തുലാഭാരത്തിലെ വിജയയുടെ പിഞ്ചുകുഞ്ഞിന് ഇപ്പോൾ പ്രായം അറുപത്തിമൂന്ന്. എങ്കിലും സംസ്ഥാന സർക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം നേടിയ 'അമ്മ'യെ വിളിച്ചഭിനന്ദിക്കാതെ പറ്റില്ലല്ലോ മകന്. 'എന്നെ ശാരദാമ്മക്ക് ഓർമ്മയുണ്ടാകുമോ എന്ന് സംശയിച്ചു ആദ്യം. അൻപത്തേഴ് വർഷം കഴിഞ്ഞില്ലേ?' -തുലാഭാരത്തിൽ ശാരദ അനശ്വരയാക്കിയ വിജയ എന്ന കഥാപാത്രത്തിന്റെ മൂന്ന് മക്കളിലൊരാളായി അഭിനയിച്ച ബേബി രജനിയുടെ വാക്കുകൾ. 'എന്നാൽ എന്നെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ കാലം അനായാസം ഓർത്തെടുത്തു അവർ. ലാളിച്ചുവളർത്തിയ സ്വന്തം മക്കളെ അമ്മക്ക് അങ്ങനെ മറക്കാനാകുമോ?'

To advertise here,

Don’t Miss: ഹൃദയം പൂമ്പൊയ്കയാക്കി ഗാനങ്ങൾക്ക് ആത്മാവേകിയ പ്രതിഭ; ബിച്ചു തിരുമലയുടെ ഓർമകൾക്ക് നാലാണ്ട്

1968-ൽ പുറത്തിറങ്ങിയ 'തുലാഭാര'ത്തിൽ ആൺകുട്ടിയുടെ വേഷമായിരുന്നു രജനിക്ക്. കടുത്ത ദാരിദ്ര്യവും അപമാനഭീതിയും സഹിക്കാനാവാതെ മക്കളെ വിഷം കൊടുത്തു കൊല്ലുകയാണ് ശാരദയുടെ വിജയ. സിനിമയിലെ ഏറ്റവും ഹൃദയഭേദകമായ രംഗം. അന്നത് കണ്ടു നൊമ്പരപ്പെടാത്ത പ്രേക്ഷകർ കുറവായിരിക്കും. ശാരദക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത പടം കൂടിയായിരുന്നു തുലാഭാരം. 'ആ സിനിമയിലെ അഭിനയത്തിന്റെ പേരിലാണ് എനിക്ക് ജീവിതത്തിലാദ്യമായി ഒരു സമ്മാനം ലഭിച്ചത്: അഞ്ചു പവൻ. തുലാഭാരത്തിൽ പ്രവർത്തിച്ചവരെ ആദരിക്കാൻ വേണ്ടി ചെന്നൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആ പാരിതോഷികം ഏറ്റുവാങ്ങിയത് ഓർമ്മയുണ്ട്. അന്നതിന്റെ മൂല്യമൊന്നും അറിയില്ലല്ലോ.' -രജനി പറയുന്നു.

Also Read: മകനോടുള്ള അനീതിക്ക് അച്ഛന്റെ പ്രായശ്ചിത്തം; 'ഇനിയീ വീട്ടിൽ ആ പാട്ടുകൾ മതി, എനിക്കതേ കേൾക്കേണ്ടൂ...'

ശാരദയ്‌ക്കൊപ്പം വേറെയും സിനിമകളിൽ കുട്ടിവേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട് രജനി: കാർത്തിക, മിടുമിടുക്കി, ക്രോസ്‌ബെൽറ്റ്, അപരാധിനി അങ്ങനെയങ്ങനെ. വിഖ്യാത കാർട്ടൂൺ പരമ്പരയായ 'ബോബനും മോളിയും' അതേ പേരിൽ ശശികുമാറിന്റെ സംവിധാനത്തിൽ 1971-ൽ സിനിമയായപ്പോൾ മോളിയായി വേഷമിടാനുള്ള ഭാഗ്യം ലഭിച്ചത് അന്ന് ഒൻപത് വയസ്സ് പ്രായമുണ്ടായിരുന്ന രജനിക്കാണ്. 

അരനാഴികനേരത്തിൽ ചിപ്പി ചിപ്പി മുത്തുച്ചിപ്പി എന്ന ഗാനരംഗത്ത് കൊട്ടാരക്കര ശ്രീധരൻ നായർക്കൊപ്പം അഭിനയിച്ചതും രജനി തന്നെ. തുടർന്ന് കാട്ടുകുരങ്ങ്, വിവാഹിത, വിരുതൻ ശങ്കു, മുത്തശ്ശി തുടങ്ങിയ ചിത്രങ്ങൾ. 'സിനിമയോട് വിടപറഞ്ഞ ശേഷം ഒരു തവണയേ ശാരദാമ്മയെ കണ്ടിട്ടുള്ളൂ; ഒരു ചടങ്ങിൽ വെച്ച്. അന്നും അധികം പരിചയപ്പെടുത്തേണ്ടി വന്നില്ല.' -രജനി തുടർന്നു.

Don’t Miss: 'ഉഷസേ നീയെന്നെ വിളിക്കുകില്ലെങ്കിൽ...'; സംഗീതത്തെ പ്രണയിച്ച 'വില്ലന്' സുവർണ ജൂബിലി

വർക്കലയിലാണ് വേരുകളെങ്കിലും രജനി ജനിച്ചതും വളർന്നതും പഴയ മദിരാശിയിൽ. ബാലനടിയായി തുടങ്ങി സ്വഭാവനടിയായി പേരെടുത്ത ചേച്ചി ഉഷാറാണിയെ പിന്തുടർന്നായിരുന്നു സിനിമയിലേക്കുള്ള വരവ്. 'ജയിൽ' എന്ന സിനിമയിലൂടെ ചേച്ചി അരങ്ങേറ്റം കുറിച്ച് അധികം വൈകാതെ അനിയത്തിയും സിനിമയിലെത്തി; മുത്തയ്യ സംവിധാനം ചെയ്ത് 1967-ൽ പുറത്തിറങ്ങിയ 'ചിത്രമേള'യിലൂടെ. 'അഭിനയിക്കാൻ താത്പര്യമുള്ള ഒരു കുട്ടിയെ തേടി ആ പടത്തിന്റെ ആളുകൾ ഞാൻ പഠിക്കുന്ന ചർച്ച് പാർക്ക് സ്‌കൂളിൽ വന്നത് ഓർമ്മയുണ്ട്. അമ്മക്കും അച്ഛനും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.'

Also Read: 'എടോ, നിയ്യ് വല്യ ആളായിട്ടോ...'; ആദ്യ പുസ്തകം എം.ടി പ്രകാശനം ചെയ്തപ്പോൾ അമ്മ പറഞ്ഞു

വിദൂരസ്മരണയാണ് ഇന്ന് രജനിക്ക് തന്റെ സിനിമാക്കാലം. 'ബാലനടിയായി എന്നെ അറിയുന്നവർ കുറവായിരിക്കും. അങ്ങനെയൊരു ഭൂതകാലം നമുക്കുണ്ടെന്ന് ആരോടും പറയാറില്ല; അടുത്ത സുഹൃത്തുക്കളോട് പോലും...' -രജനിയുടെ വാക്കുകൾ. 'എങ്കിലും സിനിമയിൽ അഭിനയിച്ചതിൽ ദുഃഖമൊന്നുമില്ല. മഹാന്മാരായ എത്രയോ കലാകാരന്മാരെയും കലാകാരികളേയും പരിചയപ്പെടാൻ കഴിഞ്ഞു. അവരുടെ സ്‌നേഹവാത്സല്യങ്ങൾ നുകരാൻ കഴിഞ്ഞു. തിരിഞ്ഞുനോക്കുമ്പോൾ ഇങ്ങനേയും ഒരു കാലമുണ്ടായിരുന്നു നമ്മുടെ ജീവിതത്തിലെന്ന് അത്ഭുതത്തോടെ ഓർക്കാറുണ്ട്....'