വിശ്വസിക്കുമോ? ആദ്യ നായകനെ ജീവിതത്തിലൊരിക്കലും പിന്നെ കണ്ടിട്ടേയില്ല -ടി ആർ ഓമന


രവി മേനോൻ

2 min read
Read later
Print
Share

പുത്രധർമ്മം (1954) എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച അനിൽകുമാർ ഓർമ്മയായി. ആദ്യനായകനെ ഓർക്കുകയാണ് അഭിനേത്രി ടി ആർ ഓമന.

വി.ടി. ജോസഫ്, ടി.ആർ. ഓമന | ഫോട്ടോ: ഇ പേപ്പർ, വി. രമേഷ് | മാതൃഭൂമി

സിനിമയിലെ ആദ്യനായകന്റെ വിയോഗവാർത്തയറിയിച്ചപ്പോൾ ഒരു നിമിഷം മൗനിയായി ടി ആർ ഓമന. പിന്നെ ആത്മഗതമെന്നോണം പറഞ്ഞു: "വിശ്വസിക്കുമോ? ഒരുമിച്ചഭിനയിച്ച ആളെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ല പിന്നെ. എഴുപത് വർഷം കഴിഞ്ഞ് ഇന്നാണിപ്പോൾ അദ്ദേഹത്തെ കുറിച്ച് കേൾക്കുന്നത്. അതൊരു ദുഃഖവാർത്ത ആയി എന്നത് വിധിനിശ്ചയമാകാം."

1954 ൽ പുറത്തുവന്ന "പുത്രധർമ്മ"ത്തിൽ ഓമനയുടെ കാമുക കഥാപാത്രമായി അഭിനയിച്ച അനിൽ കുമാർ എന്ന വി ടി ജോസഫ് ഇന്നലെയാണ് വിടവാങ്ങിയത്. എൺപത്തൊമ്പതാം വയസ്സിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുത്രധർമ്മം ഉൾപ്പെടെ നാല് ചിത്രങ്ങളിൽ അഭിനയിച്ച ജോസഫിന് സിനിമയിൽ പ്രതീക്ഷിച്ച ഉയരങ്ങൾ കീഴടക്കാനാകാതെ പോയെങ്കിലും ആദ്യ നായിക ടി ആർ ഓമന മലയാളത്തിലെ തിരക്കേറിയ അഭിനേത്രിമാരിലൊരാളായി വളർന്നു. നൂറുകണക്കിന് ചിത്രങ്ങളിൽ അഭിനയിച്ചു. സഹോദരിക്കും കുടുംബത്തിനൊപ്പം ചെന്നൈ കോടമ്പാക്കത്ത് സന്തുഷ്ട ജീവിതം നയിക്കുന്നു 83 കാരിയായ ഓമന.

"അനിൽകുമാറിന്റെ യഥാർത്ഥ പേര് അറിയുന്നതു പോലും ഇപ്പോൾ നിങ്ങൾ പറഞ്ഞാണ്."- ഓമനയുടെ വാക്കുകൾ. "പുതു തലമുറക്ക് ഇതൊക്കെ കേൾക്കുമ്പോൾ അത്ഭുതം തോന്നാം. എന്നാൽ അന്ന് അതായിരുന്നു സിനിമയിലെ അന്തരീക്ഷം. ഒപ്പം അഭിനയിക്കുന്നവരുമായി പോലും ഒരു പരിധി കഴിഞ്ഞു ഇടപഴകാനുള്ള സാഹചര്യമില്ല. ദിവസവും ഷൂട്ടിംഗിന് പോകുന്നു, സംവിധായകൻ നിർദ്ദേശിക്കുന്ന പോലെ അഭിനയിച്ചു തിരിച്ചുപോരുന്നു. ആരുമായും വ്യക്തിപരമായ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട കാര്യം പോലുമില്ല. പുത്രധർമ്മത്തിന്റെ സെറ്റിൽ എനിക്ക് ആകെ പരിചയമുള്ള ഒരാളേ ഉണ്ടായിരുന്നുള്ളൂ -- തിക്കുറിശ്ശി സുകുമാരൻ നായർ..." നായകനെ മാത്രമല്ല പടത്തിന്റെ സംവിധായകൻ വിമൽകുമാറിനെയും പിന്നീടൊരിക്കലും കണ്ടിട്ടില്ലെന്ന് ഓമന.

"പുത്രധർമ്മ"ത്തിൽ അഭിനയിക്കുമ്പോൾ പതിനാല് വയസ്സേയുള്ളൂ ഓമനക്ക്. നായകൻ അനിൽകുമാറിന് ഇരുപതും. "ചിത്രീകരണം പൂർണ്ണമായും സ്റ്റുഡിയോയിലായിരുന്നു. പാട്ടു രംഗങ്ങളിലൊക്കെ ഒരുമിച്ച് അഭിനയിച്ചതിന്റെ നേരിയ ഓർമ്മയുണ്ട്. പിന്നെ, ഒരു സ്റ്റണ്ട് സീനിലും പ്രത്യക്ഷപ്പെട്ടു എന്നാണോർമ്മ. കാലമേറെയായില്ലേ? എല്ലാം മറന്നു തുടങ്ങിയിരിക്കുന്നു..." ഓമനയുടെ ആത്മഗതം. "പടം സാമ്പത്തികമായി അത്ര വിജയമായിരുന്നില്ല. അതുകൊണ്ടാവണം പിന്നീടൊരു നായികാ വേഷം എന്റെ ജീവിതത്തിൽ ആവർത്തിക്കപ്പെടാതെ പോയത്." പുത്രധർമ്മത്തിൽ പത്രമേജന്റ് ഗോപിയുടെ വേഷമായിരുന്നു അനിൽകുമാറിന്. ഓമനക്ക് കാമുകി ലീലയുടേയും.

ആലപ്പുഴയിൽ ജനിച്ചുവളർന്ന ഓമനയെ പുത്രധർമ്മത്തിൽ അഭിനയിക്കാൻ ക്ഷണിച്ചത് പടത്തിന്റെ നിർമ്മാതാവ് കെ വി കോശി. അതിനു മുൻപ് മൂന്ന് ചിത്രങ്ങളിൽ ബാലകഥാപത്രമായി മിന്നിമറഞ്ഞിരുന്നു ഓമന. "പ്രേമലേഖ" (1952) ആയിരുന്നു ബേബി ഓമനയുടെ ആദ്യചിത്രം. എസ് പി പിള്ളയുടെയും അടൂർ പങ്കജത്തിന്റെയും മകളായാണ് അതിൽ അഭിനയിച്ചത്. തുടർന്ന് ലോകനീതി, പൊൻകതിർ എന്നീ ചിത്രങ്ങൾ. ആദ്യ നായികാ വേഷം വാഗ്ദാനം ചെയ്യപ്പെട്ടപ്പോൾ അമിതമായ ആവേശമൊന്നും തോന്നിയില്ലെന്ന് ഓമന. സിനിമ ഇന്നത്തെപോലെ വലിയൊരു ആകർഷണമായിരുന്നില്ലല്ലോ അന്നത്തെ തലമുറക്ക്. തിക്കുറിശ്ശി, വീരരാഘവൻ നായർ, ജഗതി എൻ കെ ആചാരി തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. ബഹദൂറിന്റെ ആദ്യ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് പുത്രധർമ്മത്തിന്.

പുത്രധർമ്മത്തിന് പിന്നാലെ ഓമനയെ തേടി ശ്രദ്ധേയമായ ഒരു വേഷമെത്തിയത് "വേലുത്തമ്പിദളവ"യിൽ. പി എ തോമസിന്റെ ഭാര്യയുടെ റോളായിരുന്നു അതിൽ. പിന്നീട് എണ്ണമറ്റ കഥാപാത്രങ്ങൾ. അമ്മമാരും ചിറ്റമ്മമാരും ചേച്ചിമാരും മുത്തശ്ശിമാരുമൊക്കെ ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. അഗ്നിപുത്രി, ഒരു പെണ്ണിന്റെ കഥ, പോർട്ടർ കുഞ്ഞാലി, പൂമ്പാറ്റ, ആ ചിത്രശലഭം പറന്നോട്ടെ.... ഓമനയുടെ മികച്ച കഥാപാത്രങ്ങളുടെ നിര ഇനിയും നീളും. "പകൽക്കിനാവ്" മുതൽ ഏതാണ്ട് രണ്ടു ദശകക്കാലം ശാരദയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതും ഓമന തന്നെ. ഉഷാകുമാരി, ലില്ലി ചക്രവർത്തി, വിജയശ്രീ, സാവിത്രി, നന്ദിതാബോസ്, കനകദുർഗ തുടങ്ങിയവർക്കും ശബ്ദം പകർന്നിട്ടുണ്ട് ഓമനയിലെ ഡബ്ബിംഗ് കലാകാരി.

അവിവാഹിതയാണ് ഓമന. സഹോദരിമാർക്ക് വേണ്ടി ജീവിക്കുന്നതിനിടെ വിവാഹം കഴിക്കാൻ മറന്നുപോയി എന്നതാണ് സത്യം. "സിനിമയിൽ വന്നിട്ട് എഴുപത് വർഷം പിന്നിട്ടു എന്നോർക്കുമ്പോൾ അത്ഭുതം. തിരിഞ്ഞുനോക്കുമ്പോൾ സന്തോഷവും സംതൃപ്തിയുമേ ഉള്ളൂ. ഇയ്യിടെ ഒരു വാരികയിൽ ഷീല എന്നെക്കുറിച്ച് എഴുതിയ നല്ല വാക്കുകൾ വായിച്ച് നിരവധി പേർ നാട്ടിൽ നിന്ന് വിളിച്ചിരുന്നു. പോയി മറഞ്ഞ ആ നല്ല കാലത്തെക്കുറിച്ച് ഓർക്കാൻ അതൊരു നിമിത്തമായി..."

Content Highlights: actress t r omana about her first hero, late actor vt joseph

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
National Film awards Indrans special jury mention Home movie

1 min

സല്യൂട്ട്... ഒലിവർ ട്വിസ്റ്റ്

Aug 25, 2023


SPB

6 min

എസ്.പി.ബിയുടെ മാന്ത്രികസിദ്ധിയുള്ള ആ പാട്ട് കേള്‍ക്കുമ്പോഴൊക്കെ എനിക്ക് ചിറകുകള്‍ മുളച്ചു!

Sep 25, 2021


KG george

3 min

സ്ത്രീകൾ ദേവതകളല്ല, മജ്ജയും മാംസവും ഉള്ളവരാണെന്ന് പഠിപ്പിച്ച സംവിധായകൻ

May 24, 2021


Most Commented