുന്നു.
സമരത്തെ ചരിത്രനിമിഷമെന്നാണ് 'സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ്-അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ്' പ്രസിഡന്റ് ഫ്രാൻ ഡ്രെഷർ വിളിക്കുന്നത്.തല ഉയർത്തിപ്പിടിച്ച് നിൽക്കേണ്ട നിമിഷമാണിതെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ തങ്ങൾ കുഴപ്പത്തിലാകുമെന്നും വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഈയൊരു അവസ്ഥയിൽ എത്തിയതിലുള്ള വിഷമവും ഫ്രാൻ ഡ്രെഷർ പ്രകടിപ്പിച്ചു. വേറൊരു മാർഗവും ഇല്ലായിരുന്നുവെന്നും തങ്ങളാണ് ഇവിടെ ഇരയെന്നും പ്രസിഡന്റ് പറഞ്ഞു.

കോവിഡ് മഹാമാരി ഹോളിവുഡിൽ കാര്യമായ മാറ്റം വരുത്തിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ പൊട്ടിമുളച്ചു. പല പ്രൊഡക്ഷൻ ഹൗസുകൾക്കും തിയേറ്റർ വരുമാനത്തിനും സാറ്റ്‌ലൈറ്റ് വരുമാനത്തിന് പുറമെയുള്ള അധിക വരുമാനമായി ഒ.ടി.ടി. മാറി. ഡയറക്ട് ഒ.ടി.ടി. റിലീസ് പുതിയ സാധ്യതയും തുറന്നു. ഇതിനെല്ലാം അനുസരിച്ച് തങ്ങളുടെ വരുമാനത്തിൽ മാറ്റമുണ്ടായില്ലെന്ന് സമരക്കാർ പറയുന്നു. പണപ്പെരുപ്പത്തിന് അനുസൃതമായി വേതനം വർധിപ്പിക്കാൻ പോലും തയാറായിട്ടില്ലെന്നും ആരോപണമുണ്ട്.
പിന്തുണയുമായി താരങ്ങൾ, ഇന്ത്യയിലും അലയടികൾ
മെറിൽ സ്ട്രിപ്പ്, ബെൻ സ്റ്റില്ലെർ, കോളിൻ ഫാറെൽ തുടങ്ങിയ എ-ലിസ്റ്റ് താരങ്ങൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രതിഫലത്തിന്റെ കാര്യത്തിൽ പ്രമുഖ താരങ്ങൾക്ക് വേവലാതിയില്ല, അവർക്കെല്ലാം നിർമാണക്കമ്പനികളുമായി വ്യക്തിഗത കരാറുണ്ട്. സമരത്തെക്കുറിച്ച് നടൻ ഡൊമിനിക് ബർഗെസ് പറയുന്നതിങ്ങനെ:
'കോടീശ്വരന്മാരായ നടീനടന്മാർക്ക് കൂടുതൽ സമ്പാദിക്കാൻ ലക്ഷ്യമിട്ടല്ല ഈ സമരം. അവർക്ക് ഈ സമരംകൊണ്ട് ഒന്നും നേടാനില്ല. അവരുടെ ഏജന്റുമാരൊക്കെ നിർമാണക്കമ്പനികളുമായി വ്യക്തിഗത കരാറുണ്ടാക്കിയിട്ടുള്ളതാണ്. പക്ഷേ, അവരുടെ സാന്നിധ്യം സമരത്തിന് വേറിട്ട മുഖം നൽകും. സുതാര്യമായ പ്രതിഫല വ്യവസ്ഥയ്ക്കുള്ള വഴിയൊരുങ്ങും'
ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പടെ ഉള്ളവർക്കും എഴുത്തുകാർക്കും അർഹമായ വേതനം ഉറപ്പാക്കണമെന്നാണ് പ്രമുഖ നടീനടന്മാർ ആവശ്യപ്പെടുന്നത്. കൂടെയുള്ള ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വേണ്ടിക്കൂടി സമരത്തിന്റെ ഭാഗമാകുന്ന പ്രമുഖ താരങ്ങൾക്ക് സോഷ്യൽ മീഡിയ അഭിനന്ദനവും അറിയിക്കുന്നുണ്ട്. ഇന്ത്യയിൽനിന്നു താരങ്ങൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രദ്ധേയമായ വേഷങ്ങളിലൂടെ ഹോളിവുഡിലും സ്ഥാനം നേടിയെടുത്തുകൊണ്ടിരിക്കുന്ന പ്രിയങ്ക ചോപ്ര സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. യൂണിയനും സഹപ്രവർത്തകർക്കുമൊപ്പമാണ് താനെന്ന് പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ഈയടുത്ത് റിലീസായ 'സിറ്റഡൽ' എന്ന ഹോളിവുഡ് സീരിസിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ പ്രിയങ്കയുടെ പിന്തുണ ഏറെ പ്രാധാന്യം അർഹിക്കുന്നുമുണ്ട്.

ഡിസ്നി, നെറ്റ്ഫ്‌ളിക്‌സ്, പാരമൗണ്ട് എന്നിവയുടെ ഓഫീസുകൾക്ക് സമീപം അഭിനേതാക്കൾ പ്രത്യക്ഷസമരം ആരംഭിച്ചിരിക്കുകയാണ്. എത്രനാൾ നിർമാണക്കമ്പനികൾ പിടിച്ച് നിൽക്കുമെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. പല താരങ്ങളും സിനിമ പ്രമോഷനുകൾ ബഹിഷ്‌കരിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പോഡ്കാസ്റ്റുകൾ ചെയ്യാനോ പോസ്റ്ററുകൾ പങ്കുവെക്കാനോ പലരും തയ്യാറാകുന്നില്ല. ഹോളിവുഡിൽ പ്രൊഡക്ഷൻസ് കുറയുന്നുവെന്ന ആരോപണവും ഉണ്ട്. ഒ.ടി.ടി. സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ കൊറിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രാദേശിക ഭാഷാ കണ്ടന്റുകൾക്ക് പ്രാധാന്യം നൽകുന്നുമുണ്ട്.
അഭിനേതാക്കളുടേയും എഴുത്തുകാരുടേയും ആവശ്യം അപ്രായോഗികമാണെന്നും അംഗീകരിക്കാനാവില്ലെന്നുമാണ് നിർമാതാക്കൾ പറയുന്നത്. എ-ലിസ്റ്റ് നടന്മാർ സമരത്തിന് പിന്തുണ നൽകി എന്നത് ശ്രദ്ധേയമാണ്. ഇതാണ് സ്റ്റുഡിയോകൾക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയും. എ-ലിസ്റ്റ് താരങ്ങൾ സമരത്തിന് പിന്തുണ നൽകുന്നത് സ്റ്റുഡിയോകൾക്ക് വലിയ സമ്മർദമാകും. സമരം മൂലം ഹോളിവുഡ് ഇൻഡസ്ട്രിയിൽ വൻനഷ്ടം സംഭവിക്കുമെന്നാണ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്. സ്റ്റുഡിയോകളുടെ പ്രതികരണം അപമാനകരമാണെന്നാണ് യൂണിയന്റെ പ്രതികരണം.
ഈഥൻ ഹണ്ടിന്റെയും ഡെഡ്പൂളിന്റെയും വരവ് മുടങ്ങും; റിലീസുകളിലും ആശങ്ക
ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ റിലീസ് വൈകുമെന്നതാണ് ഹോളിവുഡ് ആരാധകരെ അസ്വസ്തരാക്കുന്നത്. എഴുത്തുകാരും അഭിനേതാക്കളും വിട്ടുവീഴ്ചയില്ലാതെ തുടരുന്നതോടെ പല പ്രമുഖ സിനിമകളും സീരിസുകളും പ്രതിസന്ധിയിലായിക്കഴിഞ്ഞു. ഷൂട്ടിങ് കഴിഞ്ഞ ചിത്രങ്ങളെ സമരം ബാധിക്കാൻ ഇടയില്ലെന്നത് മാത്രമാണ് ആശ്വാസം.
ഈഥൻ ഹണ്ടായി ടോം ക്രൂസ് എത്തുന്ന 'മിഷൻ ഇംപോസിബിൾ 8' കണ്ടുകഴിഞ്ഞ് ആവേശത്തോടെ 2024-ൽ പുറത്തിറങ്ങാനിരുന്ന 'മിഷൻ ഇംപോസിബിൾ 9'-നായി കാത്തിരിക്കുന്നവരാണ് പ്രധാനമായും നിരാശയിലായത്. 2024-ൽ റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രമാണ് മിഷൻ ഇംപോസിബിൾ 9. ഈ ചിത്രത്തിന്റെ വർക്കുകൾ മുടങ്ങിക്കഴിഞ്ഞു.

സമരം ബാധിച്ച മറ്റ് പ്രധാന ചിത്രങ്ങൾ 'വെനം 3', 'ഡെഡ്പൂൾ 3', 'ഗ്ലാഡിയേറ്റർ 2', അവതാർ 3 എന്നിവയാണ്. തിരക്കഥ പൂർത്തിയാക്കിയെങ്കിലും 'ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിങ്സ് ഓഫ് പവർ' ഉൾപ്പെടെ ഒട്ടേറെ സിനിമകളുടെ ചിത്രീകരണം വേനലോടെ ആരംഭിക്കാനാകുമോ എന്ന ആശങ്കയിലാണ് അണിയറപ്രവർത്തകർ. സമീപഭാവിയിലെ റിലീസുകളെ ബാധിക്കില്ലെങ്കിലും ആശങ്ക ശക്തമാണ്. സീരിസുകളുടെ അവസ്ഥയും മറിച്ചല്ല. ഒട്ടേറെ ആരാധകരുള്ള 'സ്‌ട്രെയിഞ്ചർ തിങ്‌സ്', 'ബിഗ് മൗത്ത്', '1923', 'മെട്രോപൊളിസ്', 'ഡെയർഡെവിൾ ബോൺ എഗെയ്ൻ' എന്നീ സീരിസുകളും വെട്ടിലായിരിക്കുകയാണ്.
ചിത്രീകരണത്തിന് പുറമെ പ്രമോഷൻ പരിപാടികളും പ്രതിസന്ധിയിലായിട്ടുണ്ട്. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത 'ഓപ്പൺഹെയ്മർ' പ്രമോഷൻ പ്രതിസന്ധികൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഗ്രേറ്റ ഗെർവിഗ്ഗിന്റെ 'ബാർബി'യും സമാന പ്രശ്‌നം നേരിടുന്നുണ്ട്. ഇരുചിത്രങ്ങളും ജൂലായ് 21-ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

ഓപ്പൺഹെയ്മറിലെ താരങ്ങളായ കിലിയൻ മർഫി, എമിലി ബ്ലണ്ട് തുടങ്ങിയവർ യൂണിയന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് റെഡ് കാർപ്പെറ്റ് വിട്ടത് ലോകശ്രദ്ധ ആകർഷിച്ചിരുന്നു. വരാനിരിക്കുന്ന അവാർഡ് നിശകളെ സമരം ബാധിക്കുമോയെന്ന ആശങ്കയും സജീവമാണ്. എമ്മി അവാർഡ് കാമ്പയിൻ ഉൾപ്പടെ മുടങ്ങുമെന്ന ആശങ്കയിലാണ് സംഘാടകർ.
വരാനിരിക്കുന്ന സാൻഡിയാഗോ കോമിക് കോണിലും താരബാഹുല്യം കുറയാനാണ് സാധ്യത. ജൂലായ് 20 മുതൽ 23 വരെയാണ് കോമിക് കോൺ നടക്കുന്നത്. പ്രഭാസും കമലഹാസനും ഒരുമിക്കുന്ന 'പ്രൊജക്ട് കെ' കോമിക് കോണിൽ അവതരിപ്പിക്കാനിരിക്കുകയാണ്. ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം കോമിക് കോണിലെത്തുന്നത്. വിനോദ മേഖലയെ മാത്രമല്ല സമരം ബാധിക്കുക. ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന ചെറുകിട-വൻകിട സംരംഭങ്ങളേയും സമരം ബാധിക്കും.
ഇന്ന് 'വില്ലൻ' ഒ.ടി.ടി., അറുപതിൽ ടെലിവിഷൻ
63 വർഷങ്ങൾക്ക് ശേഷമാണ് എഴുത്തുകാരുടെ സംഘടനയും അഭിനേതാക്കളുടെ സംഘടനയും സംയുക്തമായി സമരം ചെയ്യുന്നത്. 1960-ൽ നടനും സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ് പ്രസിഡന്റുമായിരുന്ന, പിൽക്കാലത്ത് യു. എസ്. പ്രസിഡായ റൊണാൾഡ് റീഗന്റെ നേതൃത്വത്തിലായിരുന്നു ഹോളിവുഡിനെ വിറപ്പിച്ച സമരം നടന്നത്. 1947 മുതൽ 1952 വരെ സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡിന്റെ പ്രസിഡന്റായിരുന്ന റീഗൻ 1959-ൽ വീണ്ടും പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. 1981-ൽ അമേരിക്കയുടെ 40-ാമത് പ്രസിഡന്റായി റൊണാൾഡ് റീഗൻ ചുമതലയേറ്റത് മറ്റൊരു ചരിത്രം.
സമരം ഒത്തുതീർപ്പാക്കുന്നതിൽ നിർണായകമായത് റീഗന്റെ ഇടപെടലായിരുന്നു. കരാർ പുതുക്കാൻ മധ്യസ്ഥത വഹിച്ച റീഗന് പ്രശംസയും നേടിയിരുന്നു. പിൽക്കാലത്ത് സ്റ്റുഡിയോകളുമായി നടത്തിയ ചർച്ചകളെക്കുറിച്ച റീഗൻ കളിയാക്കി പറഞ്ഞതിങ്ങനെ: ‘സ്റ്റുഡിയോ മേധാവികളുമായുള്ള മധ്യസ്ഥ ചർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ സോവിയറ്റ് നേതാവായ മിഖായോൽ ഗോർബച്ചേവുമായുള്ള ചർച്ച ഒന്നുമല്ലായിരുന്നു‘.

ഒ.ടി.ടിയുടെ വരവോടെ നിർമാതാക്കൾക്ക് ലഭിക്കുന്ന അധിക വരുമാനത്തിന്റെ ഒരു ഗുണവും തങ്ങൾക്കില്ലെന്നത് ഇപ്പോൾ സമരം ചെയ്യുന്ന അഭിനേതാക്കളേയും എഴുത്തുകാരെയും ചൊടിപ്പിച്ചിട്ടുണ്ട്. ഏറെക്കുറെ സമാനസ്ഥിതി തന്നെയാണ് അറുപതുകളിലും സംഭവിച്ചത്. തങ്ങൾ അഭിനയിച്ച സിനിമകൾ ടെലിവിഷനിൽ വീണ്ടും പ്രദർശനത്തിനെത്തുമ്പോൾ ലഭിക്കുന്ന വരുമാനത്തിൽനിന്നുള്ള പങ്ക് വേണമെന്നുള്ള ആവശ്യം അന്ന് അഭിനേതാക്കളും എഴുത്തുകാരും ഉന്നയിച്ചു. പുതിയ മാധ്യമത്തിൽനിന്നുള്ള വലിയ ലാഭം പക്ഷേ പങ്കുവെക്കാൻ നിർമാതാക്കൾ ഒരുക്കമായിരുന്നില്ല.
ചെയ്ത ജോലിക്ക് ഒരു തവണ അഭിനേതാക്കൾക്ക് പ്രതിഫലം നൽകുന്നുണ്ടല്ലോ എന്നും പിന്നെയെന്തിനാണ് ആ ജോലിക്ക് വീണ്ടും വേതനം നൽകുന്നതെന്നുമാണ് നിർമാതാക്കൾ അന്ന് ചോദിച്ചത്. 1959-ൽ ആരംഭിച്ച ചർച്ചകൾക്ക് മാസങ്ങളായിട്ടും പരിഹാരമുണ്ടാകാതെ വന്നതോടെയാണ് സമരം എന്ന് ആശയത്തിൽ യൂണിയനുകൾ എത്തിച്ചേർന്നത്.
1960 ജനുവരി 16-ന് എഴുത്തുകാരുടെ സംഘടനയാണ് 'അലയൻസ് ഓഫ് ടെലിവിഷൻ ഫിലിം പ്രൊഡ്യൂസേഴ്സി'നെതിരെയുള്ള സമരം ആരംഭിക്കുന്നത്. മെച്ചപ്പെട്ട വേതനം, പെൻഷൻ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. 1960 മാർച്ച് ഏഴിന് അഭിനേതാക്കളുടെ യൂണിയൻ സമരം ആരംഭിച്ചു. ഇതോടെ ഹോളിവുഡ് ഇൻഡസ്ട്രിയിലെ ഇരട്ട സമരത്തിന് തുടക്കമായി. ഹോളിവുഡിലെ സ്റ്റുഡിയോകളുമായി നടന്ന ചർച്ചകൾക്ക് നേതൃത്വം നൽകിയത് റൊണാൽഡ് റീഗനായിരുന്നു.

സമരം ആരംഭിച്ചതോടെ സെറ്റുകളിൽനിന്ന് താരങ്ങൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോകാൻ തുടങ്ങി. സമരകാലയളവിൽ ഏട്ടോളം ചിത്രങ്ങളുടെ നിർമാണമാണ് പ്രതിസന്ധിയിലായത്. എലിസബത്ത് ടെയ്ലറിന്റെ ’ബട്ടർഫീൽഡ് 8’, മർലിൻ മൺറോയുടെ ’ലെറ്റ്സ് മേക്ക് ലൗ’ എന്നീ ചിത്രങ്ങൾ പ്രതിസന്ധിയിലായവയിൽ ഉൾപ്പെടുന്നു. നിർമാണം നിലച്ച ചിത്രങ്ങളിൽ അഭിനയിച്ച ബിങ് ക്രോസ്ബി, ഫ്രെഡ് അസ്റ്റെയർ ഉൾപ്പടെയുള്ള താരങ്ങളും സമരത്തിൽ പങ്കെടുത്തു.
സമരം തുടങ്ങി അഞ്ചാഴ്ചത്തെ ചർച്ചകൾക്കൊടുവിലാണ് ഒരു തീരുമാനത്തിൽ സ്റ്റുഡിയോയും യൂണിയനും എത്തിച്ചേർന്നത്. 1960 -നോ അതിന് ശേഷമോ നിർമിക്കുന്ന ചിത്രങ്ങളിൽനിന്നും വിഹിതം നൽകാമെന്ന് സ്റ്റുഡിയോ പ്രതിനിധികൾ സമ്മതം മൂളി. ഇടക്കാല ആശ്വാസമായി സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡിന് 2.65 മില്യൺ ഡോളർ സ്റ്റുഡിയോകൾ നൽകുകയും ചെയ്തു. ഇതുപയോഗിച്ചാണ് ആദ്യത്തെ പെൻഷൻ പ്ലാൻ യൂണിയൻ ആരംഭിക്കുന്നത്.
1960-ന് മുൻപ് പുറത്തിറങ്ങിയ ചിത്രങ്ങളിൽനിന്നും വിഹിതം കിട്ടാത്തതിൽ ചില അഭിനേതാക്കൾക്ക് നീരസമുണ്ടായിരുന്നു. റീഗൻ ഇക്കാര്യത്തിൽ പിടിവാശി കാണിച്ചില്ലെന്നായിരുന്നു ഇക്കൂട്ടരുടെ വാദം. നിർമാതാക്കൾ വഴങ്ങിയതോടെ സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡിന്റെ സമരം 1960 ഏപ്രിൽ 18-ന് അവസാനിച്ചു. എന്നാൽ എഴുത്തുകാരുടെ സമരം ജൂൺ 12 വരെ തുടർന്നു.
എഴുത്തുകാരുടെ സമരചരിത്രം, ഹോളിവുഡിനെ വിറപ്പിച്ചത് പലവട്ടം
എഴുത്തുകാരുടെ സമരത്തിന് താരങ്ങളുടെ പിന്തുണ കൂടി വന്നതോടെയാണ് ഇപ്പോൾ നടക്കുന്ന സമരത്തിന് പുതിയ മാനം ലഭിച്ചത്. ഹോളിവുഡ് ചരിത്രം പരിശോധിച്ചാൽ പലകുറി എഴുത്തുകാർ സമരത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കാം. 1950 മുതൽ ഇപ്പോൾ വരെ എട്ട് പ്രാവശ്യമാണ് എഴുത്തുകാരുടെ യൂണിയനായ 'റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക' പണിമുടക്കിയിട്ടുള്ളത്. ഇപ്പോൾ നടക്കുന്നത് 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന സമരമാണ്.
- 1952-ൽ എഴുത്തുകാരുടെ യൂണിയൻ നിർമാതാക്കൾക്കെതിരെ നടത്തിയ സമരം 14 ആഴ്ചകൾ നീണ്ടുനിന്നു. വേതനത്തെച്ചൊല്ലിയും തിരക്കഥയുടെ അവകാശത്തെച്ചൊല്ലിയും നടന്ന സമരത്തിനൊടുവിൽ ഇരുകൂട്ടരും ഒത്തുതീർപ്പിലെത്തുകയായിരുന്നു. റേഡിയോ-തിയേറ്റർ എഴുത്തുകാർക്ക് ടിവിയിലേയ്ക്ക് കണ്ടെന്റ് കൊടുക്കാൻ അനുവാദം ലഭിച്ചു.
- 1960-ൽ എഴുത്തുകാരുടെ യൂണിയൻ നടത്തിയ സമരം 153 ദിവസമാണ് നീണ്ട് നിന്നത്. സമരത്തിലൂടെ തിയേറ്റർ സിനിമകൾ ടെലിവിഷനിൽ പുനരുപയോഗിക്കുമ്പോഴുള്ള വിഹിതം ലഭിക്കാനുള്ള അവകാശം ഇവർ സ്വന്തമാക്കി.
- 1973-ൽ സമരം നടത്തിയപ്പോഴാകട്ടെ 112 ദിവസം നീണ്ട് നിന്നു. ഈ സമരത്തിലൂടെ വേതനത്തിൽ എഴുത്തുകാർ വർധന നേടി. കൂടാതെ സിനിമകൾ വീഡിയോ കാസറ്റുകളിലൂടെയും പേ ടെലിവിഷനിലൂടെയും പുനർ പ്രദർശിപ്പിക്കുമ്പോഴുള്ള വിഹിതത്തിന്റെ പങ്ക് ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചു.
- 1981-ൽ 96 ദിവസം നീണ്ടുനിന്ന സമരം എഴുത്തുകാർ സംഘടിപ്പിച്ചു. വേഗത്തിൽ വളർന്ന് വന്ന പേ ടെലിവിഷനിൽ നിന്നുൾപ്പടെ നിർമാതാവിന് ലഭിക്കുന്ന ലാഭത്തിന്റെ പങ്ക് എഴുത്തുകാർക്ക് നൽകാമെന്ന കരാറിൽ സമരത്തിലൂടെ ഇവർ എത്തി. നിരവധി ടെലിവിഷൻ സീരിസുകളെ സമരം ബാധിച്ചിരുന്നു.
- 1985-ൽ രണ്ടാഴ്ചത്തെ സമരമാണ് നടന്നത്. വീഡിയോ കാസറ്റിലെ വരുമാനം പങ്കുവെക്കുന്നതിനെച്ചൊല്ലിയായിരുന്നു സമരം. വിചാരിച്ച വിജയം നേടാൻ സമരം കൊണ്ട് സാധിച്ചില്ലെന്നായിരുന്നു യൂണിയന്റെ വിലയിരുത്തൽ.
- 1988-ൽ 22 ആഴ്ച നീണ്ടുനിന്ന സമരമാണ് നടന്നത്. വിദേശ രാജ്യങ്ങളിൽ ടിവി ഷോകൾ പ്രദർശിപ്പിക്കുമ്പോൾ ലഭിക്കേണ്ട വിഹിതത്തെ ചൊല്ലിയായിരുന്നു ഇക്കുറി സമരം. നിരവധി തൊഴിലാളികരെ സമരം ബാധിച്ചു. സമരത്തിനൊടുവിൽ പുനരുപയോഗിക്കുന്ന കണ്ടെന്റുകളിലെ വിഹിതം തീരുമാനിക്കാൻ മാർഗമുണ്ടാക്കി. കൂടാതെ ഏറ്റവും കുറഞ്ഞ വേതനത്തിൽ വർധനവും വരുത്തി.
- 2007-08 - ൽ നൂറ് ദിവസം നീണ്ടുനിന്ന പണിമുടക്കുണ്ടായി. സിനിമകളും ടെലിവിഷൻ ഷോകളും മറ്റ് സർഗ്ഗാത്മക സൃഷ്ടികളും ഒക്കെ ഇന്റർനെറ്റിൽ എത്തുമ്പോൾ ലഭിക്കുന്ന വരുമാനത്തിൽ എഴുത്തുകാരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഒരു പുതിയ കരാർ സമരത്തിന്റെ ഫലമായി ഉണ്ടായി. കാലിഫോർണിയയുടെ സമ്പത്ത് വ്യവസ്ഥയിൽ വലിയൊരു ആഘാതം തന്നെ ഈ സമരം സൃഷ്ടിച്ചു.
- 2023- ൽ സമരം നടക്കുന്നത് 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്. പുതിയ കരാറിനുള്ള എല്ലാ സാധ്യതയും അവസാനിച്ചതിന് ശേഷമായിരുന്നു സമരം. അഭിനേതാക്കളുടെ യൂണിയൻ കൂടി ചേർന്നതോടെ സമരത്തിന് കരുത്തേറി.
പുതിയ മാധ്യമങ്ങൾ വിനോദ മേഖലയിൽ പിടിമുറുക്കുമ്പോൾ എഴുത്തുകാർക്ക് വെല്ലുവിളിയേറെയാണ്. പണ്ട് ടെലിവിഷന് പ്രചാരം ഏറിയപ്പോഴും ഇന്ന് ഒ.ടി.ടി. ശ്രദ്ധ നേടുമ്പോഴും ഇതൊരു കടമ്പ തന്നെയാണ്. ഇന്നാകട്ടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കൂടി താരങ്ങളും എഴുത്തുകാരും ഭയക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ ഒരു തിരക്കഥ എഴുതിത്തരാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കും. താരങ്ങൾ ഇല്ലെങ്കിൽ പോലും കഥാപാത്രത്തെയും സൃഷ്ടിക്കാം. മരിച്ചുപോയ താരങ്ങൾ വരെ തിരശ്ശീലയിൽ തെളിയുന്ന ഉദാഹരണങ്ങളും സമരക്കാർക്ക് മുന്നിലുണ്ട്.
സുപ്രധാനമായ തൊഴിൽ സമരമാണ് ഇപ്പോൾ ഹോളിവുഡിൽ അരങ്ങേറുന്നത്. നാൾക്കുനാൾ സമരം ശക്തിപ്രാപിക്കുകയാണ്. 60-കളിലെ സമരത്തിൽനിന്ന് വ്യത്യസ്തമായി സോഷ്യൽ മീഡിയയുടെ പിന്തുണ കൂടി സമരക്കാർക്ക് ഇന്നുണ്ട്. ലാഭത്തിൽ വിട്ടുവീഴ്ച നടത്താൻ സ്റ്റുഡിയോ പ്രതിനിധികൾ ഒരുങ്ങുമോ എന്ന് കണ്ടുതന്നെ അറിയണം.
Content Highlights: Hollywood shuts down After screenwriters and actors go on strike sag aftra strike against studios
Published: 18 Jul 2023, 03:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented