ന്യൂഡൽഹി: പ്രോ-ഖലിസ്ഥാൻ സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് ഉത്തരേന്ത്യയിലെ ജയിലുകളിൽ തടവിൽ കഴിയുന്നവരെ പ്രലോഭിപ്പിച്ച് സംഘത്തിൽ ചേർക്കാൻ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. പട്യാല ജയിലിൽ കഴിയുന്നതിനിടെ സംഘത്തിലേക്ക് ചേർക്കപ്പെടുകയും ഗുർപത്വന്ദ് സിങ് പന്നൂന്റെ ഫോൺ നമ്പർ ലഭിക്കുകയും ചെയ്തതായി അടുത്തിടെ പിടിയിലായ ഒരു പ്രതി വെളിപ്പെടുത്തിയതോടെയാണ് ഈ വിവരം പുറത്തുവന്നത്. ഇതേത്തുടർന്ന് ജയിലുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം റിക്രൂട്ട്‌മെന്റ് ശൃംഖലകളെക്കുറിച്ചും ഇതിന്റെ ഡിജിറ്റൽ തെളിവുകളെക്കുറിച്ചും ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഐഎസ്ഐ പിന്തുണയുള്ള ഭീകര ശൃംഖലകൾ അതിർത്തി കടന്നുള്ള ആയുധ-പണ കൈമാറ്റത്തിനായി നേരിട്ടുള്ള രീതികൾക്ക് പകരം 'ഡെഡ്-ഡ്രോപ്പ്' രീതികളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വിജനമായ ഹൈവേകൾ, അതിർത്തി പ്രദേശങ്ങൾ, ഗ്രാമീണ മേഖലകൾ എന്നിവിടങ്ങളിലെ മുൻകൂട്ടി നിശ്ചയിച്ച കേന്ദ്രങ്ങളിൽ ആയുധങ്ങളും പണവും ഒളിപ്പിച്ചുവെച്ചശേഷം സിഗ്നൽ പോലുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആപ്പുകൾ വഴി ഇവ വീണ്ടെടുക്കാനുള്ള നിർദ്ദേശങ്ങൾ നൽകുന്നതാണ് ഈ രീതി. ഡ്രോണുകൾ വഴിയോ രഹസ്യ കൊറിയറുകൾ വഴിയോ എത്തിക്കുന്ന ഇത്തരം സാധനങ്ങൾ കൈമാറുന്നതിലൂടെ വിദേശത്തുള്ള പ്രധാന സൂത്രധാരന്മാർ ആളുകളുമായി നേരിട്ട് ബന്ധപ്പെടാതെ രക്ഷപ്പെടുകയും ചെയ്യുന്നു.
ജയിൽ ശൃംഖലകൾ കേന്ദ്രീകരിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ 2016-ൽ നടന്ന നാഭ ജയിൽ ചാട്ടത്തിന്റെ മാതൃകയിലുള്ളതാണെന്ന് ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു. ജയിലുകളിൽ കഴിയുന്ന, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരും ആദ്യമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് നിയമസഹായം ലഭിക്കാത്തവരുമായ തടവുകാരെയാണ് തീവ്രവാദ സംഘങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. അടുത്തിടെ പ്രീത്പാൽ സിങ് എന്ന പ്രതിയെയും കൂട്ടാളികളെയും പിടികൂടിയതോടെയാണ് ഈ ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
2023-ൽ സമാനമായ കുറ്റകൃത്യത്തിന് അറസ്റ്റിലായ പ്രീത്പാൽ സിങ്ങിന് പട്യാല ജയിലിൽ വെച്ചാണ് പന്നൂനെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ലഭിച്ചത്. 2026-ൽ ജയിൽ മോചിതനായശേഷം പന്നൂനുമായി നേരിട്ട് ബന്ധപ്പെട്ട ഇയാൾക്ക് ഫരീദ്കോട്ട്-അമൃത്സർ ഹൈവേയിലെ ഡെഡ്-ഡ്രോപ്പ് കേന്ദ്രത്തിൽനിന്ന് 1.5 ലക്ഷം രൂപ ലഭിക്കുകയുണ്ടായി. തുടർന്ന് ജാമ്യത്തിലിറങ്ങിയ മറ്റൊരു തടവുകാരനെക്കൂടി ഉൾപ്പെടുത്തിയാണ് ഇയാൾ ഡൽഹിയിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.
Published: 29 Sept 2026, 09:50 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented