ചുണ്ടിലൊരു മലയാളം പാട്ടുമായാണ് ധർമേന്ദ്രയെ ആദ്യം വെള്ളിത്തിരയിൽ കണ്ടത്: "ചിന്നും വെൺതാരത്തിൻ ആനന്ദവേള, എങ്ങും മലർശരൻ ആടുന്ന വേള..."

To advertise here,

പടം ജീവിതസമരം (1970). ഡബ്ബിംഗ് സിനിമയാണ്. സത്യേൻ ബോസ് സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ "ജീവൻ മൃത്യു"വിന്റെ മലയാളം മൊഴിമാറ്റം. യേശുദാസും ജാനകിയും പാടിയ ആ ഗാനത്തിന് ഒരു ഹിന്ദി ഒറിജിനൽ ഉണ്ടെന്നും ധർമ്മേന്ദ്ര-രാഖിമാർക്കു വേണ്ടി അത് പാടിയത് മുഹമ്മദ് റഫിയും ലതാ മങ്കേഷ്കറുമാണെന്നുമൊക്കെ അന്നത്തെ സ്കൂൾ കുട്ടി മനസ്സിലാക്കുന്നത് വർഷങ്ങൾക്ക് ശേഷമാണ്: "ജിൽമിൽ സിതാരോം കാ ആംഗൻ ഹോഗാ" എന്ന ആ പാട്ടോളം തന്നെ ഹിറ്റായിരുന്നു മലയാളം പതിപ്പിന് വേണ്ടി ലക്ഷ്മികാന്ത് പ്യാരേലാലിന്റെ ഈണത്തിനൊത്ത് ഭാസ്കരൻ മാഷെഴുതിയ "ചിന്നും വെൺതാരത്തിൻ ആനന്ദവേള"യും.

പിന്നീട് എത്രയോ മറക്കാനാവാത്ത ഗാനരംഗങ്ങളിൽ ധർമ്മേന്ദ്രയെ കണ്ടു. ആക്ഷൻ ഹീറോ പദവിയിലേക്ക് "സ്ഥാനക്കയറ്റം" ലഭിക്കും മുൻപുള്ള സുന്ദരകാമുകനായ ധർമ്മേന്ദ്രയെ നമ്മിൽ പലരും ഇന്ന് ഓർക്കുന്നത് മധുരോദാരമായ ആ പ്രണയ ഗാനങ്ങളിലൂടെയാവണം. മുഹമ്മദ് റഫിയും കിഷോർ കുമാറും ഹേമന്ദ് കുമാറും മുകേഷുമൊക്കെ പാടി അനശ്വരമാക്കിയ ഗാനങ്ങൾ.
 

പ്രിയഗായകൻ റഫി

റഫിയായിരുന്നു എക്കാലവും ധർമേന്ദ്രയുടെ പ്രിയഗായകൻ. റഫി സാഹിബ് തനിക്കുവേണ്ടി പാടുന്നത് സ്വപ്നം കണ്ടുനടന്ന ബാല്യകൗമാരങ്ങളെക്കുറിച്ച് അഭിമുഖങ്ങളിൽ വാചാലനാകാറുണ്ട് അദ്ദേഹം. ആദ്യചിത്രങ്ങളിലൊന്നായ 'ശോലാ ഔർ ശബ്ന'ത്തിൽ തന്നെ ആ സ്വപ്നം സഫലമാക്കാൻ കഴിഞ്ഞു അദ്ദേഹത്തിന്. കൈഫി ആസ്മി എഴുതി ഖയ്യാം ഈണമിട്ട 'ജാനേ ക്യാ ഡൂംഡ്തി രഹ്ത്തി' എന്ന ഗാനം വെള്ളിത്തിരയിൽ പാടി അഭിനയിച്ചത് തുടക്കക്കാരനായ ധർമേന്ദ്രയായിരുന്നു.

''വിധി ഇടപെട്ടിരുന്നില്ലെങ്കിൽ തലനാരിഴ വ്യത്യാസത്തിൽ എന്നെ ഒഴിഞ്ഞുപോയേനെ ആ ഭാഗ്യം''. -സ്വപ്നസദൃശമായ ആ തുടക്കത്തെക്കുറിച്ച് പിന്നീട് ധരം പറഞ്ഞു. '' കടുത്ത പനിയുമായാണ് റഫി സാഹിബ് പാടാൻ വന്നത്. ഒന്നുകിൽ റെക്കോഡിങ് അനിശ്ചിതമായി നീട്ടിവെക്കേണ്ടി വരും. ഇല്ലെങ്കിൽ മറ്റാരെയെങ്കിലും പകരക്കാരനായി കണ്ടെത്തണം. രണ്ടും ഉൾക്കൊള്ളാനാകുമായിരുന്നില്ല എനിക്ക്. എന്റെ വിഷമാവസ്ഥ കണ്ട് മനമലിഞ്ഞാവണം പനി വകവെക്കാതെ പാടാൻ അദ്ദേഹം സമ്മതിച്ചത്. നിർമ്മാതാവിന് നഷ്ടം വരരുതെന്ന ചിന്ത കൂടിയുണ്ടായിരുന്നു ആ തീരുമാനത്തിന് പിന്നിൽ. ഒരൊറ്റ നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളു അദ്ദേഹത്തിന്: മോശമായാൽ സിനിമയിൽ നിന്ന് പാട്ട് ഒഴിവാക്കാൻ മടിക്കരുത്..."

എല്ലാം മറന്ന് പാട്ടിൽ അലിഞ്ഞൊഴുകുന്ന റഫിയേയാണ് പിന്നീട് കണ്ടതെന്ന് ധർമ്മേന്ദ്ര. കൈഫി ആസ്മി -- ഖയ്യാം കൂട്ടുകെട്ടിന്റെ എക്കാലത്തെയും ഉദാത്തമായ സൃഷ്ടികളിൽ ഒന്നായി മാറി ആ ഗസൽ. "റഫി സാഹിബിന്റെ ശബ്ദം എത്ര മനോഹരമായാണ് എന്റെ ശരീര ഭാഷയുമായി ഇണങ്ങിച്ചേർന്നിട്ടുള്ളതെന്ന് ആ രംഗം കാണുമ്പോഴെല്ലാം ഓർക്കാറുണ്ട്."

റഫിയുടെ ചുണ്ടിൽ, ശബ്ദത്തിൽ, പാട്ടിൽ ഒരിക്കലും മായാത്ത ഒരു പുഞ്ചിരിയുണ്ട്. ഗായകന്റെ വ്യക്തിത്വത്തിന്റെ ഭാഗം തന്നെയാണ് ആ പുഞ്ചിരി. ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് ഒഴുകിവരുന്ന ആ ചിരി മനോഹരമായി ഒപ്പിയെടുത്ത് ഗാനരംഗങ്ങളിൽ അവതരിപ്പിച്ചത് ധർമ്മേന്ദ്ര ആണെന്ന് തോന്നിയിട്ടുണ്ട്. "ബഹാരേം ഫിർ ഭി ആയേഗി" എന്ന ചിത്രത്തിലെ "ആപ് കേ ഹസീൻ രുഖ് പേ ആജ് നയാ നൂർ ഹേ" (സംഗീതം: ഒ പി നയ്യാർ) എന്ന ഗാനം അപൂർവ്വസുന്ദരമായ ആ ഹൃദയൈക്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം. മാലാ സിൻഹക്കും തനൂജക്കുമൊപ്പം സാക്ഷാൽ റഫി സാഹിബ് കൂടിയുണ്ട് ആ ഗാനരംഗത്തെന്ന് നമ്മെ തോന്നിപ്പിക്കുന്നു ധർമ്മേന്ദ്രയുടെ പ്രസാദാത്മകമായ രംഗസാന്നിധ്യം. "സത്യത്തിൽ റഫി സാഹിബിനെ അനുകരിക്കുകയായിരുന്നു ഞാൻ." - ഗാനചിത്രീകരണത്തെ കുറിച്ച് പിന്നീട് ധർമ്മേന്ദ്ര പറഞ്ഞു. "എന്നിലെ നടന്റെ സൂക്ഷ്മമായ ശരീര ചലനങ്ങൾ പോലും ഉൾക്കൊണ്ടാണ് റഫി സാഹിബ് പാടുക. പ്രതിഭാശാലിയായ ഒരു നടൻ കൂടി അദ്ദേഹത്തിന്റെ ഉള്ളിൽ ഉണ്ടായിരുന്നതുകൊണ്ടാവാം. ആ ഗാനങ്ങളിൽ ഭൂരിഭാഗവും ജനങ്ങൾ ഹൃദയത്തിൽ സ്വീകരിച്ചു എന്നത് സന്തോഷമുള്ള കാര്യം.."

ധർമേന്ദ്രയ്ക്കുവേണ്ടി റഫി പാടിയ സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ നിരയിലൂടെ ഒന്ന് കണ്ണോടിക്കുക. ഏത് പാട്ടാണ് നമുക്ക് മാറ്റിവെക്കാൻ കഴിയുക? ഏക് ഹസീൻ ശാം കോ (ദുൽഹൻ ഏക് രാത് കി), ആജ് മൗസം ബഡാ ബെയ്മാൻ ഹേ ബഡാ (ലോഫർ), ദേഖാ ഹേ തേരി ആംഖോം മേ, മേം കഹീ കവി ന ബൻ ജാവൂ (പ്യാർ ഹി പ്യാർ), ഗർ തും ഭുലാ ന ദോഗേ (യകീൻ), ഹുയീ ശാം ഉൻകാ ഖയാൽ ആഗയാ (മേരെ ഹംദം മേരെ ദോസ്ത്), മേ ജട്ട് യമ്ലാ പഗലാ ദീവാനാ (പ്രതിജ്ഞ), യേ ദിൽ തും ബിൻ (ഇസ്സത്), ഓ മേരി മെഹബൂബാ (ധരംവീർ).
 

ജാനേമൻ ജാനേമൻ....

റഫിയുമായിട്ടായിരുന്നു ആത്മബന്ധമെങ്കിലും മറ്റു ഗായകരുമായി ചേർന്നും ഹിറ്റുകൾ സമ്മാനിച്ചു ധർമേന്ദ്ര. 'ബ്ലാക്ക് മെയിലി'ലെ പൽ പൽ ദിൽ കേ പാസ്, 'ഡ്രീംഗേളി'ലെ ശീർഷകഗാനം, 'ഷോലെ'യിലെ യേ ദോസ്തി (കിഷോർ കുമാർ), 'ദിൽ ഭി തേരാ ഹം ഭി തേരെ'യിലെ മുജ്കോ ഇസ് രാത് കി തൻഹായ് മേ ആവാസ് ന ദോ, 'ദേവറി'ലെ ബഹാരോം നേ മേരാ ചമൻ (മുകേഷ്), 'അനുപമ'യിലെ യാ ദിൽ കി സുനോ ദുനിയാവാലെ (ഹേമന്ദ് കുമാർ) എന്നീ ഗാനങ്ങൾ പെട്ടെന്ന് ഓർമ്മവരുന്നു.
 

മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പ്രണയ യുഗ്മഗാനം കൂടി ചേർക്കാം ഈ പട്ടികയിൽ. 'ജാനേമൻ ജാനേമൻ തേരെ ദോ നയൻ.' ഹിന്ദിയിൽ ഗാനഗന്ധർവൻ യേശുദാസിന്റെ ആദ്യത്തെ സൂപ്പർഹിറ്റ് ഗാനം. കൂടെ പാടിയത് ആശ ഭോസ്‍ലെ. അമോൽ പലേക്കറും വിദ്യാസിൻഹയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച 'ചോട്ടി സി ബാത്തി'ൽ ഈ ഗാനത്തിനൊത്ത് 'സിനിമയ്ക്കുള്ളിലെ സിനിമ'യിൽ ചുണ്ടനക്കുന്നത് ധർമേന്ദ്രയും ഹേമമാലിനിയും.
മകൻ സണ്ണി ഡിയോളിന്റെ അരങ്ങേറ്റ ചിത്രമായ ബേതാബിൽ (1983) ഗായകനായി മുഹമ്മദ് റഫിയുണ്ടാവണം എന്നായിരുന്നു ധർമ്മേന്ദ്രയുടെ ചിരകാല മോഹം. എന്നാൽ അതിനും മൂന്ന് വർഷം മുൻപേ കഥാവശേഷനായിരുന്നു റഫി സാഹിബ്. പകരം അതേ ശൈലിയിൽ പാടുന്ന മറ്റൊരു ഗായകനെയാണ് മകന് വേണ്ടി പാടാൻ ധരം കണ്ടെത്തിയത്: ഷബ്ബീർ കുമാറിനെ.

ഓർമ്മകളിൽ പ്രണയപൂർവം പാടിക്കൊണ്ടിരിക്കുന്നു നിത്യകാമുകനായ ആ പഴയ ധർമ്മേന്ദ്ര : "ആപ് കേ ഹസീൻ രുഖ് പേ ആജ് നയാ നൂർ ഹേ മേരാ ദിൽ മചൽ ഗയാ തോ മേരാ ക്യാ ഖുസൂർ ഹേ..."