
സ്‌കൂൾ ഡെസ്‌കുകളിൽ കൊട്ടിത്തുടങ്ങിയ സംഗീതത്തോടുള്ള അഭിനിവേശം, ഇന്ന് ആലപ്പുഴ സ്വദേശിയായ വിഷ്ണു വിജയന്റെ ജീവിതയാത്രയായി മാറിയിരിക്കുന്നു. കേരളത്തിൽ ജനിച്ചെങ്കിലും വിഷ്ണുവിന്റെ കൗമാരകാലം ചെലവഴിച്ചത് മധ്യപ്രദേശിലായിരുന്നു. അവിടെയുള്ള 18 വർഷങ്ങൾ അദ്ദേഹത്തെ ഒരു മികച്ച ഹിന്ദുസ്ഥാനി തബലിസ്റ്റായി രൂപപ്പെടുത്തി. തന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും സംഗീതത്തിന്റെ അപാരമായ സാധ്യതകൾ തേടിയുള്ള യാത്രയിലായിരുന്നു വിഷ്ണു.
ഇന്ന് 'മോ-തിയോ-വിഷ്ണു' (Mo-Theo-Vishnu), 'സൗണ്ട് ആന്ത്രപ്പോളജി' (Sound Anthropology) എന്നീ ബാൻഡുകൾക്കൊപ്പം വിഷ്ണു ലോകം ചുറ്റുകയാണ്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അനന്തസാധ്യതകൾ ആഗോള പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുമ്പോഴും, അർഹരായ വിദ്യാർഥികൾക്ക് അറിവ് പകർന്നുനൽകാൻ അദ്ദേഹം സമയം കണ്ടെത്തുന്നു. സംഗീതം പഠിക്കുന്നതിനും അവതരിപ്പിക്കുന്നതിനും ഒപ്പം തന്നെ പ്രധാനമാണ് അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതും എന്ന ബോധ്യമാണ് വിഷ്ണുവിനെ നയിക്കുന്നത്. താൻ ഏറെ സ്‌നേഹിക്കുന്ന തബല എന്ന വാദ്യോപകരണത്തിന്റെ സവിശേഷതകൾ ലോകത്തിന്റെ ഓരോ കോണിലും എത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. വിഷ്ണു തന്റെ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട്‌കോമുമായി പങ്കുവെക്കുന്നു.
തുടക്കം: ഡെസ്‌കിലെ താളം മുതൽ മധ്യപ്രദേശ് വരെ
'കേരളത്തിലാണ് ജനിച്ചതെങ്കിലും വളർന്നത് മധ്യപ്രദേശിലായിരുന്നു. സ്‌കൂൾ കാലം ഉൾപ്പെടെ 18 വർഷം അവിടെയായിരുന്നു. എന്റെ കുടുംബത്തിന് സംഗീത പാരമ്പര്യമൊന്നും ഇല്ലായിരുന്നു. പാടുന്നതിനേക്കാൾ വാദ്യോപകരണങ്ങളോടായിരുന്നു എനിക്ക് താൽപര്യം.
കുട്ടിക്കാലം മുതൽ സംഗീതമായിരുന്നു എന്റെ ലോകം. താളങ്ങളോടായിരുന്നു പ്രിയം. എല്ലാവരെയും പോലെ ഡെസ്‌കിലൊക്കെ കൊട്ടി നടന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ പിന്നീട് ഞാൻ അതിനെ ഗൗരവമായി എടുത്തു. പാശ്ചാത്യ ഡ്രംസ്, കോംഗോ, കജോൺ തുടങ്ങിയവയോട് ഇഷ്ടം തോന്നിത്തുടങ്ങിയെങ്കിലും ഒടുവിൽ തബലയിൽ ഉറച്ചുനിൽക്കുകയും നാലാം ക്ലാസ് മുതൽ ഔദ്യോഗികമായി പഠനം ആരംഭിക്കുകയും ചെയ്തു. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു.
സ്‌കൂൾ പഠനത്തിനൊപ്പം തന്നെ സംഗീതവും പ്രത്യേകമായി പഠിച്ചു. ഡിപ്ലോമ പൂർത്തിയാക്കിയതോടെ താത്പര്യം വർധിച്ചു. പിന്നീട് ഡൽഹി യൂണിവേഴ്‌സിറ്റിയിൽ സംഗീത ക്വാട്ടയിൽ ബിരുദം നേടി. വ്യത്യസ്ത ഗുരുക്കന്മാരുടെ കീഴിലും വിവിധ ഹിന്ദുസ്ഥാനി 'ഘരാന' ശൈലികളിലും തബല പഠിക്കാൻ സാധിച്ചത് എനിക്ക് വലിയ ഗുണമായി'.
വഴിത്തിരിവ്
'കോളേജ് കാലത്ത് ഒരു മ്യൂസിക് ബാൻഡിൽ ചേർന്നതാണ് കരിയറിൽ വഴിത്തിരിവായത്. വിവിധ യൂണിവേഴ്‌സിറ്റി മത്സരങ്ങൾ മുതൽ ലൈവ് തിയേറ്ററുകൾക്ക് വേണ്ടി സംഗീതം നൽകാൻ വരെ അത് അവസരമൊരുക്കി. ആദ്യം സംഗീതം ഒരു കരിയർ ആക്കണമെന്ന് കരുതിയിരുന്നില്ല, പക്ഷേ കാലം എന്നെ ഒരു പ്രൊഫഷണൽ തബലിസ്റ്റാക്കി. ഇന്ന് തബല വായിക്കുക മാത്രമല്ല, വരുംതലമുറയ്ക്ക് ആ അറിവ് പകർന്നുനൽകാനും എനിക്ക് സാധിക്കുന്നു'.
സെപ്റ്റംബറിൽ 'മോ റേ' (Mow Ray)-യ്‌ക്കൊപ്പം പുറത്തിറങ്ങിയ 'Peron 12' എന്ന ട്രാക്ക് ഹംസധ്വനി രാഗത്തിന്റെ മിശ്രണമാണ് പരീക്ഷിക്കുന്നത്. വൈവിധ്യമാർന്ന സംഗീത ശൈലികളിലൂടെ സ്ഥലങ്ങൾ കൈമാറുന്ന വികാരങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
'മലയാളികൾ സംഗീതത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നവർ'
'കേരളത്തിലുള്ളവർ സംഗീതത്തെ ഒരുപാട് സ്‌നേഹിക്കുന്നവരാണ്. ഡിസംബറിലെ എന്റെ ഇന്ത്യൻ ടൂറിന്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ പരിപാടിയെ അവിടുത്തെ യുവാക്കൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. അവരുടെ സംഗീതാസ്വാദനം വളരെ മികച്ചതാണ്. വ്യത്യസ്തമായ സംഗീത ശൈലികൾ തേടിപ്പോകുന്നവരാണ് അവർ. ചെല്ലോ, ക്ലാർനെറ്റ്, തബല തുടങ്ങിയ വാദ്യോപകരണങ്ങളെക്കുറിച്ച് അവർക്ക് വ്യക്തമായ ധാരണയുണ്ട്.
ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഡിജെകൾ, പാശ്ചാത്യ വാദ്യകലാകാരന്മാർ തുടങ്ങി വൈവിധ്യമാർന്ന കലാകാരന്മാരുമായി സഹകരിക്കാൻ എനിക്ക് സാധിച്ചു. ഇന്ത്യൻ ക്ലാസിക്കൽ വാദ്യോപകരണമായ തബലയെ ആഗോളതലത്തിൽ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുക എന്നതാണ് എന്റെ സ്വപ്‌നം'.
സംഗീതം എന്റെ ജീവവായു
'സംഗീതത്തിന്റെ ഒഴുക്ക് ലോകമെമ്പാടും എത്തിക്കാനും അതിന്റെ സന്തോഷത്തിൽ പങ്കുചേരാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. പഠിക്കാനും പഠിപ്പിക്കാനും എനിക്ക് ഒരേപോലെ ഇഷ്ടമാണ്.
ബെംഗളൂരുവിലായിരുന്നപ്പോൾ ശങ്കർ മഹാദേവൻ അക്കാദമിയിലടക്കം ഞാൻ ക്ലാസുകൾ എടുക്കുമായിരുന്നു. പിന്നീട് മാസ്റ്റേഴ്‌സ് പഠനത്തിനായാണ് ലണ്ടനിലെത്തിയത്. അവിടെ ജോലിക്കൊപ്പം തന്നെ സംഗീത പഠനവും മുന്നോട്ട് കൊണ്ടുപോയി.
ഓരോ രാജ്യങ്ങളിലൂടെയുള്ള യാത്രകൾ തബലയിലെ വൈവിധ്യങ്ങൾ മനസിലാക്കാൻ എന്നെ സഹായിച്ചു. നിലവിൽ ലണ്ടനിൽ ജോലി ചെയ്തുകൊണ്ട് തന്നെ എന്റെ സംഗീത അഭിരുചി വളർത്താനാണ് ശ്രമിക്കുന്നത്. ഭാവിയിൽ സംഗീതം ഒരു മുഴുവൻ സമയ ജോലിയാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.
കൂടുതൽ പ്രതിഭകൾ സംഗീത ലോകത്തേക്ക് വരാൻ സ്‌കൂൾ തലം മുതൽ കുട്ടികൾക്ക് പ്രചോദനം നൽകണം. മാതാപിതാക്കൾ അവർക്ക് പൂർണപിന്തുണ നൽകുകയും വേണം'.
Content Highlights: Vishnu`s inspiring journey as a Hindustani tabla maestro
Published: 13 Jan 2026, 01:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented