
'എന്നെ എപ്പോ കണ്ടാലും സഹായം വേണമല്ലേ...'
പയ്യന്നൂർ കോളേജ് വളപ്പിൽ, കുറുമ്പൊളിപ്പിച്ചുവെച്ച് വിനോദിനെ കുഴക്കുന്ന ആ ചോദ്യം ചോദിച്ച കൊച്ചുകുട്ടിയാണ് രണ്ടു ദിവസമായി സാമൂഹിക മാധ്യമങ്ങളാകെ. 'തട്ടത്തിൻ മറയത്ത്' സിനിമയിൽ, അമ്മ കളിപ്പാട്ടവും ചോക്ലേറ്റും വാങ്ങിച്ചുതരാത്തതിന്റെ പരിഭവം അച്ഛനെ അറിയിക്കാൻ സ്റ്റെൻസിൽ ഭാഷ പഠിച്ചെടുത്ത ആ പെൺകുട്ടിയാണ് വിനോദിനെ ആയിഷയോട് അടുപ്പിക്കുന്നത്. 14 വർഷങ്ങൾക്ക് ശേഷം ആ പെൺകുട്ടിയും വിനോദിനെ അവതരിപ്പിച്ച നിവിൻ പോളിയും വീണ്ടും കണ്ടുമുട്ടി. വർഷങ്ങൾ പോയതറിയാതെ പ്രേക്ഷകർ 'വലുതായി കുട്ടികളൊക്കെ' എന്ന് അത്ഭുതപ്പെട്ടു. ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിലുണ്ടായ ആ കണ്ടുമുട്ടലിനെക്കുറിച്ച് അന്നത്തെ നാലരവയസ്സുകാരി മനസ്സ് തുറന്നു. ഇന്നവൾ കൊച്ചി സെന്റ് തെരേസാസ് കോളേജിൽ മൂന്നാം വർഷ മാനേജ്‌മെന്റ് സ്റ്റഡീസ് വിദ്യാർഥിയാണ്.
മലയാളി പ്രേക്ഷകർ ഇന്നും നെഞ്ചോട് ചേർത്തുപിടിക്കുന്ന സിനിമയാണ് വിനീത് ശ്രീനിവാസന്റെ 'തട്ടത്തിൻ മറയത്ത്'. അതിലെ വിനോദും ആയിഷയും ഇന്നും മലയാളിയുടെ പ്രണയസങ്കല്പങ്ങളുടെ ഭാഗമാണ്. സെന്റ് തെരേസാസിലെ വേദിയിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടിയ നിവിൻ പോളിയെ അമ്പരപ്പിച്ചു കളഞ്ഞ ആ പഴയ കൊച്ചു സുന്ദരിയുടെ പേര് അഞ്ജന അരുൺദേവ്.
അപ്രതീക്ഷിതം
കോളേജ് യൂണിയൻ ഉദ്ഘാടന ചടങ്ങിൽ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി എത്തിയതായിരുന്നു നിവിൻ പോളി. നടൻ സംസാരിച്ചുകഴിഞ്ഞ ശേഷം സ്‌ക്രീനിൽ 'തട്ടത്തിൻ മറയത്തി'ലെ ആ സീൻ തെളിഞ്ഞു. ആയിഷയ്ക്ക് സ്‌റ്റെൻസിൽ ഭാഷയിൽ സോറി എഴുതി നൽകാൻ ആശുപത്രി കിടക്കയിലെ കൊച്ചുകുട്ടിയുടെ സഹായം തേടുന്ന വിനോദിന്റെ സീൻ. പിന്നീട് അവതാരക നടത്തിയ പ്രഖ്യാപനവും വേദിയിലേക്ക് കടന്നുവന്ന പെൺകുട്ടിയും നിവിനെ അമ്പരപ്പിച്ചു കളഞ്ഞു. തനിക്ക് മലയാളത്തിൽ നായകസ്ഥാനമുറപ്പിച്ച ആ സിനിമയിൽ ഒപ്പം അഭിനയിച്ച പെൺകുട്ടിയെ ഏറെക്കാലത്തിന് ശേഷം കണ്ട ആശ്ചര്യവും അവിശ്വസനീയതയുമെല്ലാം നിവിന്റെ നോക്കിലും വാക്കിലുമുണ്ടായിരുന്നു. 'കൊള്ളാല്ലോ, വല്ലാത്തൊരു സർപ്രൈസായല്ലോ' എന്നുമാത്രം നിവിൻ പറഞ്ഞുനിർത്തി.
'പുതിയ യൂണിയന്റെ സത്യപ്രതിജ്ഞയും ഉദ്ഘാടനവുമായിരുന്നു ഇന്നലെ. ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് നിവിൻ എത്തിയത്. യൂണിയൻ അംഗങ്ങളിൽ മിക്കവാറും സുഹൃത്തുക്കളാണ്. പണ്ട് സിനിമയിൽ അഭിനയിച്ച കാര്യം അവർക്കും അറിയാമായിരുന്നു. പരിപാടി തുടങ്ങുന്നതിന്റെ പത്തുമിനിറ്റ് മുമ്പാണ് അവർ എന്നോട് വേദിയിലേക്ക് വിളിപ്പിക്കുമെന്നും അവിടെ തന്നെയുണ്ടാവണമെന്നും പറയുന്നത്. എപ്പോഴും കിട്ടുന്ന അവസരമല്ലല്ലോ ഇത്, സുഹൃത്തുക്കളെ അനുസരിച്ചു. കഥാപാത്രത്തെ അവതരിപ്പിച്ച ആളെ തിരിച്ചറിയാതെപോലും ആളുകൾ കഥാപാത്രത്തെ എത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് വേദിയിൽ കയറിയപ്പോൾ ലഭിച്ച ആരവം മനസിലാക്കി തന്നു', അഞ്ജന പറയുന്നു.
'അന്ന് നാലര വയസ്സ്'
14 വർഷങ്ങൾക്ക് മുമ്പ് തന്റെ ആദ്യ ചിത്രത്തിൽ കൂടെയുണ്ടായിരുന്ന താരം, ഇന്ന് കോളേജ് വിദ്യാർഥിനിയായി മുന്നിൽ നിൽക്കുന്നത് കണ്ടപ്പോൾ നിവിൻ പോളിയുടെ അമ്പരപ്പ് ചെറുതായിരുന്നില്ല. അഞ്ജനയെ കണ്ട് നിവിൻ പോളി അത്ഭുതപ്പെട്ട ആ നിമിഷം, നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
നാലര വയസ്സുള്ളപ്പോൾ, യു.കെ.ജിയിൽ പഠിക്കുമ്പോഴാണ് അഞ്ജന, വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘തട്ടത്തിൻ മറയത്തി’ന്റെ ഭാഗമാവുന്നത്. 'മിറർ മോഡലിങ്' എന്ന ഏജൻസി വഴിയാണ് സിനിമയിലേക്ക് അഞ്ജനയെത്തുന്നത്.
സിനിമ റിലീസ് ചെയ്യുമ്പോൾ ഒന്നാം ക്ലാസ്സുകാരിയായിരുന്നു അഞ്ജന. ഇന്നത്തെ മുൻനിരക്കാരായ, ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ, അദ്ദേഹത്തിന്റെ സഹായികളായി ചിത്രത്തിൽ പ്രവർത്തിച്ച ജൂഡ് ആന്തണി ജോസഫ്, ഗണേഷ് രാജ്, ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ അജു വർഗീസ് തുടങ്ങിയവരെല്ലാം അന്ന് കരിയറിന്റെ തുടക്കത്തിലായിരുന്നു. അഞ്ജനയുടെ വാക്കുകളിൽ പറഞ്ഞാൽ അതൊരു 'ചിൽ സെറ്റ്' ആയിരുന്നു. 'എല്ലാവരും വളരെ സ്‌നേഹത്തോടെയാണ് എന്നെ ട്രീറ്റ് ചെയ്തത്', അഞ്ജന പറഞ്ഞു. നിവിൻ പോളിയും ഇഷാ തൽവാറും തന്നെ എടുത്തുനടന്നതൊക്കെ മങ്ങിയ ഓർമകളായി ഇപ്പോഴും അഞ്ജനയുടെ മനസ്സിലുണ്ട്.
വിനീത് ശ്രീനിവാസൻ മാജിക്
ചിത്രത്തിൽ ഡബ്ബിങ്ങും സ്വയം ചെയ്തതാണെന്ന് അഞ്ജന ഓർക്കുന്നു. വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്റെ മികവാണ് തന്നെക്കൊണ്ട് അത് മനോഹരമായി ഡബ്ബ് ചെയ്യിച്ചതെന്ന് അഞ്ജന വിശ്വസിക്കുന്നു. ചിത്രത്തിലുടനീളമുള്ള 'വിനീത് ശ്രീനിവാസൻ മാജിക്' തന്നെയാണ് വർഷങ്ങൾക്കിപ്പുറവും ആ കഥാപാത്രത്തെയും ചിത്രത്തെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നതെന്ന് അഞ്ജന പറയുന്നു.
'തട്ടത്തിൻ മറയത്തി'ന് ശേഷം ബാലതാരമായി ഏതാനും ചിത്രങ്ങളിൽ കൂടി അഞ്ജന വേഷമിട്ടു. ദിലീപ് ചിത്രം 'മിസ്റ്റർ മരുമകനിൽ' നായിക സനുഷയുടെ ചെറുപ്പകാലം അവതരിപ്പിച്ചതും, 'ഹൗസ് ഫുൾ' എന്ന സിനിമയിൽ ടിനി ടോം- ജ്യോതിർമയി ദമ്പതികളുടെ നാല് മക്കളിൽ ഒരാളായി അഭിനയിച്ചതും അഞ്ജനയാണ്. കൂടാതെ 'റെഡ് വൈൻ' 'അയാളും ഞാനും തമ്മിൽ' എന്നീ ചിത്രങ്ങളിലും അഞ്ജന വേഷമിട്ടു. എന്നാൽ പിന്നീട് പഠനത്തിന് മുൻഗണന നൽകാനായി അഭിനയരംഗത്ത് നിന്ന് പതിയെ വിട്ടുനിന്നു.
'വലുതായി കുട്ടികളൊക്കെ'
സിനിമയെ പൂർണമായും ഉപേക്ഷിച്ചു എന്ന് ഇതിനർഥമില്ല. 'നല്ല അവസരങ്ങൾ തേടിയെത്തിയാൽ ഉറപ്പായിട്ടും സിനിമയിലേക്ക് തിരിച്ചുവരും,' മലയാളികളുടെ മനം കവർന്ന അഞ്ജന തുറന്നുപറഞ്ഞു.
എറണാകുളം ഇടപ്പള്ളി സ്വദേശിയാണ് അഞ്ജന. തേവക്കൽ വിദ്യോദ്യയ സ്‌കൂളിലായിരുന്നു പഠനം. സ്‌കൂളിൽ നിവിൻ പോളിയുടെ മകൻ തന്റെ ജൂനിയർ ആയിരുന്നുവെന്നത് യാദൃച്ഛികതയായി അഞ്ജന അടയാളപ്പെടുത്തുന്നു.
കോളേജ് പഠനത്തോടൊപ്പം റെഡ് ബുൾ കേരള ടീമിലെ 'സ്റ്റുഡന്റ് മാർക്കറ്റർ' എന്ന നിലയിലാണ് അഞ്ജന ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അഞ്ജനയുടെ വീഡിയോ കണ്ടവരുടെ കമന്റുകൾ 'വലുതായി കുട്ടികളൊക്കെ' എന്നാണ്. നിവിൻ പോളിയുടെ തന്നെ ഹിറ്റ് ഡയലോഗിലൂടെ തന്റെ വളർച്ചയെ പ്രേക്ഷകർ അടയാളപ്പെടുത്തുന്നത് താൻ ആസ്വദിക്കുന്നുണ്ടെന്ന് അഞ്ജന പറയുന്നു.
Content Highlights: Anjana Arundev, who played the viral child artist in Vineeth Sreenivasan's hit film 'Thattathin Marayathu', recently reconnected with actor Nivin Pauly after 14 years. The unexpected reunion took place during a promotional event at St. Teresa's College, Kochi, where Anjana is currently pursuing her third-year degree in Management Studies. Nivin Pauly was pleasantly surprised when the iconic scene was screened at the event and Anjana was introduced on stage right in front of him. Recalling her experience, Anjana mentioned that she was only four and a half years old during the shoot and cherished warm memories of working with Vineeth Sreenivasan, Nivin Pauly, and Isha Talwar. Having acted in a few other films like 'Mr. Marumakan' and 'Housefull', Anjana took a break for her studies but expressed her strong interest in returning to acting if good roles come her way.
Published: 11 Aug 2026, 05:40 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented