ഡീയസ് ഈറെയിൽ ജിബിൻ ഗോപിനാഥ് അവതരിപ്പിച്ച മധുസൂദനൻ പോറ്റിയെന്ന കഥാപാത്രം ചാത്തന്മാരെ വരുതിയിലാക്കുന്ന ഒരു കുടുംബത്തിന്റെ അവസാന പിൻഗാമിയായാണ് കാണിക്കുന്നത്. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയുടെ തുടർച്ചയായി ഇതിനെ കാണാം.

രാഹുൽ സദാശിവൻ, പ്രണവ് മോഹൻലാൽ | ഫോട്ടോ: അഖിൽ ഇ.എസ് \ മാതൃഭൂമി
മരിച്ചവരുടെ ഓർമ്മയ്ക്കായി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഈറെ. പതിമ്മൂന്നാം നൂറ്റാണ്ടിൽ രചിച്ചതായി കരുതപ്പെടുന്ന പതിനെട്ടുവരികളുള്ള കവിത മരണത്തിന്റെ സംഗീതമായാണ് പരക്കേ അറിയപ്പെടുന്നത്. ഷെയിൻ നിഗവും രേവതിയും പ്രധാനവേഷത്തിലെത്തിയ ഭൂതകാലം, മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം നേടിക്കൊടുത്ത ഭ്രമയുഗം എന്നീ ചിത്രങ്ങൾക്കുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഡീയസ് ഈറെ’. ഭയം മുൻനിർത്തിത്തന്നെയാണ് രാഹുൽ സദാശിവൻ മൂന്നാമത്തെ ചിത്രവും ഒരുക്കിയിരിക്കുന്നത്.
കഥയുടെ ഒഴുക്കിൽ നായകന്റെയും പ്രതിനായകന്റെയും വേഷമണിഞ്ഞെത്തുന്ന പ്രണവ് മോഹൻലാലിന്റെ പ്രകടനം പ്രേക്ഷകർക്കിടയിൽ ചർച്ചയാകുകയാണ്. പ്രണവിനെ മനസ്സിൽക്കണ്ടു തന്നെയാണ് ഇൻഡോ അമേരിക്കൻ പൗരനായ രോഹൻശങ്കർ എന്ന കഥാപാത്രത്തെ എഴുതിയതെന്ന് സംവിധായകൻ രാഹുൽ പറഞ്ഞു. എന്തുകൊണ്ട് പ്രണവ് എന്ന ചോദ്യത്തിന് സംവിധായകന്റെ കൈയിൽ കൃത്യമായ ഉത്തരമുണ്ട്.
‘‘ഒരുപാടുപേർ ഇനിയും സിനിമകാണാനുള്ളതിനാൽ കഥയെക്കുറിച്ചും കഥാപാത്രങ്ങളുടെ വൈകാരികതലങ്ങളെക്കുറിച്ചും കൂടുതലായി സംസാരിക്കാൻ കഴിയില്ല. പ്രണവിനുവേണ്ടി എഴുതിയ സിനിമയായിരുന്നു ഡീയസ് ഈറെ. കഥാപാത്രത്തിന്റെ സൂക്ഷ്മഭാവങ്ങൾപോലും ശക്തമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. സാധാരണ രീതിയിലും മുടി പറ്റേ വെട്ടിയും രണ്ട് ലുക്കിലാണ് പ്രണവ് ചിത്രത്തിൽ എത്തിയത്. എഴുതുമ്പോൾ മനസ്സിൽക്കണ്ടതിലും മുകളിലേക്ക് കഥാപാത്രം ചെന്നെത്തി. പ്രണവിന്റെ മുൻസിനിമകൾ കണ്ടാണ് അദ്ദേഹത്തിലേക്ക് കഥയുമായിച്ചെന്നത്, നെഗറ്റീവ് ഷേഡ് ഉൾപ്പെടെ പല തലങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രത്തെക്കുറിച്ച് വിവരിച്ചപ്പോൾ പ്രണവും അത്തരമൊരു കഥാപാത്രത്തിനായി കാത്തിരിക്കുന്നതായാണ് തോന്നിയത്’’
‘ക്രോധത്തിന്റെ ദിനം’ എന്ന അർഥംവരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെയെത്തിയ ചിത്രത്തിന്റെ കഥയും തിരക്കഥയും രാഹുൽ സദാശിവന്റേതുതന്നെയാണ്. കാഴ്ചയിൽ ഉദ്വേഗവും ആകാംക്ഷയും ഭീതിയും നിറയ്ക്കുന്ന ഹൊറർ ത്രില്ലർ നിർമിച്ചിരിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്.
ഹൊറർ ചിത്രങ്ങളുടെ ഗണത്തിൽ ഇനിയും ഏറെ കഥകൾ പറയാനുണ്ടെന്നും തനിക്കിഷ്ടപ്പെട്ട ഴോണറുകളിലൊന്നാണ് ഹൊറർ എന്നും രാഹുൽ പറയുന്നു...
‘‘ഭ്രമയുഗത്തിനുമുൻപേ ആലോചനയിലേക്കെത്തിയ കഥയാണ് ഡീയസ് ഈറെയുടേത്. വായിച്ചതും അറിഞ്ഞതും കണ്ടതും കേട്ടതുമായ കാര്യങ്ങളെല്ലാം എഴുത്തിന് സഹായിച്ചിട്ടുണ്ട്. ഭൂതകാലത്തിലെ ഒരു കഥാപാത്രം പുതിയ സിനിമയുടെ അവസാനഭാഗത്ത് കടന്നുവരുന്നുണ്ട്. ഭൂതകാലവും ഡീയസ് ഈറെയുമെല്ലാം ഏതാണ്ട് ഒരേകാലത്ത് നടക്കുന്ന കഥകളാണ്. രണ്ടിലെയും കഥാപാത്രങ്ങൾ മറ്റൊരുഘട്ടത്തിൽ ഇനിയും കണ്ടുമുട്ടിയെന്നുവരാം...തുടർച്ചയ്ക്കുള്ള സാധ്യത നിലനിർത്തിയാണ് അവസാനിപ്പിച്ചത്.
കഥയ്ക്കും കഥാപാത്രങ്ങൾക്കുമൊപ്പം പ്രേക്ഷകരെയും കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. എഴുത്ത് പൂർത്തിയാക്കിയശേഷം സിനിമയുടെ മറ്റ് ജോലികളിലേക്കു കടക്കുന്നതാണ് എന്റെ രീതി. പല പ്രായത്തിലുള്ള പലതരം വൈകാരികതകൾ ഇഷ്ടപ്പെടുന്നവരാണ് സിനിമകാണാൻ എത്തുക. അവരെയെല്ലാം തൃപ്തിപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയാണ്. സിനിമയുടെ പേര് പ്രഖ്യാപിച്ച സമയത്ത് പ്രേക്ഷകരിൽ വലിയൊരുവിഭാഗം അപരിചിതമായ വാക്കിനെക്കുറിച്ചും അതിലെ ദുരൂഹതയെപ്പറ്റിയും അന്വേഷിച്ചിരുന്നു. ഡീയസ് ഈറെ എന്ന പേരും അതിലെ കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചു എന്നറിയുമ്പോൾ സന്തോഷമുണ്ട്. തുടർച്ചയായി ഹൊറർ ചിത്രങ്ങൾ ഒരുക്കുന്നതുകൊണ്ട് ഡാർക്ക്മാത്രം ഇഷ്ടപ്പെടുകയും ചിന്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാനെന്ന് കരുതരുത്. ഹൊറർ സിനിമകൾ മാത്രമേ സംവിധാനം ചെയ്യൂ എന്ന വാശിയൊന്നുമില്ല. ഭൂതകാലം കഴിഞ്ഞപ്പോൾ, ആ സിനിമ പ്രേക്ഷകർക്കിഷ്ടമായി എന്നറിഞ്ഞപ്പോൾ അത്തരം വിഷയങ്ങളിൽ ഇനിയും കഥകൾ പറയാനുണ്ടെന്ന് തോന്നി. അങ്ങനെയാണ് സമാനവഴിയിലൂടെ വീണ്ടും നടന്നത്’’ - രാഹുൽ വിശദീകരിച്ചു.
ഡീയസ് ഈറെയുടെ കഥാതലം ഭൂതകാലവും ഭ്രമയുഗവുമായും കണ്ണിചേർക്കപ്പെടുന്നുണ്ട്. ഭൂതകാലത്തിൽ സൈജു കുറുപ്പ് അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രം ഡീയസ് ഈറെയുടെ അവസാനം പ്രത്യക്ഷപ്പെടുന്നുണ്ട്. ഭൂതകാലത്തിലെ പ്രേതഭവനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അയാൾ പറയുന്നത്. ഡീയസ് ഈറെയിൽ ജിബിൻ ഗോപിനാഥ് അവതരിപ്പിച്ച മധുസൂദനൻ പോറ്റിയെന്ന കഥാപാത്രം ചാത്തന്മാരെ വരുതിയിലാക്കുന്ന ഒരു കുടുംബത്തിന്റെ അവസാന പിൻഗാമിയായാണ് കാണിക്കുന്നത്. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയുടെ തുടർച്ചയായി ഇതിനെ കാണാം. കൊച്ചിയിലും വടകരയിലുമായി 28 ദിവസം കൊണ്ടാണ് ഡീയസ് ഈറെ ചിത്രീകരണം പൂർത്തിയാക്കിയത്. പോലീസ് ഉദ്യോഗത്തിൽനിന്ന് ലീവെടുത്ത് സിനിമയിൽ അഭിനയിക്കാനെത്തിയ ജിബിൻ ഗോപിനാഥ് പ്രണവിനൊപ്പം ഡീയസ് ഈറെയിൽ പ്രധാന്യമുള്ളൊരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. ജയകുറുപ്പിന്റെ പ്രകടനമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്.
പ്രേതത്തിന്റെ സാന്നിധ്യം കാണിക്കുന്ന പല രംഗങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഭ്രമയുഗത്തിന്റെ ടീം തന്നെയാണ് ഡീയസ് ഈറെയുടെ അണിയറയിലും പ്രവർത്തിച്ചിട്ടുള്ളത്. സംവിധായകൻ ജ്യോതിഷ് ശങ്കറാണ് ആർട്ട് കൈകാര്യം ചെയ്യുന്നത്. ക്രിസ്റ്റോ സേവ്യർ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളും ഷഹ്നാദ് ജലാലിന്റെ ക്യാമറയും ഷഫീഖ് മുഹമ്മദ് അലിയുടെ എഡിറ്റിങ്ങും റോണക്സ് സേവ്യറിന്റെ മേക്കപ്പും സിനിമയ്ക്ക് മുതൽക്കൂട്ടാകുന്നുണ്ട്.
Content Highlights: Explore Rahul Sadasivan`s `Dies Irae` starring Pranav Mohanlal. Discover its connection to `Bhoothakalam` and `Bramayugam`. A chilling horror thriller not to be missed!
Published: 09 Nov 2025, 10:15 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented