ലോസ് ആഞ്ജലിസ്: സ്റ്റുഡിയോ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സമരം പ്രഖ്യാപിച്ച് ഹോളിവുഡ് താരങ്ങൾ. 40 വർഷത്തിന് ശേഷമാണ് അഭിനേതാക്കളുടെ ഭാ​ഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടാകുന്നത്. 1,60,000 അഭിനേതാക്കളെ പ്രതിനിധീകരിക്കുന്ന യൂണിയനായ ദ സ്ക്രീൻ ആക്ടേഴ്സ് ​ഗിൽഡാണ് സമരതീരുമാനം അറിയിച്ചത്. പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, നിർമിത ബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴിൽ ഭീഷണി എന്നീ വിഷയങ്ങളുന്നയിച്ചാണ് സമരം. യൂണിയന്റെ ബോർഡ് യോ​ഗത്തിനൊടുവിലാണ് സമരപ്രഖ്യാപനം നടത്തിയത്.

To advertise here,

കഴിഞ്ഞ 63 വർഷത്തിനിടെ ഇതാദ്യമായാണ് ഹോളിവുഡ് ചലച്ചിത്ര-ടെലിവിഷൻ നിർമാണ മേഖല പൂർണമായും സ്തംഭിച്ചത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ മുതലാണ് സമരം തുടങ്ങിയത്. താരങ്ങളുടെ സംഘടനയും എഴുത്തുകാരുടെ സംഘടനയും സംയുക്തമായാണ് സമരം നടത്തുന്നത്. 1960-ന് ശേഷം ഇതാദ്യമായാണ് ഇരുസംഘടനകളും ഒരുമിച്ച് സമരം ചെയ്യുന്നത്. കഴിഞ്ഞ 11 ആഴ്ചകളായി എഴുത്തുകാർ സമരരം​ഗത്തുണ്ട്. ഡിസ്നിയുടേയും നെറ്റ്ഫ്ളിക്സിന്റെയും ഓഫീസുകൾക്ക് മുന്നിലാണിവർ സമരംചെയ്യുന്നത്. ആക്ടേഴ്സ് ​ഗിൽഡ് ഉന്നയിക്കുന്ന അതേ ആവശ്യങ്ങൾ തന്നെയാണ് ഇവരും ഉന്നയിക്കുന്നത്.

സമരം തുടരുകയാണെങ്കിൽ പ്രധാനപ്പെട്ട ചിത്രങ്ങളുടെ ഭാവിയും അനിശ്ചിതത്വത്തിലാവും. കഴിഞ്ഞദിവസം ഓപ്പൺഹൈമർ എന്ന ചിത്രത്തിന്റെ ലണ്ടൻ പ്രീമിയർ ചടങ്ങിനിടെ സംവിധായകൻ ക്രിസ്റ്റഫർ നോളനും താരങ്ങളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന 75-ാമത് എമ്മി അവാർഡ്സിനേയും സമരം ബാധിക്കും. താരങ്ങൾ സമരത്തിനിറങ്ങുന്നത് മൊത്തം ഇൻഡസ്ട്രിയേയും പ്രതികൂലമായി ബാധിക്കുമെന്ന് ഡിസ്നി മേധാവി ബോബ് ഐ​ഗർ പറഞ്ഞു. ഇതൊരു മോശം സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂൺ ഏഴിന് ചർച്ചകൾ നടക്കുന്നതിന് മുന്നോടിയായി 65,000 താരങ്ങളാണ് സമരത്തിന് തയ്യാറാണെന്ന് ബാലറ്റ് വോട്ട് രേഖപ്പെടുത്തി നയം വ്യക്തമാക്കിയത്. രണ്ട് മാസം മുമ്പ് റൈറ്റേഴ്സ് ​ഗിൽഡ് ഓഫ് അമേരിക്കയും സമാനരീതിയിലാണ് പ്രതിഷേധം തുടങ്ങിയത്. ജൂൺ അവസാനത്തോടെ മുൻനിര താരങ്ങളായ മെറിൽ സ്ട്രിപ്, ജെന്നിഫർ ലോറൻസ് പോലുള്ള 1000ത്തോളം പേർ കൂടി സമരരം​ഗത്തിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചു.

ജനപ്രിയമായ നിരവധി ടോക് ഷോകളും സീരീസുകളും സംപ്രേഷണവും പ്രീപ്രൊഡക്ഷൻ ജോലികളും നിർത്തിവെച്ചിരിക്കുകയാണിപ്പോൾ. "സാറ്റർഡേ നൈറ്റ് ലൈവ്", നെറ്റ്ഫ്ലിക്സിലെ "സ്ട്രേഞ്ചർ തിംഗ്സ്", മാക്സിലെ "ഹാക്ക്സ്", ഫോക്സിലെ "ഫാമിലി ഗൈ" എന്നിവ അതിൽ ചിലതുമാത്രം.