പ്രണയം വഴിഞ്ഞൊഴുകുന്ന അന്തരീക്ഷം. പശ്ചാത്തലത്തിൽ അലയടിച്ചുയരുന്ന തിരമാലകളുടെ ദൃശ്യഭംഗി. കടലോരത്തുകൂടി കൈകോർത്തു നടന്ന് മധുവിധു ആഘോഷിക്കുന്ന നവദമ്പതികളുടെ ചുണ്ടിൽ പ്രണയാർദ്രമായ ഒരു പാട്ടിന്റെ ശീലുകൾ കൂടിയുണ്ടെങ്കിൽ എല്ലാം തികഞ്ഞു. അതായിരുന്നല്ലോ അന്നത്തെ നാട്ടുനടപ്പ്.

To advertise here,

എന്നാൽ അടൂർ ഗോപാലകൃഷ്ണൻ ആ പതിവ് തെറ്റിച്ചു. സ്വന്തം സിനിമയിൽ പാട്ടുകൾ വേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു അദ്ദേഹം. പകരം മധുരോദാരമായ ഒരു ഹമ്മിംഗിലൂടെ "സ്വയംവര"ത്തിലെ വിശ്വത്തിന്റേയും സീതയുടെയും ഹൃദയവികാരങ്ങൾ ഒപ്പിയെടുത്ത് അവതരിപ്പിച്ചു. "സംഗീതസംവിധായകൻ എംബിഎസ്സിന്റെ ആശയമായിരുന്നു ആ ഹമ്മിംഗ്."-അടൂർ ഓർക്കുന്നു." പ്രണയരംഗത്തിന്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു ഹമ്മിംഗ് വന്നാൽ അതൊരു പാട്ടിന്റെ എഫക്ട് കൊണ്ടുവരുമെന്ന് തോന്നിയിരിക്കണം എംബിഎസ്സിന്."

വിശ്വത്തിന്റെയും സീതയുടെയും പ്രണയനിമിഷങ്ങളുടെ പശ്ചാത്തലത്തിലേക്ക് എസ് ജാനകിയുടെ ശബ്ദം ഒഴുകിയെത്തുന്നത് അങ്ങനെയാണ്. അടൂരിന്റെ ആദ്യ ചിത്രത്തിലെ ഈ ജാനകീസാന്നിദ്ധ്യം ശ്രദ്ധയിൽ പെട്ടിരുന്നില്ല ആദ്യം. സമീപകാലത്ത് "സ്വയംവരം" വീണ്ടും കണ്ടപ്പോഴാണ് മനോഹരമായ ആ ഹമ്മിംഗ് മനസ്സിനെ തൊട്ടത്. ഇടയ്ക്കുവെച്ച് ഭാവദീപ്തമായ ഒരു പുരുഷശബ്ദം കൂടി അലിഞ്ഞുചേരുന്നു ആ പ്രവാഹത്തിൽ. എംബിഎസ്സിന്റേതാണ് ആ ശബ്ദമെന്ന് സാക്ഷ്യപ്പെടുത്തിയത് ജാനകി തന്നെ. "എവിഎം തിയേറ്ററിലാണ് ഹമ്മിംഗ് റെക്കോർഡ് ചെയ്തതെന്നാണ് ഓർമ്മ."-അടൂർ.

പിന്നണി ഗാനങ്ങൾ ഇല്ലെങ്കിലും രണ്ടു പ്രശസ്ത ഗായകരുടെ കൂടി ശബ്ദസാന്നിധ്യം അടൂരിന്റെ ആദ്യസിനിമയിൽ ഉണ്ടെന്നത് മറ്റൊരു കൗതുകം. പശ്ചാത്തലത്തിൽ കേൾക്കുന്ന നാദവീചികളായാണ് "സ്വയംവര"ത്തിൽ യേശുദാസിന്റേയും പി.ബി. ശ്രീനിവാസിന്റെയും വരവും പോക്കും. തിരുവനന്തപുരം നഗരവീഥികളിലൂടെ വിശ്വം നടന്നുപോകവേ ന്യൂ തിയേറ്ററിനു മുന്നിലെത്തിയപ്പോൾ പശ്ചാത്തലത്തിൽ ഒഴുകിനിറയുന്നത് വയലാർ -- ദേവരാജൻ ടീമിന് വേണ്ടി യേശുദാസ് പാടിയ "കൗമാരം കഴിഞ്ഞു, കൗതുകങ്ങൾ വിരിഞ്ഞു" എന്ന പാട്ടിന്റെ വരികൾ. "സ്വയംവരത്തിന് മുൻപ് കുടുംബാസൂത്രണം പ്രമേയമാക്കി ചെയ്ത പ്രതിസന്ധി എന്ന ഹ്രസ്വചിത്രത്തിൽ ഉപയോഗിച്ച പാട്ടായിരുന്നു അത്."-അടൂരിന്റെ ഓർമ്മ.

മറ്റൊരു ഗാനത്തിന്റെ ഈരടികൾ കൂടി "സ്വയംവര"ത്തിന്റെ പശ്ചാത്തലത്തിൽ ഉപയോഗിച്ചിട്ടുണ്ട് അടൂർ. പുതിയ ലോഡ്ജിലേക്ക് വിശ്വവും സീതയും താമസം മാറ്റുന്ന സമയത്ത് ഒഴുകിയെത്തുന്നത് "ജീവിതം ഒരു കൊച്ചു കിലുക്കാംപെട്ടി" (പിബിഎസ്) എന്ന "പ്രിയതമ"യിലെ പാട്ടിന്റെ വരികൾ: "കിലുക്കാംപെട്ടിയിലെ കിങ്ങിണിപ്പെട്ടിയിലെ കുന്നിക്കുരുക്കളല്ലോ നമ്മൾ.." (ശ്രീകുമാരൻ തമ്പി - ബ്രദർ ലക്ഷ്മണൻ). സിനിമ തുടങ്ങും മുൻപ് തിയേറ്ററുകളിൽ പാട്ടുകളുടെ റെക്കോർഡ് വെക്കുന്ന പതിവുണ്ട് അന്ന്. അങ്ങനെയൊരു സന്ദർഭം മനസ്സിൽ കണ്ടാണ് ആ പാട്ട് ഉപയോഗിച്ചതെന്ന് അടൂർ.

കൗതുകം തോന്നാം. അടൂരിന്റെ ആദ്യചിത്രമാകേണ്ടിയിരുന്ന 'കാമുകി'(1967)യിൽ നാല് മനോഹര ഗാനങ്ങൾ ഉണ്ടായിരുന്നു. അതിലൊന്ന് യേശുദാസിന്റെ എക്കാലത്തേയും മികച്ച പ്രണയഗാനങ്ങളിൽ ഒന്നായിരുന്നു താനും - "ജീവനിൽ ജീവന്റെ ജീവനിൽ നിന്നെരിയുന്നു നിൻ മിഴികൾ നിറദീപങ്ങൾ പോലെ.'' ഏറ്റുമാന്നൂർ സോമദാസൻ എഴുതി വികെ ശശിധരനും പികെ ശിവദാസും (ശിവൻ-ശശി) ചേർന്ന് ചിട്ടപ്പെടുത്തിയ പാട്ട്. "കഥയുടെ സ്വാഭാവികമായ ഒഴുക്കിന് വിഘാതം സൃഷ്ടിക്കുന്ന ഒരു തരം ഗോഷ്ഠിയായേ ഗാനചിത്രീകരണം എന്ന ഏർപ്പാടിനെ കാണാനാവൂ'' എന്ന് തുറന്നു പ്രഖ്യാപിച്ചിട്ടുള്ള സംവിധായകൻ സ്വന്തം സിനിമയിൽ പാട്ടുകൾ ഉൾക്കൊള്ളിക്കാൻ തയ്യാറായതെങ്ങനെ ?

അടൂരിന്റെ മറുപടി ഇങ്ങനെ: "വിധിനിയോഗം എന്നേ പറയാനാകൂ. 1965 ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ഡിപ്ലോമയുമായി പുറത്തുവന്ന ശേഷം സ്വന്തം സങ്കൽപ്പങ്ങൾക്കൊത്ത ഒരു പടം ചെയ്യണം എന്ന് മോഹിച്ചുവെങ്കിലും സാഹചര്യങ്ങൾ ഒത്തുവന്നില്ല. ആകെ ചെയ്യാൻ അവസരമുണ്ടായത് കുറച്ചു ഡോക്യുമെന്ററികളാണ്. ഫീച്ചർ ഫിലിമിനായുള്ള കാത്തിരിപ്പ് അനന്തമായി നീണ്ടതോടെ ഒരു തരം ഫ്രസ്ട്രേഷൻ ബാധിച്ചു എന്നെ. എന്തെങ്കിലുമൊന്നു ചെയ്തേ പറ്റൂ എന്ന് മനസ്സ് നിർബന്ധിച്ചു കൊണ്ടിരുന്ന ഘട്ടം. ആ സമയത്താണ് കുവൈറ്റിലെ ഒരു സുഹൃത്ത് സിനിമാ പ്രോജക്ടുമായി വരുന്നത്. ഫിലിം സൊസൈറ്റി ബന്ധമൊക്കെ ഉള്ള ആളാണ്‌. അന്നത്തെ നടപ്പ് രീതി അനുസരിച്ചു ആദ്യം പാട്ട് റെക്കോർഡ്‌ ചെയ്യുക, പിന്നീട് കുറച്ചു രംഗങ്ങൾ ഷൂട്ട്‌ ചെയ്തു വിതരണക്കാരെ കാണിക്കുക, അവരെ പ്രീണിപ്പിക്കുക ഇതൊക്കെയാണ് അദ്ദേഹത്തിന്റെ മനസ്സിലുള്ള ആശയം. വേറെ വഴിയില്ലാത്തതുകൊണ്ട് അതിനു വഴങ്ങിക്കൊടുക്കേണ്ടി വന്നു. പക്ഷേ, ചെയ്യുന്ന സിനിമയോട് - അത് ഏതു തരത്തിൽ ഉള്ളതായാലും-പരിപൂർണ പ്രതിബദ്ധത പുലർത്തണം എന്നുറച്ചിരുന്നു ഞാൻ.''

കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചെങ്കിലും പുതുമുഖങ്ങൾക്കൊപ്പം മധുവും ഉഷാനന്ദിനിയും അടൂർ ഭാസിയും ഒക്കെ അഭിനയിച്ച 'കാമുകി ' സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഇടയ്ക്കു വച്ച് മുടങ്ങി. "ഷൂട്ട്‌ ചെയ്ത ഭാഗങ്ങൾ വിതരണക്കാർക്ക് വേണ്ടി പ്രദർശിപ്പിച്ചത് ഓർമ്മയുണ്ട്. കണ്ടുതീർന്നയുടൻ ഒരക്ഷരം മിണ്ടാതെ സ്ഥലം വിടുകയായിരുന്നു അവർ.''- അടൂർ ചിരിക്കുന്നു. 'കാമുകി' വെളിച്ചം കണ്ടില്ലെങ്കിലും ആ സിനിമയ്ക്ക് വേണ്ടി റെക്കോർഡ്‌ ചെയ്യപ്പെട്ട പാട്ടുകളിൽ രണ്ടെണ്ണത്തിന് പിൽക്കാലത്ത് മോക്ഷം ലഭിച്ചു. അതേ തിരക്കഥ ചില തിരുത്തലുകളോടെ പത്തു വർഷം കഴിഞ്ഞ് "തീരങ്ങൾ'' എന്ന പേരിൽ രാജീവ് നാഥ് സംവിധാനം ചെയ്തു പുറത്തിറക്കിയപ്പോഴായിരുന്നു അത്. സോമനും ജയഭാരതിയും അഭിനയിച്ച ആ പടത്തിൽ, 'കാമുകി'ക്ക് വേണ്ടി റെക്കോർഡ് ചെയ്ത യേശുദാസിന്റെ ഗാനങ്ങൾ (ജീവനിൽ ജീവന്റെ ജീവനിൽ, വാടിക്കൊഴിഞ്ഞു മധുമാസഭംഗികൾ) ഉൾപ്പെടുത്തി രാജീവ്നാഥ്. ജാനകിയും സി.ഒ ആന്റോയും പാടിയ രണ്ടു പാട്ടുകൾ കൂടി റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു "കാമുകി"ക്ക് വേണ്ടി.

സ്വന്തം സിനിമയിലെ സംഗീത സംവിധായകന് തുടക്കത്തിൽ തന്നെ അടൂർ നൽകാറുള്ള ഒരു ഉപദേശമുണ്ട്: "ഒട്ടും അയവില്ലാത്ത, മാധുര്യം പുരളാത്ത, കേവല വികാരങ്ങൾക്ക് അടിവരയിടാത്ത, കർക്കശമായ സംഗീതമാണ് എനിക്ക് വേണ്ടത്.'' നിർഭാഗ്യവശാൽ നമ്മുടെ വാണിജ്യ സിനിമയിൽ പശ്ചാത്തല സംഗീതത്തിനു നിർവഹിക്കാനുള്ള ധർമങ്ങൾ ഇതൊന്നുമല്ല: അമിതാഭിനയത്തെ ഉത്സവമാക്കുക, അതിഭാവുകത്വത്തിൽ കടുത്ത നിറം ചാലിക്കുക, ശബ്ദബാഹുല്യം കൊണ്ട് ചിത്രീകരണത്തിലെയും അഭിനയത്തിലെയും പോരായ്മകൾ മറച്ചു പിടിക്കുക.. ഇതൊക്കെയാണ്. തികച്ചും സ്വാഭാവികമായ പ്രവണതകളായി ഇതെല്ലാം അംഗീകരിക്കാനും സ്വീകരിക്കാനും ശീലിച്ചിരിക്കുന്നു സാധാരണ പ്രേക്ഷകൻ. ശബ്ദത്തിന്റെ അകമ്പടിയില്ലാത്ത ദൃശ്യങ്ങളെ കുറിച്ച് സങ്കൽപ്പിക്കാൻ പോലുമാവില്ല അവർക്ക്. പശ്ചാത്തലത്തിലും അല്ലാതെയുമായി കടന്നുവരുന്ന പാട്ടുകൾ ഉണ്ടാക്കുന്ന ശബ്ദമാലിന്യം വേറെ.

"പേച്ചും പാട്ടും മാത്രമാണ് സിനിമ എന്ന് വരുന്നത് ദുഖകരം തന്നെ'' - അടൂർ പറയുന്നു. എന്നാൽ പാട്ടുകൾ സിനിമയുടെ ഇതിവൃത്തത്തിൽ ലയിച്ചു ചേരുന്ന വിധം ചിത്രീകരിക്കുന്നതിൽ തെറ്റ് കാണുന്നില്ല അദ്ദേഹം. "അത്തരം സിനിമകളിൽ പാട്ടിന്റെ സാന്നിധ്യം ഒരിക്കലും അരോചകമായി തോന്നില്ല നമുക്ക്. ബിമൽ റോയിയുടെ മധുമതി, സുജാത, ഗുരുദത്തിന്റെ ക്ലാസിക് ചിത്രങ്ങൾ ഒക്കെ ഉദാഹരണങ്ങളായി ഓർമ്മയിലുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും സുന്ദരമായ ചലച്ചിത്ര കാവ്യങ്ങളിൽ ഒന്നായിരുന്നു ഋത്വിക് ഘട്ടക് കഥയെഴുതിയ മധുമതി.. ഗാനങ്ങൾ ആ സിനിമയിൽ അധികപ്പറ്റായി തോന്നുകയേ ഇല്ല.''-അടൂർ.