ഭ്രമാത്മകമായിരുന്നു ഡേവിഡ് ലിഞ്ചിന്റെ സിനിമാ ലോകം. യാഥാര്‍ഥ്യവും സ്വപ്നവും ബിംബങ്ങളും ഒരുപോലെ ചാലിച്ചുവരയ്ക്കുന്ന കാന്‍വാസ്. വിരലുകളില്‍ എണ്ണി നിര്‍ത്താവുന്ന ചിത്രങ്ങളെ സംവിധാനമികവില്‍ പിറന്നിട്ടുള്ളൂ. ഒപ്പം വിഖ്യാതമായ ട്വിന്‍ പീക്ക്സ് സീരിസും സിനിമയേക്കാള്‍ കുഴപ്പം പിടിച്ച ചില ഷോര്‍ട്ട്ഫിലിമുകളും.

To advertise here,

സിനിമയോ വെബ് സീരിസോ ഒരു ജോണറില്‍ മാത്രം ഒതുങ്ങുന്ന രീതിയെ ഡേവിഡ് ലിഞ്ച് ഉടച്ചുവാര്‍ത്തതോടെ 'ലിഞ്ചിയന്‍' ചിത്രങ്ങള്‍ എന്ന പ്രത്യേക ആഖ്യാനരീതി തന്നെ പിറന്നു. പൊതുവായി നോയര്‍ ഗണത്തില്‍പ്പെടുത്താവുന്നതായിരുന്നു ലിഞ്ചിയന്‍ ചിത്രങ്ങളെല്ലാം. അതിലെ പ്രധാന കഥാതന്തുവിനോടൊപ്പം മിസ്റ്ററിയും വയലന്‍സും റൊമാന്‍സും ഡാര്‍ക് ഹ്യൂമറും ബോഡി ഹൊററും ഫെറ്റിഷുകളും ഇഴചേര്‍ക്കപ്പെട്ടു. കണ്ടിരിക്കുന്നവരെ ഉദ്മാദത്തിലേക്കും ആശങ്കകളിലേക്കും ഒരുപോലെ തള്ളിവിടുന്നതായിരുന്നു ഇവയുടെയെല്ലാം ആഖ്യാനരീതി. എത്ര സൂക്ഷ്മമായി ഇഴുകിചേര്‍ന്നാലും സംവിധായകന്‍ ഉദ്ദേശിച്ചത് എന്തെന്ന് അറിയാതെ പലപ്പോഴും കാഴ്ച പൂര്‍ത്തിയാക്കേണ്ടി വരും. സറിയലിസത്തിന്റെ പകിടയേറിന് ഉത്തരങ്ങള്‍ ചിന്തിച്ചുകൂട്ടേണ്ടി വരും.

ലിഞ്ചിന്റെ ഭ്രമയുഗം

ഇറേസര്‍ഹെഡ് (1977), എലിഫന്റ് മാന്‍ (1980) എന്നീ ചിത്രങ്ങളിലൂടെ കള്‍ട്ട് പരിവേഷം ഡേവിഡ് ലിഞ്ചിന് ലഭിച്ചിരുന്നു. ഡെനിസ് വില്ലെന്യുവിന് മുന്‍പ് 1954-ല്‍ ഡ്യൂണും തന്റേതായ രീതിയില്‍ സിനിമയാക്കി. എന്നാല്‍, നോവലിനോട് നീതി പുലര്‍ത്താത്ത രീതിയിലാണ് ലിഞ്ച് ചിത്രമൊരുക്കിയതെന്ന് വിമര്‍ശനമുയര്‍ന്നു. 1986-ല്‍ സൗന്ദര്യവും പ്രണയവും ലൈംഗികതയും അതുവരെ ആരും കാണാത്ത രീതിയില്‍ ബ്ളൂ വെല്‍വറ്റിലൂടെ ലിഞ്ച് വെള്ളിത്തിരയിലെത്തിച്ചു. ലിഞ്ചിന്റെ പ്രിയ താരങ്ങളായ ലോറ ഡെര്‍ണ്‍, കൈല്‍ മക്ളാക്ളനും ഉപരിയായി ഡെന്നിസ് ഹോപ്പര്‍ അവതരിപ്പിച്ച ഫ്രാങ്ക് ബൂത്ത് എന്ന കഥാപാത്രത്തിന്റെ വിഭ്രാന്തിയും ഇസബെല്ല റോസല്ലിനിയുടെ മാസ്മരികതയും ആഞ്ചലോ ബാദലമെന്റിയുടെ സംഗീതവുമായി ഒത്തുചേര്‍ന്നപ്പോള്‍, പുതിയൊരു തലത്തിലുള്ള ആസ്വാദകവൃന്ദത്തെ തന്നെ ലിഞ്ച് സൃഷ്ടിച്ചെടുത്തു. 

placeholder
മൾഹോളണ്ട് ഡ്രൈവിലെ രംഗം

1990-ല്‍ പുറത്തിറങ്ങിയ വൈല്‍ഡ് അറ്റ് ഹാര്‍ട്ടില്‍ നിക്കോളസ് കേജും വില്യം ഡഫോയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ലിഞ്ചിന്റെ കാമനകള്‍ പേറി. ചിത്രം ഗോല്‍ഡന്‍ പാം പുരസ്‌കാരവും നേടി. എന്നാല്‍, 2001-ല്‍ പുറത്തിറങ്ങിയ മള്‍ഹോളണ്ട് ഡ്രൈവ് സ്ഥിരം ചുറ്റുവട്ടത്തിന് പുറത്തേക്കുള്ള ഖ്യാതി നേടിയെടുത്തു. സ്വപ്നവും യാഥാര്‍ഥ്യവും ഇടകലര്‍ന്നെത്തിയ ചിത്രം കാണികളെ ഭ്രമിപ്പിച്ചു. ചിത്രത്തിലെ പകല്‍വെളിച്ചത്തിലെ രംഗങ്ങള്‍ കണ്ടും കാണികള്‍ ഞെട്ടി. മുയലുകളുടെ തലയുള്ള കഥാപാത്രങ്ങള്‍ നിറഞ്ഞ റാബിറ്റസ്, കൊലപാതകത്തിന് ചോദ്യം ചെയ്യപ്പെടുന്ന കുരങ്ങന്‍ കഥാപാത്രമാകുന്ന വാട്ട് ഡിഡ് ജാക്ക് ഡു എന്നി ഷോട്ട്ഫിലിമുകളും ലിഞ്ച് പുറത്തിറക്കിയിരുന്നു.

ഉത്തരമില്ലാത്ത ട്വിന്‍ പീക്ക്സ്

ടെലിവിഷന്‍ സീരീസ് രംഗത്തിനെ ഇന്ന് കാണുന്ന മോടിയിലേക്ക് നയിച്ചതും ഡേവിഡ് ലിഞ്ചിന്റെ പരീക്ഷണങ്ങളായിരുന്നു. 1990-ല്‍ ആണ് ഡേവിഡ് ലിഞ്ചും മാര്‍ക്ക് ഫ്രോസ്റ്റും നിര്‍മിച്ച ട്വിന്‍ പീക്ക്സ് ടെലിവിഷന്‍ പരമ്പര എയര്‍ ചെയ്യുന്നത്. അന്നുവരെ സോപ്പ് ഓപ്പറകളും സിറ്റ്കോമുകളും മാത്രം കണ്ട് ശീലിച്ച അമേരിക്കക്കാര്‍ക്ക് മുന്നില്‍ ട്വിന്‍ പീക്ക്സ് എന്ന സാങ്കല്പിക പട്ടണത്തിലെ ഭ്രമാത്കമായ ലോകം ലിഞ്ച് തുറന്നിട്ടു. പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ ലോറ പാമറിന്റെ ശവശരീരത്തിലേക്കായിരുന്നു പൈലറ്റ് എപ്പിസോഡിലെ ആദ്യസീനിലൂടെ ലിഞ്ച് കാണികളെ ക്ഷണിച്ചത്. അവിടെ നിന്നാരംഭിക്കുന്ന നിഗൂഢതക്ക് ഇതുവരെ അവസാനമായിട്ടില്ല. പരമ്പരയുടെ രണ്ടാം ഭാഗം 1991-ലാണ് പുറത്തിറങ്ങിയത്. മൂന്നാം ഭാഗമായ ട്വിന്‍ പീക്ക്സ് റിട്ടേണിനായി 26 വര്‍ഷം ആരാധകര്‍ക്ക് കാത്തിരിക്കേണ്ടിവന്നു. 

placeholder
ട്വിൻ പീക്ക്സിലെ ബോബ് എന്ന കഥാപാത്രം

2017-ല്‍ പുറത്തിറങ്ങിയ മൂന്നാം ഭാഗവും എവിടെയെന്നില്ലാതെയുള്ള ആശയക്കുഴപ്പമുണ്ടാക്കിയാണ് അവസാനിച്ചത്. മൂന്നാം ഭാഗത്തിലെ അവസാന സീനിനേക്കുറിച്ച് ഒരു സെമിനാറിലുണ്ടായ ചോദ്യത്തിനോട് നിങ്ങള്‍ക്കെന്താണോ തോന്നുന്നത് അതിലാണ് കാര്യമെന്നായിരുന്നു ഡേവിഡ് ലിഞ്ചിന്റെ മറുപടി. '400 വര്‍ഷം മുന്‍പ് രചയിതാവ് മരിച്ച പുസ്തകങ്ങള്‍ ഇപ്പോഴും വായിക്കപ്പെടുന്നില്ലേ, എന്താണ് എഴുതിയ ആള്‍ ഉദ്ദേശിച്ചതെന്ന് അറിയാന്‍ അവിടെ ഒരു മാര്‍ഗവുമില്ല.

placeholder
റാബിറ്റ്സിലെ രംഗം

തന്റെ കലയുടെ കാര്യത്തിലും അങ്ങനെ തന്നെയാണെന്ന് ഡേവിഡ് ലിഞ്ച് പറഞ്ഞു നിര്‍ത്തി. ഏഴ് വര്‍ഷം മുന്‍പ് നടന്ന ആ അഭിമുഖത്തില്‍ ട്വിന്‍ പീക്ക്സിന് നാലാം ഭാഗമുണ്ടെങ്കില്‍ അതിന് ഇനിയും വര്‍ഷങ്ങളെടുക്കുമെന്നും ഡേവിഡ് ലിഞ്ച് പറഞ്ഞിരുന്നു. ആ കാത്തിരിപ്പിന് വിരാമമിടാതെയാണ് വിഖ്യാത കലാകാരന്റെ മടക്കവും...

വാലറ്റം
ട്വിന്‍ പീക്സിലെ ബോബ് എന്ന കഥാപാത്രം അവതരിപ്പിച്ച ഫ്രാങ്ക് സില്‍വ സീരിസിലെ അണിയറ പ്രവര്‍ത്തകനായിരുന്നു. സെറ്റ് ഡ്രെസ്സറായിരുന്ന ഫ്രാങ്ക് സില്‍വയുടെ പ്രതിബിംബം ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ കണ്ണാടിയില്‍ പതിഞ്ഞിരുന്നു. ഇത് കണ്ടിഷ്ടപ്പെട്ട സംവിധായകന്‍, വന്യമായ ബോബ് എന്ന കഥാപാത്രമായി ഫ്രാങ്ക് സില്‍വയെ അവതരിപ്പിക്കുകയായിരുന്നു.