മുംബൈ: ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട്‌വർധന് മുംബൈ സർവകലാശാല പ്രവേശനം നിഷേധിച്ചു. ഫെബ്രുവരി 28 മുതൽ കലിന കാമ്പസിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന ബുദ്ധസന്ന്യാസി ഭാംതെ വിമംസയെ കാണാനെത്തിയപ്പോഴാണ് ഗേറ്റിൽ തടഞ്ഞത്. പ്രത്യേകകാരണം ഒന്നും പറയാതെയാണ് നടപടിയെന്ന് ആനന്ദ് പട്‌വർധൻ ആരോപിച്ചു.

To advertise here,

പാലി ഭാഷാവകുപ്പിന് സർക്കാർ ഗ്രാന്റ് നൽകണമെന്നും ആൺകുട്ടികളുടെ ഹോസ്റ്റൽ നവീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് മുൻ ഗവേഷണ വിദ്യാർഥിയായ ഭാംതെ വിമംസ സമരം നടത്തുന്നത്. ഈ പ്രതിഷേധം പുരാതന ഇന്ത്യൻഭാഷയായ പാലിയെ സംരക്ഷിക്കുന്നതിനാണെന്നും ഒരു ദളിത് പ്രതിഷേധക്കാരനോടുള്ള ഭരണകൂടത്തിന്റെ സമീപനം നിലവിലെ സർക്കാരിന്റെ പ്രത്യയശാസ്ത്രത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും പട്‌വർധൻ പറഞ്ഞു. 

അതേസമയം, പട്‌വർധനെ പ്രത്യേകമായി വിലക്കിയെന്ന വാർത്ത സർവകലാശാല നിഷേധിച്ചു. മുൻകൂട്ടി അറിയിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനമെന്നും അറിയിച്ചു. ഉറുദു വിഭാഗത്തിന്റെ പരിപാടിക്ക് ക്ഷണിച്ച ബോളിവുഡ് താരം നസറുദ്ദീൻ ഷായെയും സർവകലാശാല ഏതാനും ആഴ്ചകൾ മുൻപ് ഒഴിവാക്കിയിരുന്നു. ഇതും പ്രതിഷേധത്തിന് കാരണമായിരുന്നു. 

വിദ്യാർഥികളുടെ ഹോസ്റ്റലുകൾ, അധ്യാപകരുടെ വീടുകൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ എന്നിവ ഉൾക്കൊള്ളുന്ന കലിന കാമ്പസിൽ 5,000-ത്തിലധികം ബിരുദാനന്തര ബിരുദ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഭാംതെയുടെ സമരം ക്രമസമാധാനപ്രശ്‌നമുണ്ടാക്കുമെന്ന ആശങ്ക കാരണമാണ് പ്രവേശനം അനുവദിക്കുന്നതിന് മുൻപ് വ്യക്തികളെ വിശദമായി പരിശോധിക്കുന്നതെന്നും സർവകലാശാല വ്യക്തമാക്കി.